Flash News

പ്രണയത്തില്‍ നിന്നൊരല്പം ! (കവിത)

February 20, 2019 , അബൂതി

Pranayathil Ninnoralpam banner-1എന്നിലെ വാര്‍ദ്ധക്യം നെഞ്ച് കുത്തിച്ചുമയ്ക്കുന്ന –
നേരത്തൊരിത്തിരി ചുട് നീര് നീട്ടുവാന്‍ നിന്റെ –
പ്രണയത്തില്‍ നിന്നൊരല്പം നീ പാത്തുവച്ചീടണേ!
യൗവനം തൊണ്ട് തല്ലിപ്പടിയിറങ്ങിയ മേനിയില്‍ –
പൊടിയും വിയര്‍പ്പു മുത്തുകള്‍ മെല്ലെ തുടക്കണേ!

പകച്ചു പതറിയ കുഴിഞ്ഞ കണ്ണുകളിലെഴുതുവാന്‍
നിന്റെ പുഞ്ചിരിപ്പാലാഴിയില്‍ നിന്നുമൊരല്പം
ആശ്വാസത്തിന്റെ സുറുമ നീ പാത്തു വെക്കണേ!
കൊട്ടിയടച്ചു തുടങ്ങിയ കാതു കള്‍ക്കേകാന്‍ നിന്റെ
ഇശലിന്റെയീരടികള്‍ നീയോര്‍ത്തു വച്ചീടണേ!

പതുങ്ങിയെത്തുമ്മരണം നിന്‍ മാറില്‍ നിന്നുമെന്നെ-
പറിച്ചെടുക്കുവേയെനിക്കേകുവാന്‍ രണ്ടശ്രുകണങ്ങള്‍ –
പ്രണയാഗ്നിയില്‍ തിളപ്പിച്ച് നീ പാത്തു വെക്കണേ!
ഇരുളിന്റെ കമ്പളം കൊണ്ടെന്നെ പുതയ്ക്കുന്ന നേരം
മണ്ണിലേക്കെനിക്ക് കൂട്ടാകുവാനുള്ള നീര്‍ത്തുള്ളികള്‍!

ആത്മാവില്‍ കനലായിടും ചുടുചുംബനങ്ങളില്ലാത്ത;
ചുഴിയായ് മുറുക്കിമാറോട് ചേര്‍ക്കുമാലിംഗനങ്ങളില്ലാത്ത;
കാറ്റുപോല്‍ വഹിക്കുമുന്‍മാദ രതികൂജനങ്ങളില്ലാത്ത;
നുരുമ്പാന്‍ തുടങ്ങിയോരാരെന്‍ വയസ്സായ നെഞ്ചിനെ
തഴുകിയുറക്കുവാനിത്തിരി പ്രണയം നീ മാറ്റിവച്ചീടണേ!

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top