Flash News

ഇന്ത്യയെ പ്രകോപിപ്പിക്കുന്നത് പാക്കിസ്താന്റെ നാശത്തിന് (എഡിറ്റോറിയല്‍)

February 25, 2019

Pulwama-Attack-PTI_149920_730x419-mഫെബ്രുവരി 14-ന് ജമ്മു കശ്മീരിലെ പുല്‍‌വാമയില്‍ ഭീകരാക്രമണം നടത്തിയതില്‍ പാക്കിസ്താന് യാതൊരു പങ്കുമില്ലെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പ്രസ്താവനയിറക്കിയെങ്കിലും അത് ലാഘവത്തോടെ കാണാന്‍ ഇന്ത്യന്‍ ജനതക്കാകില്ലെന്ന് ഇമ്രാന്‍ ഖാനു തന്നെ അറിയാം. കാരണം, ‘ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന്‍ തന്നെ’ എന്നു പറഞ്ഞതുപോലെയാണ് പാക്കിസ്താന്റെ അവസ്ഥ. ഏതൊരാക്രമണവും ഇന്ത്യയിലുണ്ടാകുമ്പോള്‍, അതില്‍ പാക്കിസ്താന്റെ പങ്ക് സംശയലേശമന്യേ തെളിഞ്ഞു വരുമ്പോഴും പാക്കിസ്താന്റെ ഭാഗത്തു നിന്നു വരുന്ന സ്റ്റീരിയോ ടൈപ്പ് ചോദ്യമാണ് ‘എന്തെങ്കിലും തെളിവുണ്ടോ’ എന്നത്. ഈ ആക്രമണത്തിലും അതേ പല്ലവി തന്നെ പാക്കിസ്താന്‍ ആവര്‍ത്തിക്കുന്നു… ഇന്ത്യയുടെ ആരോപണങ്ങള്‍ തെളിവുകള്‍ ഇല്ലാതെയാണെന്നാണ് ഇമ്രാന്‍ ഖാന്‍ ആരോപിക്കുന്നത്. പാകിസ്താനില്‍ നിന്ന് ആരും അക്രമം പടര്‍ത്തുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് തങ്ങളുടെ താല്പര്യമാണ്, പാകിസ്താനില്‍ നിന്നുള്ള ആരെങ്കിലും ആക്രമണത്തിന് പിന്നിലുണ്ടെന്നതിന് തെളിവുകള്‍ കൈമാറിയാല്‍ നടപടി സ്വീകരിക്കാമെന്നാണ് ഇന്ത്യന്‍ സര്‍ക്കാരിനോട് ഇമ്രാന്‍ ഖാന്‍ ആവശ്യപ്പെടുന്നത്. തന്നെയുമല്ല, ഇത്തരം ആക്രമണങ്ങള്‍ കൊണ്ട് പാക്കിസ്താന്‍ എന്തു നേടി എന്നും അദ്ദേഹം ചോദിക്കുന്നു.

