Flash News

ദേശീയ രാഷ്ട്രീയത്തില്‍ ഇടംകാണാതെ ഇടതുപാര്‍ട്ടികള്‍: അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്

February 20, 2019

chandrababu-naiduമോദി ഗവണ്മെന്റിനെക്കുറിച്ചും കേന്ദ്ര അന്വേഷണ ഏജന്‍സിയായ സി.ബി.ഐയെ കുറിച്ചും രണ്ടുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഉയരുന്ന വിവാദങ്ങളെകുറിച്ചും സി.പി.എം ഇപ്പോള്‍ സ്വീകരിക്കുന്ന നിലപാടുകള്‍ വിചിത്രമാണ്. അതാകട്ടെ ഇടതുമുന്നണിയെ നയിക്കുന്ന പാര്‍ട്ടിയെന്ന നിലയ്ക്ക് ഇടതു മുന്നണിയുടെയാകെ നിലപാടായി മാറുകയും ചെയ്യുന്നു.

അതി നിര്‍ണ്ണായകമായ ഒരു പൊതു തെരഞ്ഞെടുപ്പ് അടുക്കുന്ന വസ്തുനിഷ്ഠ സാഹചര്യവും അതുല്പാദിപ്പിക്കുന്ന വര്‍ഗ വൈരുദ്ധ്യവും രാഷ്ട്രീയ സൂക്ഷ്മതയോടെ വിലയിരുത്താന്‍ സി.പി.എമ്മിന് ഇപ്പോള്‍ കഴിയുന്നില്ല. മോദി ഗവണ്മെന്റിന്റെ ഏകാധിപത്യവാഴ്ച അവസാനിപ്പിക്കാന്‍ ജനാധിപത്യ ശക്തികളുടെ ഐക്യം ശക്തിപ്പെടുമ്പോള്‍ സി.പി.എമ്മും ഇടതുമുന്നണിയും രാജ്യത്താകെ പുതിയ ജനമുന്നേറ്റത്തിന്റെ പരിധിക്കു പുറത്താണ് നില്‍ക്കുന്നത്.

ഒരാഴ്ച മുമ്പാണ് കൊല്‍ക്കത്തയില്‍ പൊലീസ് കമ്മീഷണറെ സി.ബി.ഐ കസ്റ്റഡിയില്‍ എടുക്കാന്‍ മുതിര്‍ന്നതും അതില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രി മമതാ ബാനര്‍ജി സത്യഗ്രഹസമരം നടത്തിയതും. അതിനോട് സി.പി.എം പൊളിറ്റ് ബ്യൂറോ പ്രതികരിച്ചത് ഇങ്ങനെ: കൊല്‍ക്കത്തയില്‍ നടന്ന ഇടതുമുന്നണിയുടെ ‘ഐതിഹാസിക റാലി’യില്‍നിന്ന് ജനശ്രദ്ധ തിരിച്ചുവിടാന്‍ തൃണമൂല്‍ കോണ്‍ഗ്രസും ബി.ജെ.പിയും ചേര്‍ന്നു നടത്തിയ നാടകം. എന്തൊരു ജുഗുപ്‌സാവഹമായ നിലപാട്!

