Flash News

പെരിയ ഇരട്ടകൊലപാതകം: ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെടുത്തു

February 20, 2019

peetha1കാഞ്ഞങ്ങാട്: കാസര്‍കോട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്താന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന ആയുധങ്ങള്‍ പൊലീസ് കണ്ടെടുത്തു. സംഭവം നടന്ന കല്ല്യോട്ട് നടത്തിയ തെളിവെടുപ്പിനിടെയാണ് കൊലപ്പെടുത്താന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന വാളും രണ്ട് ഇരുമ്പു ദണ്ഡും കണ്ടെടുത്തത്.

ഇരുമ്പു ദണ്ഡുകളുപയോഗിച്ച് ഇരുവരെയും മര്‍ദ്ദിച്ചുവെന്ന് പ്രതികള്‍ നേരത്തെ മൊഴി കൊടുത്തിരുന്നു. കല്ല്യോട്ട് സംഭവം നടന്ന സ്ഥലത്തിന് സമീപത്തുളള കിണറ്റില്‍ നിന്നാണ് വടിവാള്‍ കണ്ടെടുത്തത്. ആയുധങ്ങള്‍ പ്രതി പീതാംബരന്‍ തിരിച്ചറിഞ്ഞു. കാസര്‍കോട് കല്ല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്,ശരത്‌ലാല്‍ എന്നിവരെ വെട്ടിക്കൊന്ന സംഭവത്തില്‍ സിപിഎം പെരിയ ലോക്കല്‍ കമ്മിറ്റിയംഗം അയ്യങ്കാവ് വീട്ടില്‍ പീതാംബരനെ ഇന്നലെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കുറ്റം പീതാംബരന്‍ സ്വയം ഏറ്റെടുത്തിട്ടുണ്ട്.

ഇരട്ടക്കൊലപാതകം കൂടാതെ വേറെ കേസുകളിലും പീതാംബരന്‍ പ്രതിയാണ്. മൂരിയനം മഹേഷ് കൊലപാതകക്കേസിലും പ്രതിയാണ് പീതാംബരന്‍. പെരിയയില്‍ വാദ്യകലാ സംഘം ഓഫീസും വീടും കത്തിച്ച കേസിലും പ്രതിയാണ് എ പീതാംബരന്‍.

അതേസമയം, കൃപേഷിനെ വെട്ടിയത് താന്‍ തന്നെയെന്ന് പീതാംബരന്‍ മൊഴി നല്‍കിയിരുന്നു. ഇരുമ്പ് വടി കൊണ്ടാണ് അടിച്ചു വീഴ്ത്തിയതെന്നും നടന്നത് ക്വട്ടേഷനല്ലെന്നും സിപിഐഎം മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം എ പീതാംബരന്‍ മൊഴി നല്‍കിയിരുന്നു. കൂടാതെ, കഞ്ചാവ് ലഹരിയിലാണ് കൃത്യം നടത്തിയതെന്നും പ്രതികള്‍ പൊലീസിന് മൊഴി നല്‍കി.

peethaഅതേസമയം, കേസില്‍ പീതാംബരന്‍ കുറ്റം ചെയ്തിട്ടില്ലെന്നും മറ്റാര്‍ക്കോ വേണ്ടി അത് ഏറ്റെടുക്കുകയായിരുന്നെന്നും വെളിപ്പെടുത്തി ഭാര്യ മഞ്ജു രംഗത്തെത്തി. പീതാംബരന്റെ കൈ ഒടിഞ്ഞിരിക്കുകയായിരുന്നെന്നും അങ്ങനെയുള്ളയാള്‍ക്ക് കൊലപാതകത്തില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്നും പീതാബരന്റെ മാതാവും പറയുന്നു. ഏതാനും ദിവസം മുന്‍പ് നടന്ന സംഘര്‍ഷത്തിലാണ് പീതാംബരന്റെ കൈ ഒടിഞ്ഞതെന്നാണ് മാതാവ് ചൂണ്ടിക്കാട്ടിയത്. തങ്ങളുടെ വീടിന് നേരെ കഴിഞ്ഞ ദിവസം ആക്രമണമുണ്ടായെന്നും ആ സമയം തങ്ങളെ സഹായിക്കാന്‍ ഒരാള്‍ പോലും ഉണ്ടായിരുന്നില്ലെന്നും മഞ്ജു പറയുന്നു.

നേരത്തെ പീതാംബരനെ ആക്രമിച്ചെന്ന കേസില്‍ പ്രതികളായിരുന്നു കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത്‌ലാലും. കൃപേഷുള്‍പ്പടെയുള്ളവരെ ക്യാംപസില്‍ വച്ച് ആക്രമിച്ചതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് സിപിഐഎം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഈ അക്രമത്തിലാണ് പീതാംബരന്റെ കൈക്ക് പരിക്കേറ്റത്. ഇതിലെ വൈരമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് നിഗമനം.

പീതാംബരനെ ഏഴ് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു; സമൂഹ മനസാക്ഷിയെ ഞെട്ടിക്കുന്ന കുറ്റകൃത്യമെന്ന് കോടതി; രാഷ്ട്രീയ വിരോധമാണ് പിന്നിലെന്നും നിരീക്ഷണം

police_22_InPixioകാസര്‍കോട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഇരട്ട കൊലപാതക കേസില്‍ പ്രതി മുന്‍ സിപിഐഎം ലോക്കല്‍ കമ്മിറ്റി അംഗം എ പീതാംബരനെ ഏഴ് ദിവസത്തേക്ക് കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഹോസ്ദുര്‍ഗ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയാണ് പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയത്. സമൂഹ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന കുറ്റകൃത്യമാണ് കാസര്‍കോട്ടെ കൊലപാതകമെന്ന് കോടതി നിരീക്ഷിച്ചു. രാഷ്ട്രീയ വിരോധമാണ് കൊലയ്ക്ക് കാരണമെന്നും കോടതി നിരീക്ഷിച്ചു.

7 ദിവസത്തെ കസ്റ്റഡി അനുവദിച്ച കോടതി ഓരോ 48 മണിക്കൂറിലും പ്രതിക്ക് വൈദ്യ പരിശോധന ഉറപ്പു വരുത്തണമെന്നും നിര്‍ദ്ദേശിച്ചു.

പ്രതിയുടെ അഭിഭാഷകന്‍ കസ്റ്റഡി ആവശ്യം എതിര്‍ത്തില്ല. തെളിവുകള്‍ ശേഖരണത്തിനും പ്രതിയുടെ മുടിയുടെയും രക്തത്തിന്റെയും സാമ്പില്‍ എടുക്കുന്നതിനും മറ്റുമാണ് 7 ദിവസം കസ്റ്റഡി അനുവദിച്ചത്.

ചൊവ്വാഴ്ച അറസ്റ്റിലായ പീതാംബരനെ ബുധനാഴ്ച രാവിലെ കൃത്യം നടന്ന സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. കൊലപാതകം നടത്താന്‍ ഉപയോഗിച്ച വടിവാളും ഇരുമ്പ്ദണ്ഡുകളും കണ്ടെടുത്തിരുന്നു. ഇതിനുശേഷമാണ് പീതാംബരനെ പോലീസ് ഹോസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കിയത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top