പക്ഷെ, മുന്‍ പാക് ക്രിക്കറ്റ് ക്യാപ്റ്റനായ ഇമ്രാന്‍ ഖാന്‍ ഇന്ത്യയുടെ ഭൂപടവും ചരിത്രവും നന്നായി അറിയാവുന്ന വ്യക്തിയാണെന്ന കാര്യം ഇവിടെ എടുത്തു പറയേണ്ടി വരുന്നു. പുല്‍‌വാമ ഭീകരാക്രമണത്തില്‍ പാക്കിസ്താന്‍ സര്‍ക്കാര്‍ നേരിട്ട് ഇടപെട്ടിട്ടില്ലെങ്കിലു, രണ്ട് പതിറ്റാണ്ടിലേറെയായി ഇന്ത്യയിലെ മിക്ക ഭീകരാക്രമണങ്ങളുടേയും ചുക്കാന്‍ പിടിക്കുന്ന ജെയ്‌ഷെ മുഹമ്മദ് തലവനായ മസൂദ് അസ്ഹറിന് ചെല്ലും ചെലവും കൊടുത്ത് സം‌രക്ഷിക്കുന്നത് ഇമ്രാന്‍ ഖാന്‍ ജീവിക്കുന്ന പാക്കിസ്താനിലാണെന്ന സത്യം വിസ്മരിക്കരുത്. പുല്‍‌വാമയിലെ ആക്രമണം ആസൂത്രണം ചെയ്തതും നടപ്പിലാക്കിയതും ജെയ്ഷെ മുഹമ്മദാണെന്ന് അവര്‍ തന്നെ പറഞ്ഞ സ്ഥിതിക്ക് അതിന്റെ തലവനെ പിടികൂടാനുള്ള സാമാന്യ മര്യാദയെങ്കിലും ഇമ്രാന്‍ ഖാന്‍ കാണിക്കണമായിരുന്നു. അതുണ്ടായില്ലെന്നു മാത്രമല്ല, പുല്‍വാമയ്ക്കു പകരം ചോദിക്കാന്‍ ഇന്ത്യ പ്രത്യാക്രമണത്തിനിറങ്ങിയാല്‍ പാക്കിസ്ഥാന്‍ തിരിച്ചടിക്കുമെന്ന ഭീഷണി സമാധാനം കാംക്ഷിക്കുന്ന ഒരു രാജ്യ തന്ത്രജ്ഞന് ചേര്‍ന്ന ഭാഷയുമല്ല. ജെയ്ഷെ മുഹമ്മദില്‍ നിന്ന് അച്ചാരം വാങ്ങി ഇന്ത്യയെ ആക്രമിക്കാന്‍ ഇന്ത്യയില്‍ തന്നെ നിരവധി തീവ്രവാദികളുണ്ടെന്ന് സമ്മതിക്കുന്നു. പക്ഷെ, അവരെ ഉപയോഗിച്ച് അതിര്‍ത്തിക്കപ്പുറത്ത് ഭീകരര്‍ക്ക് ‘സൗകര്യങ്ങള്‍’ ചെയ്തുകൊടുക്കുന്ന പാക് സൈന്യത്തെ നിയന്ത്രിക്കാന്‍ ഇമ്രാന്‍ ഖാന് സാധിക്കുമല്ലോ. യുദ്ധം മണക്കുന്ന ഭാഷയില്‍ ഇമ്രാന്‍ ഖാന്‍ പ്രതികരിച്ചത് ഈ സന്ദര്‍ഭത്തില്‍ അനുചിതമായി.