തുടര്‍ന്ന് ഒരാഴ്ചകഴിഞ്ഞ് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഡല്‍ഹിയില്‍ ജന്ധര്‍ മന്തറില്‍ മോദി ഗവണ്മെന്റിന്റെ വാഗ്ദാനലംഘനത്തില്‍ പ്രതിഷേധിച്ച് ഒരുദിവസത്തെ നിരാഹാരസമരം നടത്തി. ആന്ധ്രയ്ക്ക് തീരുമാനമനുസരിച്ചുള്ള സ്‌പെഷ്യല്‍ പാക്കേജ് നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച്. മുന്‍ പ്രധാനമന്ത്രിമാരായ എച്ച്.ഡി ദേവഗൗഡ, മന്‍മോഹന്‍ സിംഗ്, കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി, ശരദ് പവാര്‍, മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള, ഡല്‍ഹി മുഖ്യമന്ത്രി കെജ് രിവാള്‍ തുടങ്ങി 23 പ്രമുഖ പാര്‍ട്ടി നേതാക്കള്‍ സമരവേദിയിലെത്തി ആന്ധ്രാമുഖ്യമന്ത്രിക്ക് പിന്തുണ പ്രഖ്യാപിച്ചു. എന്‍.ഡി.എ മുന്നണിയിലുള്ള ശിവസേനയുടെ നേതാക്കള്‍ളും ആന്ധ്രാ മുഖ്യമന്ത്രിക്ക് പിന്തുണനല്‍കാന്‍ എത്തി. സി.പി.എമ്മിന്റേയോ ഇടതുപാര്‍ട്ടികളുടേയോ നേതാക്കളെ അവിടെ കണ്ടില്ല.

രാഷ്ട്രീയ വ്യത്യാസം എന്തുതന്നെയായാലും തന്റെ സംസ്ഥാനത്തിന്റെ അവകാശത്തിനുവേണ്ടി ഒരു മുഖ്യമന്ത്രി സമരം നടത്തുമ്പോള്‍ അദ്ദേഹത്തിനു പിന്തുണ നല്‍കേണ്ടത് മറ്റു രാഷ്ട്രീയ പാര്‍ട്ടികളുടെ കടമയാണെന്നു ശിവസേനയുടെ നേതാവ് സഞ്ജയ് റൗത്ത് ആ വേദിയില്‍ വ്യക്തമാക്കി.

രണ്ടുദിവസം കഴിഞ്ഞ് ആം ആദ്മി പാര്‍ട്ടി നേതാവും മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ് രിവാള്‍ ഡല്‍ഹിയില്‍ മോദി സര്‍ക്കാറിനെതിരെ മറ്റൊരു റാലി സംഘടിപ്പിച്ചു. ‘ഏകാധിപത്യത്തെ തുടച്ചുനീക്കുക, ജനാധിപത്യം സംരക്ഷിക്കുക’ എന്ന മുദ്രാവാക്യവുമായി. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, എന്‍.സി.പി നേതാവ് ശരദ് പവാര്‍, ജെ.ഡി.യു നേതാവ് ശരദ് യാദവ്, ജമ്മു-കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള, കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ്മ തുടങ്ങി ഒട്ടേറെ പ്രതിപക്ഷപാര്‍ട്ടി നേതാക്കള്‍ പിന്തുണയുമായെത്തി. മോദി ഗവണ്മെന്റിനെയും മമതാ ഗവണ്മെന്റിനെയും ഒന്നിച്ചു താഴെയിറക്കുമെന്നു പറയുന്ന സി.പി.എമ്മിന്റെ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി മമതാ ബാനര്‍ജിക്കൊപ്പം ആ വേദി പങ്കിട്ടു.

പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസും സി.പി.എമ്മും സഹകരിക്കാന്‍ തയാറില്ലെങ്കിലും ദേശീയതലത്തില്‍ മോദിയുടെ ഏകാധിപത്യ ഭരണം അവസാനിപ്പിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് സഹകരിക്കുമെന്ന് മമതാ ബാനര്‍ജി പ്രത്യേകം വ്യക്തമാക്കുകയും ചെയ്തു. സംസ്ഥാനങ്ങളില്‍ നയപരമായ പ്രശ്‌നങ്ങളില്‍ വിയോജിക്കുമ്പോഴും അമിതാധികാര നീക്കത്തിനെതിരെ ദേശീയതലത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളെ ഏകോപിപ്പിച്ച് ചെറുത്തുനില്‍പ്പിന് നേതൃത്വം നല്‍കിപ്പോന്ന സി.പി.എമ്മിന് ഇപ്പോള്‍ പക്ഷെ മിണ്ടാട്ടമില്ല.

