Flash News

പുല്‍‌വാമ ഭീകരാക്രമണം; ബജ്‌രംഗ് ദള്‍-വി‌എച്ച്‌പി പ്രവര്‍ത്തകര്‍ കശ്മീരി വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ആക്രമണം അഴിച്ചു വിടുന്നു

February 17, 2019

kashmiriന്യൂഡല്‍ഹി: പുല്‍‌വാമ ഭീകരാക്രമണത്തിന്റെ പേരില്‍ ബജ്‌രംഗ് ദള്‍-വി‌എച്ച്‌പി പ്രവര്‍ത്തകര്‍ കശ്മീരി വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വ്യാപക ആക്രമണം അഴിച്ചു വിടുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കശ്മീരില്‍ നിന്നുള്ള വിദ്യാര്‍ഥികളും വ്യാപാരികളും ആക്രമിക്കപ്പെട്ടു. കര്‍ശന നടപടിയെടുക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. ഛത്തീസ്ഗഡിലെ റായ്പൂരില്‍ നടന്ന പരിശീലന ക്യാംപില്‍ പങ്കെടുക്കാനെത്തിയ 12 കശ്മീരി വിദ്യാര്‍ഥികള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. മഹാരാഷ്ട്രയില്‍നിന്നെത്തിയ വിദ്യാര്‍ഥികളും ജനക്കൂട്ടവുമാണ് ഇവരെ ആക്രമിച്ചത്. ഉത്തരാഖണ്ഡിലെ ഡെറാഡൂണിലുള്ള ബാബ ഫരീദുദ്ദീന്‍ ഇന്‍സ്റ്റിട്ട്യൂട്ടില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കുനേരെയും ആക്രമണമുണ്ടായി.

ഉത്തരാഖണ്ഡ്, ഹരിയാന, ചണ്ഡീഗഡ് എന്നിവിടങ്ങളില്‍ പഠിക്കുന്ന കശ്മീര്‍ വിദ്യാര്‍ഥികള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ‘കശ്മീരികള്‍ തീവ്രവാദികളാണ്, ഇവിടം വിട്ടുപോകുക’ തുടങ്ങിയ മുദ്രാവാക്യങ്ങളും ഇവര്‍ ഉയര്‍ത്തുന്നുണ്ട്. കശ്മീര്‍ സ്വദേശികള്‍ക്ക് സുരക്ഷ നല്‍കണമെന്ന് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങിന്റെ നിര്‍ദ്ദേശത്തിന് ശേഷവും അക്രമങ്ങള്‍ തുടരുകയാണ്.

ഭീകരാക്രമണത്തിന് പിന്നില്‍ ഇവരാണെന്ന് ആക്രോശിച്ചുകൊണ്ട് ആള്‍ക്കൂട്ടം വിദ്യാര്‍ഥികള്‍ക്കുനേരെ പാഞ്ഞടുക്കുകയായിരുന്നു. ഇരു സംസ്ഥാനങ്ങളിലും ആക്രമണത്തിന് പിന്നില്‍ ബജ്‌റംഗ്ദള്‍വി എച്ച് പി പ്രവര്‍ത്തകരാണെന്ന് ജമ്മുകശ്മീര്‍ സ്റ്റുഡന്റ്‌സ് ഓര്‍ഗനൈസേഷന്‍ ആരോപിച്ചു. ബിഹാര്‍, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍ വ്യാപാരികള്‍ക്കുനേരെയും വ്യാപക അക്രമസംഭവങ്ങള്‍ അരങ്ങേറി.

newsrupt_2019-02_134c5646-5ecd-4ca1-b3dc-4bff1ac7c852_kashmiri_students_dehradun_1200x531കിഴക്കേയിന്ത്യയില്‍ ഏകദേശം 8000 കശ്മീരി വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. 700ഓളം വിദ്യാര്‍ത്ഥികള്‍ ഡെറാഡൂണില്‍ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകുടെ ആക്രമണത്തില്‍ ഭയന്ന് കഴിയുന്നുവെന്ന് ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു. വാടകയ്ക്ക് താമസിക്കുന്ന സ്ഥലങ്ങളിലെ ഉടമകള്‍ തങ്ങളുടെ വസ്തുവകകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കാതിരിക്കാന്‍ വീടുവിട്ടിറങ്ങണമെന്നും വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ബജ്‌റംഗ്ദള്‍-വിഎച്ച്പി പ്രവര്‍ത്തകര്‍ തങ്ങളെ മര്‍ദ്ദിച്ചുവെന്ന് പത്തോളം വിദ്യാര്‍ത്ഥികള്‍ പരാതിപ്പെട്ടു.

പഠിക്കുന്നതിനേക്കാള്‍ പ്രധാനം ജീവനാണെന്ന് പറഞ്ഞ് നിരവധി കുട്ടികള്‍ ഭയംകൊണ്ട് അന്യനാടുകളിലേക്കും പോകുന്നുണ്ട്. കര്‍ഫ്യു പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ സ്വദേശത്തേക്ക് മടങ്ങണമെന്ന് ആഗ്രഹമുണ്ടെങ്കിലും അതിന് സാധിക്കുന്നില്ലെന്ന് ചിലര്‍ വ്യക്തമാക്കി.