ജെയ്ഷെ മുഹമ്മദ് എന്താണെന്നും അതിന്റെ തലവന്‍ മസൂദ് അസ്‌ഹര്‍ ആരാണെന്നും ഇമ്രാന്‍ ഖാന് വ്യക്തമായി അറിയാവുന്നതാണല്ലോ. കശ്മീരില്‍ ഭീകരപ്രവര്‍ത്തനങ്ങളില്‍ നേതൃത്വം വഹിക്കുകയും യുവാക്കളെ റിക്രൂട്ട് ചെയ്ത് ഇന്ത്യക്കെതിരെ ആക്രമണങ്ങള്‍ നടത്തുകയും ചെയ്തിരുന്ന ഈ ഭീകരനെ 1994ല്‍ സൈന്യം പിടികൂടിയിരുന്നു. എന്നാല്‍ 1999-ല്‍ ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ വിമാനം റാഞ്ചി അഫ്ഗാനിസ്ഥാനിലെ കാണ്ടഹാറിലെക്ക് കൊണ്ടു പോയ യാത്രക്കാരെ മോചിപ്പിക്കുന്നതിന് പകരമായി വിമാനം റാഞ്ചിയവരുടെ ഡിമാന്റ് ജയിലില്‍ അടച്ച മസൂദ് അസ്ഹറിനെ വിട്ടയക്കാനായിരുന്നു. അങ്ങനെ ഇന്ത്യ വിട്ടയച്ച മസൂദ് അസ്‌ഹറാണ് പാക്കിസ്താനില്‍ സ്വസ്ഥമായി വിഹരിക്കുന്നത്. ആ സത്യം തിരിച്ചറിഞ്ഞ് ബുദ്ധിപൂര്‍‌വ്വം ഇമ്രാന്‍ ഖാന്‍ പ്രവര്‍ത്തിക്കുമെന്നാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്. ഇന്ത്യയെ നശിപ്പിക്കുമെന്ന് ദൃഢപ്രതിജ്ഞയെടുത്തിരിക്കുന്ന മസൂദ് അസ്‌ഹര്‍ പാക്കിസ്താനും തലവേദനയായിരിക്കുമെന്നതില്‍ സംശയമില്ല. പാക്കിസ്താന്‍ നേരും നെറിവും കെട്ട രാജ്യമാണെന്നാണല്ലോ മറ്റൊരു അയല്‍‌രാജ്യമായ ഇറാനിലെ പ്രസിഡന്റ് ഹസന്‍ റൂഹാനി വിശേഷിപ്പിച്ചിട്ടുള്ളത്. പുല്‍‌വാമ ആക്രമണത്തിനുശേഷം 27 ഇറാന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന്റെ പിന്നില്‍ പാക്കിസ്താനാണെന്നും അദ്ദേഹം ആരോപിക്കുന്നു.

“മനുഷ്യരാണ് യുദ്ധത്തിന് തുടക്കം കുറിക്കുന്നതെങ്കിലും പിന്നീട് എവിടെ ചെന്ന് അവസാനിക്കുമെന്ന് ദൈവത്തിന് മാത്രമേ നിശ്ചയമുള്ളൂ” എന്ന ഇമ്രാന്‍ ഖാന്റെ പ്രസ്താവനയില്‍ കഴമ്പുണ്ട്. അതിന്റെ ഉത്തരം പാക് മുന്‍ പ്രസിഡന്റും കാര്‍ഗില്‍ യുദ്ധത്തിന്റെ സൂത്രധാരനുമായ പര്‍‌വേസ് മുഷറഫ് തന്നെ പറഞ്ഞു കഴിഞ്ഞു…”ഇന്ത്യക്ക് നേരെ യുദ്ധം പ്രഖ്യാപിക്കുമ്പോള്‍ പാക്കിസ്താന്‍ സൂക്ഷിക്കണം, പാക്കിസ്താന്‍ അതോടെ തീരും” എന്നാണ് മുഷറഫ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കാരണം, കാര്‍ഗില്‍ യുദ്ധത്തിന്റെ അനന്തര ഫലം എന്തായിരുന്നുവെന്ന് മുഷറഫ് അനുഭവിച്ചറിഞ്ഞതാണ്. തന്നെയുമല്ല അങ്ങനെയൊരു ആശങ്ക അദ്ദേഹം പങ്കുവെക്കാന്‍ വേറെ കാരണങ്ങളുമുണ്ട്. 1965ലും 1971ലും നേരിട്ടു യുദ്ധം ചെയ്തവരാണു പാക്കിസ്താനും ഇന്ത്യയും. അതിന്റെ ഭവിഷ്യത്ത് അനുഭവിച്ചറിഞ്ഞവരുടെ കൂട്ടത്തില്‍ ഇമ്രാന്‍ ഖാനും പെടും. കാലങ്ങള്‍ക്കുശേഷം 1999-ല്‍ പ്രധാന മന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ ശ്രമഫലമായി പാക്കിസ്താനുമായി സമാധാന ഉടമ്പടി സ്ഥാപിക്കുകയും ഡല്‍ഹിയില്‍ നിന്ന് ലാഹോറിലേക്ക് നേരിട്ട് ബസ് യാത്ര നടത്തി ചരിത്രം കുറിക്കുയും ചെയ്തെങ്കിലും ആ സമാധാന ചര്‍ച്ചകളെ നിഴലില്‍ നിര്‍ത്തി, ചതിയിലൂടെ ഇന്ത്യയിലേക്ക് നൂറുകണക്കിനു ഭീകരരെ നുഴഞ്ഞു കയറ്റി കാര്‍ഗില്‍ പിടിച്ചെടുക്കാന്‍ പാഴ്‌ശ്രമം നടത്തിയ പാക്കിസ്താന് എന്താണ് സംഭവിച്ചതെന്നും പര്‍‌വേസ് മുഷറഫിനു മാത്രമല്ല പാക് സൈന്യങ്ങളും നന്നായി അറിയാവുന്നതാണ്.  അതൊക്കെ മനസ്സിലാക്കിയിട്ടു വേണം ഇനിയും ഇന്ത്യക്കെതിരേ യുദ്ധം നയിക്കാനുള്ള മാര്‍ഗങ്ങളെക്കുറിച്ച് ആലോചിക്കേണ്ടത്.

