Flash News

പെരിയ ഇരട്ടക്കൊലപാതകം: കില്ലര്‍ ഗ്രൂപ്പുകളുടെ പങ്ക് സംശയിച്ച് പൊലീസ്

February 21, 2019

1_275കണ്ണൂര്‍: പെരിയയിലെ ഇരട്ടക്കൊലപാതകത്തില്‍ ക്വട്ടേഷന്‍ സംഘം ഇടപെട്ടിട്ടുണ്ടോയെന്ന് സംശയിച്ച് പൊലീസ്. സിപിഎം ലോക്കല്‍ കമ്മിറ്റി അംഗമായ പീതാംബരനെ പൊലീസ് അറസ്റ്റ് ചെയ്‌തെങ്കിലും അയാള്‍ക്ക് ഒറ്റയ്ക്ക് ഇത്ര ആസൂത്രിതമായി കൊല നടത്താന്‍ കഴിയില്ലെന്നാണ് പൊലീസിന്റെ നിഗമനം. പാര്‍ട്ടിയുടെ അറിവോടെയല്ലാതെ കൊലപാതകം നടത്താന്‍ കഴിയില്ലെന്ന് പീതാംബരന്റെ കുടുംബം തന്നെ പരസ്യമായി പറഞ്ഞിരുന്നു.

കൃപേഷിനെയും ശരത് ലാലിനെയും കൊല്ലാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചതായാണ് പൊലീസ് സംശയിക്കുന്നത്. കൊല നടന്ന സ്ഥലം, സമയം, കൊലപാതകത്തിന്റെ രീതി, വെട്ടിന്റെ പ്രത്യേകത, പ്രതികളെത്തിയ വാഹനം എന്നിവയെല്ലാം ഈ സംശയം ബലപ്പെടുത്തുന്നുണ്ട്. കൊല്ലപ്പെട്ടവരില്‍ ഒരാളുടെ കഴുത്ത് അറ്റുപോയിരുന്നു. മറ്റൊരാളിന്റെ തലയോട്ടി വെട്ടേറ്റ് പിളരുകയും ചെയ്തു.

കേസില്‍ ഇതുവരെ അഞ്ച് പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. പ്രതികള്‍ക്കെതിരെ മതിയായ തെളിവുകള്‍ ശേഖരിച്ച ശേഷമാകും അറസ്റ്റ് രേഖപ്പെടുത്തുക. ഇവരെ തുടര്‍ച്ചയായി ചോദ്യം ചെയ്‌തെങ്കിലും കൂടുതല്‍ പേര്‍ കൃത്യത്തില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നാണ് ഇവര്‍ പറയുന്നത്. പൊലീസിന്റെ പിടിയിലുള്ള ഓട്ടോറിക്ഷ ഡ്രൈവറും മറ്റൊരാളും ചേര്‍ന്നാണ് പീതാംബരനൊപ്പം ശരത് ലാലിനെയും കൃപേഷിനെയും വെട്ടിയതെന്നാണ് കസ്റ്റഡിയിലുള്ളവരുടെ മൊഴി. എന്നാല്‍ ഇവരുടെ മൊഴി പൊലീസ് പൂര്‍ണമായും വിശ്വാസത്തിലെടുത്തിട്ടില്ല.

കൃത്യത്തിന് ശേഷം പ്രതികള്‍ ആദ്യമെത്തിയത് പാര്‍ട്ടി ഓഫീസില്‍; നേതാക്കളുടെ സഹായത്തോടെ രഹസ്യകേന്ദ്രത്തിലേക്ക് മാറി

ഇരട്ടക്കൊലക്കേസില്‍ അറസ്റ്റിലായ മുന്‍ സിപിഐഎം ലോക്കല്‍ കമ്മിറ്റി അംഗം എ.പീതാംബരനടക്കം നാലുപേര്‍ കൃത്യത്തിന് ശേഷം പാര്‍ട്ടി ഓഫിസിലായിരുന്നുവെന്ന് റിപ്പോര്‍ട്ട്. ചട്ടംചാലിനടുത്തെ ഓഫീസിലാണ് മണിക്കൂറോളം ഇവര്‍ ചെലവഴിച്ചത്. ഇതു സംബന്ധിച്ച് കസ്റ്റഡിയിലുള്ളവര്‍ അന്വേഷണസംഘത്തിന് മൊഴി നല്‍കി.

