Flash News

ഇരട്ടക്കൊലയുടെ പെരുങ്കളിയാട്ടവും രക്തസാക്ഷികളുടെ പാര്‍ട്ടിയും: അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്

February 24, 2019

periya-murder.1.137497കഴിഞ്ഞവര്‍ഷം ഫെബ്രുവരി 22ന് മട്ടന്നൂരില്‍നിന്ന് സുമയ്യ എന്ന പെണ്‍കുട്ടി മുഖ്യമന്ത്രി പിണറായി വിജയന് ഒരു തുറന്ന കത്തെഴുതി: “രാഷ്ട്രീയ കൊലപാതകങ്ങളുടെ കണക്കുപുസ്തകത്തിലെ അവസാനത്തെ ആളാകട്ടെ ഞങ്ങളുടെ ഇക്ക. ഇനി ആരും കൊല്ലപ്പെടാതിരിക്കട്ടെ. ഈ ക്രൂരതകള്‍ ആവര്‍ത്തിക്കില്ലെന്ന് ഒരുറപ്പ് ഞങ്ങള്‍ക്കുവേണ്ടി, ഞങ്ങളെപ്പോലെ ഒരുപാട് കുടുംബങ്ങള്‍ക്കുവേണ്ടി. അതെങ്കിലും ഞങ്ങള്‍ക്ക് നല്‍കാമോ?”

അതിനും പത്തു ദിവസങ്ങള്‍ക്കു മുമ്പായിരുന്നു സുമയ്യയുടെ വീടിന്റെ വിളക്കും നാടിന്റെ ഊര്‍ജ്ജവുമായിരുന്ന ഷുഹൈബ് എന്ന 29കാരന്‍ കൊല്ലപ്പെട്ടത്. പാതയോരത്ത് തട്ടുകടയില്‍ കൂട്ടുകാരനോടൊപ്പം ബഞ്ചില്‍ ചായകുടിച്ചിരിക്കെ സുമയ്യയുടെ സഹോദരനെ സി.പി.എം പ്രവര്‍ത്തകരെത്തി ബോംബെറിഞ്ഞു കൊന്നത്.

കേരളത്തിന്റെ മുഖ്യമന്ത്രിയില്‍നിന്ന് സുമയ്യയുടെ ആവശ്യത്തിന് പ്രതികരണമൊന്നും ഉണ്ടായില്ല. അന്നു തൃശൂരില്‍ ആരംഭിച്ച സി.പി.എം സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുത്തിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെയ്‌സ്ബുക്കിലൂടെ രക്തസാക്ഷികള്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് ഒരു കുറിപ്പിട്ടു. അതില്‍ പറഞ്ഞു: “സമ്മേളന വേദിയിലേക്ക് (പാര്‍ട്ടി രക്തസാക്ഷികളുടെ വീടുകളില്‍നിന്ന്) 577 ദീപശിഖകളാണ് എത്തിയത്. ഈ പ്രസ്ഥാനത്തിന്റെ ത്യാഗസഹനങ്ങളുടെ ദീപ്തജ്വാലയാണ് തെളിഞ്ഞത്. ഇത്രയേറെ ത്യാഗം സഹിക്കേണ്ടിവന്ന പ്രസ്ഥാനം വേറെയില്ല.”