ഇന്ത്യയോട് പൊരുതി ജയിച്ച ചരിത്രം പാക്കിസ്താനില്ല, എന്നാല്‍ ഓരോ യുദ്ധത്തിലും പാക്കിസ്താന്റെ പരാജയം ലോകം കണ്ടതാണ്. 1971-ലെ ഇന്ത്യാ പാക് യുദ്ധമായിരുന്നു അതില്‍ ഏറ്റവും പ്രധാനം. ചരിത്രത്തിലെ ഏറ്റവും ചെറിയ യുദ്ധങ്ങളിലൊന്നായി ആ യുദ്ധത്തെ കണക്കാക്കപ്പെടുന്നു. 1971 ഡിസംബര്‍ 3-ന് ആരംഭിച്ച യുദ്ധം വെറും 13 ദിവസങ്ങള്‍കൊണ്ട് പാക്കിസ്താനെ മുട്ടുകുത്തിച്ച് ഡിസംബര്‍ 16-ന് അവസാനിക്കുമ്പോള്‍ ഇന്ത്യക്ക് അടിയറവും പറഞ്ഞത് യുദ്ധമുഖത്ത് കിഴക്കന്‍ പാക് സൈന്യത്തെ നയിച്ച അമീര്‍ അബ്ദുള്ള ഖാന്‍ നിയാസിയും 93,000 പാക് സൈനികരുമാണ്. ഇന്ത്യന്‍ സൈന്യത്തിന്റെ ജനറല്‍ ജഗ്ജിത് സിംഗ് അറോറയുടെ മുന്നിലാണ് ഇവര്‍ കീഴടങ്ങിയത്.

Vijay-Diwas-A-tributes-to-martyrs-of-1971-war

അമീര്‍ അബ്ദുള്ള ഖാന്‍ നിയാസിയും ഇന്ത്യന്‍ ആര്‍മി ജനറല്‍ ജഗ്ജിത് സിംഗ് അറോറയും കീഴടങ്ങല്‍ കരാറില്‍ ഒപ്പു വെക്കുന്നു