kasarkകൃപേഷിനെയും ശരതിനെയും കൊലപ്പെടുത്തിയ ശേഷം പാര്‍ട്ടി ഓഫീസിലെത്തിയ സംഘം തിങ്കളാഴ്ച പുലര്‍ച്ചെ വരെ ഇവിടെയുണ്ടായിരുന്നു. ബാക്കിയുള്ള മൂന്നുപേര്‍ ഞായറാഴ്ച രാത്രി പ്രദേശത്തെ പാര്‍ട്ടി പ്രവര്‍ത്തരുടെ വീടുകളില്‍ തങ്ങി. നേരം പുലര്‍ന്നതോടെ എല്ലാവരേയും രഹസ്യകേന്ദ്രത്തിലേക്കു മാറ്റി. ദേശീയപാത ഒഴിവാക്കി മറ്റു വഴികളിലൂടെയാണ് ഇവരെ ഒളിസങ്കേതത്തില്‍ എത്തിച്ചത്. ഇതിന് പാര്‍ട്ടിയുടെ പ്രാദേശിക നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ സഹായം ലഭിച്ചിരുന്നെന്നും കസ്റ്റഡിയിലുള്ളവര്‍ അന്വേഷണസംഘത്തോട് വെളിപ്പെടുത്തി.

പിന്നീട് നേതാക്കള്‍ പൊലീസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് പീതാംബരന്‍ ഉള്‍പ്പെടെയുള്ളവരെ സ്റ്റേഷനില്‍ ഹാജരാക്കുകയായിരുന്നു. ജില്ലയിലെ പാര്‍ട്ടിയുടെ സ്വാധീനമേഖലയിലായിരുന്നു പ്രതികള്‍ക്ക് ഒളിത്താവളമൊരുക്കിയത്. ഈ മൊഴികളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍പ്പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനും അന്വേഷണസംഘത്തിന് പദ്ധതിയുണ്ട്.

അതേസമയം സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് വാഹനങ്ങള്‍ കൂടി പൊലീസ് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ഒരു കാറും, ജിപ്പും, വാനും പൊലീസ് പിടിച്ചെടുത്തു. കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത കാറില്‍ നടത്തിയ ഫൊറന്‍സിക് പരിശോധനയില്‍ രക്തക്കറയും, വാഹനം ഇടിച്ചതിന്റെ തെളിവുകളും ലഭിച്ചു. ശരത് ലാലിനേയും, കൃപേഷിനേയും വെട്ടിപരുക്കേല്‍പ്പിക്കാന്‍ ഉപയോഗിച്ച പ്രധാന ആയുധം അന്വേഷണസംഘത്തിന് ഇനിയും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. വിവിധ ഘട്ടങ്ങളില്‍ നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതികള്‍ മൊഴികളില്‍ ഉറച്ചു നില്‍ക്കുന്നത് അന്വഷണം വഴിമുട്ടിക്കുന്നുണ്ട്. അതേസമയം കാസര്‍കോട് എസ്പിയായി ജെയിംസ് ജോസഫ് ചുമതലയേറ്റു. ഡോ.എ.ശ്രീനിവാസ് ക്രൈംബ്രാഞ്ച് എസ്പിയായി നിയമിതനായതിനെത്തുടര്‍ന്നാണ് മാറ്റം.

അതേസമയം, കേസില്‍ കൂടുതല്‍ അറസ്റ്റ് ഇന്നുണ്ടായേക്കും. ഇന്നലെ അറസ്റ്റ് ചെയ്ത ഏച്ചിലടുക്കം സ്വദേശി സജി ജോര്‍ജിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. സജിയെ കൂടാതെ മറ്റ് അഞ്ച് പേര്‍ കൂടി നിലവില്‍ ഇരട്ടക്കൊലയുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലുണ്ട്. ഇവരെ ചോദ്യം ചെയ്ത് വരികയാണ്.

കൊലയാളിസംഘം സഞ്ചരിച്ച വാഹനത്തിന്റെ ഡ്രൈവറായിരുന്നു സജി ജോര്‍ജ്. സിപിഎം ലോക്കല്‍ സെക്രട്ടറി പീതാംബരന് ശേഷം ഇരട്ടക്കൊലകേസില്‍ അറസ്റ്റിലാവുന്ന രണ്ടാമത്തെയാളാണ് സജി ജോര്‍ജ്. ഇയാള്‍ സി പി എമ്മിന്റെ സജീവപ്രവര്‍ത്തകന്‍ കൂടിയാണ്.

അതേസമയം, കൊലക്കേസ് സിബിഐക്ക് കൈമാറണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രതിഷേധം ശക്തമാക്കി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top