Flash News

സ്വര്‍ഗ്ഗസ്ഥനായ പിതാവേ, അവിടുത്തെ രാജ്യം വരേണമേ ! (കവിത – 2)

March 4, 2019 , ജയന്‍ വര്‍ഗീസ്

Swargasthanaya pithave aviduthe rajyam-smallഅവിടുത്തെ തിരുവിഷ്ടം നടപ്പിലാകേണമേ.
നിലത്തെ പൊടിയായിരുന്നു ഞാന്‍,
നികൃഷ്ടമായ ധൂളി.
അനേക കോടി സമാന ധൂളികളെപ്പോലെ,
അറിയപ്പെടാത്ത കാലങ്ങളുടെ അനന്ത മേഖലകളില്‍
ഞാനലയുകയായിരുന്നു !
എന്റെ സഹ ധൂളികളില്‍ പലതും
ഇന്നുമാ അലച്ചില്‍ തുടരുന്‌പോള്‍,
അടിയനെ അവിടുന്ന് തെരഞ്ഞെടുക്കുകയായിരുന്നു !

ഏതോ നിഗൂഢ സമസ്യകളില്‍ നിന്ന്,
ഏതോ ദുര്‍ഗ്രഹ തപസുകളില്‍ നിന്ന്,
ഞാനീ ഉപരിതലത്തില്‍ പതിക്കുകയായിരുന്നു !
ആന്ധ്രായിലെയോ, അമേരിക്കയിലെയോ,
അക്കാലത്തു വളര്‍ന്ന ചെടികള്‍
എന്നെ ആഹാരമായി ഉള്‍ക്കൊള്ളുകയായിരുന്നു !
അമേരിക്കന്‍ ഗോതന്പായ പി. എല്‍.480 ലോ,
ആന്ധ്രായില്‍ നിന്നിറക്കുമതി ചെയ്ത പശപ്പച്ചരിയിലോ
ഞാനുണ്ടായിരുന്നു !

എന്റെ ‘അമ്മ കഴിച്ച കഞ്ഞിയിലോ,
ചപ്പാത്തിയിലോ നിന്ന്,
അവിടുന്ന് അടിയനെ വേര്‍തിരിക്കുകയായിരുന്നു !
എന്റെ അമ്മയുടെ സജീവ ഭ്രൂണത്തില്‍
ഞാനെന്റെ ഒരു പാതിയായി നില്‍ക്കുന്‌പോള്‍,
എന്റെ മറുപാതി ഇതേ വഴികളിലൂടെ
എന്റെ അപ്പനില്‍ ആയിരുന്നു !
നീ ഞങ്ങളെ കൂട്ടിച്ചേര്‍ത്തു.
നിന്റെ സ്‌നേഹത്തിലൂടെ എന്നിലേക്ക് വന്നു !

എന്തെന്നാല്‍,
നിനക്കെന്നെ വേണമായിരുന്നു.
നിലത്തെ പൊടിയുടെ നിലവറയില്‍ നിന്ന്,
നീ എന്നെ വീണ്ടെടുത്തിരിക്കുന്നു !
ഞാനിതാ ഞാനായിരുന്നു,
ഞാനെന്ന ഞാനാകുന്ന ഞാന്‍ !
പ്രപഞ്ച മഹാ സാഗരത്തില്‍ നിന്ന്,
വേര്‍തിരിക്കപ്പെട്ട തുള്ളിയായി,
ഞാനെന്ന ‘ തുള്ളിത്വ ‘ മായി,
അസ്തിത്വത്തിന്റെ കൊടിക്കൂറയ്യായി,
നിന്നെ ഉള്ളില്‍ വഹിക്കുന്നു !

നാം തെരഞ്ഞെടുക്കപ്പെട്ട ധൂളികള്‍.
വെറും യാദൃശ്ചികമായിട്ടാവില്ലല്ലോ,
അമ്മയുടെ ഗര്‍ഭത്തിനും മുന്‍പേ കണ്ടെത്തപ്പെട്ടവര്‍!
പഞ്ചഭൂതങ്ങള്‍ നമ്മെ വഴി നടത്തി,
ആകാശം നമുക്ക് അന്യമായില്ല,
അഗ്‌നി അസുലഭമായില്ല,
വായു വിഷ ലിപ്തമായില്ല,
ജല ദവര്‍ലഭ്യം നാമറിഞ്ഞതേയില്ല,
പൃഥ്വി നമ്മെ പോഷിപ്പിക്കാതിരുന്നുമില്ല.

