Flash News

ആരോഗ്യം: ചര്‍മ്മ സം‌രക്ഷണം ആരോഗ്യത്തിനും സൗന്ദര്യത്തിനും ഉത്തമം

March 4, 2019

dc-Cover-bs2tikbmp5l1imjed05n1eecn2-20180326203946.Mediനമ്മുടെ ശരീരത്തിലെ ഏറ്റവും വലിയ അവയവവും ഒപ്പം ശരീരത്തെ പൊതിഞ്ഞിരിക്കുന്ന ആവരണവുമാണ‌് ത്വക്ക്‌. ശരീരത്തെ പൊതിഞ്ഞ‌് പൊടിപടലങ്ങള്‍, സൂര്യകിരണങ്ങള്‍, ബാക്ടീരിയ, വൈറസ് തുടങ്ങിയ സൂക്ഷ്മജീവികള്‍ എന്നിവയില്‍നിന്നും എല്ലാം സംരക്ഷണം നല്‍കുന്നു. എന്നാല്‍, ത്വക്കിനെ സംരക്ഷണത്തിനൊപ്പം സൗന്ദര്യത്തിന്റെയും മാനദണ്ഡം കൂടിയായാണ് കണക്കാക്കപ്പെടുന്നത‌്.

പണ്ടുകാലത്തും സൗന്ദര്യസംരക്ഷണത്തില്‍ മുഖത്തിന് പ്രാധാന്യം കൊടുക്കുന്ന പതിവ് വളരെ കൂടുതല്‍ ആയിരുന്നു. എന്നാല്‍, ഇന്നത്തെ തലമുറ ആ സങ്കല്‍പ്പം തിരുത്തുകയാണ്. മുഖസൗന്ദര്യത്തിനു പുറമെ കൈകാലുകളുടെ വൃത്തിയും, ചര്‍മത്തിന്റെ തിളക്കവുമാണ് സൗന്ദര്യത്തിന്റെ മാനദണ്ഡമായി പുതിയ തലമുറ കണക്കാക്കുന്നത്. സ്കിന്‍ സോഫ്റ്റ്നസും സ്കിന്‍ടോണും നന്നാക്കിയെടുക്കാന്‍ ആണ് ഇന്ന‌് അവര്‍ കൂടുതല്‍ ശ്രദ്ധിക്കുന്നത്. മുഖക്കുരു, കറുത്തപാടുകള്‍ എന്നിവയില്ലാത്ത മിനുസമുള്ള ചര്‍മമാണ് എല്ലാവരുടെയും സ്വപ്നം. എല്ലാവര്‍ക്കും അവരുടെ സ്‌കിന്‍ എപ്പോഴും ചെറുപ്പമായിരിക്കണമെന്നാണ് ആഗ്രഹം. അത്തരത്തിലുള്ള ചര്‍മകാന്തി ലഭിക്കുന്നതിന് സഹായിക്കുന്ന ധാരാളം ലോഷനുകളും ഇന്ന് വിപണിയില്‍ സുലഭമാണ്. ഇത്തരത്തിലുള്ള ക്രീമുകള്‍ ഉപയോഗിക്കുകയും ചിലപ്പോഴെങ്കിലും അതിന്റെ ദൂഷ്യഫലം അനുഭവിക്കുകയും ചെയിതിട്ടുണ്ടാകാം പലരും.

ചര്‍മത്തിന്റെ സൗന്ദര്യത്തെ ബാധിക്കുന്ന ധാരാളം ഘടകങ്ങളുണ്ട്. ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, ജനിതക പ്രവണത, ദീർഘ കാലമായിട്ടുള്ള ഇന്‍ഫ്ളമേറ്ററി ഓട്ടോ ഇമ്മ്യൂണ്‍ കണ്ടീഷനുകള്‍, പ്രായം, ജീവിത ശൈലീ രോഗങ്ങള്‍, അമിതമായ സ്ട്രെസ്, വ്യായാമക്കുറവ്, ഉറക്കമില്ലായ‌്മ, പുകവലി, നിര്‍ജലീകരണം അപര്യാപ്തമായ പോഷകങ്ങള്‍ തുടങ്ങിയവ .

