Flash News

മാര്‍ ജോസഫ് പാംപ്ലാനിയും ചര്‍ച്ച് ആക്റ്റും എന്റെ പ്രതികരണങ്ങളും: ജോസഫ് പടന്നമാക്കല്‍

March 5, 2019 , ജോസഫ് പടന്നമാക്കല്‍

a2നിലവിലുള്ള സഭാ സ്വത്തുക്കളില്‍ ഏകീകൃത ഭരണസംവിധാനത്തെ മാറ്റി കൂടുതല്‍ ജനാധിപത്യം നടപ്പാക്കുകയെന്നതാണ് ചര്‍ച്ച് ആക്റ്റിന്റെ ലക്ഷ്യം. പള്ളികളുടെ സ്ഥാവര ജംഗമ സ്വത്തുക്കളും അതിന്റെ നിയന്ത്രണങ്ങളും രൂപത ബിഷപ്പിന്റെ അധികാരത്തില്‍പ്പെടുന്നു. ചര്‍ച്ച് ആക്റ്റിനെപ്പറ്റി കേരള മെത്രാന്‍ സമിതി (കെസിബിസി) വഴിയും മെത്രാന്മാരുടെ ഇടയലേഖനങ്ങള്‍ വഴിയും ബിഷപ്പ് പാംപ്ലാനിയുടെ ലേഖനങ്ങള്‍ വഴിയും നിരവധി വസ്തുതാപരമല്ലാത്ത കാര്യങ്ങള്‍ അറിയാനിടയായി. ബില്ലിനെ വളച്ചൊടിച്ചുകൊണ്ടുള്ള മെത്രാന്മാരുടെ ഭാവനകള്‍ വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടിരിക്കുന്നു. പുരോഹിതര്‍ പറയുന്ന വസ്തുതകള്‍ക്കും ഇടയലേഖനങ്ങള്‍ക്കും കൃഷ്ണയ്യരുടെ ബില്ലുമായി സാമ്യം വളരെ കുറവാണ്. 2019 ഡിസംബര്‍ മൂന്നാം തിയതി കേരള ചര്‍ച്ച് ആക്റ്റിനെതിരെ കേരളത്തിലെ ബിഷപ്പുമാര്‍ പള്ളികളില്‍ വായിക്കാന്‍ ഇടയലേഖനമിറക്കിയിരുന്നു.

വിശ്വാസികളില്‍നിന്നും തലമുറകളായി സമാഹരിച്ച ക്രൈസ്തവ സ്വത്തുക്കള്‍ പൌരോഹിത്യ മേധാവിത്വം കയ്യടക്കി വെച്ചിരിക്കുന്നത് നീതികരിക്കുവാന്‍ സാധിക്കുകയില്ല. മറ്റു മതസ്ഥര്‍ക്ക് അനുവദിക്കാത്ത അവകാശങ്ങള്‍ ക്രിസ്ത്യന്‍ സഭകള്‍ സ്വയം കയ്യടക്കി വെച്ചിരിക്കുന്നത് രാഷ്ട്രത്തോട് ചെയ്യുന്ന ഒരു ധിക്കാരവും കൂടിയാണ്. ഒരു വിശ്വാസിയുടെ കടമ പ്രാര്‍ഥിക്കുക, അനുസരിക്കുക, പള്ളിക്കു പണം കൊടുക്കുകയെന്നതാണ്. പള്ളിക്ക് സ്വത്ത് കൊടുത്തവര്‍ക്ക് പിന്നീട് സ്വത്തിന്മേല് യാതൊരു അവകാശവും ഇല്ല. അല്‌മേനി നേടികൊടുത്ത സര്‍വതും സഭാപുരോഹിതരുടെ നിയന്ത്രണത്തില്‍ ആകും. സഭയുടെ സ്വത്തിന്മേലുള്ള ഈ സ്വേച്ഛാധിപത്യം സമൂഹത്തിനു പൊറുക്കുവാന്‍ സാധിക്കാത്ത സ്ഥിതിവിശേഷം വന്നപ്പോഴാണ് ചര്‍ച്ച് ആക്റ്റിന്റെ പ്രസക്തി വര്‍ദ്ധിച്ചുവന്നത്.