ബംഗ്ലാദേശ് രൂപീകരണത്തിനു മുന്‍പുണ്ടായ സംഭവ വികാസങ്ങളാണ് ഇന്ത്യയും പാക്കിസ്താനുമായി യുദ്ധത്തിന് വഴി തെളിച്ചത്. 1970-ലെ പാക് പൊതുതെരഞ്ഞെടുപ്പില്‍ 313 അംഗ ലോക്‌സഭയില്‍ കിഴക്കന്‍ പാക്കിസ്താനിലെ രാഷ്ട്രീയ പാര്‍ട്ടിയായ അവാമി ലീഗിന് ഭൂരിപക്ഷം ലഭിച്ചതോടെ (167 സീറ്റുകള്‍) യാണ് പ്രശ്നങ്ങള്‍ ആരംഭിച്ചത്. അവാമി ലീഗിന്റെ നേതാവ് ഷെയ്ഖ് മുജീബുര്‍ റഹ്മാന്‍ സര്‍ക്കാർ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ചപ്പോള്‍ പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി നേതാവ് സുള്‍ഫിക്കര്‍ അലി ഭൂട്ടോ എതിര്‍ത്തു. തുടര്‍ന്ന് പ്രസിഡന്റ് യാഹ്യാ ഖാന്‍ സൈന്യത്തെ ഉപയോഗിച്ച് അവാമി ലീഗിനെയും അതിനെ പിന്തുണയ്ക്കുന്നവരേയും അടിച്ചമര്‍ത്താൻ ആഹ്വാനം ചെയ്യുകയും ചെയ്തു. ഈ സാഹചര്യത്തില്‍ അവാമി നേതാക്കളുമായി കൂടിയാലോചിക്കാമെന്ന ഭാവേന യാഹ്യായും ഭൂട്ടോയും ധാക്കയില്‍ എത്തി. യഥാര്‍ത്ഥത്തില്‍ കിഴക്കന്‍ പാകിസ്താനില്‍ സൈനികരെയെത്തിക്കാനുള്ള സാവകാശത്തിനു വേണ്ടിയായിരുന്നു ഈ കൂടിക്കാഴ്ച. യാഹ്യ-ഭൂട്ടോ സഖ്യത്തിന്റെ അടവുകള്‍ ബംഗ്ലാ ജനതയെ ക്ഷോഭിപ്പിച്ചു. സംഭാഷണങ്ങള്‍ സ്വാഭാവികമായും പരാജയപ്പെട്ടു. യാഹ്യായും ഭൂട്ടോയും മടങ്ങിപ്പോയി. യാഹ്യാ റാവല്‍പിണ്ടിയില്‍ തിരിച്ചെത്തിയ അന്നുതന്നെ കിഴക്കന്‍ പാകിസ്താനില്‍ പട്ടാള ഭരണം ഏര്‍പ്പെടുത്തുകയും ചെയ്തു. അവാമി ലീഗ് നേതാവായ മുജീബുര്‍ റഹ്മാന്‍ കിഴക്കന്‍ പാകിസ്താന്റെ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. രാജ്യത്തിന്റെ വിമോചനം നേടിയെടുക്കുവാനുള്ള ഒരു സമരത്തിന് അദ്ദേഹം ആഹ്വാനം ചെയ്തു. മുജീബുര്‍ റഹ്മാനെ ഉടന്‍തന്നെ പാക് സൈന്യം പിടികൂടി പശ്ചിമ പാകിസ്താനിലേക്ക് കടത്തി. അതിനു ശേഷം ബംഗ്ലാ ജനതയ്ക്കുമേല്‍ അവര്‍ ആക്രമണവും അഴിച്ചുവിട്ടു. പാകിസ്താന്‍ പട്ടാളം കണ്ണില്‍ കണ്ട ബംഗാളികളെയെല്ലാം വെടിവെച്ച് വീഴ്ത്തി. ജനങ്ങളെ ഒറ്റക്കും കൂട്ടമായും കൊല്ലുക, അംഗഭംഗപ്പെടുത്തുക, വീടുകള്‍ അതിക്രമിച്ച് നശിപ്പിക്കുക, വസ്തുവകകള്‍ കൊള്ള ചെയ്യുക, സ്ത്രീകളെ ബലാത്സംഗം ചെയ്യുക, എന്നിങ്ങനെയുള്ള പല പൈശാചിക പ്രവൃത്തികളും അവര്‍ നടത്തി. 20 ലക്ഷത്തിനും 30 ലക്ഷത്തിനും ഇടക്ക് സാധാരണ ജനങ്ങള്‍ കൊല്ലപ്പെട്ടുവെന്നും ഏകദേശം നാനൂറോളം സ്ത്രീകൾ പാകിസ്താന്‍ സൈനികരാല്‍ ബാലാത്സംഗം ചെയ്യപ്പെട്ടുവെന്നും കണക്കാക്കപ്പെടുന്നു. യുദ്ധത്തിനിടെ 8 മുതല്‍ 10 ദശലക്ഷം വരെ അഭയാര്‍ത്ഥികള്‍ ഇന്ത്യയിലേക്ക് കുടിയേറിയതായും ചരിത്രം രേഖപ്പെടുത്തുന്നു. സമാനതകളില്ലാത്ത ഭീകരത നടമാടിയതോടെയാണ് ഇന്ത്യ പ്രശ്നത്തിൽ ഇടപെട്ടത്. പ്രകോപിതനായ യാഹ്യാ ഖാന്‍ ഇന്ത്യക്കെതിരെ തിരിയുകയായിരുന്നു. ഇന്ത്യയെ നശിപ്പിക്കാനുള്ള ആഹ്വാനങ്ങള്‍ പാക്കിസ്താന്‍ തെരുവുകളിൽ മുഴങ്ങി. യുദ്ധത്തിനു മുന്നോടിയായി യാഹ്യാ ഖാന്‍ പാക്കിസ്താനില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു.