ചര്‍മ സംരക്ഷണത്തിന് സഹായിക്കുന്ന ഒരുപാട‌് പൊടിക്കൈകള്‍ ഉണ്ട്. സൗന്ദര്യവര്‍ധക വസ്തുക്കളേക്കാളുപരി നല്ല പോഷകങ്ങള്‍ അടങ്ങിയ ഭക്ഷ്യവസ്തുക്കള്‍, വ്യായാമം, മെഡിറ്റേഷന്‍, യോഗാ എന്നിവയെല്ലാം ആന്തരികമായ സൗന്ദര്യത്തെ ഉണര്‍ത്തി സൗന്ദര്യവും ആരോഗ്യവും നിലനിര്‍ത്താൻ സഹായിക്കുന്നു.

കൃത്യമായ ഭക്ഷണനിയന്ത്രണത്തിലൂടെ മാത്രമേ യൗവനം എന്നും കാത്തുസൂക്ഷിക്കാന്‍ കഴിയുകയുള്ളൂ. കൃത്യമായ ഭക്ഷണ ക്രമീകരണം, ഭക്ഷണ നിയന്ത്രണം എന്നിവയിലൂടെ നമുക്ക് അറുപതുകളിലും മുപ്പതിന്റെ പ്രസരിപ്പും സൗന്ദര്യവും നേടാന്‍ സാധിക്കും. നാം കഴിക്കുന്ന ഭക്ഷ്യവസ്തുകളിലെ പോഷകങ്ങള്‍ ഒന്നു ശ്രദ്ധിച്ചാല്‍ മതി.

മാംസ്യം
എല്ലാ കോശങ്ങള്‍ക്കും അവയുടെ വളര്‍ച്ചയ്ക്കും നിലനിര്‍ത്താനും ആവശ്യമായ പോഷകമാണ് മാംസ്യം. ചര്‍മസംരക്ഷണത്തിനും നഖങ്ങള്‍, മുടി എന്നിവയുടെ വളര്‍ച്ചയ്ക്കും സഹായിക്കുന്നു. പ്രോട്ടീനടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് നിങ്ങളുട ചര്‍മത്തിന്റെ തിളക്കം കൂട്ടുന്നതിന് സഹായിക്കും. മുഴുധാന്യങ്ങള്‍ പയര്‍, പരിപ്പ് വര്‍ഗങ്ങള്‍, നട്സ്, സീഡ്‌സ്, മുട്ടവെള്ള, മത്സ്യം, മാംസം എന്നിവ മാംസ്യത്തിന്റെ കലവറയാണ്.

ജീവകം സി
നമ്മുടെ ശരീരത്തിന് അത്യാവശ്യമുള്ള പോഷകമാണ് വിറ്റാമിന്‍ സി. വിറ്റാമിന്‍ സിയുടെ കുറവുമൂലമാണ് ശരീരത്തില്‍ പാടുകളും തിളക്കക്കുറവും ഉണ്ടാവുകയും ചര്‍മം ചുളിയുകയും ചെയ്യുന്നത്. കുരുമുളക്, ഇലക്കറികള്‍, കിവി, കപ്പയ്ക്ക, നാരങ്ങാ, തക്കാളി, ഓറഞ്ച് എന്നിവ വിറ്റാമിന്‍ സി ലഭിക്കുന്നതിന് സഹായിക്കും.

ജീവകം ഇ
ജീവകം ഇ, ജീവകം സിയുമായി ചേര്‍ന്ന് പ്രവര്‍ത്തനങ്ങൾ ത്വരിതപ്പെടുത്തുന്നു. കൂടാതെ അള്‍ട്രാവയറ്റ‌് കിരണങ്ങളുടെ ത്രീവ്രത തടയുന്ന ആന്റിഓക്സിഡന്റ് ആയും ഇവ പ്രവര്‍ത്തിക്കും. ബദാം, സൂര്യകാന്തി വിത്തുകള്‍, സ്പിനാച്, അവോക്കാട, മധുരക്കിഴങ്ങ‌്, ഇലക്കറികള്‍ എന്നിവ ഇവയുടെ പ്രധാന സ്രോതസ്സുകളാണ്.

സിലിക്കണ്‍
സിലിക്കണ്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ചര്‍മത്തിന്റെ ഇലാസ്റ്റിസിറ്റി നിലനിര്‍ത്താന്‍ സഹായിക്കുന്നു. വാഴപ്പഴം, ഓട്സ്, ഉണക്കമുന്തിരി, ഗോതമ്പ്, ഗ്രീന്‍ ബീന്‍സ് , ബ്രൗണ്‍ റൈസ‌് കൂടാതെ കാബേജ്, ആപ്പിള്‍, ഉള്ളി, തക്കാളി, വെള്ളരിക്ക തുടങ്ങിയ പച്ചക്കറികള്‍ എന്നിവയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.

