Flash News

പണത്തിനുവേണ്ടി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പ്രചരണം; ബോളിവുഡ് താരങ്ങള്‍ ഓപ്പറേഷന്‍ കരോകെയില്‍ കുടുങ്ങി

February 19, 2019

bollywoodന്യൂഡല്‍ഹി: ബോളിവുഡ് താരങ്ങളെ ഒളിക്യാമറയില്‍ കുടുക്കി കോബ്രാപോസ്റ്റിന്റെ ഓപ്പറേഷന്‍ കരോകെ. ഇതില്‍ പണം വാങ്ങി ഏത് രാഷ്ട്രീയ പാര്‍ട്ടികളുടെ ആശയം പ്രചരിപ്പിക്കാന്‍ തയ്യാറാകുന്ന 36 സെലിബ്രറ്റികളാണ് കുടുങ്ങിയത്. പ്രധാനമായും ബി ജെ പി, കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടി എന്നീ രാഷ്ട്രീയ പാര്‍ട്ടികളുടെ സോഷ്യല്‍ മീഡിയ പി ആര്‍ ഏജന്റുമാരെന്ന വ്യാജേനയാണ് കോബ്രാപോസ്റ്റ് ബോളിവുഡ് താരങ്ങളെ സമീപിച്ചത്. സോഷ്യല്‍ മീഡിയകളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കായി ആശയ പ്രചാരണം നടത്താന്‍ റിപ്പോര്‍ട്ടര്‍മാര്‍ പണം വാഗ്ദാനം ചെയ്യുകയായിരുന്നു.

പണം ലഭിച്ചാല്‍ സോഷ്യല്‍ മീഡിയകള്‍ വഴി പ്രചാരണം നടത്താന്‍ തയാറാണെന്ന് ഭോരിഭാഗം പേരും പറയുന്നു. ഈ കാര്യം ഒരിക്കലും പുറത്ത് അറിയില്ലെന്ന് ഇവര്‍ ഉറപ്പ് നല്‍കുകയും ചെയ്യുന്നു. രണ്ട് ലക്ഷം മുതല്‍ 50 ലക്ഷം രൂപവരെയാണ് താരങ്ങള്‍ ആവശ്യപ്പെട്ടത്. ഈ തുക അത്രയും പണമായി തന്നെ നല്‍കണമെന്നാണ് ഇവരില്‍ പലരുടെയും ആവശ്യം.

നടീ നടന്മാരും സംവിധായകരും അണിയറ പ്രവര്‍ത്തകരും ഉള്‍പ്പെട്ട അറുപത് മിനുറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് കോബ്രാപോസ്റ്റ് പുറത്തു വിട്ടിരിക്കുന്നത്. പണം ലഭിച്ചാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ പാര്‍ട്ടികളുടെ ആശയങ്ങള്‍ തങ്ങളുടെ സോഷ്യല്‍ മീഡിയാ അക്കൗണ്ട് വഴി പ്രചരിപ്പിക്കാമെന്ന് താരങ്ങള്‍ സമ്മതിക്കുന്നുണ്ട്.