സഭയുടെ നിര്‍വചനത്തിനു തന്നെ ഇന്ന് മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ആദ്ധ്യാത്മികതയുടെ സ്ഥാനത്ത് സഭയെന്നാല്‍ കോഴ കോളേജുകളും ഫൈവ് സ്റ്റാര്‍ ഹോസ്പ്പിറ്റലുകളും ഷോപ്പിംഗ് കോംപ്ലക്‌സുകളും നടത്തുന്ന പ്രസ്ഥാനങ്ങളായി മാറിക്കഴിഞ്ഞിരിക്കുന്നു. സഭയ്ക്കെതിരെ പ്രതികരിക്കുന്നവരെ സഭാ വിരുദ്ധരാക്കും. ‘സഭാ വിരുദ്ധരുടെ അഭിപ്രായങ്ങള്‍ മാനിച്ചുകൊണ്ട് ഇവിടുത്തെ ഭൂരിപക്ഷം വിശ്വാസികളുടെ വിശ്വാസങ്ങളെ കാറ്റില്‍ പറത്തുന്ന ബില്ലെന്നാണ്’ പുരോഹിത നേതൃത്വത്തിന്റെയും ബിഷപ്പുമാരുടെയും പ്രസ്താവനകള്‍. വിശ്വാസവും ചര്‍ച്ച് ആക്റ്റും തമ്മിലുള്ള ബന്ധം എന്തെന്ന് മനസിലാകുന്നില്ല. സഭയുടെ സ്വത്തുക്കള്‍ക്ക് ഓഡിറ്റ് വേണമെന്ന് പറയുമ്പോള്‍ അതെങ്ങനെ വിശ്വാസ ലംഘനമാകും. ആദ്യമ സഭകളെ ഒന്നു വിലയിരുത്തിയാല്‍ അവിടെ കണക്കുകള്‍ ബോധിപ്പിച്ചിരുന്നതായി കാണാം. അനന്യാസിന്റെ കഥ തന്നെ ബൈബിളില്‍ വായിച്ചാല്‍ അവ്യക്തതകള്‍ മാറാനെയുള്ളൂ.

അടുത്ത കാലത്ത് സഭയുടെ വക്താവായി തലശേരി രൂപതാ സഹായമെത്രാന്‍ ബിഷപ്പ് പാംപ്ലാനി (Bishop Mar Joseph Pamplany)പുറപ്പെടുവിച്ച ചില പ്രസ്താവനകളും പ്രസംഗങ്ങളും ലേഖനങ്ങളും പ്രത്യേകം ശ്രദ്ധേയമാണ്. അദ്ദേഹം പറഞ്ഞ കാര്യഗൗരവവും അല്ലാത്തതുമായ വിവരങ്ങള്‍ താഴെ അക്കമിട്ടു വിശകലം ചെയ്യുന്നു.

1.’സഭയെന്നാല്‍ മെത്രാന്മാരും പുരോഹിതരും മാത്രമെന്നും സ്വത്ത് കൈകാര്യം ചെയ്യുന്നത് മെത്രാന്മാരും ബൂര്‍ഷാസുകളുമെന്നും വിശ്വാസികള്‍ക്ക് യാതൊരു വിലയുമില്ലെന്നും ചര്‍ച്ച് ആക്റ്റില്‍ വ്യക്തമാക്കുന്നു. ചര്‍ച്ച് ആക്റ്റ് ഒരു കമ്മ്യുണിസ്റ്റ് അജണ്ടയായി കരുതണം. പുരോഹിത വര്‍ഗത്തെയും ബൂര്‍ഷാ വര്‍ഗ്ഗത്തെയും ഒരു ചേരിയിലും മറുചേരിയില്‍ വിശ്വാസികളെ തമ്മിലടിപ്പിച്ച് ആശയ വൈരുദ്ധ്യങ്ങളുണ്ടാക്കി കമ്മ്യുണിസ്റ്റ് വിപ്ലവ അജണ്ട നടപ്പാക്കുകയാണ് ചര്‍ച്ച് ആക്റ്റ് വഴി സര്‍ക്കാര്‍ ശ്രമിക്കുന്നത്.'(ബിഷപ്പ് പാംപ്ലാനി)

a2 (1)വിപ്ലവപരിവര്‍ത്തനാത്മകമായ എന്ത് നല്ല കാര്യങ്ങളും സഭയില്‍ നിര്‍ദ്ദേശിച്ചാല്‍ അതിനെ കമ്മ്യുണിസ്റ്റജണ്ടയായി ചിത്രീകരിക്കാന്‍ പുരോഹിതര്‍ എന്നും താല്പര്യപ്പെട്ടിരുന്നു. ഇവര്‍ അങ്ങനെ ആവലാതിപ്പെടുന്നു. ഈ ബില്ലുവഴി വര്‍ഗസമരം കൊണ്ടുവരുകയാണ് കമ്മ്യുണിസ്റ്റ് ലക്ഷ്യം എന്നുള്ള പുരോഹിത പല്ലവികളും ഇടയലേഖനങ്ങളിലും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഇതേ അടവുകള്‍ തന്നെയായിരുന്നു വിമോചനസമരകാലത്തും വിശ്വാസികളില്‍ ആവേശം പകരാന്‍ പുരോഹിതര്‍ പ്രയോഗിച്ചിരുന്നതും.