പൊട്ടാസ്യം
ആരോഗ്യത്തിന്റെ കാര്യത്തില്‍ മാത്രമല്ല, സൗന്ദര്യത്തിനും വളരെയധികം അത്യാവശ്യമാണ് പൊട്ടാസ്യം. പൊട്ടാസ്യം കണ്‍തടങ്ങളിലെ കറുപ്പ് മാറ്റാന്‍ സഹായിക്കുന്നു. മാത്രമല്ല, ടോക്‌സിനുകളെ പുറന്തള്ളുന്നതിനും സഹായിക്കുന്നു. കിവി, ആപ്രിക്കോട്ട്, ഈന്തപ്പഴം, പഴം എന്നിവയില്‍ പൊട്ടാസ്യം ധാരാളം അടങ്ങിയിട്ടുണ്ട്.

സിങ്ക്
സൗന്ദര്യ സംരക്ഷണത്തിന് വളരെ അത്യാവശ്യമായ ഒന്നാണ് സിങ്ക്. ഇത് ആരോഗ്യത്തിനും സൗന്ദര്യത്തിനും വളരെയധികം സഹായിക്കുന്നു. മുഖക്കുരുവും മുഖത്തുണ്ടാകുന്ന മറ്റു പ്രശ്‌നങ്ങളും ഇല്ലാതാക്കി ചര്‍മത്തെ സംരക്ഷിക്കുന്നതിന് സിങ്ക് അടങ്ങിയ ഭക്ഷണം കഴിക്കുന്നത് നല്ലതാണ്. മുഴുധാന്യങ്ങള്‍, ബീൻസ്, ലെഗ്‌മീസ്, കേക്കയോ, മിസോ, ന്യൂട്രിഷണല്‍ യീസ്റ്റ്, ബ്രോക്കോളി, ഗ്രീന്‍ ബീന്‍സ് ചോക്ലേറ്റ്, തണ്ണിമത്തന്‍, മത്തങ്ങാക്കുരു തുടങ്ങിയവയില്‍ സിങ്ക് ധാരാളം അടങ്ങിയിട്ടുണ്ട്.

ശരീരത്തിന്റെ പുറം മാത്രമല്ല, അകവും ക്ലീന്‍ ചെയ്യേണ്ടത് അത്യാവശ്യമാണ്. അല്ലാത്തപക്ഷം ഇത് ചര്‍മത്തില്‍ കൂടുതല്‍ അഴുക്കുകള്‍ അടിഞ്ഞുകൂടുന്നതിന് കാരണമാകുന്നു. മാത്രമല്ല, ചര്‍മത്തിലെ പ്രശ‌്നങ്ങള്‍ക്ക‌് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

മഗ്നീഷ്യം
മഗ്നീഷ്യം ശരീരത്തിന് വളരെ അത്യാവശ്യമാണ്. ശരീരത്തെ ക്ലീന്‍ ചെയ്യാന്‍ സഹായിക്കുന്ന ധാതുക്കളില്‍ മുന്നിലാണ് മഗ്നീഷ്യം. ഇത് ശരീരത്തിലെ രക്തയോട്ടം വര്‍ധിപ്പിക്കുകയും ചെയ്യുന്നു. പഴം, ബ്രൊക്കോളി തുടങ്ങിയവ ഭക്ഷണത്തിന്റെ ഭാഗമാക്കിയാല്‍ മഗ്നീഷ്യത്തിന്റെ കുറവ് പരിഹരിക്കാം.
ദിവസം എട്ടു ഗ്ലാസ് വെള്ളം ശരീരത്തില്‍ ഈര്‍പ്പം നിലനിര്‍ത്താനും, ശരീരത്തെ ശുദ്ധിയാക്കാനും എല്ലാം ജലം അനിവാര്യം. ദിവസവും ചുരുങ്ങിയത് എട്ടു ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുക. ധാരാളം വെള്ളം കുടിക്കുമ്പോള്‍ നിങ്ങളുടെ ശരീരം കൂടുതല്‍ ഉന്മേഷമാകും. വിയര്‍പ്പിലൂടെയും മറ്റും നഷ്ടപ്പെടുന്ന ജലം തിരികെയെത്തുമ്പോള്‍ നിങ്ങളുടെ ശരീരം ക്ലീന്‍. പഴച്ചാറുകള്‍, കരിക്കിന്‍ വെള്ളം, കഞ്ഞിവെള്ളം, നാരങ്ങാവെള്ളം തുടങ്ങിയവ ഉത്തമം. ശ്രദ്ധിക്കുക – പച്ചക്കറികളും പഴവര്‍ഗങ്ങളും ധാരാളം കഴിക്കുക. ഇത് ശരീരത്തെ തണുപ്പിക്കും. ഇലക്കറികള്‍ ഏതായാലും ദിവസവും ഭക്ഷണത്തില്‍ ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക. റെഡ്മീറ്റ് പരമാവധി ഒഴിവാക്കുക.

