Flash News

പുല്‍വാമ ഭീകരാക്രമണം: പാകിസ്ഥാന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകളുമായി ഇന്ത്യ

February 17, 2019

pulwama-2ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തില്‍ പാകിസ്ഥാന്റെ പങ്ക് ഉറപ്പിക്കുന്ന തെളിവുമായി ഇന്ത്യ. ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂര്‍ അസര്‍ ഭീകരാക്രമണം ആസൂത്രണം ചെയ്യുന്നതിന്റെ തെളിവുകളാണ് അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചിരിക്കുന്നത്.

പാക്കിസ്ഥാനിലെ സൈനിക ആശുപത്രിയില്‍ വെച്ചാണ് മസൂദ് അസര്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ടത്. ഇന്ത്യയോട് പ്രതികാരം ചെയ്യണമെന്ന ശബ്ദസന്ദേശം പാക് സൈനിക ആശുപത്രിയില്‍ നിന്നും ജെയ്‌ഷെ മുഹമ്മദിന്റെ ക്യാമ്പിലേക്ക് മസൂദ് അസര്‍ അയച്ചതിന്റെ തെളിവുകളാണ് ലഭിച്ചിരിക്കുന്നത്. പുല്‍വാമയില്‍ ഇന്ത്യന്‍ സേനയെ ആക്രമിക്കാനുള്ള പദ്ധതി തയ്യാറാക്കിയതിന്റെ ഈ തെളിവുകള്‍ അന്താരാഷ്ട്ര ഏജന്‍സികള്‍ക്ക് കൈമാറാനാണ് ഇന്ത്യയുടെ തീരുമാനം.

രോഗാവസ്ഥയിൽ കഴിയുന്ന അസര്‍ പാക്കിസ്ഥാൻ സര്‍ക്കാര്‍ പിന്തുണ നല്‍കുന്ന ജിഹാദി ഗ്രൂപ്പുകളുടെ സംയുക്ത സംഘടനയായ യുണൈറ്റഡ‍് ജിഹാദ് കൗൺസിലിന്‍റെ കഴിഞ്ഞ നാല് യോഗങ്ങളിലും പങ്കെടുത്തിരുന്നില്ല. എന്നാൽ പുൽവാമ ഭീകരാക്രമണത്തിന് സംഘം തയ്യാറെടുക്കുന്നതിന് വെറും എട്ട് ദിവസം മുൻപ് അസര്‍ തന്‍റെ സംഘടനയിലെ അംഗങ്ങള്‍ക്ക് ഒരു ശബ്ദസന്ദേശം അയച്ചിരുന്നു. താഴ്ന്ന ശബ്ദത്തിൽ അയച്ച സന്ദേശത്തിൽ തന്‍റെ അനന്തരവനായ ഉസ്മാന്‍റെ മരണത്തിന് പകരം വീട്ടണമെന്നായിരുന്നു നിര്‍ദേശം. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് സുരക്ഷാസൈനികര്‍ ഉസ്മാനെ വധിച്ചത്. ഈ യുദ്ധത്തിൽ മരണത്തേക്കാള്‍ സന്തോഷം നല്‍കുന്ന മറ്റൊന്നില്ല എന്നായിരുന്നു അസറിന്‍റെ വാക്കുകള്‍. ഇന്ത്യയ്ക്കെതിരായ യുദ്ധത്തിൽ ജെയ്ഷെ അംഗങ്ങള്‍ക്ക് വീര്യം പകര്‍ന്നു കൊണ്ടായിരുന്നു അസ്ഹറിന്‍റെ വാക്കുകള്‍.