അഴിമതി – കൊലപാതക കേസുകളില്‍ അന്വേഷണം നടത്തുന്ന രാജ്യത്തെ കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സിയായ സി.ബി.ഐയില്‍ മോദി സര്‍ക്കാര്‍ രാഷ്ട്രീയമായി സമ്മര്‍ദ്ദം ചെലുത്തുന്നതിനെതിരെ അതില്‍തന്നെ വൈരുദ്ധ്യം മൂര്‍ച്ഛിച്ച് പൊട്ടിത്തെറിയില്‍ എത്തിയത് ഈയിടെയാണ്. കേന്ദ്ര സര്‍ക്കാറിന്റെ ഭരണഘടനാ വിരുദ്ധമായ ഈ നീക്കത്തിനെതിരെ സുപ്രിംകോടതിതന്നെ രണ്ടുതവണ ഇടപെടുകയുണ്ടായി. പാതിരാത്രി സ്ഥലം മാറ്റിയ സി.ബി.ഐ ഡയറക്ടറെ തിരിച്ചു നിയമിച്ചു. ആ പഴുതില്‍ സര്‍ക്കാര്‍ ചട്ടുകമായി ഉപയോഗിച്ച സി.ബി.ഐ ജോയിന്റ് ഡയറക്ടര്‍ നാഗേശ്വരറാവുവിനെ കോടതിയില്‍ ഒരുദിവസം തടവിലിരുത്തുകയും ഒരുലക്ഷം രൂപ പിഴയൊടുക്കാന്‍ കല്പിക്കുകയും ചെയ്തു. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഈ ആദ്യ സംഭവങ്ങള്‍ മോദി ഗവണ്മെന്റ് സ്വയം ഏറ്റുവാങ്ങിയ ഉന്നത നീതിപീഠത്തില്‍നിന്നുള്ള പ്രഹരങ്ങളാണ്.

അതായത്, സുപ്രിംകോടതിപോലും ഭരണഘടനയുടെ പരിമിതവൃത്തത്തില്‍ നിന്ന് മോദി സര്‍ക്കാറിന്റെ ഏകാധിപത്യ നീക്കങ്ങളെ ആവുംവിധം പ്രതിരോധിക്കാന്‍ ശ്രമിക്കുകയാണ്. എന്നിട്ടും പിന്മാറാതെ സി.ബി.ഐ എന്‍ഫോഴ്‌സ്‌മെന്റ് തുടങ്ങിയ കേന്ദ്ര ഏജന്‍സികളെ പ്രതിപക്ഷ ഗവണ്മെന്റുകള്‍ക്കും പ്രതിപക്ഷ നേതാക്കള്‍ക്കുമെതിരെ വീണ്ടും വീണ്ടും മോദി ഗവണ്മെന്റ് ഉപയോഗിക്കുകയാണ്. മുമ്പില്ലാത്തവിധം അതിനെതിരായ പ്രക്ഷോഭങ്ങള്‍ വിവിധ സംസ്ഥാനങ്ങളില്‍ പൊട്ടിപ്പുറപ്പെടുന്നു. സംസ്ഥാന മുഖ്യമന്ത്രിമാര്‍തന്നെ കേന്ദ്ര ഗവണ്മെന്റിന്റെ നീക്കങ്ങള്‍ക്കെതിരായ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ ഇടതുപാര്‍ട്ടികള്‍ക്ക് ഒറ്റയ്ക്കു കഴിയില്ലെന്നും മതനിരപേക്ഷ പാര്‍ട്ടികളെ ദേശീയ തലത്തില്‍ പരമാവധി യോജിപ്പിക്കണമെന്നും സി.പി.എമ്മിന്റെ രണ്ട് പാര്‍ട്ടി കോണ്‍ഗ്രസുകളും ആഹ്വാനം ചെയ്തിട്ടുണ്ടെങ്കിലും.