ജാക്കി ഷറോഫ്, ശക്തി കപൂര്‍, വിവേക് ഒബ്റോയ്, സോനു സൂദ്, സണ്ണി ലിയോണ്‍, മഹിമ ചൗധരി, ശ്രേയസ് താല്‍പാടി, പുനീത് ഇസ്സാര്‍, സുരേന്ദ്ര പാല്‍, പങ്കജ് ധീര്‍, അദ്ദേഹത്തിന്റെ മകന്‍ നിഖിതിന്‍ ധീര്‍, അമീഷാ പട്ടേല്‍, ടിസ്‌കാ ചോപ്ര, ദീപ്ശിഖ നഗ്പാല്‍, അഖിലേന്ദ്രാ മിശ്ര, റോഹിത് റോയ്, രാഹുല്‍ ഭട്ട്, സാലിം സെയ്ദി, രാഖി സാവന്ത്, അമന്‍ വര്‍മ, ഹൈറ്റന്‍ തേജ്വാനി, അദ്ദേഹത്തിന്റെ ഭാര്യ ഗൗരി പ്രധാന്‍, എവ്ലിന്‍ ശര്‍മ, മിനിഷ ലംബ, കൊയിന മിത്ര, പൂനം പാണ്ടേ, ഹാസ്യ താരങ്ങളായ രാജു ശ്രീവാസ്തവ, സുനില്‍ പാല്‍, രാജ് പാല്‍ യാദവ്, ഉപാസന സിങ്, കൃഷ്ണ അഭിഷേക്, വിജയ് ഈശ്വര്‍ലാല്‍ പവാര്‍, ഛായാഗ്രാഹകന്‍ ഗണേഷ് ആചാര്യ, നര്‍ത്തകന്‍ സംഭാവന സേത്, ഗായകരായ അഭിജീത്ത് ഭട്ടാചാര്യ, കൈലേഷ് ഖേര്‍, മില്‍ഖാ സിങ്, ബാബ സെഗാള്‍ തുടങ്ങിയ പ്രമുഖരാണ് പണത്തിന് വേണ്ടി പാര്‍ട്ടികളുടെ പി ആര്‍ ജോലി ഏറ്റെടുക്കാമെന്ന് സമ്മതിച്ചത്.

‘ഓപ്പറേഷന്‍ കരോക്കേ’യ്ക്ക് വേണ്ടി പിആര്‍ ഏജന്‍സിയെന്ന വ്യാജേനയാണ് കോബ്രാ പോസ്റ്റ് മാധ്യമപ്രവര്‍ത്തകര്‍ സെലിബ്രിറ്റികളെ കണ്ട് സംസാരിച്ചത്. ഏജന്റുകള്‍ മുഖേനയായിരുന്നു നീക്കം. ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടിക്ക് വേണ്ടി ട്വിറ്റര്‍, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നിവയിലൂടെ പ്രചരണം നടത്താന്‍ തയ്യാറാണോ എന്നായിരുന്നു ചോദ്യം. നടന്‍മാരും ഗായകരും കൊമേഡിയന്‍മാരും നര്‍ത്തകരും ഉള്‍പ്പെടെ 36 പേര്‍ പണം നല്‍കിയാല്‍ ചെയ്യാമെന്ന് വ്യക്തമാക്കി. ബിജെപി, ആംആദ്മി പാര്‍ട്ടി, കോണ്‍ഗ്രസ് എന്നിവയ്ക്ക് വേണ്ടി പോസ്റ്റുകളും ട്വീറ്റുകളും ഇട്ട് വൈറലാക്കിത്തരാമെന്നായിരുന്നു താരങ്ങളുടെ വാഗ്ദാനം.

രണ്ട് ലക്ഷം മുതല്‍ 50 ലക്ഷം വരെയാണ് സെലിബ്രിറ്റികള്‍ ഒരു സോഷ്യല്‍ മീഡിയ പ്രതികരണത്തിന് വിലയിട്ടത്. ചിലര്‍ പണം കൈമാറുന്നതിന് മുന്‍പെ ചില രാഷ്ട്രീയ പാര്‍ട്ടികള്‍ വേണ്ടി പ്രതികരണം ആരംഭിച്ചെന്നും കോബ്രാ പോസ്റ്റ് ചൂണ്ടിക്കാട്ടി. സെലിബ്രിറ്റികളില്‍ ചിലര്‍ ബാങ്ക് വിവരങ്ങളും പാന്‍ നമ്പറും കൈമാറിയപ്പോള്‍ മറ്റ് ചിലര്‍ പണം കറന്‍സിയായി, അതായത് കള്ളപ്പണവും സ്വീകരിക്കുമെന്ന് അറിയിച്ചു. ഒരു വിഭാഗം സെലിബ്രിറ്റികള്‍ മറ്റ് താരങ്ങളുടെ പേര് കൂടി നിര്‍ദ്ദേശിച്ചു.