മുഖ്യമന്ത്രി അതുകൊണ്ട് എന്താണുദ്ദേശിച്ചതെന്ന് സുമയ്യയ്ക്കും കുടുംബത്തിനും ഇനിയും മനസിലായിക്കാണില്ല. ഷുഹൈബ് വധം സംബന്ധിച്ച് മുഖ്യമന്ത്രിയുടെ പൊലീസ് നടത്തുന്ന അന്വേഷണത്തില്‍ തങ്ങള്‍ക്ക് വിശ്വാസമില്ലെന്നും അവര്‍ തെളിവുകള്‍ നഷ്ടപ്പെടുത്തുമെന്നും നീതി കിട്ടാന്‍ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിടണമെന്നും ആവശ്യപ്പെട്ട് മാതാപിതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചു. അന്വേഷണം ത്വരിതഗതിയില്‍ നടക്കുകയാണ്, പ്രതികളെ അറസ്റ്റുചെയ്തിട്ടുണ്ട്, സി.ബി.ഐ അന്വേഷണം ആവശ്യമില്ല – സര്‍ക്കാറിനുവേണ്ടി പ്രോസിക്യൂട്ടര്‍ ഹൈക്കോടതിയില്‍ ഘോരഘോരം വാദിച്ചു. ഒടുവില്‍ സര്‍ക്കാര്‍ നിലപാട് തള്ളി സി.ബി.ഐ അന്വേഷണത്തിന് ജസ്റ്റിസ് ബി കെമാല്‍ പാഷ ഉത്തരവിട്ടു.

കഴിഞ്ഞ മാര്‍ച്ച് 7ന്റെ വിധിയില്‍ എന്തുകൊണ്ട് സി.ബി.ഐ അന്വേഷണം എന്നതിന് ജസ്റ്റിസ് കെമാല്‍ പാഷ രണ്ട് കാരണങ്ങള്‍ എടുത്തുപറഞ്ഞു: ഒന്ന്, ആരോപണത്തിന്റെ വിരല്‍ ചൂണ്ടപ്പെടുന്ന പാര്‍ട്ടിയുടെ ഉന്നത നേതാക്കളുമായി പ്രതികള്‍ക്കുള്ള അടുത്തബന്ധം. രണ്ട്, അത്രയോ അതിലേറെയോ പ്രധാനമായി രാഷ്ട്രീയ കൊലപാതക കേസുകളില്‍ കൊല്ലിക്കുന്ന ഉന്നത നേതാക്കള്‍ നിരന്തരം രക്ഷപെടുകയാണെന്ന യാഥാര്‍ത്ഥ്യം.

ജസ്റ്റിസ് കെമാല്‍ പാഷയുടെ വിധിയില്‍ അതിങ്ങനെ വിശദീകരിച്ചു: ‘രാഷ്ട്രീയ കൊലപാതകമെന്ന് വിശേഷിപ്പിക്കപ്പെട്ട് നിരവധി കൊലപാതകങ്ങളാണ് ഈ പ്രദേശങ്ങളില്‍ നടക്കുന്നത്. എന്നാല്‍ രാഷ്ട്രീയ പാര്‍ട്ടികളൊന്നും നശിപ്പിക്കപ്പെടുന്നില്ല. വ്യക്തികളെയാണ് കൊന്നു തള്ളുന്നത്. അവരുടെ കുടുംബാംഗങ്ങള്‍ തെരുവില്‍ എറിയപ്പെടുകയും. രാഷ്ട്രീയ നേതാക്കള്‍ തങ്ങളുടെ അനുയായികളെ മസ്തിഷ്‌ക്ക പ്രക്ഷാളനം നടത്തുന്നു. എന്നിട്ടവരെ രാഷ്ട്രീയ എതിരാളികളെ ഉന്മൂലനാശം വരുത്താനുള്ള കരുക്കളായി ഉപയോഗിക്കുന്നു. ഇതിന് ഒരന്ത്യം കുറിക്കേണ്ടതുണ്ട്. ഷുഹൈബിന്റെ ഈ കേസ് അത്തരക്കാരുടെ കണ്ണ് തുറപ്പിക്കുന്നതാകട്ടെ.’