യുഗ യുഗാന്തരങ്ങളായി നമ്മുടെ വര്‍ഗ്ഗം,
ഈ ഭൂമിയുടെ പച്ചയായിരിക്കുന്നു !
നമുക്കായി ഭൂമി ഒരുക്കപ്പെട്ടിരിക്കുന്നു !
നമ്മുടെ എണ്ണം ആകാശത്തിലെ നക്ഷത്രങ്ങള്‍ പോലെ !
കടല്‍ക്കരയിലെ മണല്‍ത്തരികള്‍ പോലെ !
ഇപ്പോള്‍ എഴുന്നൂറിലധികം കോടികള്‍ !
തെരഞ്ഞെടുക്കപ്പെട്ട ഇത്രയും കോടികള്‍!
കോടാനുകോടി കല്ലുകള്‍,
നാമാകുന്ന കല്ലുകള്‍ !
നമ്മെ വച്ച് ദൈവം പണിയുകയാണ്,
ദൈവത്തിന്റെ സ്വന്തം രാജ്യം,
ദൈവരാജ്യം !
ഇവിടെ ഭൂമിയില്‍, നമ്മുടെ ഇടയില്‍,
സ്വര്‍ഗ്ഗം ഭൂമിയിലേക്കിറങ്ങുകയാണ്,
ദൈവരാജ്യം വരികയാണ് !

പക്ഷെ, നാം സമ്മതിക്കുന്നില്ല,
നമുക്കു ദൈവാരാജ്യം വേണ്ടാ,
നമുക്ക് നമ്മുടെ രാജ്യം മതി,
നമ്മുടെ സ്വാര്‍ത്ഥതകളുടെ,
ഇശ്ചകളുടെ,
ആസക്തികളുടെ രാജ്യം,
നമ്മുടെ സ്വന്തം രാജ്യം.
അടിപ്പിണരുകള്‍ നമുക്ക് വേണ്ട,
ഇരിന്പാണികള്‍ വേണ്ടേ, വേണ്ട,
കുരിശിന്റെ ഭാരവും നമുക്ക് വേണ്ട.

നമുക്ക് വേണ്ടത് സിംഹാസനങ്ങളും,
അതിന്റെ പദവിയുമാണ്.
നമ്മുടെ കരങ്ങള്‍ മുത്തുവാന്‍
കാത്തു നില്‍ക്കുന്ന അടിമകളെയാണ്,
അതിനു വേണ്ടി അവര്‍ നിക്ഷേപിക്കുന്ന
നാണയത്തുട്ടുകളെയാണ്.
നമുക്ക് വേണ്ടത് സുഖ ലോലുപതയാണ്,
നക്ഷത്ര ഹോട്ടലുകളിലെ ഉച്ചഭക്ഷണമാണ്,
സൗത്തമേരിക്കാന്‍ പെണ്ണുങ്ങളുടെ സൗന്ദര്യമാണ്,
അവരുടെ മുഴുത്ത മുലകളുടെ തുളുപ്പാണ്,
തടിച്ച നിതംബംങ്ങളുടെ തുടുപ്പാണ്,
എവിടേയും കടന്നു കയറാനുള്ള ഇന്ധനമാണ്,
എന്തും വെട്ടിപ്പിടിക്കാനുള്ള ആയുധമാണ്,
പണമാണ്.