തന്റെ ആഡംബര വാഹനത്തില്‍ വെച്ച് വിവേക് ഒബ്‌റോയ് എങ്ങനെയാണ് സോഷ്യല്‍ മീഡിയയിലൂടെ തരംഗം ഉണ്ടാക്കുക എന്നതിനേക്കുറിച്ച് കൂലങ്കുഷമായി ചര്‍ച്ച നടത്തി.

നോട്ട് നിരോധനത്തെ പുകഴ്ത്തിയ നടന്‍ ശക്തി കപൂര്‍ പണം കറന്‍സിയായി ആവശ്യപ്പെട്ടു.

‘രാജ്‌നാഥ് ജി’ തന്നെ മുമ്പ് ഇതുപോലെ തന്നെ സമീപിച്ചെന്നും ആവശ്യപ്രകാരം പ്രവര്‍ത്തിച്ചെന്നും നടി രാഖി സാവന്ത്.

ഭര്‍ത്താവ് ഡാനിയേല്‍ വെബ്ബറിന് ഇന്ത്യന്‍ പൗരത്വം നല്‍കുമെങ്കില്‍ ബിജെപിയ്ക്കും മോഡിയ്ക്കും വേണ്ടി സംസാരിക്കാമെന്നായിരുന്നു സണ്ണി ലിയോണി മുന്നോട്ട് വെച്ച കരാര്‍.

പ്രശസ്ത സ്റ്റാന്‍ഡ് അപ് കൊമേഡിയനായ സുനീഷ് പാല്‍ ആവശ്യപ്പെടുന്ന പണം നല്‍കിയാല്‍ രാഹുലിനെ കളിയാക്കി പരിപാടികള്‍ ചെയ്യാമെന്ന് അറിയിച്ചു. വിലപേശലിനിടെ ചെറിയൊരു ഭാഗം അഭിനയിച്ച് കാണിക്കുകയും ചെയ്തു.

നിലപാട് വെച്ച് വിലപേശിയവര്‍

അഭിനേതാക്കള്‍: ജാക്കി ഷ്‌റോഫ്, ശക്തി കപൂര്‍, വിവേക് ഒബ്‌റോയി, സോനു സൂദ്, അമീഷ പട്ടേല്‍, മഹിമ ചൗധരി, ശ്രേയസ് തല്‍പഡെ, പുനീത് ഇസാര്‍, സുരേന്ദ്ര പാല്‍, പങ്കജ് ധീര്‍, നികിതിന്‍ ധീര്‍, ടിസ്‌ക ചോപ്ര, ദീപ്ഷിഖ നാഗ്പാല്‍, അഖിലേന്ദ്ര മിശ്ര, രോഹിത് റോയ്, രാഹുല്‍ ഭട്ട്, സലീം സെയ്ദി, രാഖി സാവന്ത്, അമാന്‍ വെര്‍മ, ഹിതന്‍ തേജ്വാനി, ഗൗരി പ്രധാന്‍, ഈവ്‌ലിന്‍ ശര്‍മ, മിനീഷ ലാംബ, കൊയീന മിത്ര, പൂനം പാണ്ഡെ, സണ്ണി ലിയോണി

ഗായകര്‍: കൈലാഷ് ഖേര്‍, മിഖ സിങ്, ബാബ സെയ്ഗാള്‍

കൊമേഡിയന്‍മാര്‍: രാജു ശ്രീവാസ്തവ, സുനില്‍ പാല്‍, രാജ്പാല്‍ യാദവ്, ഉപാസന സിങ്, കൃഷ്ണ അഭിഷേക്, വിജയ് ഈശ്വര്‍ലാല്‍ പവാര്‍

കോറിയോഗ്രഫേര്‍: ഗണേഷ് ആചാര്യ

ഡാന്‍സര്‍: സംഭാവന സേത്ത്

രാഷ്ട്രീയനിലപാട് വില്‍ക്കാനുള്ളതല്ലെന്ന് ബോളിവുഡിനെ പഠിപ്പിച്ച നാല് പേര്‍

രാഷ്ട്രീയ നിലപാടുകള്‍ വില്‍പനയ്ക്ക് വെച്ച് ബോളിവുഡിലെ 36 പ്രമുഖര്‍ വിലപേശിയപ്പോള്‍ ആ പരിപാടിക്ക് തങ്ങളെ കിട്ടില്ലെന്ന് അറിയിച്ചത് നാല് പേര്‍ മാത്രം. അഭിനേതാക്കളായ വിദ്യാ ബാലന്‍, അര്‍ഷദ് വര്‍സി, റാസ മുറാദ്, സൗമ്യ ടണ്ടന്‍ എന്നിവരാണ് പണം വാങ്ങി രാഷ്ട്രീയം പറയുകയില്ലെന്ന ഉറച്ച നിലപാടെടുത്തത്.