ഇതിന്റെ മറ്റൊരു ദൃശ്യമാണ് തെക്കെ ഇന്ത്യയില്‍ പോണ്ടിച്ചേരിയില്‍ കണ്ടത്. സംസ്ഥാന സര്‍ക്കാറിനെതിരെ ഗവര്‍ണര്‍ കിരണ്‍ ബേദിയുടെ ഇടപെടുന്നതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് മുഖ്യമന്ത്രി നാരായണസ്വാമി രാജ് ഭവനുമുമ്പില്‍ നടത്തിയ സത്യഗ്രഹം. സാധാരണ തെരഞ്ഞെടുപ്പുകാലത്ത് കാണാത്ത അസാധാരണ രാഷ്ട്രീയ പ്രതിഭാസമാണ് രാജ്യത്തിന്റെ നാനാഭാഗങ്ങളിലും ജനാധിപത്യ സംരക്ഷണത്തിന്റെ പേരില്‍ പ്രധാനമന്ത്രിക്കെതിരെ ഉയരുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം ഉത്തര-പൂര്‍വ്വ സംസ്ഥാനങ്ങളില്‍ സഞ്ചരിച്ച പ്രധാനമന്ത്രിയെ വ്യാപകമായ ബന്ദും പ്രതിഷേധവും കൊണ്ടാണ് ജനങ്ങള്‍ നേരിട്ടത്. അവിടങ്ങളിലെ തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി അഭൂതപൂര്‍വ്വ വിജയം നേടിയിരുന്നെങ്കിലും സഖ്യകക്ഷികളടക്കം ഇപ്പോള്‍ മോദിയുടെ പൗരത്വ ബില്ലിനെതിരെ ശക്തമായി രംഗത്തുവന്നിരിക്കയാണ്.

മോദി ഗവണ്മെന്റിന്റെ ഏകാധിപത്യ നീക്കങ്ങള്‍ക്കെതിരെ പ്രതിപക്ഷത്തുനിന്നു മാത്രമല്ല എന്‍.ഡി.എയില്‍നിന്നും ബി.ജെ.പിയില്‍നിന്നുമുള്ള പാര്‍ട്ടികളും മുതിര്‍ന്ന നേതാക്കളും മുന്നോട്ടുവരികയാണ്. പ്രതിപക്ഷ മുഖ്യമന്ത്രിമാരുടെ സമരവേദികളില്‍ ശിവസേനാ നേതാക്കളുടെ പങ്കാളിത്തം, ശത്രുഘ്‌നന്‍ സിഹ്ന, യശ്വന്ത് സിഹ്ന തുടങ്ങിയ ഇപ്പോഴും പേരിന് ബി.ജെ.പിയില്‍ തുടരുന്ന നേതാക്കള്‍പോലും ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കുക എന്ന മുദ്രാവാക്യത്തിനു പിന്നില്‍ അണിനിരക്കുന്നു

അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിനു മുമ്പ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അന്നത്തെ പ്രധാനമന്ത്രിക്കെതിരെ പടര്‍ന്നുപിടിച്ച പ്രതിഷേധവും ജനാധിപത്യം സംരക്ഷിക്കുക എന്ന മുദ്രാവാക്യവും മറ്റൊരു രൂപത്തില്‍ മുഴങ്ങുന്നതാണ് ഇപ്പോള്‍ കാണുന്നത്.

കേന്ദ്രം ഭരിക്കുന്ന എന്‍.ഡി.എയിലടക്കം മോദി ഗവണ്മെന്റിന്റെ നയങ്ങള്‍ക്കെതിരായ വൈരുദ്ധ്യം മൂര്‍ച്ഛിക്കുകയാണെന്നാണ് ഇതു കാണിക്കുന്നത്. ജനങ്ങളുടെ അനുഭവവും പ്രധാനമന്ത്രിയുടെ അവകാശവാദവും തമ്മിലുള്ള ഏറ്റമുട്ടലും ഈ രാഷ്ട്രീയ പ്രതിഭാസത്തെ കൂടുതല്‍ ശക്തമാക്കുന്നു.