ഡെറാഡൂണിലാണ് കശ്മീര്‍ വിദ്യാര്‍ത്ഥികള്‍ ഏറ്റവും കൂടുതല്‍ ദുരിതമനുഭവിക്കുന്നത്. മൂന്ന് ദിവസമായി ഒരു മുറിയില്‍ തന്നെ കഴിയുകയായിരുന്നു വിദ്യാര്‍ത്ഥികള്‍. പോളിത്തീന്‍ ബാഗിലാണ് പ്രാഥമികകാര്യങ്ങള്‍ വരെ നിര്‍വ്വഹിച്ചിരുന്നത്. ഒരു കശ്മീരി പോലും ഡെറാഡൂണില്‍ സുരക്ഷിതനല്ലെന്ന് രക്ഷപ്പെട്ട വിദ്യാര്‍ത്ഥി പറയുന്നു. ഇവിടെയുണ്ടായിരുന്ന 150ഓളം കുട്ടികളെ അവിടെ നിന്നും പിന്നീട് ഒഴിപ്പിച്ചു.

Untitledഹരിയാന മഹാറിഷി മാര്‍ക്കണ്ടേശ്വര്‍ സര്‍വ്വകലാശാലയിലെ കശ്മീര്‍ വിദ്യാര്‍ത്ഥികള്‍ ആക്രമണം ഭയന്ന് ഹോസ്റ്റലിനുള്ളില്‍ തന്നെ കഴിയുകയാണ്. ഭക്ഷണം വാങ്ങാനോ കഴിക്കാന്‍ പോലുമോ പുറത്തിറങ്ങാന്‍ സാധിക്കുന്നില്ലെന്ന് ഇവര്‍ പറയുന്നു.
ക്യാമ്പസിന് പുറത്ത് വാടകയ്ക്ക് താമസിച്ചിരുന്ന കശ്മീരി വിദ്യാര്‍ത്ഥികളും ഇപ്പോള്‍ ഹോസ്റ്റലിലേക്ക് മാറി. വെള്ളിയാഴ്ച രാവിലെ കശ്മീരികള്‍ക്ക് എതിരെ മുദ്രാവാക്യം വിളിച്ച് റാലി നടന്നിരുന്നുവെന്നും ഹരിയാനയിലെ ബിടെക് വിദ്യാര്‍ത്ഥി പറഞ്ഞു.

ഹരിയാനയിലെ മുല്ലാനയില്‍ കശ്മീരി വിദ്യാര്‍ത്ഥികള്‍ തമാസിക്കുന്ന വീടുകളിലെ ഉടമസ്ഥര്‍ക്ക് ഭീഷണി സന്ദേശമെന്ന രീതിയില്‍ ഒരു വീഡിയോ പ്രചരിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. 24 മണിക്കൂറിനുള്ളില്‍ ആണും പെണ്ണുമായുള്ള എല്ലാ കശ്മീര്‍ വിദ്യാര്‍ത്ഥികളെ പുറത്താക്കിയില്ലെങ്കില്‍ ഗ്രാമവാസികള്‍ മുഴുവന്‍ ഇവര്‍ താമസിക്കുന്ന വീടുകളുടെ മുന്നില്‍ ധര്‍ണയിരിക്കുമെന്നും വീഡിയോയിലുണ്ട്. പുറത്താക്കാത്തവരെ രാജ്യത്തെ ചതിച്ചവന്‍ എന്ന് മുദ്ര കുത്തുമെന്നും വീഡിയോയിലുണ്ട്.

താമസസൗകര്യങ്ങള്‍ ഉപേക്ഷിച്ച് ഏകദേശം 150 ഓളം കശ്മീരി വിദ്യാര്‍ത്ഥികള്‍ മുല്ലാന വിട്ടുപോയിട്ടുണ്ടാകുമെന്നാണ് പ്രദേശവാസികളുടെ വിലയിരുത്തല്‍.

Untitled1എല്ലാ കശ്മീരികളും തീവ്രവാദികളെന്നാണ് അവര്‍ പറയുന്നത്. കോളറിന് പിടിച്ച് പുറത്താക്കുമെന്നും മര്‍ദ്ദിക്കുമെന്നും അപ്പോള്‍ ഒരു പാഠം പഠിക്കുമെന്നും ഇവരുടെ മുദ്രാവാക്യത്തിലുണ്ട്. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ കശ്മീരി വിദ്യാര്‍ത്ഥികള്‍ക്ക് സംരക്ഷണം കൊടുക്കുന്നവരെ രാജ്യദ്രോഹികളായി മുദ്രകുത്തുമെന്നും പ്രതിഷേധക്കാര്‍ പറയുന്നു.