അതിനായി നാം നമ്മെ വില്‍ക്കുന്നു,
നമ്മുടെ മൂല്യങ്ങള്‍ വില്‍ക്കുന്നു,
ദൈവത്തിന്റെ ഉദ്ദേശ ശുദ്ധിയെ വില്‍ക്കുന്നു,
നിക്ഷിപ്തമായ ലക്ഷ്യങ്ങളെ വില്‍ക്കുന്നു.
വഴിവിട്ട മോഹങ്ങള്‍ നമ്മെ നാമല്ലാതാക്കുന്നു,
നമ്മുടെ ചതുരം നമുക്ക് നഷ്ടമാവുന്നു,
നമ്മുടെ ആസക്തിയുടെ അധികപ്പറ്റുകള്‍
നമ്മുടെ ചതുരത്തില്‍ നിന്ന് മുഴച്ചു നില്‍ക്കുന്നു.
ദൈവം ചതുരമായി നമ്മെ നിര്‍മ്മിച്ചു,
ദൈവരാജ്യം പണിയുവാനുള്ള കല്ലുകളാക്കി വച്ചു,
ആസക്തിയുടെ അധികപ്പറ്റുകള്‍
ഉന്തും, മുഴകളുമായി,
കൂര്‍പ്പുകളും, മൂര്‍പ്പുകളുമായി,
നമ്മുടെ മനോഹര മുഖം വികൃതമാക്കുന്നു !

ദൈവ രാജ്യം പണിയപ്പെടേണ്ട കല്ലുകള്‍,
അതിനായി തെരഞ്ഞെടുത്ത കല്ലുകള്‍,
ധൂളികളില്‍ നിന്ന് വേര്‍തിരിക്കപ്പെട്ടവര്‍,
ഉന്തുകളും, മുഴകളുമായി,
കൂര്‍പ്പുകളും, മൂര്‍പ്പുകളുമായി,
ഉടമസ്ഥനെ വേദനിപ്പിച്ചു കൊണ്ട്,
ഉപയോടപ്പെടുത്താനാവാതെ,
നിര്‍ദ്ദയം തള്ളിക്കളയപ്പെടുന്നു?

ദൈവരാജ്യം ഒരു പണി തീരാത്ത വീട്,
ചതുരക്കല്ലുകളുടെ ദുര്‍ലഭ്യത.
ചെത്താനും, മിനുക്കാനും ശ്രമിച്ചവര്‍ ഏറെ,
സോക്രട്ടീസും, ഡയോജനീസും,
ബുധനും, ക്രിസ്തുവും, നബിയും.
നാം സമ്മതിച്ചില്ലാ,
നാമവരെ കൊന്ന് കുഴിച്ചു മൂടി,
അവരുടെ രക്തത്തില്‍ വസ്ത്രങ്ങള്‍ മുക്കി
നമ്മുടെ പതാകകള്‍ക്ക് നിറം വരുത്തി,
സംസ്കാരങ്ങളുടെ അശ്വ രഥങ്ങളില്‍,
അവകള്‍ പറത്തി നാം മേധം നടത്തി !

ദൈവരാജ്യം പണിയേണ്ടതാര് ?
നാം പരസ്പരം പഴിചാരി രക്ഷപെടുന്നു,
ഞാനല്ല നീ, ഞാനല്ല നീ.
സഹോദരനെ വിരല്‍ ചൂണ്ടുന്‌പോള്‍,
നാല് വിരലുകള്‍ നമ്മെ ചൂണ്ടുന്നത് നാമറിയുന്നില്ല.
ആ വിരലുകള്‍ നമ്മോടു പറയുന്നു :
നമ്മള്‍ തന്നെ, നമ്മള്‍ തന്നെ,
ദൈവരാജ്യം പണിയേണ്ടത് നമ്മള്‍ തന്നെ !
നമ്മുടെ ചിന്തയില്‍,
നമ്മുടെ പ്രവര്‍ത്തിയില്‍,
നമ്മുടെ ജീവിതത്തില്‍.

ഇവിടെ നാം കരയുന്നു,
നമുക്ക് വേണ്ടത് നമ്മുടെ രാജ്യം,
അതിരുകള്‍ തിരിക്കപ്പെട്ട രാജ്യം,
മനസുകള്‍ക്കിടയില്‍,
മതിലുകള്‍ നിര്‍മ്മിച്ച രാജ്യം,
മറച്ചു വയ്ക്കപ്പെട്ട മിസ്സൈലുകളുള്ള രാജ്യം,
അവയില്‍ സമൃദ്ധമായി
ആണവത്തലപ്പുകള്‍ ഘടിപ്പിക്കപ്പെട്ട രാജ്യം.
കാത്തിരിക്കുകയാണ് നമ്മള്‍,
പരസ്പരം കൊല്ലാന്‍,
ചോരപ്പുഴകളൊഴുക്കാന്‍,
അവയുടെ തീരങ്ങളില്‍,
സംസ്കാരത്തിന്റെ വിത്തുകള്‍ നടാന്‍,
ചോരമരങ്ങളുടെ തണലില്‍ വിശ്രമിക്കാന്‍,
ആശ്വസിക്കാന്‍, സുഖിക്കാന്‍ ?

