Flash News

അത് സെല്‍ഫിയല്ല, ഞാന്‍ സെല്‍ഫിയെടുക്കാറില്ല; വിശദീകരണവുമായി അല്‍ഫോണ്‍സ് കണ്ണന്താനം

February 17, 2019

kannanthanam-selfie-soldier-twiകാശ്മീരില്‍ വീരമൃത്യു വരിച്ച സിആര്‍പിഎഫ് ജവാന്‍ വിവി വസന്തകുമാറിന്റെ അന്ത്യകര്‍മ്മ ചടങ്ങില്‍വെച്ച് സെല്‍ഫിയെടുത്തെന്ന വിവാദത്തില്‍ വിശദീകരണവുമായി കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. താന്‍ സെല്‍ഫി എടുക്കാറില്ല, ഇതുവരെ സെല്‍ഫി എടുത്തിട്ടുമില്ല. വീരമൃത്യു വരിച്ച ജവാന്റെ വസതിയില്‍ നടന്ന അന്ത്യകര്‍മ്മങ്ങളുടെ ലൈവ് ചില മാധ്യമങ്ങള്‍ സംപ്രേഷണം ചെയ്തിരുന്നു. അതില്‍ കാര്യങ്ങള്‍ വ്യക്തമാണെന്ന് അദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. ഭൗതിക ശരീരത്തിനൊപ്പമുള്ള കണ്ണന്താനത്തിന്റെ സെല്‍ഫി മാതൃകയിലുള്ള ഫോട്ടോയാണ് പ്രതിഷേധത്തിനിടയാക്കിയത്.

ഫോട്ടോയ്‌ക്കൊപ്പം ‘കശ്മീരിലെ പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ വീരമൃത്യൂ വരിച്ച ധീരജവാന്‍ വി.വി വസന്തകുമാറിന്റെ സംസ്‌കാര ചടങ്ങുകള്‍ അദ്ദേഹത്തിന്റെ വസതിയില്‍ നടന്നു. വസന്തകുമാറിനെ പോലുള്ള ധീരജവാന്മാരുടെ ജീവത്യാഗം മൂലമാണ് നമുക്കിവിടെ സുരക്ഷിതരായി ജീവിക്കാന്‍ സാധിക്കുന്നത്’ എന്ന കുറിപ്പും ഉണ്ട്. പോസ്റ്റ് ഇട്ട് നിമിഷ നേരങ്ങള്‍ക്കകം കണ്ണന്താനത്തിനെ വിമര്‍ശിച്ചു കൊണ്ട് കമന്റുകള്‍ എത്തി.

‘തന്നെയൊക്കെ ആരാണ് ഐ.എ.എസില്‍ എടുത്ത’ തെന്നും ‘കണ്ണന്താനം മണ്ടനായി അഭിനയിക്കുന്നതാണോ അതോ ശരിക്കു മണ്ടനാണോ’ തുടങ്ങി തെറി അഭിഷേകമായിരുന്നു പേസ്റ്റിന് താഴെ. ഒപ്പം ‘കക്കൂസ് പണി കഴിഞ്ഞെങ്കില്‍ പ്രതിരോധത്തില്‍ ശ്രദ്ധിക്കാനും സമയം കണ്ടെത്തണം’ എന്നുള്ള കമന്റുകളും വന്നു. എന്നാല്‍ നിമിഷ നേരങ്ങള്‍ക്കകം പേജില്‍ നിന്നും പോസ്റ്റ് പിന്‍വലിച്ചു. പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ‘വെയര്‍ ഈസ് സെല്‍ഫി ക്യാമ്പെ’യിനും തുടങ്ങി. വസന്തകുമാറിന്റെ മൃതദേഹം കരിപ്പൂരില്‍ ഏറ്റു വാങ്ങിയതിനു ശേഷവും ചിത്രം സഹിതം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു കണ്ണന്താനം.

പ്രളയ കാലത്ത് ചങ്ങനാശേരിയിലെ ദുരിതാശ്വാസ ക്യാമ്ബില്‍ താന്‍ രാത്രി ഉറങ്ങുന്ന ചിത്രം കണ്ണന്താനം ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തതും വിവാദമായിരുന്നു. തന്റെ സഹായിയാണ് അത് ചെയ്തത് എന്നായിരുന്നു ‘ട്രോള്‍ വര്‍ഷം’ ഏറിയപ്പോള്‍ മന്ത്രിയുടെ അന്നത്തെ മറുപടി.