ഇതിനെല്ലാമിടയില്‍ സി.ബി.ഐ ഇതാ തങ്ങളെ വേട്ടയാടാന്‍ വന്നിരിക്കുന്നു എന്ന വിചിത്രമായ ഒരു വിലാപവും സി.പി.എമ്മില്‍നിന്നുണ്ടായി. അത് കഴിഞ്ഞദിവസം കണ്ണൂരിലെ അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ ഗൂഢാലോചന നടത്തിയതിന് സി.പി.എം ജില്ലാ സെക്രട്ടറി പി ജയരാജനെയും എം.എല്‍.എ ടി.വി രാജേഷിനെയും പ്രതികളാക്കി സി.ബി.ഐ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചപ്പോഴാണ്. അപ്പോഴും ബി.ജെ.പിയെ നേരിട്ട് വിമര്‍ശിക്കാന്‍ സി.പി.എം സംസ്ഥാനസെക്രട്ടറി തയാറായില്ല. തെരഞ്ഞെടുപ്പു മുന്നില്‍കണ്ടുകൊണ്ടുള്ള ബി.ജെ.പിയുടെയും കോണ്‍ഗ്രസിന്റെയും യോജിച്ച രാഷ്ട്രീയനീക്കം എന്നാണ് കോടിയേരി പ്രതികരിച്ചത്. ഇത് തൃണമൂലിനെ പിടികൂടാനോ വാദ്രയെ പിടിച്ച് പ്രിയങ്കയേയും രാഹുലിനേയും സോണിയാ ഗാന്ധിയേയും തേജോവധം ചെയ്യാനോ നടത്തുന്നതുപോലുള്ള മോദി ഗവണ്മെന്റിന്റെ രാഷ്ട്രീയനീക്കം അല്ല.

ഏഴുവര്‍ഷംമുമ്പ് നൂറുകണക്കില്‍ ആളുകളുടെ മുമ്പിലിട്ട് ഷുക്കൂറിനെ വെട്ടിക്കൊന്ന കേസില്‍ ജയരാജനും രാജേഷും പൊലീസ് അന്വേഷിച്ചപ്പോള്‍തന്നെ പ്രതികളായതാണ്. എന്നാല്‍ അവരെ ഗൂഢാലോചനയില്‍ പ്രതികളാക്കാതെ പൊലീസ് സഹായിച്ചപ്പോള്‍ ഷുക്കൂറിന്റെ അമ്മ ആത്തിക്ക ഹൈക്കോടതിയില്‍ സി.ബി.ഐ അന്വേഷണത്തിന് ഹര്‍ജി നല്‍കി. ആ അമ്മയുടെ കണ്ണീര്‍ കണ്ട ഹൈക്കോടതിയാണ് ഉന്നത ഗൂഢാലോചനക്കാരെ രക്ഷപെടാന്‍ അനുവദിക്കാതെ പിടികൂടാന്‍ കേസ് സി.ബി.ഐയ്ക്കു വിട്ടത്. സി.ബി.ഐ ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചിട്ടും ഹൈക്കോടതി ഉത്തരവിലൂടെ ചുമതലയേല്‍പ്പിക്കുകയായിരുന്നു. സി.പി.എം നേതൃത്വത്തിന്റെ വിലാപത്തെ മുന്‍ മുഖ്യമന്ത്രി വി.എസ് തന്നെ പരിഹസിച്ചത് അര്‍ത്ഥഗര്‍ഭമാണ്. നിയമം അതിന്റെ വഴിക്കു പോകട്ടെ എന്നത്. സി.ബി.ഐ നേരത്തെ അന്വേഷണം ഏറ്റെടുത്ത ഫസല്‍ കൊലക്കേസിലും ജയരാജന്‍ പ്രതിയാണ്. അതിനെതിരായ ജയരാജന്റെ അപ്പീല്‍ സുപ്രിംകോടതിയിലും നീണ്ടുനീണ്ടു പോകുന്നു.