1971 ഡിസംബര്‍ 3-ന് ആഗ്രയുള്‍പ്പടെ പതിനൊന്ന് വ്യോമസേനാ താവളങ്ങളില്‍ പാക് വ്യോമസേന ആക്രമണം അഴിച്ചുവിട്ടു. ഇന്ത്യന്‍ വ്യോമസേന ഉടന്‍ തന്നെ പാക്കിസ്താനിലും ആക്രമണം ആരംഭിച്ചു. പാക് നാവിക സേന ഇന്ത്യന്‍ തീരത്ത് ആക്രമണമാരംഭിച്ചതോടെ ഇന്ത്യന്‍ നാവിക സേന വൈസ് അഡ്മിറല്‍ എസ് എന്‍ കോഹ്‌ലിയുടെ നേതൃത്വത്തില്‍ കറാച്ചി ആക്രമിച്ചു. പാക് നശീകരണക്കപ്പല്‍ പി എന്‍ എസ് ഖൈബറിനെ തകര്‍ത്ത നാവിക സേന രണ്ടു കപ്പലുകള്‍ക്ക് കേടുപാടുണ്ടാക്കി. പാകിസ്ഥാന്റെ മൂന്ന് ചരക്കു കപ്പലുകളും മുക്കി. എന്നാല്‍ പാക് അന്തര്‍‌വാഹിനി ഹാഗറിന്റെ ആക്രമണത്തില്‍ ഇന്ത്യന്‍ പടക്കപ്പൽ ഐ എന്‍ എസ് കുക്രി തകര്‍ന്നു. 18 ഓഫീസര്‍മാരും 176 നാവികരും വീരമൃത്യു പ്രാപിച്ചു. ഇന്ത്യന്‍ നാവിക സേനയുടെ പ്രതികാരം പാക് സൈന്യത്തിനു താങ്ങാനായില്ല. ശക്തമായ ഇന്ത്യന്‍ ആക്രമണത്തില്‍ പാക് നാവിക സേനയുടെ മൂന്നിലൊന്ന് സൈനിക ശേഷിയും നശിപ്പിക്കപ്പെട്ടു. ഇന്ത്യന്‍ വ്യോമസേനയുടെ ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ പാക് വ്യോമ സേനയ്ക്ക് കഴിഞ്ഞതുമില്ല. ഇന്ത്യ-ബംഗ്ലാദേശ് സഖ്യ സൈന്യത്തിന്റെ ആക്രമണത്തില്‍ പാക് സൈന്യം നിലംപരിശായി. ധാക്ക സ്വതന്ത്രമാക്കപ്പെട്ടു. അങ്ങനെ 1971 ഡിസംബര്‍ 16-ന് കിഴക്കന്‍ പാകിസ്താനെ സ്വതന്ത്രമാക്കിക്കൊണ്ട് പാകിസ്താന്റെ കിഴക്കന്‍ സൈന്യ നേതൃത്വം ഒപ്പുവച്ച “ഇന്‍സ്‌ട്രുമെന്റ് ഓഫ് സറണ്ടര്‍” എന്നറിയപ്പെടുന്ന ഉടമ്പടിയോടുകൂടി യുദ്ധത്തിനു വിരാമമായി. പാര്‍ലമെന്റ് അംഗങ്ങള്‍ ഉള്‍പ്പെടെ 90,000 നും 93,000 നും ഇടക്ക് വരുന്ന പാകിസ്താന്‍ സൈനികരെ ഇന്ത്യന്‍ സൈന്യം തടവിലാക്കി.