ആ വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ ഡിവിഷന്‍ ബഞ്ചിനെ സമീപിച്ച് അനുകൂല വിധി തേടി. അതിനെതിരെ ഷുഹൈബിന്റെ മാതാപിതാക്കള്‍ക്ക് സുപ്രിം കോടതിവരെ പോകേണ്ടിവന്നു. അതിന്റെ മറ്റ് അന്തര്‍ നാടകങ്ങള്‍ വിഷയത്തിന്റെ കറുത്ത വശം.

periya-weapon.jpg.image_.624.325

വാളെടുക്കുന്ന പാര്‍ട്ടി : ഇരട്ടക്കൊലപാതക കേസിലെ പ്രതി എ. അശ്വിന്‍ ഒളിപ്പിച്ചുവെച്ച വാള്‍ പൊലീസിന് എടുത്തുകൊടുക്കുന്നു

ഷുഹൈബ് വധവും ജസ്റ്റിസ് കെമാല്‍ പാഷയുടെ വിധിയും ബന്ധപ്പെട്ട ആരുടെയും കണ്ണ് തുറപ്പിച്ചില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഷുഹൈബിന്റെ കിരാത കൊലപാതകത്തിന് ഒരു വര്‍ഷം പൂര്‍ത്തിയായപ്പോഴാണ് കാസര്‍ഗോഡ് ജില്ലയില്‍ പെരിയയിലെ കല്ല്യോട്ട് ഗ്രാമത്തില്‍ ഷുഹൈബിന്റെ ജീവനെടുത്ത രാഷ്ട്രീയ കാപാലിക സംഘം വീണ്ടും രണ്ടു യുവാക്കളെ വെട്ടിനുറുക്കി കൊന്നത്. സി.പി.എമ്മിന്റെ ലോക്കല്‍ കമ്മറ്റി അംഗത്തിന്റെ നേതൃത്വത്തില്‍ പാര്‍ട്ടിയുടെ ഭാഗമായിനിന്ന് നടത്തിയ കൊല. പത്തുമണിക്കൂര്‍ കഴിഞ്ഞ് സംസ്ഥാന സെക്രട്ടറി അത് തള്ളിപ്പറഞ്ഞു. ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി 20 മണിക്കൂര്‍ കഴിഞ്ഞും പ്രഖ്യാപിച്ചു.

പക്ഷെ, ശ്രദ്ധിക്കുക, സുമയ്യ പറഞ്ഞ ഉറപ്പ് മുഖ്യമന്ത്രിയോ സി.പി.എമ്മോ ഇപ്പോഴും നല്‍കുന്നില്ല. രാഷ്ട്രീയ കൊലപാതകത്തിന്റെ കണക്കു പുസ്തകം എന്നെന്നേക്കുമായി അടച്ചുവെക്കണമെന്ന ഉറപ്പ്. ഷുഹൈബിനുശേഷം ഇരട്ടക്കൊല നടത്തി രണ്ടു യുവാക്കളുടെ പേരുകൂടി ആ പട്ടികയില്‍ എഴുതിച്ചേര്‍ത്തതല്ലാതെ. നവോത്ഥാന മൂല്യങ്ങളും ഭരണഘടനയും സംരക്ഷിക്കുമെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ച് പ്രഖ്യാപിച്ചുകൊണ്ടിരിക്കെ.

കേരളത്തെ രക്ഷിക്കാന്‍ കാസര്‍ഗോട്ടുനിന്ന് സി.പി.ഐ സെക്രട്ടറി കാനം രാജേന്ദ്രനും ഭരണ സിരാകേന്ദ്രത്തില്‍നിന്ന് സി.പി.എം സെക്രട്ടറി കോടിയേരിയും ഓരോ ജാഥകളുമായി സംസ്ഥാനത്തിന്റെ സാംസ്‌ക്കാരിക തലസ്ഥാനത്തേക്ക് യാത്ര പുറപ്പെട്ട ദിവസമാണ് സി.പി.എമ്മിന്റെ ഭാഗമായവരെന്ന് കോടിയേരിതന്നെ സമ്മതിക്കുന്നവര്‍ പെരിയയില്‍ ഇരട്ടക്കൊലപാതകം നടത്തിയത്. പ്രകോപനം ഭയന്ന് തിങ്കളാഴ്ച കേരള രക്ഷാജാഥ എല്‍.ഡി.എഫിന് നിര്‍ത്തിവെക്കേണ്ടിവന്നു. രാഷ്ട്രീയത്തിന്റെ ആദ്യാക്ഷരങ്ങള്‍ അറിയാത്തവരാണ് തെരഞ്ഞെടുപ്പു വരാനിരിക്കെ ഈ കൃത്യം ചെയ്തതെന്നാണ് മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും പറയുന്നത്. എന്നാല്‍ സി.പി.എം പെരിയ ഏരിയാ കമ്മറ്റി മുതല്‍ കാസര്‍ഗോഡ് ജില്ലാ സെക്രട്ടേറിയറ്റ് വരെ സംഘടനാതലത്തില്‍ ഈ കൊലപാതകത്തിനൊപ്പമുണ്ടായിരുന്നു എന്നാണ് ഇതിനകം വെളിപ്പെട്ട വിവരങ്ങള്‍ തെളിയിക്കുന്നത്.