ചിലര്‍ നമ്മെ തീവ്രവാദികളെന്നും ഭ്രാന്തന്മാരെന്നും സമാധാനം നശിപ്പിക്കുന്നവരെന്നും വിളിക്കും, എന്നാൽ നമ്മള്‍ അതിര്‍ത്തിപ്രദേശത്ത് നിരന്തരം ശല്യം സൃഷ്ടിച്ചു കൊണ്ടിരിക്കണമെന്നും അസര്‍ അണികളോട് പറഞ്ഞു. അതേസമയം, പുൽവാമ ആക്രമണത്തിന്‍റെ പദ്ധതി അസര്‍ യുണൈറ്റഡ് ജിഹാദ് കൗൺസിലിലെ മറ്റ് അംഗങ്ങളോട് പങ്കുവെച്ചിരുന്നില്ല. തന്‍റെ മറ്റൊരു അനന്തരവനായ മുഹമ്മദ് ഉമൈറിനെയും അബ്ദുള്‍ റാഷിദ് ഗാസിയെയുമായിരുന്നു ആക്രമണത്തിന് ചുക്കാൻ പിടിക്കാൻ അസര്‍ ചുമതലപ്പെടുത്തിയത്. അസദ് തയ്യാറാക്കിയ ഓഡിയോ ടേപ്പുകള്‍ ഉപയോഗിച്ച് സൈന്യത്തിനെതിരെ ആക്രമണം നടത്താൻ ഇരുനേതാക്കളും യുവാക്കളെ പ്രചോദിപ്പിക്കുകയായിരുന്നു.

അറുപതോളം ജെയ്ഷെ മുഹമ്മദ് ഭീകരര്‍ പാക്കിസ്ഥാനിൽ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് ഇന്‍റലിജൻസ് വൃത്തങ്ങള്‍ നല്‍കുന്ന വിവരം. ഇതിൽ 35 പേര്‍ പാകിസ്താനികളാണ്. അതേസമയം, പുൽവാമ ആക്രമണത്തിന് ശേഷം ഇവരാരും പുറത്തേയ്ക്ക് വന്നിട്ടില്ലെന്നും ഇന്‍റലിജൻസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു.

മസൂദ് അസ്ഹര്‍ ചികിത്സയിൽ കഴിയുന്ന പശ്ചാത്തലത്തിൽ തീവ്രവാദിയോഗങ്ങള്‍ക്ക് നേതൃത്വം വഹിക്കുന്നത് ഹിസ്ബുള്‍ മുജാഹിദീൻ കമാൻഡര്‍ സെയ്ദ് സലാഹുദ്ദീൻ ആണെന്നാണ് വിവരം. ജനുവരി 19ന് ചേര്‍ന്ന അവസാനയോഗത്തിൽ പുതിയ തീവ്രവാദി പോസ്റ്റുകള്‍ക്ക് രൂപം നല്‍കുന്നതിനെപ്പറ്റിയായിരുന്നു ചര്‍ച്ച. പാകിസ്താൻ നിയന്ത്രണത്തിലുള്ള കശ്മീരിലെ മുസഫറാബാദിലെ ടൗൺ ഹാളിൽ നടന്ന മറ്റൊരു യോഗത്തിൽ ഐഇഡി ഉപയോഗിച്ച് ആക്രമണങ്ങള്‍ നടത്തുന്നതിനെപ്പറ്റിയായിരുന്നു ചര്‍ച്ച. ഐഇഡി ഉപയോഗിച്ചുളള ചാവേറാക്രമണമായിരുന്നു ജെയ്ഷെ ഭീകരൻ പുൽവാമയിൽ നടത്തിയതും.

അതേസമയം ഇന്ത്യ തിരിച്ചടിയ്ക്കുമെന്ന ഭയത്തില്‍ അതിര്‍ത്തിയിലെ ഭീകരവാദ ക്യാമ്പുകള്‍ പാകിസ്ഥാന്‍ ഒഴിപ്പിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഇന്ത്യന്‍ സൈന്യത്തിന് നേരെ ഭീകരാക്രമണം നടത്തിയതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ ശക്തമായ തിരിച്ചടി നല്‍കുമെന്നും സൈനികരുടെ ജീവത്യാഗം വെറുതെയാക്കില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങും വ്യക്തമാക്കിയിരുന്നു. തിരിച്ചടി നല്‍കാന്‍ സൈന്യത്തിന് പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയതായും പ്രധാനമന്ത്രി അറിയിച്ചിട്ടുണ്ട്.

ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സിആര്‍പിഎഫ് വാഹന വ്യൂഹത്തിന് നേരെയുണ്ടായ തീവ്രവാദി ആക്രമണത്തില്‍ മലയാളിയായ ഹവില്‍ദാര്‍ വസന്തകുമാറടക്കം 40 ജവാന്മാരാണ് വീരമൃത്യു വരിച്ചത്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top