2.’ഈ ബില്ല് ചര്‍ച്ച ചെയ്യാതെ പിന്‍വലിക്കാനും പിന്‍വലിക്കാത്തടത്തോളം സര്‍ക്കാരിന് ബില്ല് നടപ്പാക്കാനുള്ള ഗൂഢ ലക്ഷ്യങ്ങളുണ്ടെന്നും കണക്കാക്കണം. (ബിഷപ്പ് പാംപ്ലാനി)

അഭിഷിക്ത ലോകം അധികാരക്കസേരകള്‍ക്കും നിലനില്‍പ്പിനുമെതിരെയുള്ള വെല്ലുവിളിയായി ചര്‍ച്ച് ആക്റ്റിനെ കാണുന്നു. ബില്ലിലുള്ള വസ്തുതകള്‍ ശരിയോ തെറ്റോയെന്നു വിശ്വാസികള്‍ മനസിലാക്കാന്‍ പാടില്ലാന്നും ആഗ്രഹിക്കുന്നു. ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധി സഭയില്‍ ബില്ല് അവതരിപ്പിക്കുന്നതില്‍ എന്തിന് ഭയപ്പെടുന്നു? ബില്ലിനെപ്പറ്റി ചര്‍ച്ച ചെയ്താല്‍ അത് സമൂഹത്തില്‍ എങ്ങനെ വിഭാഗീയത സൃഷ്ടിക്കുമെന്ന് സഭാ നേതൃത്വം വിവരിക്കുന്നുമില്ല. ചിന്തിക്കാന്‍ കഴിവില്ലാത്ത ഭക്തജനങ്ങളെയാണ് അവര്‍ക്കാവശ്യം. എങ്കിലേ കഴിഞ്ഞകാലങ്ങളില്‍ പൗരാഹിത്യം കാട്ടിക്കൂട്ടിയ കൊള്ളരുതായമകള്‍ പൊതു ജനങ്ങളില്‍നിന്നും ഇവര്‍ക്ക് മറച്ചു വെക്കാന്‍ സാധിക്കുള്ളൂ.

3. ഭൂരിപക്ഷം വിശ്വാസികളുടെ വിശ്വാസങ്ങളെ കാറ്റില്‍ പറത്തുന്ന ബില്ലാണ്, ചര്‍ച്ച് ആക്റ്റ്. (ബിഷപ്പ് പാംപ്ലാനി)

ഭൂരിപക്ഷം വിശ്വാസികള്‍ക്ക് ബില്ലിനെപ്പറ്റിയുള്ള ശക്തമായ സ്റ്റഡി ക്‌ളാസുകള്‍ ആവശ്യമാണ്. ബില്ലിനുള്ളിലെ ആന്തരിക വശങ്ങളെ വിശ്വാസികളില്‍ ബോധ്യമാക്കാന്‍ ശ്രമിക്കണം. ബില്ലിനെപ്പറ്റിയുള്ള കാര്യകാരണ വശങ്ങള്‍ വിശ്വാസികളെ പഠിപ്പിക്കുകയും വേണം. കെസിബിസി പോലുള്ള സംഘടനകളില്‍ മാത്രം ചര്‍ച്ച ചെയ്തുകൊണ്ട് പുരോഹിത സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ വിശ്വാസികളെ അടിച്ചേല്‍പ്പിക്കുകയല്ല വേണ്ടത്. ചര്‍ച്ച് ആക്റ്റിനെപ്പറ്റിയുള്ള തെറ്റായ പ്രചാരണങ്ങള്‍ അവസാനിപ്പിച്ച് വിശ്വാസികളെ ബോധവാന്മാരാക്കുന്നുവെങ്കില്‍ സഭയുടെ സ്വത്തുക്കള്‍ പുരോഹിതരില്‍ നിന്നും വേര്‍പെടുത്തണമെന്നു വിശ്വാസികള്‍ തന്നെ ഉച്ചത്തില്‍ വിളിച്ചു പറയും.

