Flash News

അലിഖിത കൂട്ടുകെട്ടുകള്‍ വോട്ടായി മാറും

March 3, 2019 , ജയ് പിള്ള

vote..അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്ലാ മുന്നണികളും സീറ്റു ചര്‍ച്ചയില്‍ ആണ്. ഇടതു മുന്നണി എല്ലാ തവണത്തേയും പോലെ സാധ്യതാ ലിസ്റ്റും, തട്ട് തിരിച്ചുള്ള ചര്‍ച്ചകളും, തീരുമാനങ്ങളും ആയി വളരെ ശാന്തമായി ഒഴുകുന്നു. വലതു പക്ഷ മുന്നണി എല്ലാ തവണത്തേയും പോലെ ഘടക കക്ഷികളുടെയും, മുഖ്യ കക്ഷികളുടെയും സാധ്യതാ ലിസ്റ്റും, ഗ്രൂപ്പ് ലിസ്റ്റും ആയി ചര്‍ച്ചകളും, പുകപടലങ്ങളും ആയി വീണ്ടും സന്ധി സംഭാഷണങ്ങള്‍ തുടരുന്നു. ഇടതു മുന്നണിയും, വലതു മുന്നണിയും സംഘ്‌പരിവാറിന്റെ വര്‍ഗ്ഗീയയതക്കെതിരെ സഖ്യങ്ങളും, പിന്തുണയും ഒക്കെ ആയി പിന്തുണ വര്‍ദ്ധിപ്പിക്കുമ്പോള്‍ ജാതി മത വര്‍ഗീയ ഈര്‍ക്കിലി പാര്‍ട്ടികള്‍ വരെ ആയി കൂട്ട് കൂടുന്നു. വര്‍ഗ്ഗീയതക്കെതിരെ മത മുന്നണികള്‍ ആണ് മാറുന്ന കാഴ്ച.”തേങ്ങാ എത്ര അരച്ചാലും കറി താള് തന്നെ.”

ഇവിടെ ഏറ്റവും രസകരമായ കണക്ക് മുസ്‌ലിം ജനാധിപത്യ പാര്‍ട്ടിയായ മുസ്‌ലിം ലീഗിന്റെ അവസ്ഥയാണ്. 1957 മുതല്‍ 2019 വരെ മുന്നണി മര്യാദയുടെ പേരില്‍ രണ്ട് എന്ന അക്കത്തിന് മുകളിലേക്ക് സീറ്റ് ലഭിക്കാത്ത ശക്തി. മുസ്‌ലിം ലീഗ് യു ഡി എഫിനെ ഭരണത്തിലായാലും പ്രതിപക്ഷത്തായാലും പിടിച്ചു നിര്‍ത്തുന്ന വലിയ ശക്തിയാണ്. വര്‍ഗ്ഗീയ പാര്‍ട്ടി എന്ന് നമുക്ക് പറയാന്‍ അവകാശം ഇല്ല എങ്കിലും ഒരു മത വിഭാഗത്തിന്റെ മാത്രം ശക്തിയാണ് എന്നതാണ് സത്യം. ഈ ശക്തി വോട്ടിനെ പൊളിച്ചടുക്കാന്‍ തിളയ്ക്കുന്ന ലീഗിനെ ഇടതുകൂടെ കൂട്ടി കഴിഞ്ഞു. അതും വര്‍ഗീയ പാര്‍ട്ടിയല്ല. ഇനി വിവിധ കൃസ്തു മത വിഭാഗങ്ങളുടെ, രൂപതകളുടെ പിന്തുണയുള്ള കേരളം കോണ്‍ഗ്രസ്സുകള്‍ ആണ്. അവരാരും വര്‍ഗീയ പാര്‍ട്ടികള്‍ അല്ല. ജനാധിപത്യ പാര്‍ട്ടികള്‍ ആണ്. നായന്മാരുടെ കേരള കോണ്‍ഗ്രസ് ബി യും, വര്‍ഗീയ പാര്‍ട്ടിയല്ല. ഇതൊക്കെയാണ് മുന്നണികളുടെ അവകാശ വാദം. അവ അങ്ങിനെ തന്നെ നമുക്ക് വിശ്വസിക്കാം. എസ് എന്‍ ഡി പി യും ജാതി കൂട്ടായ്മയല്ല എന്നും നമുക്ക് വിശ്വസിക്കാം. ഇല്ലെങ്കില്‍ നാം വിശ്വസിച്ച മുന്നണികള്‍ വിശ്വസിപ്പിക്കും. (ഇല്ലെങ്കില്‍ അപ്പനും മുത്തിക്കും വിളിക്കും).

