Flash News

ഭീകരതക്കെതിരെ പരസ്പരം സഹകരിക്കുമെന്ന് ഇന്ത്യയും സൗദി അറേബ്യയും; പാക്കിസ്ഥാൻ വിഷയം ചർച്ച ചെയ്തില്ല

February 20, 2019 , .

modoഭീകരതയ്ക്കും മതമൗലികവാദത്തിനുമെതിരെ സഹകരിക്കാന്‍ ഇന്ത്യയും സൗദി അറേബ്യയും തീരുമാനിച്ചു. ഭീകരതയ്ക്കെതിരെ സൗദിക്കും ഇന്ത്യക്കും ഒരേ നിലപാടാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി. ഭീകരവാദത്തിനെതിരെ ഇന്ത്യയുമായി സഹകരിക്കുമെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സൽമാന്‍ രാജകുമാരനും വ്യക്തമാക്കി. ദില്ലിയില്‍ നടന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു ഇരുനേതാക്കളും. എന്നാൽ പാക്കിസ്ഥാനെക്കുറിച്ചും അതിര്‍ത്തി കടന്നുള്ള ഭീകരതയെക്കുറിച്ചും സൗദി രാജകുമാരന്‍ പരാമര്‍ശിച്ചില്ല.

കഴിഞ്ഞ ആഴ്ച പുല്‍വാമയില്‍ ഉണ്ടായ ആക്രമണം തീവ്രവാദത്തിന്റെ ക്രൂര അടയാളമാണ്. ഭീകരപ്രവര്‍ത്തനത്തിന് സഹായം നല്‍കുന്ന രാജ്യങ്ങള്‍ക്കെതിരെ ശക്തമായ സമ്മര്‍ദം ചെലുത്താനും ഇരു രാജ്യങ്ങളും യോജിച്ച് പ്രവര്‍ത്തിക്കും. തീവ്രവാദത്തിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ നശിപ്പിക്കേണ്ടതും, അവയ്ക്കുള്ള പിന്തുണ അവസാനിപ്പിക്കേണ്ടതും നീതി നടപ്പാക്കാന്‍ അത്യാവശ്യമാണെന്നും ബിന്‍ സല്‍മാനുമായുള്ള കൂടികാഴ്ചയ്ക്ക് ശേഷം പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

തീവ്രവാദവും ഭീകരപ്രവര്‍ത്തനവും നമ്മുടെ പൊതു വിഷയമാണെന്ന് ബിന്‍ സല്‍മാന്‍ പറഞ്ഞു. ഭീകരവാദത്തിനെതിരെ പ്രവര്‍ത്തിക്കാന്‍ ഇന്റലിജന്‍സ് സംവിധാനം ഉള്‍പ്പടെ എല്ലാത്തിലും സഹകരണം സൗദിയുടെ ഭാഗത്തുനിന്നും ഇന്ത്യയ്ക്ക് ഉണ്ടാകും. വരും തലമുറകളുടെ നല്ലഭാവിക്കായി ഒരുമിച്ച് നിന്ന് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്നലെ വൈകുന്നേരമാണ് സൗദി കിരീടാവകാശി ബിന്‍ സല്‍മാന്‍ ഇന്ത്യ സന്ദര്‍ശനത്തിനായി ഡല്‍ഹിയില്‍ എത്തിച്ചേര്‍ന്നത്. വാണിജ്യ , ഊര്‍ജം ശാസ്ത്രം, സാങ്കേതികം,കൃഷി, ബഹിരാകാശം, സുരക്ഷ, പ്രതിരോധം എന്നീ വിഷയങ്ങളില്‍ ഇരു രാജ്യങ്ങളുടേയും സഹകരണം ഉറപ്പുവരുത്തുകയാണ് സന്ദര്‍ശന ലക്ഷ്യം. പാകിസ്താന്‍ സന്ദര്‍ശനത്തിന് ശേഷമാണ് ബിന്‍ സല്‍മാന്‍ ഇന്ത്യയിലേക്ക് എത്തിച്ചേര്‍ന്നിരിക്കുന്നത്.

“സൗദി അറേബ്യ ഇന്ത്യയുടെ അടുത്ത സുഹൃത്തും പങ്കാളിയുമാണ്. ഇന്ത്യ-സൗദി ബന്ധം നൂറ്റാണ്ടുകൾ പഴക്കമുള്ളതാണ്. ഭീകരവാദത്തിന് സഹായം നല്കുന്ന രാജ്യങ്ങളുടെ മേൽ ശക്തമായ സമ്മർദ്ദം ആവശ്യമാണ്. അവരെ ശിക്ഷിക്കണം.”- പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

“സൗദി-ഇന്ത്യ ബന്ധം രക്തത്തിൽ അലിഞ്ഞതാണ്. ഭീകരവാദത്തിനെതിരെ എല്ലാ തരത്തിലും ഇന്ത്യയുമായി സഹകരിക്കും.”- സൗദി കീരീടാവകാശി മുഹമ്മദ് ബിന്‍ സൽമാന്‍ രാജകുമാരനും വ്യക്തമാക്കി. പ്രതിരോധ – വാണിജ്യ മേഖലകളിലേത് ഉള്‍പ്പെടെ അഞ്ച് സുപ്രധാന കരാറുകളിൽ ഇരു രാജ്യങ്ങളും ഒപ്പുവച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top