Flash News

കരട് റബര്‍ നയം കര്‍ഷകരെ അപമാനിക്കുന്നത്: വി.സി. സെബാസ്റ്റ്യന്‍

February 20, 2019 , ഇന്‍ഫാം

Title 2019കൊച്ചി: റബര്‍ മേഖല നേരിടുന്ന പ്രതിസന്ധികള്‍ പരിഹരിക്കുവാനോ വിലത്തകര്‍ച്ചയെ അതിജീവിക്കുവാനോ ഉതകുന്ന നിര്‍ദ്ദേശങ്ങളൊന്നുമില്ലാതെ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന കരട് റബര്‍ നയം കര്‍ഷകരെ അപമാനിക്കുന്നതാണെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു.

ഇതിനോടകം റബര്‍ ബോര്‍ഡ് പ്രസിദ്ധീകരിച്ച റബര്‍ കയറ്റുമതി, ഇറക്കുമതി, റബര്‍ കൃഷി വിസ്തീര്‍ണ്ണം, റബര്‍ വ്യവസായങ്ങള്‍ എന്നിവയുടെ കണക്കുകള്‍ മാത്രം ചൂണ്ടിക്കാട്ടിയ കരട് റബര്‍ നയം ചായം പൂശിയ പൊള്ളത്തരമാണ്. വ്യവസായികളുടെയും ഇറക്കുമതിക്കാരുടെയും സംരക്ഷണം കരടു നയത്തില്‍ ഉറപ്പു വരുത്തുന്നവര്‍ കര്‍ഷകരെ പാടേ അവഗണിച്ചിരിക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്ന റബര്‍ നയം കര്‍ഷകരെ രക്ഷപ്പെടുത്തില്ലെന്നും വ്യവസായികള്‍ക്കും വന്‍കിട കച്ചവടക്കാര്‍ക്കും മാത്രമേ പ്രയോജനപ്പെടുകയുള്ളൂവെന്നും ഇന്‍ഫാം ആവര്‍ത്തിച്ചു പറഞ്ഞത് ശരിവെയ്ക്കുന്നതാണ് ഇപ്പോള്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന കരട് റബര്‍ നയം. ഏഴു ലക്ഷ്യങ്ങളാണ് കരടു നയത്തില്‍ അക്കമിട്ട് അവതരിപ്പിച്ചിരിക്കുന്നത്. ഇവയിലൊന്നും റബറിന്‍റെ ന്യായ വിലയെക്കുറിച്ചോ കര്‍ഷക സംരക്ഷണത്തെക്കുറിച്ചോ പ്രതിപാദിക്കുന്നില്ല. സാമ്പത്തിക സാമൂഹിക പരിസ്ഥിതി സംരക്ഷണത്തിലൂടെ റബര്‍ മേഖലയുടെ പൊതുവായ നിലനില്‍പ്പും വികസനവും, റബര്‍ വ്യവസായത്തിന്‍റെ വളര്‍ച്ച, റബര്‍ കൃഷിയുടെ വിസ്തീര്‍ണ്ണം കൂട്ടുക, ആവര്‍ത്തന കൃഷിയിലൂടെയും പുതുകൃഷിയിലൂടെയും റബറുല്പാദനമുയര്‍ത്തി വരുമാനം ലഭ്യമാക്കുക, ആഭ്യന്തര റബര്‍ വ്യവസായത്തിനുള്ള അസംസ്കൃത റബര്‍ സുലഭമാക്കുക, പ്രകൃതിദത്ത റബറിന്‍റെ ഗുണമേന്മ അന്തര്‍ദേശീയ നിലവാരത്തിലേയ്ക്കുയര്‍ത്തുക, കയറ്റുമതിക്കുതകുന്ന ഉന്നത മേന്മയുളള റബറുല്പന്നങ്ങളുടെ നിര്‍മ്മാണം പ്രോത്സാഹിപ്പിക്കുക എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങളും കണക്കുകളുമാണ് ഏഴു അദ്ധ്യായങ്ങളിലുള്ള കരട് റബര്‍ നയം 2019ല്‍ വിശദീകരിക്കുന്നത്. ഇവയൊന്നും പ്രതിസന്ധിയിലായിരിക്കുന്ന കര്‍ഷകരെ സംരക്ഷിക്കുവാനോ ആഭ്യന്തര വിപണി വില ഉയര്‍ത്തുവാനോ ഉതകുന്നതല്ല.

റബര്‍ നയം പ്രഖ്യാപിച്ചാല്‍ റബര്‍ കര്‍ഷകര്‍ രക്ഷപെടുമെന്നും റബറിന് വിപണിയില്‍ കിലോഗ്രാമിന് 250 രൂപ ലഭിക്കുമെന്നുമുള്ള പ്രഖ്യാപനങ്ങളും പ്രസ്താവനകളും കേട്ട് ഇന്നലെകളില്‍ ആവേശത്തിലായ റബര്‍ കര്‍ഷകരെ കൊന്നു കുഴിച്ചു മൂടുന്നതാണ് പുതിയ കരടുനയം. അധികാരത്തിലിരുന്ന ഇക്കാലമത്രയും കര്‍ഷകരെ ചവിട്ടിയരച്ചവരുടെ അവസാന ദിവസങ്ങളിലെ കര്‍ഷക പ്രേമത്തിന്‍റെ കള്ളത്തരമാണ് കരട് റബര്‍ നയത്തിലുടനീളം.

കര്‍ഷകരെ സംരക്ഷിക്കുവാന്‍ നാടും നഗരവും ഇളക്കിമറിച്ച് പ്രക്ഷോഭം നടത്തിയവര്‍ തെരഞ്ഞെടുപ്പു നാളുകളില്‍ കര്‍ഷക ജനതയെ വിഢി വേഷം കെട്ടിക്കാന്‍ അണിയറയിലൊരുങ്ങുമ്പോഴാണ് തെരഞ്ഞെടുപ്പ് പ്രകടന പത്രിക പോലെ പ്രഹസനമായി കരട് റബര്‍ നയം പ്രസിദ്ധീകരിച്ചിരിക്കുന്നത്. നിര്‍ദ്ദേശങ്ങളറിയിക്കുവാന്‍ മാര്‍ച്ച് 18 വരെ സമയമുണ്ട്. ഇതിനിടയില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപനമുണ്ടാകുമെന്നുറപ്പാണ്. അങ്ങനെ കരട് റബര്‍ നയം വെള്ളത്തില്‍ വരച്ച വരപോലെയാകുമെന്നും വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു.

ഫാ.ആന്‍റണി കൊഴുവനാല്‍
ജനറല്‍ സെക്രട്ടറി


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top