കേരളത്തില്‍ സി.ബി.ഐയെ സി.പി.എമ്മിനെതിരായി മോദി ഗവണ്മെന്റിന് ഉപയോഗിക്കണമെന്നുണ്ടെങ്കില്‍ അതിനുള്ള അവസരം കൈയില്‍ വന്നിട്ടും സി.ബി.ഐയെ മോദി ഗവണ്മെന്റ് ഉപയോഗിച്ചിട്ടില്ല. ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ വിട്ടയച്ചതിനെതിരെ സി.ബി.ഐ സുപ്രിംകോടതിയില്‍ കൊടുത്ത അപ്പീല്‍ അനിശ്ചിതമായി നീട്ടിക്കൊണ്ടു പോകുകയാണ്. കോണ്‍ഗ്രസ് നേതാക്കള്‍ക്കോ തൃണമൂലിനോ എതിരെ സ്വീകരിക്കുന്ന പകപോക്കല്‍ സമീപനം എന്തുകൊണ്ടോ ലാവ്‌ലിന്‍ കേസില്‍ സി.ബി.ഐയെക്കൊണ്ട് സ്വീകരിപ്പിച്ചിട്ടില്ല. അതിന്റെ രാഷ്ട്രീയം എന്തെന്ന് ബി.ജെ.പിയും സി.പി.എമ്മും തന്നെയാണ് വിശദീകരിക്കേണ്ടത്. മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കും മറ്റും എതിരെ നടത്തുന്ന പകപോക്കല്‍ മുഖ്യമന്ത്രി പിണറായി വിജയനോട് കാണിക്കണമെന്ന് ജനാധിപത്യ വിശ്വാസികള്‍ ആരും ആവശ്യപ്പെടില്ല. എന്നാല്‍ മോദി ഗവണ്മെന്റിന് പിണറായി വിജയനെന്ന കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയോട് പ്രത്യേകത മമതയെന്താണെന്ന് ചോദിച്ചാല്‍ അത് തെറ്റാകുകയുമില്ല. അഴിമതി കുംഭകോണങ്ങളിലെ ഇടത്തട്ടുകാരെ വിദേശത്തുനിന്നു ഒന്നൊന്നായി പിടികൂടി കൊണ്ടുവരുന്ന മോദി ഗവണ്മെന്റ് കോടതി അയച്ച നോട്ടീസുപോലും കൈപ്പറ്റാതെ കനഡയില്‍ സസുഖം വാഴുന്ന ലാവ്‌ലിന്‍ കമ്പനി ഉടമകളെ പിടികൂടുന്ന കാര്യം പരിഗണിക്കാത്തതെന്താണെന്നു ചോദിക്കുന്നതിലും തെറ്റില്ല.

മോദി ഗവണ്മെന്റിന്റെ ഏകാധിപത്യ നീക്കങ്ങള്‍ക്കെതിരെ രാജ്യത്താകെ നടക്കുന്ന സംഭവ വികാസങ്ങളെ കമ്മ്യൂണിസ്റ്റു പാര്‍ട്ടികളുടെ സ്വതസിദ്ധമായ രാഷ്ട്രീയ വിശകലനത്തിന് സി.പി.എം പക്ഷെ വിധേയമാക്കുന്നില്ല. പകരം കോണ്‍ഗ്രസിനെയും ബി.ജെ.പിയെയും കൂട്ടിക്കെട്ടി വിഷയം ജനങ്ങള്‍ക്കുമുമ്പില്‍ തെറ്റായി അവതരിപ്പിക്കാനാണ് ശ്രമിക്കുന്നത്. മോദിയെ അധികാരത്തില്‍നിന്നു നീക്കാനും ഭരണഘടന സംരക്ഷിക്കാനും ജനാധിപത്യ ശക്തികള്‍ കൂടുതല്‍ കൂടുതല്‍ മുന്നോട്ടുവരികയാണ്. ഈ മുന്നേറ്റത്തേയും യോജിപ്പിനേയും തന്ത്രപരമായി മോദി വാഴ്ചയുടെ തകര്‍ച്ചയ്ക്ക് ഉപയോഗപ്പെടുത്താന്‍ സി.പി.എം ആദ്യമായി അറച്ചുനില്‍ക്കുന്നു.

