Flash News

മിനിമം വേതനം ഇല്ലിനോയിസില്‍ ഗണ്യമായി വര്‍ദ്ധിപ്പിച്ചു

February 23, 2019 , ജോസ് കല്ലിടുക്കില്‍

money-economy-green-arrow-up-web-genericചിക്കാഗോ: ഇല്ലിനോയി സംസ്ഥാനത്ത് മിനിമം വേതനം ഗണ്യമായി വര്‍ദ്ധിപ്പിച്ചുകൊണ്ടുള്ള നിയമം നിലവില്‍വന്നു. ഫെബ്രുവരി 19-ന് ഗവര്‍ണര്‍ ജെ.ബി. പ്രിറ്റ്‌സ്കര്‍ ഒപ്പിട്ടതോടെ പ്രാബല്യത്തില്‍ വന്ന നിയമപ്രകാരം നിലവിലെ മിനിമം വേതനമായ മണിക്കൂറിന് 8.25 ഡോളര്‍ എന്നത് പടിപടിയായി ഉയര്‍ന്ന് 2025 ജൂലൈ 1-ന് മണിക്കൂറിനു 15 ഡോളറില്‍ എത്തും.

2020 ജനുവരി 1 മുതല്‍ വര്‍ദ്ധിപ്പിച്ച മിനിമം വേതനം ലഭ്യമായി തുടങ്ങും. ജനുവരി 1-ന് മിനിമം വേതനം മണിക്കൂറിനു 9.25 ഡോളറായും 2020 ജൂലൈ 1-ന് മണിക്കൂറിനു 10 ഡോളറായും വര്‍ധിക്കും. പിന്നീട് വര്‍ഷംതോറും ഒരു ഡോളര്‍ നിരക്കില്‍ വര്‍ധിച്ച് 2025 ജൂലൈ 1-ന് ഇല്ലിനോയി സംസ്ഥാനത്ത് ഒട്ടാകെ മിനിമം വേതനം മണിക്കൂറിനു 15 ഡോളര്‍ എന്ന നിരക്കില്‍ നിലവില്‍ വരും. ചിക്കാഗോ സിറ്റിയില്‍ ഇപ്പോള്‍ നിലവിലുള്ള മിനിനം വേതനം മണിക്കൂറിനു 12 ഡോളര്‍ എന്നത് ജൂലൈ 1 മുതല്‍ 13 ഡോളറായി വര്‍ധിക്കും. ഒഹയര്‍, മിഡ്‌വേ എയര്‍പോര്‍ട്ടുകളില്‍ മിനിമം വേതനം മണിക്കൂറിന് 13.45 ആയി ഒരു വര്‍ഷത്തിലേറെയായി നിലവില്‍ വന്നിട്ടുണ്ട്.

2018 നവംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഡമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി ജെ.ബി പ്രിറ്റ്‌സ്കര്‍ നല്‍കിയ മുഖ്യ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു ഇല്ലിനോയിയിലെ മിനിമം വേതനം മണിക്കൂറിനു 15 ഡോളറായി ഉയര്‍ത്തും എന്നത്. സംസ്ഥാനത്തെ വ്യാപാര- വ്യവസായ സംഘടനകള്‍ക്കൊപ്പം റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും ഒറ്റക്കെട്ടായി എതിര്‍ത്തിട്ടും ഇല്ലിനോയി നിയമനിര്‍മ്മാണ സഭകള്‍ രണ്ടിലും ഡമോക്രാറ്റിക് പാര്‍ട്ടിക്കുള്ള നിര്‍ണ്ണായക ഭൂരിപക്ഷം, ചുമതലയേറ്റെടുത്ത് ഒരു മാസത്തിനുള്ളില്‍ തൊഴിലാളി സംഘടനകള്‍ക്ക് നല്‍കിയ വാഗ്ദാനം യാഥാര്‍ത്ഥ്യമാക്കുവാന്‍ ഗവര്‍ണ്ണര്‍ പ്രിറ്റ്‌സ്കര്‍ക്ക് സഹായകമായി.

വര്‍ദ്ധിപ്പിച്ച മിനിമം വേതന നിയമം പ്രാബല്യത്തില്‍ വന്നതോടൂകൂടി അമേരിക്കയിലെ ഉയര്‍ന്ന മിനിമം വേതനം നിലവിലുള്ള സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഇല്ലിനോയിയും ഇടം നേടി. 2018-ലെ നിരക്കനുസരിച്ച് ഉയര്‍ന്ന മിനിമം വേതനം നിലവിലുള്ള സംസ്ഥാനങ്ങള്‍ ഇവയാണ്: വാഷിംഗ്ടണ്‍ ഡി.സി – 13.25 ഡോളര്‍, വാഷിംഗ്ടണ്‍ സ്റ്റേറ്റ് – 11.50 ഡോളര്‍, കാലിഫോര്‍ണിയ – 11 ഡോളര്‍, മാസാച്യുസെറ്റ്‌സ് – 11 ഡോളര്‍, അരിസോണ – 10.50 ഡോളര്‍, വെര്‍മൗണ്ട്- 10. 50 ഡോളര്‍, ന്യൂയോര്‍ക്ക്- 10.40 ഡോളര്‍, കൊളറാഡോ – 10.20 ഡോളര്‍ മണിക്കൂറിന്. ഫെഡറല്‍ മിനിമം വേതനം ഒരു ദശാബ്ദത്തിലേറെയായി മണിക്കൂറിന് 7.25 ഡോളറായിതന്നെ തുടരുകയാണ്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top