നാം ലേബലുകള്‍ നിര്‍മ്മിക്കുന്നു,
നമ്മുടെ നെറ്റിയില്‍ പതിക്കാന്‍,
നമുക്ക് നമ്മെ തിരിച്ചറിയാന്‍,
നാം മുദ്രകളേല്‍ക്കുന്നു,
അറുന്നൂറ്ററുപത്താറ് !
അറുന്നൂറ്ററുപത്താറ് ചുവപ്പ്,
അറുന്നൂറ്ററുപത്താറ് പച്ച,
മഞ്ഞ, നീല.
ചുവപ്പു പച്ചയോടു മത്സരിക്കുന്നു,
മഞ്ഞ നീലയോടും.
ചുവപ്പ് പച്ചയെ കരുതുന്നില്ല,
മഞ്ഞ നീലയെ കരുതുന്നില്ല,
കലഹിക്കുന്നു, ആക്രമിക്കുന്നു,
പരസ്പരം വെട്ടുന്നു,ചെളി വാരി എറിയുന്നു,
ചെളിയില്‍ കുളിക്കുന്നു,
ആര്‍ത്തു ചിരിക്കുന്നു, അട്ടഹസിക്കുന്നു ?

പരസ്പരം കരുതുന്‌പോള്‍ ദൈവരാജ്യം വരുന്നു,
വേദന പങ്കുവയ്ക്കുന്‌പോള്‍ വെളിച്ചം വരുന്നു!
മതിലുകള്‍ തകര്‍ന്നു വീഴുന്നു,
അതിരുകള്‍ അപ്രത്യക്ഷമാവുന്നു.
മിസൈലുകള്‍ തല കുനിക്കുന്നു!
അണ്വായുധങ്ങള്‍ കുഴിച്ചു മൂടപ്പെടുന്നു,
വിഭവങ്ങള്‍ ഭാഗിക്കപ്പെടുന്നു,
സൗഭാഗ്യം പങ്കു വയ്ക്കപ്പെടുന്നു,
പരസ്പരം കരുതുന്നു, സംരക്ഷിക്കുന്നു.

ഭയം നശിപ്പിക്കപ്പെടുന്നു,
തിന്മയെ ബന്ധിക്കുന്നു, ചങ്ങലക്കിടുന്നു,
സുരക്ഷിതത്വം സൃഷ്ടിക്കപ്പെടുന്നു.
സുഖവും, സമൃദ്ധിയും സന്തോഷവും, സമാധാനവും,
എല്ലാവര്‍ക്കും എല്ലാം !
എല്ലാവരും നല്ല അയല്‍ക്കാര്‍,
അയല്‍ക്കാരനോട് നിരപ്പ്.
ആകാശം ഒരു മേല്‍ക്കൂര,
അതിനടിയില്‍ മനുഷ്യര്‍!
ഒരു ജാതി,
ഒരു മതം,
ഒരു വര്‍ഗ്ഗം !

ഇവിടെ നാം ചതുരമാവുന്നു,
ദൈവ സ്‌നേഹത്തിന്റെ നറും ചാന്തില്‍
പരസ്പരം ഒട്ടിച്ചു ചേര്‍ക്കപ്പെടുന്നു,
പണിതുയര്‍ത്തപ്പെടുന്നു,
ദൈവം തന്റെ സ്വന്തം രാജ്യം,
ദൈവരാജ്യം !
സ്വര്‍ഗ്ഗം ഭൂമിയിലേക്ക് വരുന്നു,
ഭൂമി സ്വര്‍ഗ്ഗമായി മാറുന്നു,
മണ്ണ് വിണ്ണാവുന്നു !
അവിടുത്തെ രാജ്യം വരേണമേ,
അവിടുത്തെ തിരുവിഷ്ടം നടപ്പിലാകേണമേ !!

അടുത്തതില്‍ :  ‘ ഞങ്ങള്‍ക്കാവശ്യമുള്ള ആഹാരം ‘

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top