ഇന്നു നിലവിലുള്ള നടപ്പനുസരിച്ച് സഭയുടെ പൊതുസ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്നതു വിശ്വാസികളുമായി കൂടിയാലോചിക്കാതെയാണ്. ജനാധിപത്യ മൂല്യങ്ങളെ മാനിക്കാതെയാണ്, തികച്ചും അധികാര ദുര്‍വിനിയോഗം അതിന്റെ പിന്നാമ്പുറത്ത് നടക്കുന്നുണ്ട്, അത് ചോദ്യം ചെയ്യാന്‍ ഇവിടെ വ്യവസ്ഥകളില്ല,

4.സഭയുടെ സ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്നതിന് ഇവിടെ നിയമങ്ങളുണ്ടെന്നും അതിന് ചര്‍ച്ച് ആക്റ്റിന്റെ ആവശ്യമില്ലന്നും. (ബിഷപ്പ് പാംപ്ലാനി)

a3ശരിയാണ്, സഭാവക സ്വത്തുകളില്‍ നിയമങ്ങളുണ്ട്. പക്ഷെ സഭാ സ്വത്തുക്കള്‍ ഒരു സ്വാകാര്യ വ്യക്തിയുടെ നിയമം പോലെയാണ് കൈകാര്യം ചെയ്യുന്നത്. നിലവിലുള്ള നിയമം അനുസരിച്ച് സഭാ സ്വത്തുക്കളില്‍ അല്‌മെനിക്ക് എന്ത് കാര്യം? സ്വത്തുക്കള്‍ മുഴുവന്‍ പുരോഹിത നിയന്ത്രണത്തില്‍ ഇരിക്കുന്ന കാലത്തോളം ഇന്നത്തെ നിയമവ്യവസ്ഥിതിക്ക് വിശ്വാസികളുടെ താല്‍പ്പര്യം സംരക്ഷിക്കാന്‍ സാധിക്കില്ല. ഇന്നുള്ള വ്യവസ്ഥിതിയില്‍ സ്വത്തുക്കള്‍ മുഴുവന്‍ ബിഷപ്പ് നിയമിക്കുന്ന ഒന്നോ രണ്ടോ പുരോഹിതരുടെ നിയന്ത്രണത്തില്‍ നിഷിപ്തമായിരിക്കുന്നു.

5.’ദേവസ്വം ബോര്‍ഡ്, വക്കഫ് ബോര്‍ഡ് എന്നുള്ളപോലെ ഒരു ബോര്‍ഡ് ഉണ്ടാക്കണമെന്നുള്ള സര്‍ക്കാരിന്റെ ഒരു തീരുമാനവും ഇതില്‍ സുചിന്തിനീയമാണ്’ (ബിഷപ്പ് പാംപ്ലാനി)

ഇത് സഭയുടെ ഭയമാണ്. വാസ്തവത്തില്‍ ഈ ബില്ലുണ്ടാക്കിയത് സര്‍ക്കാരല്ല. ബില്ലിന് ദേവസ്വം ബോര്‍ഡിനോടോ വക്കഫ് ബോര്‍ഡിനോ യാതൊരു സമാനതയുമില്ല. ദേവസ്വം ബോര്‍ഡും വക്കഫ് ബോര്‍ഡും സമാന സര്‍ക്കാര്‍ സ്ഥാപനങ്ങളാണ്. ചര്‍ച്ച് ആക്റ്റില്‍ ക്രിസ്ത്യന്‍ സ്ഥാപനങ്ങളുടെ മേല്‍ സര്‍ക്കാരിന്റെ അധികാരം പ്രകടമായി കാണുന്നുമില്ല.