ദേശീയതലത്തില്‍ ഒരു മൂന്നാംമുന്നണി ഇടതുപാര്‍ട്ടികള്‍ എന്നോ ഉപേക്ഷിച്ചു. ഇടതുപാര്‍ട്ടികള്‍ക്ക് ഒറ്റയ്ക്ക് മോദി ഗവണ്മെന്റിനെ എതിര്‍ക്കാനും തോല്പിക്കാനുമാകില്ലെന്നും അവര്‍ കണ്ടെത്തുന്നു. കേരളത്തില്‍നിന്നുള്ള സീറ്റുകള്‍ മാത്രം എന്ന അവസ്ഥയില്‍ ഇടതുപക്ഷമാകെ ചുരുങ്ങിക്കൂടിയിരിക്കുന്നു. ഈ അവസ്ഥയില്‍ തെരഞ്ഞെടുപ്പിനുശേഷം നേതൃത്വപരമായി അവര്‍ക്കെന്തു ചെയ്യാനാകും എന്നതും തെരഞ്ഞെടുപ്പു വേളയില്‍ ജനങ്ങള്‍ പരിഗണിക്കുന്ന പ്രധാന ഘടകമാകും.

ഈ വേറിട്ടുനില്‍പ്പിന് സി.പി.എം പറയുന്ന യുക്തിയും അവിശ്വസനീയം. തൃണമൂലും ടി.ഡി.പിയുമൊക്കെ ബി.ജെ.പിയെപ്പോലെ അഴിമതിക്കാര്‍. കോണ്‍ഗ്രസിന്റെ കാര്യം പറയുകയും വേണ്ട. അഴിമതിക്കാരെന്നതിനു പുറമെ ബി.ജെ.പിയുടെ സാമ്പത്തിക നയംകൂടി ഉള്ളവരാണവര്‍.

എന്നാല്‍ സി.പി.എം കണ്ടെത്തുന്ന കൂട്ടാളിയോ? ടു.ജി സ്‌പെക്ട്രം അടക്കം അഴിമതി കേസുകള്‍കൊണ്ട് യു.പി.എ ഗവണ്മെന്റിനെ നാണിപ്പിച്ച ഡി.എം.കെ.

90കള്‍ തൊട്ട് ദേശീയ രാഷ്ട്രീയത്തിലെ നിര്‍ണ്ണായക ശക്തിയായിരുന്നു ഇടതുപക്ഷം. വിശേഷിച്ച് സി.പി.എം. ഇടതുപക്ഷ മുന്നണിക്കു നേതൃത്വവും ശക്തിയും പകര്‍ന്നു എന്നതു മാത്രമായിരുന്നില്ല അവരുടെ സംഭാവന. എന്നും ഏകാധിപത്യ-വര്‍ഗീയ ശക്തികള്‍ക്കെതിരെ ജനാധിപത്യ – മതനിരപേക്ഷ ശക്തികളെ ഒന്നിപ്പിക്കുന്നതില്‍ ബദ്ധശ്രദ്ധമായ പാര്‍ട്ടി.

ഈ തെരഞ്ഞെടുപ്പില്‍ ദേശീയ രാഷ്ട്രീയത്തില്‍ ഇടംകാണാതെ ഇക്കാലമത്രയും എടുത്ത ജനാധിപത്യ – മതനിരപേക്ഷ നിലപാട് ഉയര്‍ത്തിപ്പിടിക്കാനാകാതെ അവര്‍ ദേശീയ രാഷ്ട്രീയത്തിന്റെ പരിധിക്കു പുറത്തുനില്‍ക്കുന്നു. കേരളത്തില്‍ മാത്രം ഒതുങ്ങിത്തീര്‍ന്ന്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top