Flash News

കൊട്ടിയൂർ പീഡനക്കേസിൽ ഫാദർ റോബിൻ വടക്കുംചേരി കുറ്റക്കാരൻ; ആറ് പേരെ വെറുതെ വിട്ടു

February 16, 2019

kottiyooതലശ്ശേരി: കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന കേസില്‍ വൈദികന്‍ ഫാ.റോബിന്‍ വടക്കുഞ്ചേരി കുറ്റക്കാരനാണെന്ന് തലശ്ശേരി പോക്സോ കോടതി കണ്ടെത്തി. കൊട്ടിയൂര്‍ സെൻറ് സെബാസ്റ്റ്യന്‍സ് പള്ളിവികാരിയും കൊട്ടിയൂര്‍ ഐ.ജെ.എം.എച്ച്.എസ്.എസ്. ലോക്കല്‍ മാനേജറുമായിരുന്ന വയനാട് നടവയലിലെ ഫാ. റോബിന്‍ വടക്കുഞ്ചേരി (റോബിന്‍ മാത്യു-51)യായിരുന്നു കേസില്‍ ഒന്നാംപ്രതി. ബലാത്സംഗത്തിനും പോക്‌സോ വകുപ്പുപ്രകാരവുമാണ് വൈദികന്റെ പേരിലുള്ള കേസ്.

പ്രതിപ്പട്ടികയിലുണ്ടായിരുന്ന മറ്റ് ആറുപേരെ വെറുതെ വിട്ടു. ഇവര്‍ കുറ്റക്കാരാണെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ല. ഇതാണ് ആറു പേരെ വെറുതെ വിടാനിടയാക്കിയത്. ഗൂഢാലോചന, വ്യാജരേഖകള്‍ സൃഷ്ടിക്കല്‍ തുടങ്ങിയ കുറ്റങ്ങളായിരുന്നു ഇവര്‍ക്കെതിരെ ഉണ്ടായിരുന്നത്. തലശ്ശേരി പോക്‌സോ കോടതി ജഡ്ജി പി.എന്‍.വിനോദാണ് വിധി പ്രസ്താവിച്ചത്.

കേസില്‍ പ്രതികളായിരുന്ന മൂന്നുപേരെ വിചാരണ നേരിടുന്നതില്‍നിന്ന് സുപ്രീംകോടതി ഒഴിവാക്കിയിരുന്നു. ഒന്നാംപ്രതി ഉള്‍പ്പെടെ ഏഴുപ്രതികളാണ് വിചാരണ നേരിട്ടത്. രണ്ടാംപ്രതി കൊട്ടിയൂര്‍ പാലുകാച്ചി നെല്ലിയാനി വീട്ടില്‍ തങ്കമ്മ എന്ന അന്നമ്മ (54), ആറാംപ്രതി മാനന്തവാടി തോണിച്ചാല്‍ ക്രിസ്തുദാസി കോണ്‍വെന്റിലെ സിസ്റ്റര്‍ കൊട്ടിയൂര്‍ നെല്ലിയാനിവീട്ടില്‍ ലിസ് മരിയ എന്ന എല്‍സി (35), ഏഴാംപ്രതി ഇരിട്ടി കല്ലുമുട്ടി ക്രിസ്തുദാസി കോണ്‍വെന്റിലെ സിസ്റ്റര്‍ അനീറ്റ (48), എട്ടാംപ്രതി മാനന്തവാടി വൈത്തിരി ഹോളി ഇന്‍ഫന്റ് മേരി ഫോണ്ട്ലിങ് ഹോമിലെ സിസ്റ്റര്‍ കോട്ടയം പാലാ മീനച്ചില്‍ നന്തിക്കാട്ട് വീട്ടില്‍ ഒഫീലിയ (73), ഒന്‍പതാം പ്രതി കൊളവയല്‍ സെൻറ് ജോര്‍ജ് പള്ളി വികാരിയും വയനാട് ശിശുക്ഷേമസമിതി മുന്‍ ചെയര്‍മാനുമായ കോഴിക്കോട് പെരുവണ്ണാമുഴി ചെമ്പനോട തേരകം ഹൗസില്‍ ഫാ. തോമസ് ജോസഫ് തേരകം (68), പത്താംപ്രതി വയനാട് ശിശുക്ഷേമസമിതി അംഗവും കല്‍പ്പറ്റയിലെ സ്വകാര്യ ആസ്പത്രിയില്‍ ഡോക്ടറുമായ ഇടുക്കി മൂലമറ്റം കളപ്പുരയില്‍ സിസ്റ്റര്‍ ബെറ്റി ജോസ് എന്ന അച്ചാമ്മ ജോസഫ് (71) എന്നിവരെയാണ് കോടതി വെറുതെ വിട്ടത്.

വിചാരണക്കിടെ പെണ്‍കുട്ടി മൊഴിമാറ്റിയിരുന്നു. ഉഭയകക്ഷി സമ്മത പ്രകാരമാണ് ബന്ധം നടന്നതെന്നും ഈ സമയത്ത് പ്രായപൂർത്തി ആയതാണെന്നും കോടതിയിൽ പെണ്‍കുട്ടി പറഞ്ഞു. റോബിൻ വടക്കുഞ്ചേരിക്ക് ഒപ്പം ജീവിക്കണമെന്നും പെണ്‍കുട്ടി പറഞ്ഞു. കേസിലെ പ്രധാന സാക്ഷികളായ പെണ്‍കുട്ടിയുടെ മാതാപിതാക്കളും ഇതേ നിലപാട് എടുത്തു.

കേസിലെ ഡിഎൻഎ പരിശോധന ഫലത്തെ പ്രതിരോധിക്കാൻ രാജ്യത്തെ തന്നെ പ്രമുഖ ഡിഎൻഎ വിദഗ്ധനായ അഭിഭാഷകൻ ജി വി റാവുവിനെ ആണ് വൈദികൻ രംഗത്തിറക്കിയത്. എന്നാൽ, പൊലീസ് ഹാജരാക്കിയ ജനന രേഖകളും കുഞ്ഞിന്‍റെ പിതൃത്വം തെളിയിച്ച ഡിഎൻഎ ഫലവും പോക്സോ കേസിൽ നിർണായകമായി. കേസിൽ നിന്നൊഴിവാക്കാൻ പ്രതികള്‍ സുപ്രീംകോടതിയെ വരെ സമീപിച്ചെങ്കിലും വിചാരണ നേരിടാൻ കോടതി ആവശ്യപ്പെടുകയായിരുന്നു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top