വ്യക്തിപരമായ നേട്ടത്തിന് വേണ്ടി ഒരു പാര്‍ട്ടിയ്‌ക്കൊപ്പവും നില്‍ക്കില്ലെന്ന് നടി സൗമ്യ ടണ്ടന്‍ പറഞ്ഞു. ആ പ്രവൃത്തി എന്റെ നയങ്ങള്‍ക്ക് എതിരാണ്. പണത്തിന് വേണ്ടി എന്തും ചെയ്യുന്ന അഭിനേതാക്കളെ നിങ്ങള്‍ക്ക് കിട്ടും. ഒരു പാര്‍ട്ടിയില്‍ യഥാര്‍ത്ഥമായി വിശ്വസിക്കുമ്പോള്‍ മാത്രമേ താന്‍ ആ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കൂ എന്നും സൗമ്യ കൂട്ടിച്ചേര്‍ത്തു.

vidyaതെരഞ്ഞെടുപ്പ് സമയത്ത് പണം വാങ്ങി രാഷ്ട്രീയ പാര്‍ട്ടികളുടെ അജണ്ട പ്രചരിപ്പിക്കാനില്ലെന്ന് വിദ്യാബാലനും വ്യക്തമാക്കി.

മുതിര്‍ന്ന നടനും ബോളിവുഡിന്റെ വില്ലനുമായ റാസ മുറാദ് പണം വാങ്ങി സമൂഹമാധ്യമങ്ങളിലൂടെ പ്രചരണം നടത്തുക എന്ന ആശയത്തെ എതിര്‍ത്തു. തനിക്ക് ഒരു ട്വിറ്റര്‍ അക്കൗണ്ട് പോലുമില്ലെന്ന് റാസ ചൂണ്ടിക്കാട്ടി. ട്വിറ്റര്‍ അക്കൗണ്ട് നിര്‍മ്മിച്ച് നല്‍കാമെന്ന് അറിയിച്ചപ്പോള്‍ എനിക്കതിന്റെ ആവശ്യം ഇല്ലെന്നായിരുന്നു റാസ മുറാദിന്റെ മറുപടി.

പണം നല്‍കിയാലും രാഷ്ട്രീയ പ്രചരണത്തിന് ഇല്ലെന്ന് അര്‍ഷാദ് വര്‍സി തന്റെ മാനേജരിലൂടെ അറിയിച്ചു. മുന്‍പ് പല തവണ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് വിളിച്ചിരുന്നു. ഒരിക്കലും പോയിട്ടില്ല. അതില്‍ ഇടപെടാതിരിക്കാനാണ് ശ്രമിക്കുന്നതെന്നും വര്‍സിയുടെ മാനേജര്‍ കൂട്ടിച്ചേര്‍ത്തു.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ജീവചരിത്ര സിനിമയില്‍ മോഡിയായി വേഷമിടുന്ന വിവേക് ഒബ്റോയി, ജാക്കി ഷ്റോഫ്, സോനു സൂദ്, അമീഷ പട്ടേല്‍, ശക്തി കപൂര്‍, രാഖി സാവന്ത്, മിനിഷ ലാംബ, സണ്ണി ലിയോണ്‍, പൂനം പാണ്ഡെ, ഗായകരായ കൈലാഷ് ഖേര്‍, മിഖ സിങ്, അഭിജീത്ത് ഭട്ടാചാര്യ എന്നിവര്‍ നിലപാട് വില്‍ക്കാന്‍ തയ്യാറായി.

 

 

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top