6.’സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള സ്വത്തുക്കള്‍ നിയന്ത്രിക്കുന്നപോലെ സഭയുടെ സ്വത്തുക്കള്‍ നിയന്ത്രിക്കുകയെന്നത് സ്വകാര്യ സ്വത്തുക്കളുടെ നിയന്ത്രണത്തില്‍ സര്‍ക്കാരിന്റെ കടന്നുകയറ്റമായി കരുതണം.’ (ബിഷപ്പ് പാംപ്ലാനി)

ഇത് ചര്‍ച്ച് ആക്റ്റിനെപ്പറ്റി ജനങ്ങളെ തെറ്റി ധരിപ്പിക്കാനുള്ള ബിഷപ്പ് പാംപ്ലാനിയുടെ പ്രചരണമാണ്. അദ്ദേഹം ഈ ബില്ലിനെ മാര്‍ക്‌സിയന്‍ വീക്ഷണത്തിന്റ പതിപ്പായി കാണുന്നു. മാര്‍ക്‌സിയന്‍ വീക്ഷണത്തില്‍ ചര്‍ച്ച് ആക്റ്റ് പോലുള്ള ഒരു ജനാധിപത്യ വീക്ഷണം എവിടെയാണുള്ളത്? സ്വകാര്യ സ്വത്തായി കരുതുന്ന സഭാവക സ്വത്തുക്കള്‍ ചൂഷണത്തിന് വിധേയമായി കണ്ടപ്പോഴായിരുന്നു കൃഷ്ണയ്യര്‍ ഇങ്ങനെ ജനാധിപത്യ രീതിയില്‍ ഒരു ബില്ല് ഡ്രാഫ്റ്റ് ചെയ്യാന്‍ തയ്യാറായത്.

7. ‘സഭയുടെ സ്വത്തുക്കള്‍ മുഴുവന്‍ രാജ്യത്തിന്റെ നിയമ വ്യവസ്ഥിതിക്ക് അധീനമായി സമ്പാദിച്ചിട്ടുള്ളവകളാണ്. ഇവകളെല്ലാം സര്‍ക്കാര്‍ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യപ്പെടുന്ന സ്വത്തുക്കളാണ്. ഇതിന്റെ വരവ് ചിലവുകള്‍ എല്ലാ വര്‍ഷവും ഓഡിറ്റ് ചെയ്യുകയും ആദായ നികുതി വകുപ്പിന് കോപ്പി നല്‍കുകയും ചെയ്യുന്നതാണ്. സര്‍ക്കാര്‍ അംഗീകരിക്കുന്ന ഓഡിറ്റ് റിപ്പോര്‍ട്ട് കാലാകാലങ്ങളില്‍ സര്‍ക്കാരില്‍ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്‍മാര്‍ സമര്‍പ്പിക്കുന്ന സംവിധാനം ആണ് സഭകളില്‍ നിലവിലുള്ളത്.’ (ബിഷപ്പ് പാംപ്ലാനി)

എങ്കില്‍ സഭയോട് ഒരു ചോദ്യം? നിയമ വ്യവസ്ഥിതിയില്‍ സമ്പാദിച്ചിട്ടുള്ള സ്വത്തുക്കളുടെയും അതിലെ വരുമാനങ്ങളെപ്പറ്റിയുള്ള വിവരങ്ങളും ഏതെങ്കിലും ഇടവക യോഗങ്ങളില്‍ സമര്‍പ്പിച്ചിട്ടിണ്ടോ? ഒരു അല്മായന്‍ ആവശ്യപ്പെട്ടാല്‍ വരവ് ചെലവ് കോപ്പി നല്‍കുമോ? വിദേശപ്പണത്തിന്റെ കണക്ക് റിസര്‍വ് ബാങ്ക് വഴിയാകണമെന്ന് നിയമമുണ്ട്. അങ്ങനെയുള്ള നിയമങ്ങള്‍ സഭ പാലിക്കാറുണ്ടോ?

8.’സഭയുടെ സ്വത്തുക്കളില്‍ തര്‍ക്കങ്ങളുണ്ടായാല്‍ തീരുമാനം ഉണ്ടാക്കാനായി ഒരു ട്രിബുണലിന്റെ തീരുമാനം അന്തിമമെന്നു ചര്‍ച്ച് ആക്റ്റ് പറയുന്നു. ട്രിബുണലിന്റെ നിയമനം ബില്ലില്‍ക്കൂടി പൊതു പണം നശിപ്പിക്കുന്നു. രാജ്യത്തിലെ കോടതികളെ തിരസ്‌ക്കരിക്കുന്നു.’ (ബിഷപ്പ് പാംപ്ലാനി)

