Flash News

ജോയി ചെമ്മാച്ചേലിനെ ഫോമാ ഹൃദയപൂര്‍വം ആദരിച്ചപ്പോള്‍: ബെന്നി വാച്ചാച്ചിറ, ഫോമാ മുന്‍ പ്രസിഡന്റ്

February 19, 2019

fomaaaഅമേരിക്കന്‍ മലയാളി സമൂഹത്തെ ആകമാനം കണ്ണീരിലാഴ്ത്തിക്കൊണ്ട് നമ്മുടെ പ്രിയപ്പെട്ട ജോയി ചെമ്മാച്ചേല്‍ കാണാമറയത്തേക്ക് അകന്ന് പോയിരിക്കുന്നു. ഈ അകാലവിയോഗത്തെ ഉള്‍ക്കൊള്ളുവാന്‍ ആര്‍ക്കും ഒരിക്കലും സാധിക്കുകയില്ല. പ്രിയ സുഹൃത്ത് എന്ന നിലയില്‍ ജോയിച്ചന്റെ സാമീപ്യവും ഉപദേശങ്ങളും ഊര്‍ജ്ജസ്വലമായ സംഘടനാ പ്രവര്‍ത്തനത്തിന് എനിക്ക് കൈത്താങ്ങായിട്ടുണ്ട്. അദ്ദേഹത്തിന്റെ ഭൗതികമായ നഷ്ടത്തിന് കണ്ണീരിറ്റിക്കുക മാത്രമേ ഇനി നിവൃത്തിയുള്ളു…പ്രണാമം.

വ്യക്തി ബന്ധങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കിയ പൊതു പ്രവര്‍ത്തകനായിരുന്നു എല്ലാ അര്‍ത്ഥത്തിലും ജോയി ചെമ്മാച്ചേല്‍. ജീവിച്ചിരുന്നപ്പോള്‍ അദ്ദേഹത്തെ ആദരിക്കാന്‍ സാധിച്ച അനുഭവം എനിക്കുണ്ട്. 2016ല്‍ ഫോമായുടെ പ്രസിഡന്റായി ഞാന്‍ മത്സരിച്ചപ്പോള്‍ ജോയി മാതൃസംഘടനയായ ഫൊക്കാനയുടെ എക്‌സിക്ക്യൂട്ടീവ് വൈസ് പ്രസിഡന്റ് ആയിരുന്നു. എന്നിരുന്നാലും എനിക്ക് അദ്ദേഹം ഹൃദയപൂര്‍വം പിന്തുണ നല്‍കിക്കൊണ്ട് ഫ്‌ളോറിഡയില്‍ എത്തി എല്ലാവിധ ആശംസകളും നേര്‍ന്നു.

ജോയി ചെമ്മാച്ചേല്‍ സമാനതകളില്ലാത്ത നേതാവാണ്. അത് കര്‍മ്മ ഭൂമിയിലും ജന്മനാട്ടിലും ഒക്കെ അദ്ദേഹം തന്റെ അനുകരണീയമായ പ്രവൃത്തി കൊണ്ട് തെളിയിച്ചിട്ടുണ്ട്. ഏതൊരാളുടെയും ആവശ്യമറിഞ്ഞാല്‍ സഹായിക്കുവാനുള്ള മനസ്സായിരുന്നു ജോയിച്ചന്റെ എക്കാലത്തേയും കരുത്ത്. ഒരാളുടെ ജീവിതത്തിന്റെ ബുദ്ധിമുട്ടുകള്‍ അവസരത്തിലറിഞ്ഞുകൊണ്ട് ഔചിത്യപൂര്‍വം അവരെ തേടിയെത്തി തന്റെ സ്‌നേഹ സാന്ത്വനം വിട്ടുവീഴ്ചകളില്ലാതെ ചൊരിഞ്ഞുകൊടുത്ത അദ്ദേഹം 55 വര്‍ഷമേ ജീവിച്ചിരുന്നുള്ളു എന്നതാണ് ഒരിക്കലും മറക്കാനാവാത്ത സങ്കടം.

ആയുസ്സെത്താതെ ജോയി വിടപറഞ്ഞു. തീര്‍ച്ചയായും അദ്ദേഹം നമ്മുടെയെല്ലാം ഓര്‍മകളില്‍ തിളക്കമുള്ള കണ്ണുകളും വിടര്‍ന്ന ചിരിയുമായി ജീവിക്കും. ജോയിച്ചന്റെ സംസ്‌കാര ചടങ്ങിന് വിലാപ ശ്രുതിയുമായി എത്തിയത് ആയിരങ്ങളാണ്. അമേരിക്കന്‍ മലയാളി സമൂഹത്തില്‍ ഇത്രയേറെ ആള്‍ക്കാര്‍ പങ്കെടുത്ത് അന്ത്യാഞ്ജലി അര്‍പ്പിച്ച ഒരു ചടങ്ങ് ഇതിനുമുമ്പുണ്ടായിട്ടില്ല. ഇനിയുണ്ടാകുമെന്നും പ്രതീക്ഷിക്കുന്നില്ല. കാരണം ജോയിച്ചന്റെ വ്യക്തിത്വം അനിതരസാധാരണമാണ്.