കണ്ണന്താനത്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

കാശ്മീരില്‍ വീരമൃത്യു വരിച്ച സിആര്‍പിഎഫ് ജവാന്‍ വിവി വസന്തകുമാറിന്റെ അന്ത്യകര്‍മ്മങ്ങളില്‍ പങ്കെടുത്തതുമായി ബന്ധപ്പെട്ടു ഒരു പോസ്റ്റ് ഇന്നലെ എന്റെ ഫേസ്ബുക്കില്‍ പ്രസിദ്ധികരിച്ചിരുന്നു. അതോടൊപ്പമുണ്ടായിരുന്ന ചിത്രം സെല്‍ഫിയാണ് എന്ന് ആരോപണമുന്നയിക്കുകയും അത് വിവാദമാകുകയും ചെയ്തിരുന്നു. വീരമൃത്യു വരിച്ച ജവാന്റെ വസതിയില്‍ ഞാന്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു മുന്നോട്ടു കടക്കുമ്പോള്‍ ആരോ എടുത്ത് സോഷ്യല്‍ മീഡിയ കൈകാര്യം ചെയുന്ന എന്റെ ഓഫീസിലേക്ക് അയച്ചു കൊടുത്തതാണ് മേല്‍പറഞ്ഞ ചിത്രം. ആ ചിത്രം സെല്‍ഫിയല്ലയെന്നു വിശദമായി നോക്കിയാല്‍ മനസിലാകും. മാത്രവുമല്ല ഞാന്‍ സെല്‍ഫി എടുക്കാറില്ല, ഇതുവരെ സെല്‍ഫി എടുത്തിട്ടുമില്ല. വീര മൃത്യു വരിച്ച ജവാന്റെ വസതിയില്‍ നടന്ന അന്ത്യകര്‍മ്മങ്ങളുടെ ലൈവ് ചില മാധ്യമങ്ങള്‍ സംപ്രേഷണം ചെയ്തിരുന്നു. അതിലും കാര്യങ്ങള്‍ വ്യക്തമാണ്.

എന്റെ രാജ്യസ്നേഹത്തെ ചോദ്യം ചെയ്യുന്നവരോട് എനിക്ക് പറയാനുള്ളത് കഴിഞ്ഞ 40 വര്‍ഷം ഞാന്‍ പൊതുരംഗത്ത് വിവിധ ചുമതലകള്‍ വഹിച്ചുകൊണ്ട് നിസ്വാര്‍ത്ഥമായി രാജ്യപുരോഗതി മാത്രം മുന്നില്‍ കണ്ടുകൊണ്ടു ജനസേവനം നടത്തിക്കൊണ്ടിരിക്കുന്ന വ്യക്തിയാണ്. അതിനു കളക്ടര്‍ പദവിയോ മന്ത്രി കസേരയോ വേണമെന്ന് ഞാന്‍ നിഷ്‌കര്‍ഷിച്ചിട്ടില്ല. വളരെക്കാലം പദവികളൊന്നും വഹിക്കാതെ തന്നെ ഡല്‍ഹിയിലെ ചേരിപ്രദേശങ്ങളില്‍ അവിടുത്തെ ജനങ്ങളുടെ ക്ഷേമത്തിനും ഉന്നമനത്തിനും വേണ്ടി സ്വമനസ്സാലെ സേവനമനുഷ്ഠിച്ചിട്ടുണ്ട്. എന്റെ പിതാവും ഒരു സൈനികനായിരുന്നു. അതുകൊണ്ടു തന്നെ ഇന്ത്യന്‍ സൈനികരുടെ ത്യാഗവും മഹത്വവും എന്താണെന്നു എനിക്ക് ചെറുപ്പം മുതലേ മനസിലാക്കാനും ഉള്‍ക്കൊള്ളാനും സാധിച്ചിട്ടുണ്ട്. ആവശ്യമില്ലാത്ത വിവാദങ്ങളുണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്താതെ രാഷ്ട്രപുരോഗതിക്കു വേണ്ടി നിസ്വാര്‍ത്ഥമായി പ്രയത്നിക്കുകയാണ് യുവതലമുറ ഉള്‍പ്പടെയുള്ളവര്‍ ചെയേണ്ടത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top