അമേരിക്കയും ചൈനയും പാക്കിസ്ഥാനെ പിന്തുണച്ചപ്പോള്‍ അന്നത്തെ സോവിയറ്റ് യൂണിയനാണ് ഇന്ത്യയെ പിന്തുണച്ചത്. ജോര്‍ദ്ദാന്‍, സൗദി അറേബ്യ, ഇറാന്‍ തുടങ്ങിയ രാജ്യങ്ങള്‍ പാക്കിസ്താന് യുദ്ധവിമാനങ്ങളും മറ്റു ആയുധങ്ങളും നല്‍കി സഹായിച്ചു. എന്നാല്‍ ഇതൊക്കെ ലഭിച്ചിട്ടും ഇന്ത്യയുടെ സൈനിക ശേഷിയെ മറികടക്കാന്‍ പാക്കിസ്താനു കഴിഞ്ഞില്ല. അങ്ങനെ 1971 ഡിസംബര്‍ 16 ന് ധാക്കയില്‍ വെച്ച് ഔപചാരികമായ കീഴടങ്ങൽ നടന്നു. പാകിസ്ഥാനെതിരെ നേടിയ ഉജ്ജ്വല വിജയത്തിന്റെ സ്മരണയ്ക്കായി ഡിസംബര്‍ 16 ഭാരതം ‘വിജയ ദിന’മായി ആചരിക്കുന്നു.

മറ്റൊരു രാജ്യത്തെ അങ്ങോട്ടു കയറി ആക്രമിക്കുന്നത് ഇന്ത്യയുടെ നയമല്ല. പക്ഷെ പ്രകോപനം സൃഷ്ടിച്ച് ഇങ്ങോട്ട് ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് ഇനിയും മനസ്സിലായില്ലെങ്കില്‍ പുല്‍‌വാമ ആക്രമണത്തിനു ശേഷം കശ്മീരിലെ വിഘടന വാദികള്‍ക്കും തീവ്രവാദികള്‍ക്കും ഇന്ത്യന്‍ കരസേനയുടെ ചിനാര്‍ കോര്‍പ്സ് കമാന്‍ഡര്‍ ലെഫ്റ്റനന്‍റ് ജനറല്‍ കന്‍വല്‍ജീത് സിംഗ് ധില്ലന്‍ നല്‍കിയ മുന്നറിയിപ്പ് ഒന്ന് ശ്രദ്ധിക്കുന്നത് നന്നായിരിക്കും – “ഇന്ത്യക്കും ഇവിടുത്തെ സൈന്യത്തിനുമെതിരേ തോക്കെടുക്കുന്നത് സ്വയം മരിക്കാനാവണം” എന്നാണ് കമാന്‍ഡര്‍ ധില്ലന്‍റെ മുന്നറിയിപ്പ്. ആ മുന്നറിയിപ്പ് വെറും വാക്കല്ല എന്ന് പ്രവൃത്തിയിലൂടെ ഇന്ത്യന്‍ സൈന്യം കാണിച്ചു കൊടുക്കുകയും ചെയ്തു. പുല്‍വാമ ആക്രമണത്തിന്റെ സൂത്രധാരനും ജയ്ഷെ മുഹമ്മദ് കമാന്‍ഡറുമായ അബ്ദുള്‍ റഷീദ് ഖാസി എന്ന കമാന്‍ഡര്‍ കമ്രാന്‍ അടക്കം അതിലെ മുഴുവന്‍ ബുദ്ധികേന്ദ്രങ്ങളെയും സൈന്യം വധിച്ചു. അതിനു സൈന്യത്തിനു വലിയ വില കൊടുക്കേണ്ടി വന്നു എന്നതു വേറേ കാര്യം.