മികച്ച സംഘാടകന്‍, ജീവകാരുണ്യ പ്രവര്‍ത്തകന്‍, സര്‍വോപരി തികഞ്ഞ മനുഷ്യസ്‌നേഹി… ഇങ്ങനെയുള്ള വിശേഷണങ്ങള്‍ ജോയിച്ചന്റെ മുഖമുദ്രയാണ്. തീര്‍ച്ചയായും അദ്ദേഹത്തിന്റെ പ്രവര്‍ത്തന വീഥിയിലൂടെ സഞ്ചരിക്കാന്‍ നാമേവരും പ്രതിജ്ഞാബദ്ധരാണ്. ജോയിച്ചന്റെ ഹൃദയം നമുക്ക് വീതിച്ചു തന്നിട്ടാണ് അദ്ദേഹം സ്വര്‍ഗ്ഗത്തിലേക്ക് പോയത്. അതിനാല്‍ത്തന്നെ അദ്ദേഹം നമുക്കെല്ലാം മാതൃകാസ്ഥാനീയനുമാണ്.

Benny Vachaതന്റെ മൗലികമായ പ്രവൃത്തി കൊണ്ട് അംഗീകാരങ്ങള്‍ക്ക് അതീതനായിരുന്നു ജോയി ചെമ്മാച്ചേല്‍. 2017 ജനുവരിയില്‍ മികച്ച കര്‍ഷകനുള്ള കൈരളി ടി.വിയുടെ അവാര്‍ഡ് അദ്ദേഹത്തിന് നല്‍കിയത് മെഗാസ്റ്റാര്‍ മമ്മൂട്ടിയായിരുന്നു. അതി സന്തോഷത്തോടെയാണ് ആ ചടങ്ങ് ചാനലിലൂടെ ഞാന്‍ കണ്ടത്. അപ്പോള്‍ അമേരിക്കന്‍ മലയാളികളുടെ ദേശീയ സംഘടനയായ ഫോമായുടെ പ്രസിഡന്റായിരുന്നു ഞാന്‍. തികഞ്ഞ മനുഷ്യസ്‌നേഹിയും കലാ, സാംസ്‌കാരിക, സാമൂഹിക മേഖലകളിലും കാര്‍ഷിക രംഗത്തും പൊന്‍വെളിച്ചമായി നിന്ന ജോയി ചെമ്മാച്ചേലിനെ ആദരിക്കുക എന്റെ കടമയാണെന്ന് തിരിച്ചറിഞ്ഞു.

ഈ ആഗ്രഹം ഫോമായുടെ അവാര്‍ഡ് കമ്മറ്റി അംഗങ്ങളായ ജോണ്‍ ടൈറ്റസ്, ദിലീപ് വര്‍ഗ്ഗിസ്, തോമസ് കര്‍ത്തനാള്‍ എന്നിവരെ അറിയിക്കുകയും അവര്‍ ഏകമനസ്സോടെ ജോയി ചെമ്മാച്ചേലിനെ തിരഞ്ഞെടുക്കുകയും ചെയ്തു. 2018 ജൂണില്‍ ചിക്കാഗോയില്‍ നടന്ന ഫോമാ ഇന്റര്‍ നാഷണല്‍ ഫാമിലി കണ്‍വന്‍ഷനില്‍ വച്ച് ജോയി ചെമ്മാച്ചേലിന് ‘കാര്‍ഷിക രത്‌ന’ അവാര്‍ഡ് നല്‍കുകയുണ്ടായി. ജോയി ചെമ്മാച്ചേല്‍ ജീവിച്ചിരുന്നപ്പോള്‍ അദ്ദേഹത്തിന് അമേരിക്കന്‍ മലയാളികളുടെ പേരില്‍ ആദ്യവും അവസാനവുമായി നല്‍കിയ ആദരവായിരുന്നു അത്.

ഒരു വ്യക്തി നമ്മുടെ കര്‍മ്മ പഥത്തില്‍ നിന്ന് മറഞ്ഞുപോയിരിക്കുന്നു. അമേരിക്കന്‍ മലയാളികളുടെ കുടിയേറ്റ ചരിത്രത്തില്‍ മാതൃകയായി ജീവിച്ച് ഏവരെയും ദു:ഖസിംഹാസനങ്ങളില്‍ ഇരുത്തി ജോയി ചെമ്മാച്ചേല്‍ കടന്ന്, അകന്ന് പോകുമ്പോള്‍ ആ ആത്മാവിന് നിത്യശാന്തി നേരുകയേ നമുക്ക് തരമുള്ളു. ഈ കര്‍മ്മ ഭൂമിയില്‍ ജീവിത വ്യാപാരങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്ന നമുക്കെല്ലാവര്‍ക്കും അദ്ദേഹത്തിന്റെ വീഥികളിലൂടെ തന്നെ സഞ്ചരിക്കാം. ആ നടവഴികളില്‍ കാലിടറാതെ പോകുമ്പോള്‍ ജോയി ചെമ്മാച്ചേല്‍ എന്ന മനുഷ്യ സ്‌നേഹിയുടെ മുഖമൊന്നോര്‍ക്കാം. അപ്പോള്‍ നമുക്ക് സഹജീവികളുടെ പ്രശ്‌നങ്ങളും പ്രയാസങ്ങളും കൈവെള്ളയില്‍ എടുത്ത് അവരെ ആശ്വസിപ്പിക്കാനാവും.
ജോയിച്ചന്റെ ചിത്രം മനസ്സില്‍ പതിയാത്ത ആരുമുണ്ടാവില്ല. ആ ചിത്രത്തിനു മുമ്പില്‍ തൊഴുകൈയോടെ ഒരിറ്റു കണ്ണീര്‍ കൊണ്ട് സ്‌നേഹാഞ്ജലി അര്‍പ്പിക്കട്ടെ.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top