കൊലപാതകം നടന്ന് അഞ്ചാം ദിവസം കാസര്‍ഗോഡ് പാര്‍ട്ടി ജില്ലാകമ്മറ്റി ഓഫീസിന് തറക്കല്ലിടാനെത്തിയ മുഖ്യമന്ത്രി മറ്റു പരിപാടികളിലും പങ്കെടുത്തു. കൊല്ലപ്പെട്ട കൃപേഷിന്റേയോ ശരത്‌ലാലിന്റേയോ വീട് സന്ദര്‍ശിക്കാനും ആ കുടുംബങ്ങളെ സാന്ത്വനിപ്പിക്കാനും നീതി ഉറപ്പുനല്‍കാനും പക്ഷെ മുഖ്യമന്ത്രി പോയില്ല. കൃപേഷിന്റെ അച്ഛന്‍ സി.പി.എമ്മിന്റെ ഉറച്ച അനുഭാവിയായിരുന്നിട്ടും.

മുഖ്യമന്ത്രി കൊലപാതകത്തെ വാക്കുകളില്‍ അപലപിച്ചു എന്നതു ശരി. ടി.പി ചന്ദ്രശേഖരനെ സി.പി.എം ആസൂത്രണം ചെയ്ത് വാടകക്കൊലയാളികളെ നിയോഗിച്ച് കൊലപ്പെടുത്തിയതടക്കമുള്ള കൊലപാതകങ്ങളെ അപലപിച്ച വാക്കുകള്‍ ഉദാരമായി മുഖ്യമന്ത്രി കാസര്‍ഗോട്ടും പ്രകടിപ്പിച്ചു. കൊലപാതകം ഹീനമാണെന്ന് സംസ്ഥാന – കേന്ദ്ര നേതാക്കള്‍ ആവര്‍ത്തിച്ച ടി.പി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതികളെ രക്ഷിക്കാനാണ് മുഖ്യമന്ത്രിയുടെ സര്‍ക്കാരും പാര്‍ട്ടിയും ഇപ്പോഴും ശ്രമിക്കുന്നതെങ്കിലും. അരിയില്‍ ഷുക്കൂര്‍തൊട്ട് സി.പി.എമ്മിന്റെ സംസ്ഥാന കമ്മറ്റിയംഗങ്ങളടക്കം ഉള്‍പ്പെട്ട തുടര്‍ന്നുനടന്ന രാഷ്ട്രീയ കൊലപാതകങ്ങളിലും ഇതേ നയമാണ് സി.പി.എം തുടര്‍ന്നുവന്നത്.