ഏണിക്ക് ഏണിയുടെ വലിപ്പം അറിയില്ല. അന്നും ഇന്നും രണ്ടു ലോക്‌സഭ സീറ്റുകള്‍ മാത്രമുള്ള മുസ്‌ലിം ലീഗ് സിപിഐ യെക്കാളും കൂടുതല്‍ അണികള്‍ ഉള്ള, ശക്തി തെളിയിച്ച പാര്‍ട്ടിയാണ്. കേരള കോണ്‍ഗ്രസ്സിനെക്കാളും. ഒരു പാര്‍ട്ടിയുടെ പ്രാദേശിക സ്വാധീനം ആണ് തദ്ദേശ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ്. സ്ഥാനാര്‍ത്ഥികളുടെ, രാഷ്ട്രീയവും പാര്‍ട്ടി സ്വാധീനവും പ്രവര്‍ത്തികളും ജാതിമത വിശ്വാസ പ്രമാണങ്ങള്‍ എല്ലാം നേരിട്ട് അറിയുന്ന വോട്ടര്‍മാര്‍. ഈ വോട്ടര്‍മാര്‍ ആണ് യഥാര്‍ത്ഥത്തില്‍ പാര്‍ട്ടിയുടെ ശക്തി.

മലബാര്‍ മേഖലയില്‍ കോണ്‍ഗ്രസ്സിനെക്കാള്‍ കൂടുതല്‍ സീറ്റു പിടിച്ച പാര്‍ട്ടിയാണ് മുസ്‌ലിം ലീഗ്. മലബാറിന് പുറത്തു മാത്രം ലീഗിന് കിട്ടിയത് 150 സീറ്റുകള്‍. 2010 ലെ ബ്ലോക്ക്, ജില്ലാ, മുനിസിപ്പല്‍, കോര്‍പ്പറേഷന്‍, ഗ്രാമ പഞ്ചായത്തുകളില്‍ ആയി 2010ലെ കണക്കുകള്‍ നോക്കിയാല്‍ ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് അടക്കം അഞ്ചു വിഭാഗങ്ങളിലുമായി 1,5181 സീറ്റുകളില്‍ മത്സരിച്ച കോണ്‍ഗ്രസ് വിജയിച്ചത് 7,617 എണ്ണത്തിലാണ്, അഥവാ 50.17 ശതമാനം. 2,881 എണ്ണത്തില്‍ മത്സരിച്ച് 2,235ല്‍ വിജയിച്ച ലീഗിന്റെ വിജയശതമാനം 77.5 ശതമാനം. ഈ ഒരു വിജയം കേരള കോണ്‍ഗ്രസ്സിനോ സിപിഐക്കൊ അവരുടെ മുന്നണികള്‍ ഇല്ല എന്നതാണ് യാഥാര്‍ഥ്യം.

2015ല്‍ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പറേഷന്‍ എന്നിവയില്‍ മലബാറിലെ മുഴുവന്‍ സീറ്റുകളെടുത്താല്‍ 1,362 സീറ്റുകളുള്ള കോണ്‍ഗ്രസിനെക്കാള്‍ 1,725 സീറ്റുമായി ബഹുദൂരം മുന്നിലാണ് ലീഗ്. ലീഗ് കോട്ടയായ മലപ്പുറം മണ്ഡലത്തെ മാറ്റിനിര്‍ത്തിയാലും 1,282 സീറ്റുകളുള്ള കോണ്‍ഗ്രസിനെക്കാള്‍ മുന്നിലാണ് 1,320 സീറ്റുകളും ആയി ലീഗ് മുന്നില്‍ തന്നെ.സിപിഐ യ്ക്ക് 1060 സീറ്റുകള്‍ ലഭിച്ചപ്പോള്‍ ലീഗിന് ലഭിച്ചത് 1877 സീറ്റുകള്‍ ആണ് എന്നതാണ് പ്രാദേശിക ശക്തി

