Flash News

തീവ്രവാദത്തിനെതിരെ സ്വയം പ്രതിരോധത്തിന് ഇന്ത്യക്ക് അവകാശമുണ്ടെന്ന് അമേരിക്ക

February 16, 2019

Wright-John-Bomb-Iran-Bolton-New-Warmongerന്യൂദൽഹി: സിആർപിഎഫിന്റെ മുപ്പത്തൊൻപത് ജവാൻമാർ വീരമൃത്യു വരിച്ച പുൽവാമ ഭീകരാക്രമണത്തെ ശക്തമായ ഭാഷയിൽ വീണ്ടും അമേരിക്ക അപലപിച്ചതായി വാർത്ത ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു.   തീവ്രവാദത്തിനെതിരെ സ്വയം പ്രതിരോധത്തിന് ഇന്ത്യക്ക് അവകാശമുണ്ടെന്ന് യുഎസ് സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടൺ പിടിഐയോട് വ്യക്തമാക്കി. ഇന്ത്യൻ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലുമായി ജോൺ ബോൾട്ടൺ ഫോണിൽ സംസാരിച്ചുവെന്നും പിടിഐ അറിയിച്ചു.

പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ജവാൻമാർക്ക് ആദരാഞ്ജലികളർപ്പിക്കുന്നുവെന്ന് പറഞ്ഞ ജോൺ ബോൾട്ടൺ, തീവ്രവാദത്തെ നേരിടുന്നതിന് ഇന്ത്യക്ക് അമേരിക്കയുടെ പൂർണ പിന്തുണയുണ്ടെന്ന് വ്യക്തമാക്കി. തീവ്രവാദ ഗ്രൂപ്പുകൾക്ക് എല്ലാ സഹായവും ചെയ്തു കൊടുക്കുന്നത് അവസാനിപ്പിക്കണമെന്ന് നേരത്തേ പാകിസ്ഥാന് മുന്നറിയിപ്പ് നൽകിയതാണെന്നും ആ താക്കീത് ആവർത്തിക്കുകയാണെന്നും ജോൺ ബോൾട്ടൺ കൂട്ടിച്ചേർത്തു. ഇക്കാര്യം ചൂണ്ടിക്കാട്ടി പാകിസ്ഥാനുമായി ചർച്ച തുടരുമെന്നും ജോൺ ബോൾട്ടൺ പിടിഐയോട് പറഞ്ഞു.

ഐക്യരാഷ്ട്രസഭയുടെ ചട്ടങ്ങൾ അനുസരിച്ച് തീവ്രവാദ ഗ്രൂപ്പുകൾക്കെതിരെ ശക്തമായ നടപടിയെടുക്കാൻ പാകിസ്ഥാന് മേൽ സമ്മർദ്ദം ശക്തമാക്കും. ജയ്ഷ് ഇ മുഹമ്മദ് തലവൻ മസൂദ് അസ്‍ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള ഇന്ത്യയുടെ ആവശ്യത്തിന് അമേരിക്കയുടെ എല്ലാ പിന്തുണയുമുണ്ടാകുമെന്നും ജോൺ ബോൾട്ടൺ അജിത് ദോവലിന് ഉറപ്പ് നൽകി.

നേരത്തേ പുൽവാമ ഭീകരാക്രമണത്തെ ശക്തമായ ഭാഷയിൽ അപലപിച്ച് അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ രംഗത്തെത്തിയിരുന്നു. അന്താരാഷ്ട്ര സുരക്ഷയ്ക്ക് ഭീഷണിയായ ഭീകരവാദ ഗ്രൂപ്പുകൾക്ക് സുരക്ഷാ താവളമൊരുക്കുന്നത് പാകിസ്ഥാൻ അവസാനിപ്പിക്കണമെന്നും അമേരിക്ക ആവശ്യപ്പെട്ടിരുന്നു.