പാര്‍ട്ടിക്കാരാണ് കൊലപാതകം നടത്തിയതെന്ന് ഏറ്റുപറഞ്ഞു എന്നതാണ് ഇത്തവണ സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ ഭാഗത്തുവന്ന പ്രകടമായ മാറ്റം. കൊല നടത്തിയവര്‍ക്കൊപ്പം പാര്‍ട്ടി ഇല്ലെന്നുപറഞ്ഞ് കൊലപാതകികളെ തള്ളിപ്പറഞ്ഞതാണ് മുഖ്യമന്ത്രി ഇപ്പോള്‍ പൊക്കിപ്പിടിക്കുന്നത്. കൊല ചെയ്യപ്പെട്ടവരുടെ വീട് സര്‍ക്കാറിനുവേണ്ടി എന്നുപറഞ്ഞ് റവന്യൂമന്ത്രി ചന്ദ്രശേഖരന്‍ സന്ദര്‍ശിച്ചത് തെറ്റായ സന്ദേശം നല്‍കുമെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ വിമര്‍ശിച്ചു. സി.പി.എമ്മില്‍പെട്ടവരാണ് കൊല നടത്തിയതെന്നു പറയുന്നത് ചത്തതു കീചകനെങ്കില്‍ കൊന്നതു കംസനാണെന്നു പറയുമ്പോലെയാണെന്നു മന്ത്രി കടകംപള്ളി പരിഹസിച്ചു. രാഷ്ട്രീയത്തിന്റെ ആദ്യാക്ഷരം ഇവര്‍ക്കും അറിയില്ലെന്നാണോ മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും പറയുന്നത്?

മുഖ്യമന്ത്രിയുടെ പ്രസ്താവന പരിശോധിച്ചാല്‍ ഈ ഇരട്ടക്കൊലപാതകത്തില്‍ സി.പി.എം സ്വീകരിച്ച ഇരട്ടനിലപാടാണ് വെളിപ്പെടുക. പാര്‍ട്ടി അനുഭാവിയായ കൃഷ്ണന്റെ മകന്‍ കൃപേഷ് സംഭവസ്ഥലത്തുവെച്ചും ശരത്‌ലാല്‍ ആശുപത്രിയില്‍ കൊണ്ടുപോകവെ വഴിക്കുവെച്ചും മരണപ്പെട്ട വിവരം ഞായറാഴ്ച രാത്രി 9നും 10നുമിടയില്‍ കേരളത്തെ ഞെട്ടിച്ചതാണ്. അതറിഞ്ഞാണ് സി.പി.എം കാസര്‍ഗോഡ് ജില്ലാ സെക്രട്ടേറിയറ്റ് രാത്രി യോഗംചേര്‍ന്നത്. കൊലപാതകത്തില്‍ സി.പി.എമ്മിന് പങ്കില്ലെന്നും യഥാര്‍ത്ഥ പ്രതികളെ അന്വേഷണത്തിലൂടെ കണ്ടെത്തണമെന്നും പ്രസ്താവന പുറപ്പെടുവിച്ചതും. സി.പി.എം ആണ് കൊലയാളികള്‍ എന്ന കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെയും കോണ്‍ഗ്രസിന്റെയും ആരോപണത്തിനു പിറകെ പൊലീസ് പോകരുതെന്ന സന്ദേശംകൂടി ജില്ലാകമ്മറ്റി നല്‍കി.

തിങ്കളാഴ്ച രാവിലെ കോടിയേരി തന്റെ വെബ്‌സൈറ്റില്‍ കുറിച്ചത് അതിനു വിപരീതമായിരുന്നു: ‘പാര്‍ട്ടി നിര്‍ദ്ദേശത്തിനും ഗവണ്മെന്റിന്റെ നയത്തിനും എതിരായ നടപടിയാണ് കാസര്‍ഗോഡ് ഉണ്ടായത്. സി.പി.എമ്മിന്റെ ഭാഗമായി ഇത്തരം സംഭവങ്ങള്‍ നടത്താന്‍ ആരെയും അനുവദിക്കില്ല.’