പാക്കിസ്താനു തന്നെ ഭീഷണിയായ ഭീകര സംഘടന ജയ്ഷേ മുഹമ്മദിന്റെ തലവന്‍ മസൂദ് അസ്‌ഹറിനെതിരെയും, മറ്റൊരു ഭീകര സംഘടനയായ ലഷ്‌കര്‍ ഇ തൊയ്‌ബയുടെ മുഖ സംഘടനയായ ജമാഅത്ത്‌ ഉദ്‌ ദാവ നേതാവ് ഹാഫിസ് സയീദിനെതിരെയും നടപടിയെടുക്കാത്ത പാക് സര്‍ക്കാരിനും സൈന്യത്തിനുമെതിരെ പാക്കിസ്താനിലെ മുന്‍‌നിര മാധ്യമങ്ങളായ ദി നേഷനും ദി ഡോണും 2016-ല്‍ അവരുടെ മുഖപ്രസംഗത്തില്‍ തന്നെ നിശിതമായി വിമര്‍ശിച്ചിരുന്നു. ‘എങ്ങനെ സുഹൃത്തുക്കളെ നഷ്ടപ്പെടുത്തുകയും ജനങ്ങളെ അകറ്റുകയും ചെയ്യാം’ എന്ന തലക്കെട്ടോടു കൂടിയ മുഖപ്രസംഗത്തിലാണ് ദിനപത്രം ഭീകരരെ സംരക്ഷിക്കുന്ന നയത്തിനെതിരെ കടുത്ത വിമര്‍ശനമുന്നയിച്ചിട്ടുള്ളത്. പാക്കിസ്താന്‍ സര്‍ക്കാരുമായും സൈന്യവുമായും അടുത്ത ബന്ധം പുലര്‍ത്തുന്ന ദിനപത്രമാണ് ദി നേഷന്‍ എന്നും ഓര്‍ക്കണം. ഈ നഗ്ന സത്യങ്ങള്‍ മറച്ചുവെച്ച് ഇന്ത്യയ്ക്കെതിരെ യുദ്ധഭാഷയില്‍ സംസാരിക്കുന്ന പ്രധാന മന്ത്രി ഇമ്രാന്‍ ഖാന്‍ ലോകം ആദരിക്കുന്ന ക്രിക്കറ്റര്‍ കൂടിയാണെന്ന ബോധത്തോടെ, സം‌യമനത്തോടെ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യണമെന്നാണ് ആവശ്യപ്പെടുന്നത്. അയല്‍ രാജ്യങ്ങളെ ആക്രമിക്കാന്‍ ഭീകരര്‍ക്ക് സൗകര്യങ്ങളൊരുക്കിക്കൊടുക്കുന്ന പാക് സൈന്യത്തിനെ നിയന്ത്രിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ തന്റെ രാജ്യത്തിനു തന്നെയായിരിക്കും നഷ്ടമെന്ന് ഓര്‍ത്താല്‍ നന്ന്.

ചീഫ് എഡിറ്റര്‍

 

Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, Europe, India, Gulf and around the world. Stay updated with latest News in Malayalam, English and Hindi.

 

 

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top