a4സഭയുടെ സാമ്പത്തിക പ്രശ്‌നങ്ങളിന്മേല്‍ മെത്രാന്മാര്‍ കൈക്കൊണ്ടിരുന്ന തീരുമാനങ്ങള്‍ ട്രിബുണലിന് വിടുന്നതില്‍ അവര്‍ എതിര്‍ക്കുന്നു. വിശ്വാസികള്‍ സ്വരൂപിച്ച സ്വത്തുക്കള്‍ തീരുമാനം എടുക്കേണ്ടത് വിശ്വാസികള്‍ നിയമിക്കുന്ന ട്രിബുണലുകളാണ്. അനധികൃതമായി സ്വത്ത് കൈവശം വെച്ചുകൊണ്ടിരിക്കുന്ന അഭിഷിക്തരോ, പുരോഹിതരോ അല്ലെന്നുള്ള വസ്തുതയും ചിന്തിക്കണം. ഒരു സംസ്ഥാനം നിയമിക്കുന്ന ട്രിബുണലിന്റെ വിധി അന്തിമമെന്നു ചര്‍ച്ച് ആക്റ്റില്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ അത് ബിഷപ്പ് പാംപ്ലാനിപറയുന്നപോലെ രാജ്യത്തെ സുപ്രീം കോടതിയെയോ ഹൈക്കോടതിയെയോ ചോദ്യം ചെയ്യലല്ല. ട്രിബുണലിന്റെ വിധി സ്വീകാര്യമല്ലെങ്കില്‍ സ്വത്തിന്മേലുള്ള അവകാശ തര്‍ക്കങ്ങള്‍ക്കായി ഹൈക്കോടതിയെയോ സുപ്രീം കോടതിയെയോ സമീപിക്കുന്നതില്‍ ചര്‍ച്ച് ആക്റ്റ് തടയുന്നില്ല. കൂടാതെ ഭാരിച്ച ചെലവുകളുമായി ഹൈക്കോടതിയിലോ സുപ്രീം കോടതിയിലോ പോവേണ്ട പല കേസുകളും ചെലവുകള്‍ ചുരുക്കി ട്രിബുണലിന് കൈകാര്യം ചെയ്യാന്‍ സാധിക്കും. മറ്റൊന്ന് കേസിന്റെ തീരുമാനങ്ങള്‍ക്കായി ഇന്നുള്ള വ്യവസ്ഥപോലെ പുരോഹിതര്‍ക്ക് മാത്രമല്ല അല്മായര്‍ക്കും കോടതികളില്‍ കേസുകള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുന്നതും ചര്‍ച്ച് ആക്റ്റിന്റെ സവിശേഷതയാണ്. ട്രിബുണലിന്റെ വിധി അത്യന്തകമാണെന്നുള്ള ബിഷപ്പിന്റെ പ്രസ്താവനയും ചര്‍ച്ച് ആക്റ്റിനെ സംബന്ധിച്ചുള്ള അജ്ഞതയില്‍ നിന്നും വന്ന അഭിപ്രായമെന്നും കരുതണം.

9. ‘ചര്‍ച്ച് ആക്റ്റ് നിര്‍മ്മിച്ചവര്‍ നിയമ പരിജ്ഞാനമില്ലാത്തവരാണ്, കമ്മ്യുണിസ്റ്റ്കാരുടെ അജണ്ടയാണ്, ബില്ല് സഭയെ ദോഷപ്പെടുത്തുന്നു. ‘ (ബിഷപ്പ് പാംപ്ലാനി)

പ്രസംഗ വേദികളിലും ഇടയലേഖനത്തില്‍ക്കൂടിയും ബിഷപ്പ് പാംപ്ലാനിയെപ്പോലുള്ള ഒരു സഭാ പണ്ഡിതന്‍ ഇത്രമാത്രം അബദ്ധജടിലങ്ങളായ വിവരങ്ങള്‍ പറയരുതായിരുന്നു. ഈ നിയമ നിര്‍മ്മാണത്തെ പൂര്‍ണ്ണമായി പിന്താങ്ങുന്ന ജസ്റ്റിസ് കെ.ടി. തോമസും അന്തരിച്ച വി. ആര്‍. കൃഷ്ണയ്യരും ബില്ലു പ്രാവര്‍ത്തികമാക്കുന്നതിനായി പ്രവര്‍ത്തിച്ച മഹാ വ്യക്തികളായിരുന്നുവെന്നും ബിഷപ്പ് മറക്കുന്നു. അവരെല്ലാം നിയമ പരിജ്ഞാനമില്ലാത്തവരെന്നുള്ള ധ്വാനിയും ബിഷപ്പ് പാംപ്ലാനിയുടെ പ്രസംഗത്തിലുണ്ടന്നല്ലേ കേള്‍ക്കുന്നവര്‍ ചിന്തിക്കേണ്ടത്.