എന്നിട്ടും ഈര്‍ക്കിലി പാര്‍ട്ടികള്‍ ആയ കേരള കോണ്‍ഗ്രസ് എന്തുകൊണ്ട് കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടുന്നു. അവര്‍ക്കു അനുകൂലമായ ചര്‍ച്ചകളില്‍ കോണ്‍ഗ്രസ് താത്പര്യം കാണിക്കുന്നു. കാരണം തളച്ചിടാന്‍ രാഷ്ട്രീയം തന്നെ. അര്‍ഹതയുള്ള സീറ്റുകള്‍ നിരസിക്കുവാന്‍ കോണ്‍ഗ്രസ് ചൂണ്ടിക്കാണിക്കുന്ന രണ്ടു കാര്യങ്ങള്‍ ഒന്ന് ലീഗ് ജനാധിപത്യം പ്രസംഗിച്ചുകൊണ്ട് നടത്തുന്ന അതിരുകടന്ന സ്വജാതി പ്രീണനം, രണ്ടാമത്തേത് വനിതകള്‍ക്കോ ദലിതര്‍ക്കോ അവസരങ്ങള്‍ നല്‍കുന്നതില്‍ ഉള്ള നിസ്സംഗത,അവരോടുള്ള അവഗണന.ഒരു വശത്തു മതവിശ്വാസങ്ങളും ജാതിയും, മറുഭാഗത്ത് മതേതരത്വ ജനാധിപത്യത്തിന്റെ മുഖമൂടി. ഇവയൊക്കെ ആണ് എങ്കിലും, എക്കാലവും, ഇനിയങ്ങോട്ടും, ഏതു മുന്നണിയെയും താങ്ങി നിര്‍ത്താന്‍ കെല്പുള്ള ഏറ്റവും വലിയ രണ്ടാം കക്ഷിയാണ് മുസ്‌ലിം ലീഗ്. ഇത് മുന്നണികള്‍ മനസ്സിലാക്കി കഴിഞ്ഞിരിയ്ക്കുന്നു.അത് കൊണ്ട് തന്നെ കോണ്‍ഗ്രസിലും,കമ്യൂണിസ്റ്റിലും പാര്‍ട്ടി മെമ്പര്‍മാര്‍ മത പ്രാധിനിത്യം ഉള്ളടത്തു കൂടി മത അനുകൂലികള്‍ ആയവരെ നിറുത്തി തടി തപ്പുന്നു.പക്ഷെ കോണ്‍ഗ്രസ്സും കമ്യൂണിസ്റ്റും മത നിരപേക്ഷ മുന്നണി എന്ന് സ്വയം വാഴ്ത്തുന്നു.നായരെയും,ഈഴവനെയും, ധ്രൂവീകരിച്ചു ചിന്നഭിന്നം ആക്കി കളഞ്ഞ എന്‍ഡിപി,എസ്ആര്‍പി,പാര്‍ട്ടികള്‍ ഇന്ന് എവിടെ ആണ് എന്ന് പോലും അറിയില്ല. കോണ്‍ഗ്രസിനും മുകളില്‍ ആയി വളര്‍ന്ന കേരള കോണ്‍ഗ്രെസ്സുകള്‍, സിപി ഐ യെക്കാളും മുകളിലായി വളരും എന്ന് കണ്ടപ്പോള്‍ ഭിന്നിപ്പിച്ചു ഓരോ അരമനയ്ക്കും എന്ന രീതിയില്‍ കൊണ്ട് ചെന്ന് എത്തിച്ചു.ഇനി വിഘടിപ്പ് രാഷ്ട്രീയത്തിന്റെ അടുത്ത ഊഴം എന്‍എസ്എസ് ന്റേതാണ്.ഉറക്കം ഉണര്‍ന്നാലും,സ്വപ്നത്തിലായാലും മുന്നണി നേതാക്കള്‍ ചങ്ങനാശ്ശേരിയെ നോക്കി കാര്‍ക്കിയ്ക്കുന്നു.ഇ എംഎസ്സി ലൂടെ ബ്രാഹ്മണ മേധാവിത്വത്തിന്റെ അടിവേര് അറുത്തു യോഗക്ഷേമ കൂട്ടായ്മയെ ആദ്യം ചിന്നഭിന്നമാക്കി കമ്യൂണിസം കേരളത്തില്‍ വളര്‍ത്തുമ്പോള്‍ കാണിച്ച അതെ തന്ത്രങ്ങളില്‍ നിന്നും പാര്‍ട്ടി ഇന്നും ഒട്ടും പിന്നില്‍ അല്ല.ഇടതു മുന്നണി മതങ്ങളെ കൂടെ നിറുത്തി തഴുകി എതിര്‍ മുന്നണിയുടെയും,മത മേധാവിത്വത്തിന്റെയും അടിവേരില്‍ മെര്‍ക്കുറി കുത്തിവെക്കുന്നു.എന്‍എസ്സ്‌സിനെ മുച്ചൂടും മുടിയ്ക്കാന്‍ ഒരുങ്ങി ഇറങ്ങിയ ഇടതു മുന്നണി ഒരേ സമയം എസ്എന്‍ഡിപി,ലീഗ് എന്നിവയിലേക്ക് ദ്രുവീകരണ രാഷ്ട്രീയം ഇറക്കി കളിയ്ക്കുന്നു. പക്ഷെ സംഘ പരിവാര്‍ എന്ന ശക്തി തകര്‍ക്കപ്പെടുന്ന ഈ മത കൂട്ടായ്മകളുടെ മൂന്നാം ചേരിയായി,വിശ്വാസങ്ങളോ,ആചാരങ്ങളോ ഒക്കെ സംരക്ഷിക്കുക എന്ന ദുര്‍ബലത വളര്‍ത്തി വന്‍ ശക്തിയായി വളര്‍ന്നു കഴിഞ്ഞു.മുസ്‌ലിം ലീഗിന്റെയും,കൃസ്റ്റീയ കേരള കോണ്‍ഗ്രസിന്റെയും ഒക്കെ താത്പര്യം പരമ്പരാഗത ദൈവ വിശ്വാസങ്ങളില്‍ ഊന്നി ഉള്ളത് ആയതിനാല്‍ ഒരു ചെറിയ ചായ്‌വ്,അനുകമ്പ,സംരക്ഷണം എന്നിവ നല്‍കി സംഘ പരിവാര്‍, ബിജെപി പാര്‍ട്ടികളെ കൂടെ നിറുത്താന്‍ ഇവര്‍ മറക്കുന്നില്ല. മതങ്ങളെ വിഘടിപ്പിച്ചു ഇല്ലാതെ ആക്കി ഭരണം കൊണ്ട് നടന്ന കാലം കേരളത്തില്‍ കഴിഞ്ഞു പോയിരിയ്ക്കുന്നു.ഇനി വളര്‍ത്തി വലുതാക്കാതെ അധികാരം ലഭിയ്ക്കില്ല എന്ന വസ്തുതയില്‍ ഇടതു,വലതും മുന്നണികള്‍ എത്തി ചേര്‍ന്നിരിയ്ക്കുന്നു.