അത്യന്തം നീചമായ ഭീകരാക്രമണത്തെ അതിശക്തമായ ഭാഷയില്‍ അപലപിച്ചാണു വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി സാറ സാന്‍ഡേഴ്‌സ് പ്രതികരിച്ചത്. പാക് മണ്ണില്‍ പ്രവര്‍ത്തിക്കുന്ന ഈ ഭീകരസംഘടനകളുടെ ഏക ലക്ഷ്യം മേഖലയിലെമ്പാടും അക്രമവും അശാന്തിയും ഭയവും വിതയ്ക്കുകയാണെന്നും സാറ നിലപാടെടുത്തിരുന്നു. യുഎസ് കോണ്‍ഗ്രസ് അംഗങ്ങളും ഭീകരാക്രമണത്തെ അപലപിച്ച് ഇന്ത്യയ്ക്കു പിന്തുണ അറിയിച്ചു.

അതേസമയം, ആക്രമണത്തിന് പിന്നില്‍ പാകിസ്താന്‍ ചാരസംഘടനയായ ഐഎസ്‌ഐക്ക് പങ്കുണ്ടെന്ന് അമേരിക്കന്‍ ഏജന്‍സി സൂചന നല്‍കി. ജെയ്‌ഷെ മുഹമ്മദ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതിനാല്‍ ഐഎസ്‌ഐക്ക് ആക്രമണത്തെ കുറിച്ച് അറിവുണ്ടാകാമെന്നാണ് ഏജന്‍സിയുടെ വിലയിരുത്തല്‍.

രഹസ്യാന്വേഷണ റിപ്പോര്‍ട്ട് അനുസരിച്ച് ലഷ്‌കറെ തൊയ്ബ തകര്‍ന്നതോടെ മസൂദ് അസ്ഹര്‍ നയിക്കുന്ന ജെയ്‌ഷെ മുഹമ്മദാണ് ആക്രമണങ്ങള്‍ നടത്തുന്നത്. ഐഎസ്‌ഐയുടെ നിയന്ത്രണത്തില്‍ രൂപം കൊണ്ട സംഘടനയാണ് ജെയ്‌ഷെ മുഹമ്മദ്. ഇന്ത്യ തിരിച്ചടിച്ചിട്ടും പാക് സൈന്യത്തിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന തീവ്രാവാദ സംഘടനകള്‍ ഇന്ത്യന്‍ അതിര്‍ത്തിയില്‍ സജീവമാണെന്ന് മുന്‍ അമേരിക്കന്‍ ദേശീയ സുരക്ഷാസമിതി അംഗമായിരുന്ന അനീഷ് ഗോയല്‍ പറഞ്ഞു.

ആറ് മാസം മുന്‍പാണ് ഇമ്രാന്‍ ഖാന്‍ പാക് പ്രധാനമന്ത്രിയായി ചുമതലയേറ്റത്. ഇമ്രാന്‍ ഖാന് നേരെ ഉയരുന്ന വലിയ വെല്ലുവിളിയാണ് പുല്‍വാമ ആക്രമണം. ജെയ്‌ഷെ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തെങ്കിലും ഇന്ത്യ പാക് ബന്ധത്തെ ഇത് ദോഷമായി തന്നെ ബാധിക്കും. പാകിസ്ഥാന്‍ തന്നെയാണ് ഇന്ത്യന്‍ അതിര്‍ത്തിയില്‍ ആക്രണം നടത്തിയതെന്ന് അഫ്ഘാനിസ്ഥാനും വിലയിരുത്തുന്നു. ഐക്യരാഷ്ട്രസംഘടനക്കും അമേരിക്കക്കും എത്ര സമ്മര്‍ദ്ദം ചെലുത്തിയിട്ടും തീവ്രവാദത്തിനെതിരെ പാകിസ്താനെ കൊണ്ട് നടപടിയെടുപ്പിക്കാന്‍ ഇത് വരെ സാധിച്ചിട്ടില്ല.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top