10. ‘ട്രിബുണല്‍ എന്ന് പറയുന്നത് പൊതുമുതല്‍ കൊള്ളയടിക്കാന്‍ മറ്റൊരു സംവിധാനമെന്നാണ്’ ബിഷപ്പ് പാംപ്ലാനിയുടെ കണ്ടുപിടുത്തം.

ട്രിബുണലിലെ അംഗങ്ങള്‍ ജില്ലാ ജഡ്ജിയായി വിരമിച്ച വ്യക്തിയോ ജില്ലാ ജഡ്ജിയാകാന്‍ യോഗ്യതയുള്ളവരോ ഗവര്‍മെന്റ് സെക്രട്ടറി തലത്തില്‍ വിരമിച്ച വ്യക്തികളോ ആയിരിക്കണമെന്ന് സഭാ ബില്ലില്‍ നിഷ്‌ക്കര്‍ഷിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ ഏതു രാഷ്ട്രീയ പാര്‍ട്ടികള്‍ ഭരിച്ചാലും ഒരേ അധികാരമാണുള്ളത്. അവര്‍ക്ക് തീരുമാനങ്ങള്‍ എടുക്കാമെന്നല്ലാതെ ബിഷപ്പ് ഭയപ്പെടുന്നപോലെ സഭയുടെ സ്വത്തുക്കള്‍ ട്രിബുണലിന് കൈവശപ്പെടുത്താന്‍ സാധിക്കില്ല. ഭരിക്കുന്ന രാഷ്ട്രീയ കക്ഷികള്‍ സഭയുടെ അധികാരം കയ്യടക്കാന്‍ വേണ്ടി ട്രിബുണല്‍ എന്ന പുകമറ സൃഷ്ടിച്ചുവെന്ന പാംപ്ലാനിയുടെ ആരോപണം തികച്ചും ബാലിശമാണ്.

11.’ചര്‍ച്ച് ആക്റ്റിലെ ‘ക്രിസ്ത്യാനി’യുടെ നിര്‍വചനത്തില്‍ ‘ദൈവപുത്രനായ യേശു ക്രിസ്തുവില്‍ വിശ്വസിക്കുന്നവനായിരിക്കണം. ബൈബിള്‍ വിശുദ്ധ ഗ്രന്ഥമായി അംഗീകരിച്ച വ്യക്തിയായിരിക്കണം.’ ഈ നിര്‍വചനത്തില്‍ അവ്യക്തതയുണ്ടെന്നാണ് ബിഷപ്പ് ധരിച്ചിരിക്കുന്നത്. ഇതില്‍ ഒരു വലിയ അപകടം ഒളിഞ്ഞിരിപ്പുണ്ടെന്നും അദ്ദേഹം പറയുന്നു. ‘സഭയില്‍ അംഗത്വം എന്ന് പറയുന്നത് കേവലം ബൈബിളില്‍ അല്ലെങ്കില്‍ ക്രിസ്തുവില്‍ വിശ്വാസവും ഉണ്ടെന്നുള്ളതല്ല, അത് സഭ നിര്‍ദേശിക്കുന്ന മാമ്മോദീസ സ്വീകരിച്ച് സഭയുടെ വ്യവസ്ഥാപിതമായ മാര്‍ഗങ്ങളുടെ അംഗത്വം എടുക്കുന്നവരും ആ സഭയില്‍ വിശ്വാസം പരിശീലിക്കുന്നവരും സഭയുടെ മാര്‍ഗ നിര്‍ദേശങ്ങള്‍ അനുസരിച്ച് ജീവിക്കുന്നവരുമാണ് സഭയിലെ വിശ്വാസി. എന്നാല്‍ ഇതൊന്നുമില്ലാതെ ക്രിസ്ത്യാനിയെ അംഗീകരിക്കേണ്ട നിലപാട് സഭാനേതൃത്വത്തിന്റെ മുമ്പില്‍ ഈ ബില്ല് കൊണ്ടുവരുന്നുണ്ട്.’ (ബിഷപ്പ് പാംപ്ലാനി)

a5ആയിരക്കണക്കിന് ക്രിസ്ത്യന്‍ സഭകള്‍ ഉള്ളപ്പോള്‍ പ്രത്യേകമായ ഒരു സഭയുടെ കുമ്പസാരവും ആദികുര്‍ബാനയും ചര്‍ച്ച് ആക്റ്റില്‍ ചേര്‍ക്കണമെന്നുള്ള ബിഷപ്പിന്റെ യുക്തിവാദം മനസിലാകുന്നില്ല. അതിലെ അപകടവും വ്യക്തമാകുന്നില്ല. ബിഷപ്പിന് ക്രിസ്ത്യാനിയെന്ന നിര്‍വചനം തൃപ്തികരമല്ലെങ്കില്‍, കത്തോലിക്കനെന്ന ഒരു നിര്‍വചനംകൂടി ബില്ലില്‍ ചേര്‍ക്കാന്‍ നിയമ നിര്‍മ്മാണക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാവുമെന്ന് തോന്നുന്നില്ല.