തത്വത്തില്‍ വര്‍ഗ്ഗീയതയ്‌ക്കെതിരെ പൊരുതുന്ന വര്‍ഗീയത വളര്‍ത്തുന്ന,മുഖം മൂടി അണിഞ്ഞ ,ഇടതു വലതു മുന്നണികള്‍ക്കൊപ്പം,ജാതി മത വിശ്വാസങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു,തുറന്ന പ്രഗ്യാപനവും ആയി ഒരു മൂന്നാം മുന്നണി ജനാധിപത്യ കേരളത്തില്‍ വളര്‍ന്നു കഴിഞ്ഞിരിക്കുന്നു. ഒരു അപ്രഗ്യാപിത,അലിഖിത ധാരണയുടെ അല്ലാതെ കേരളത്തിലെ പല ലോക സഭാ മണ്ഡലങ്ങളിലും ബിജെപി മുന്നണിയെ തകര്‍ക്കുവാന്‍ കൊണ്‌ഗ്രെസ്സ് നയിക്കുന്ന യു ഡി എഫ് നോ,മാര്‍ക്‌സിസ്റ്റ് നയിക്കുന്ന ഇടതു മുന്നണിയ്‌ക്കോ ഇന്ന് കഴിയില്ല. കാസര്‍കോഡ്, പാലക്കാട്, ത്രിശൂര്‍, കോട്ടയം, പത്തനംതിട്ട, തിരുവനതപുരം മണ്ഡലങ്ങളില്‍ ജാതിയ്ക്കും,മതത്തിനും,പാര്‍ട്ടിയ്ക്കും വേണ്ടി വിട്ടു വീഴ്ചകള്‍ ചെയ്യുവാന്‍ ഉതകുന്ന സ്ഥാനാര്‍ത്ഥികളെ നിറുത്തി കോണ്‍ഗ്രസ്സും,കമ്യൂണിസ്റ്റും കൂടി ഒരു അലിഖിത കൂട്ടുകെട്ടിനുള്ള കാലത്തെ ഒരുങ്ങി കഴിഞ്ഞു.ഇനി ലീഗിനെ പ്രീണിപ്പിച്ചു കൂടെ ഇടതു വലതു മുന്നണികള്‍ നിറുത്തി ഇല്ല എങ്കില്‍ ഒരു പക്ഷെ വിശ്വാസ സംരക്ഷണത്തിന്റെ പേരില്‍ കേരളത്തില്‍ വരുന്ന തെരഞ്ഞെടുപ്പില്‍ ഒരു ലോക അത്ഭുതം സംഭവിച്ചു കൂടായ്കയില്ല.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top