അതിനുപിറകെ മുഖ്യമന്ത്രി തൃശൂരില്‍നിന്ന് എ.കെ.ജി സെന്ററിലെത്തി. സെക്രട്ടറിയുമായുള്ള ചര്‍ച്ചയ്ക്കുശേഷം കാലത്ത് 9.30ന് കോടിയേരി മാധ്യമപ്രവര്‍ത്തകരെ കണ്ടു. പാര്‍ട്ടി നയത്തിന് എതിരായി ആരെങ്കിലും പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കില്‍ അവരെ പാര്‍ട്ടിയില്‍ വെച്ചുപൊറുപ്പിക്കില്ല എന്ന് തിരുത്തിപ്പറഞ്ഞു. ശക്തമായ നടപടിയെടുക്കാന്‍ പൊലീസിനു നിര്‍ദ്ദേശം നല്‍കിയെന്ന് മുഖ്യമന്ത്രിയും വാര്‍ത്താക്കുറിപ്പിറക്കി.

എന്നാല്‍ കൊലനടത്തിയവര്‍ രാത്രി നേരെ പോയത് ചട്ടഞ്ചാലിനടുത്തുള്ള സി.പി.എം ഏരിയാ കമ്മറ്റി ആഫീസിലേക്കായിരുന്നു. പിന്നീടാണ് ഊടുവഴികളിലൂടെ പാര്‍ട്ടി ഗ്രാമത്തിലേക്ക് നീങ്ങിയത്. പാര്‍ട്ടി സംഘടനാ ശൃംഖലയിലൂടെ കൊലയാളികള്‍ ഒളിവില്‍ പോകുന്നത് ടി.പി വധക്കേസിലും മറ്റും കേരളത്തിനു ബോധ്യപ്പെട്ടതാണ്. ഞായറാഴ്ച കൊല നടന്നിട്ടും സി.പി.എം തള്ളിപ്പറഞ്ഞിട്ടും ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നുമണിക്കാണ് കൊലപാതകത്തിനു നേതൃത്വം നല്‍കിയ ലോക്കല്‍കമ്മറ്റി അംഗം പീതാംബരനെയും കൂട്ടരെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. 32 മണിക്കൂറുകള്‍ക്കുശേഷം. അതിനിടയില്‍ പ്രതികള്‍ ധരിച്ച വസ്ത്രങ്ങള്‍ കത്തിച്ചും ആയുധങ്ങള്‍ ഒളിപ്പിച്ചും തെളിവുകള്‍ നഷ്ടപ്പെടുത്തിയിരുന്നു. പ്രതികളെ കാറില്‍കൊണ്ടുപോയ പാര്‍ട്ടിക്കാരനെ പൊലീസ് കസ്റ്റഡിയില്‍നിന്ന് ജില്ലാനേതാക്കള്‍ ചേര്‍ന്ന് തിങ്കളാഴ്ച രാവിലെ രക്ഷപെടുത്തുകപോലും ഉണ്ടായി. കണ്ണൂര്‍ രജിസ്‌ട്രേഷനുള്ള ജീപ്പിന്റെ സാന്നിധ്യം തുടങ്ങി കണ്ണൂര്‍ ജില്ലയുമായി കിട്ടിയ തെളിവുകളും തമസ്‌ക്കരിക്കപ്പെട്ടു. പ്രൊഫഷണലായ കൊലയാളികളാണ് കൃത്യം ചെയ്തതെന്ന പൊലീസ് നിലപാടും ഒതുക്കിത്തീര്‍ത്തു.

പാര്‍ട്ടി പറയാതെ പീതാംബരന്‍ കൊല നടത്തില്ലെന്നും പാര്‍ട്ടിക്കുവേണ്ടി കൊലപാതകം ഏറ്റെടുത്തതാണെന്നും പീതാംബരന്റെ കുടുംബാംഗങ്ങള്‍ മാധ്യമങ്ങളിലൂടെ സി.പി.എമ്മിനെ തള്ളിപ്പറഞ്ഞു. അവരെ സ്വാധീനിക്കാനും സമാധാനിപ്പിക്കാനും മുതിര്‍ന്ന സി.പി.എം നേതാവ് പിറകെയെത്തി.