ഹരിയാന ഡിജിപി കെപി സിങ് കശ്മീരി വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷ ഏര്‍പ്പെടുത്തണമെന്ന് നിര്‍ദ്ദേശം നല്‍കി. വിദ്യാര്‍ത്ഥികളുമായി നിരന്തരം ബന്ധപ്പെടാറുണ്ടെന്നും അവരാഗ്രഹിക്കുന്ന ഏത് സ്ഥലത്തും താമസിക്കാമെന്നും അംബാല എസ്പി അസ്ത മോഡി പ്രതികരിച്ചു.

ബിഹാറിലെ പാറ്റ്‌നയില്‍ ‘കശ്മീരികള്‍ തിരിച്ചുപോകുക’, ‘ഭാരത് മാതാ കീ ജയ്’ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ വിളിച്ച് ആയുധങ്ങളും വടികളുമായാണ് പ്രതിഷേധക്കാര്‍ റോഡുകളില്‍ നിലുറപ്പിച്ചിരിക്കുന്നത്. കശ്മീരികള്‍ നടത്തിയിരുന്ന കടകള്‍ അടപ്പിച്ച് 24 മണിക്കൂറിനുള്ളില്‍ സംസ്ഥാനം വിട്ടുപോകണമെന്നും ഇവര്‍ ഭീഷണിപ്പെടുത്തുന്നു. പാറ്റ്‌നയിലെ കശ്മീരി ബസാറിലെ എട്ടോളം കടകള്‍ അടപ്പിച്ചു. നാലുപേരെ ഗുണ്ടകള്‍ മര്‍ദ്ദിക്കുകയും ചെയ്തു.

നാല്‍പ്പതോളം ബൈക്കുകളിലെത്തിയ സംഘത്തിന്റെ കയ്യില്‍ മുളവടികളുണ്ടെന്നും അതുപയോഗിച്ചാണ് മര്‍ദ്ദിച്ചതെന്നും കശ്മീരി കടയുടമ പറയുന്നു. ‘ജയ്ശ്രീ റാം’, ‘ഭാരത് മാതാ കീ ജയ്’ എന്ന് പറയുവാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. പഞ്ചാബിലെ ജമ്മുകശ്മീര്‍ സ്റ്റുഡന്‍സ് ഓര്‍ഗനൈസേഷന്‍ രാവിലെ തന്നെ അമ്പതോളം വിദ്യാര്‍ത്ഥികള്‍ക്ക് താമസ സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു. ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ മുന്‍ വൈസ് പ്രസിഡന്റ് ഷെഹ്ല റഷീദ് വിഷയം ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയും ഇവരെ പുറത്തിറക്കാന്‍ നടപടികളെടുക്കണമെന്നും ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ അങ്ങനെയൊരു സംഭവമേ അവിടെ നടന്നിട്ടില്ല എന്ന രീതിയില്‍ ഉത്തരാഖണ്ഡ് പൊലീസ് മറുട്വീറ്റുമായി രംഗത്ത് എത്തി. പാകിസ്താന്‍ അനുകൂല മുദ്രാവാക്യങ്ങള്‍ കശ്മീരി വിദ്യാര്‍ത്ഥികള്‍ വിളിച്ചുവെന്നും പൊലീസ് വാദിക്കുന്നു.

എന്നാല്‍ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന്‍ വിദ്യാര്‍ത്ഥികളെ ആക്രമിക്കുന്ന തെളിവുണ്ടായിട്ടും പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ലെന്നും പ്രതികള്‍ക്കൊപ്പം നില്‍ക്കുന്നുവെന്നും ഷെഹ്ല പറയുന്നു. ഹോസ്റ്റലിനുള്ളിലും ഭക്ഷണശാലകളിലും മുമ്പ് സംസാരിച്ചിരുന്നവര്‍ പോലും വെറുപ്പോടെയാണ് നോക്കുന്നതെന്നും കശ്മീരികള്‍ പറയുന്നു. ക്ലാസുകളില്‍ പോലും പോകാന്‍ സാധിക്കാതെ ഹോസ്റ്റല്‍ മുറികള്‍ക്കുള്ളില്‍ തങ്ങുന്ന വിദ്യാര്‍ത്ഥികളും ഇക്കൂട്ടത്തിലുണ്ട്.

അതേസമയം കശ്മീരികള്‍ താമസിക്കുന്ന ഇടങ്ങളില്‍ സുരക്ഷയൊരുക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. സംസ്ഥാനത്തിന് പുറത്തുള്ള കശ്മീരികള്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെങ്കില്‍ ബന്ധപ്പെടാന്‍ ആവശ്യപ്പെട്ട് ജമ്മുകശ്മീര്‍ പൊലീസ് ഹൈല്‍പ്പ്‌ലൈന്‍ നമ്പര്‍ പുറത്തിറക്കി. അക്രമസംഭവങ്ങള്‍ തടയണമെന്നാവശ്യപ്പെട്ട് നാഷണല്‍ കോണ്‍ഫ്രന്‍സ് നേതാവ് ഒമര്‍ അബ്ദുല്ല കേന്ദ്രആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങിന് കത്തുനല്‍കി.

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top