Flash News

പ്രിയപ്പെട്ട അഭിനന്ദന് (കവിത)

March 1, 2019 , ജോസന്‍ ജോര്‍ജ്ജ്, ഡാളസ്

Abhinandan banner-2അഭിനന്ദനങ്ങള്‍ …പ്രിയപ്പെട്ട അഭിനന്ദന്‍
ഒരായിരം സ്‌നേഹാഭിവാദനങ്ങള്‍
ധീരയോദ്ധാവാം പ്രിയ സോദരനു,
ഒരായിരം സ്‌നേഹപുഷ്പാര്‍ച്ചനകള്‍ .

മരണം മണക്കും മതതീവ്ര മടകളില്‍
വൈരിതന്‍ നടുവിലങ്ങേകനായെങ്കിലും,
മാതൃരാജ്യത്തിന്റെ മാനാഭിമാനത്തെ
സ്വജീവനെക്കാളും വിലമതിച്ചല്ലോ നീ.

നിസ്തുലനായ വൈമാനികാ നിന്നുടെ
മത്തഗജത്തെയും വെല്ലും ഗരിമയില്‍
ശത്രുധാര്‍ഷ്ട്യം വീണൊടുങ്ങിയതോര്‍ക്കിലെന്‍
മിത്രമേ, നിന്നെ നമിക്കുന്നു ഞാനിതാ.

മഞ്ഞിന്‍മലയില്‍, മരയ്ക്കും തണുപ്പിലും
നെഞ്ചില്‍ ജ്വലിക്കുംസ്വരാജ്യ സ്‌നേഹാഗ്‌നിയെ
തെല്ലും കെടാതെ നീ ഊതിപ്പെരുക്കിയീ
മാലോകര്‍ തന്‍ മനമമ്പേ കവര്‍ന്നിതാ.

നെഞ്ചിലൊരിന്ത്യന്‍ പതാക ധരിച്ച നിന്‍
പുഞ്ചിരിക്കും മുഖം നെഞ്ചിലണിഞ്ഞിതാ
പിഞ്ചുകുഞ്ഞുങ്ങളും കാത്തിരിപ്പൂ, ഞാനും
അഞ്ജലി കൂപ്പി നമിക്കുന്നോരിന്ത്യനായി.

വേഗം മടങ്ങിയെത്തീടുക, ഭാരത
മേകമനസ്സോടെ പ്രാര്‍ത്ഥിച്ചിടുന്നെങ്ങും.
വാഗയിലെ പടിവാതിലിനിപ്പുറം
സ്വാഗതമോതുവാന്‍ കാത്തിരിപ്പൂ ഞങ്ങള്‍.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top