മുഖ്യമന്ത്രിയും സെക്രട്ടറി കോടിയേരിയും ആത്മാര്‍ത്ഥതയോടെയാണ് പറയുന്നതെങ്കില്‍ ഏരിയാ കമ്മറ്റിയും ജില്ലാ കമ്മറ്റിയും എങ്ങനെ ഇത്തരം നിലപാടെടുക്കും. ടി.പി ചന്ദ്രശേഖരന്‍ വധത്തിലെന്നപോലെ സി.പി.എമ്മിനെതിരെ സംസ്ഥാനത്ത് വന്‍ പ്രതിഷേധവും ജനവികാരവും ഉയര്‍ന്നുവന്ന സാഹചര്യത്തിലാണ് മുഖം രക്ഷിക്കാന്‍ കൊലപാതകത്തെ തള്ളിപ്പറയുന്നത്. മറിച്ചായിരുന്നെങ്കില്‍ തിങ്കളാഴ്ചതന്നെ കൊല്ലപ്പെട്ടവരുടെ കുടുംബത്തെ ആശ്വസിപ്പിക്കാന്‍ സി.പി.എമ്മിന്റെയും എല്‍.ഡി.എഫിന്റെയും നേതാക്കള്‍ എത്തുമായിരുന്നു. സര്‍ക്കാറിനെ ‘പ്രതിനിധീകരിച്ച്’ റവന്യൂമന്ത്രിയും സി.പി.ഐ നേതാവുമായ ചന്ദ്രശേഖരന് നാലാംദിവസംവരെ കാത്തുനില്‍ക്കേണ്ട ഗതികേട് ഉണ്ടാകുമായിരുന്നില്ല.

രാഷ്ട്രീയ എതിരാളികളെ കൊലചെയ്യുന്നത് പാര്‍ട്ടിക്കകത്തെ രഹസ്യ സംവിധാനത്തിന്റെ ഭാഗമായി ആസൂത്രിതമായാണെന്ന് ഇതിനകം ജനങ്ങള്‍ക്കു ബോധ്യപ്പെട്ടിട്ടുണ്ട്. ടി.പി വധക്കേസില്‍ പാനൂര്‍ ഏരിയാകമ്മറ്റിയംഗം കുഞ്ഞനന്തന്റെ കാര്യത്തില്‍ നടന്നതുതന്നെയാണ് ഇപ്പോള്‍ പെരിയ വധക്കേസിലും പാര്‍ട്ടി മറച്ചുപിടിക്കാന്‍ ശ്രമിക്കുന്നത്. അതിനുള്ള അവസാനത്തെ വെപ്രാളമാണ് സെക്രട്ടറിയും മുഖ്യമന്ത്രിയും യോജിച്ച നിലപാടുകളിലൂടെ പ്രകടിപ്പിക്കുന്നത്. ബി.ജെ.പിയുടെ ഫാഷിസ്റ്റ് രാഷ്ട്രീയത്തെയും കോണ്‍ഗ്രസിനെയും ഒരുപോലെ നേരിടുമെന്ന സി.പി.എം നിലപാടിന്റെ വിശ്വാസ്യത ഈ ഇരട്ട നിലപാടോടെ പൂര്‍ണ്ണമായി നഷ്ടപ്പെട്ടിരിക്കയാണ്.

പെരിയയിലെ കൊലപാതകമെന്ന ഒരു കല്ലുകൊണ്ട് ഒരേസമയം ഒട്ടേറെ പക്ഷികളുടെ തലയെറിഞ്ഞുടക്കാന്‍ സി.പി.എമ്മിനു കഴിഞ്ഞു. നവോത്ഥാനമൂല്യങ്ങളുടെ, പ്രളയത്തെ അതിജീവിക്കാന്‍ മലയാളികള്‍ കാണിച്ച കൂട്ടായ്മയെ, പ്രളയാനന്തര കേരളം പുന:സൃഷ്ടിക്കുമെന്ന ഈ സര്‍ക്കാറിന്റെ പ്രതിജ്ഞയെ… മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറിക്കും പരസ്പരം അഭിനന്ദിക്കാം.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top