പുകവലി ഹാനികരം, സൗന്ദര്യവും ഒപ്പം ആരോഗ്യവും നഷ്ടമാകും
പ്രഭാത രശ്മികളും പോക്കുവെയിലും ശരീരത്തിന് നല്ലതാണെങ്കിലും ബാക്കിയുള്ള സമയങ്ങളില്‍ വെയിലേല്‍ക്കുന്നത് ശരീരത്തെ മോശമായി ബാധിക്കും. ഈ വെയില്‍ നിങ്ങളുടെ ശരീരത്തിലെ കൊളാജന്‍ നശിപ്പിക്കുകയും അള്‍ട്രാവയലറ്റ് രശ്മികള്‍ ശരീരത്തിലേക്ക് കടക്കുകയും ചെയ്യുന്നു. ഇത് നിങ്ങളുടെ ആരോഗ്യത്തിന് മോശമാണ്.

അതിമധുരം ആപത്താണ്. അമിതമായി മധുരം കഴിക്കുന്നത് നിങ്ങള്‍ക്ക‌് കൂടുതല്‍ പ്രായം തോന്നിക്കുകയും പല അസുഖങ്ങള്‍ക്കും കാരണമാവുകയും ചെയ്യും.

ആന്റി ഓക്‌സിഡന്റ് അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ആരോഗ്യകരമായ ചര്‍മത്തിന് അത്യാവശ്യമാണ്. ഇലക്കറികകളും ഗ്രീന്‍ ടീ യും ഇതിനു സഹായിക്കും.

കാത്സ്യത്തിന്റെ അളവ് ഭക്ഷണത്തില്‍ പരമാവധി കൂട്ടിവേണം ഡയറ്റിന് രൂപം വരുത്താന്‍. ഓറഞ്ച് ജ്യൂസ്, പാല്‍ ഉല്‍പ്പന്നങ്ങള്‍, വലിയ മത്സ്യങ്ങള്‍ എന്നിവയുടെ ചെറിയൊരംശമെങ്കിലും ശരീരത്തില്‍ ദിവസേന എത്തേണ്ടതുണ്ട്.

ശരീരഭാരം നിയന്ത്രിക്കുന്നതിലാണ് പ്രത്യേകം ശ്രദ്ധ പുലര്‍ത്തേണ്ടത്. വ്യായാമം സൗന്ദര്യ വര്‍ധനവിനും ആകാരവടിവിനും ആരോഗ്യത്തിനും ഉത്തമം. ദിവസേന അര മണിക്കൂറെങ്കിലും വ്യായാമം ചെയ്യുന്നത് നല്ലതാണ‌്. നടത്തം, ഓട്ടം, ജോഗിങ്, സ്വിമ്മിങ് എന്നിവയെല്ലാം നല്ലതാണ‌്. അമിതമായ വ്യായാമം ഹാനികരം . ശ്വസന നിയന്ത്രണ മെഡിറ്റേഷന്‍, ധ്യാനം എന്നിവ ചര്‍മസൗന്ദര്യത്തിന‌് ഉത്തമം.

ഏഴു മുതല്‍ എട്ടു മണിക്കൂര്‍വരെയാണ് ശരിക്കും ഒരു വ്യക്തി ഉറങ്ങേണ്ടത്. ആറു മണിക്കൂറെങ്കിലും കൃത്യമായി ഉറങ്ങാത്ത ഒരാള്‍ക്ക‌് ആരോഗ്യപൂര്‍ണമായ ഒരു ശരീരം ഒരിക്കലും ലഭിക്കില്ല.

കൃത്യമായ ഭക്ഷണശീലങ്ങള്‍, വ്യായാമം എന്നിവയിലൂടെ പ്രായത്തെയും ആരോഗ്യത്തെയും നമ്മുടെ നിയന്ത്രണത്തിലാക്കാം. പ്രായം തളർത്താത്ത സൗന്ദര്യത്തിനായി നമുക്ക് പോഷകങ്ങളുമായി ഒന്ന് കൈകോര്‍ക്കാം. ഒപ്പം ജീവിതത്തില്‍ അടുക്കും ചിട്ടയും വരുത്താം.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top