12. ‘പള്ളിവക ഇടവകകളില്‍ ഒരു കേസ് ട്രിബുണല്‍ കൈകാര്യം ചെയ്യുന്നുവെന്ന് വിചാരിക്കുക. കേസ് കഴിയുന്നത് വരെ ആ പള്ളിയിലെ വികാരിയെ മറ്റൊരു സ്ഥലത്തേക്ക് മാറ്റുക എന്നുള്ളതും അസാധ്യമായി തീരും. സഭയുടെ ആഭ്യന്തര കാര്യങ്ങളില്‍ അരാജകത്വം സൃഷ്ടിക്കാന്‍ പോവുന്ന ഒരു ബില്ലാണ് ഇത്. ട്രിബുണലില്‍ ആരെങ്കിലും സാക്ഷി പറയാന്‍ വന്നാല്‍ പോലും ഭൂകമ്പം സൃഷ്ടിക്കുകയും ചെയ്യും.’ (ബിഷപ്പ് പാംപ്ലാനി)

ഇടവകക്കാര്‍ക്ക് സ്വീകാര്യനായ വികാരിയെ ഇടവകക്കാരല്ലേ തീരുമാനിക്കേണ്ടത്. അതും ട്രിബുണലിന്റെ തീരുമാനവുമായി എന്ത് ബന്ധം? ചര്‍ച്ച് ആക്റ്റ് നിയമം ആയാല്‍ സഭാസ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്ന വ്യക്തി വികാരിയല്ല. പള്ളിയുടെ ട്രസ്റ്റി ബോര്‍ഡായിരിക്കും. വികാരിയുടെ സ്ഥലം മാറ്റത്തിനു തടസമുണ്ടാകുമെന്ന് തോന്നുന്നില്ല. അക്കാര്യത്തിലും ബിഷപ്പ് പാംപ്ലാനിയുടെ അഭിപ്രായത്തില്‍ യുക്തിയുമില്ല.

13.’പള്ളിയിലെ ഭൂരിപക്ഷം വ്യക്തികളും എടുക്കുന്ന തീരുമാനത്തിനെതിരെ ഏതെങ്കിലും ഒറ്റപ്പെട്ട വ്യക്തിക്കും ട്രിബുണലില്‍ പരാതി നല്‍കാം. അതിന് വഴിയൊരുക്കുന്നത് ജനാധിപത്യ സ്വഭാവത്തെ കൊഞ്ഞനം കുത്തി കാണിക്കുന്നതിന് തുല്യമാണ്. ഉദാഹരണമായി ഒരു ഫൊറാന പള്ളിയില്‍ ആയിരം പേരുണ്ടെന്ന് വിചാരിക്കുക. അതില്‍ ഒരു പള്ളി പണിയാന്‍ 999 പേരും ഒപ്പിട്ടു. ഒപ്പിടാത്ത ഒരാള്‍ക്ക് ട്രിബുണലില്‍ പോകാമെന്നും തടസങ്ങള്‍ ഉണ്ടാക്കാമെന്നും ബില്ലില്‍ നിന്നും മനസിലാക്കുന്നു. പരാതിയുള്ള ആള്‍ക്ക് അയാള്‍ പള്ളിയില്‍ നിത്യം വരുന്നവനാണെങ്കിലും വരാത്തവനെങ്കിലും അയാള്‍ക്ക് ഈ തീരുമാനത്തെ ചോദ്യം ചെയ്യാമെന്നതും ബില്ലിന്റെ പ്രത്യേകതയാണ്'(ബിഷപ്പ് പാംപ്ലാനി).

പള്ളിയുടെ നിയമങ്ങളും പാലിച്ച് പള്ളിക്ക് കൊടുക്കാനുള്ള കുടിശിഖയും നല്‍കി പള്ളിയുടെ ആചാരങ്ങളില്‍ പങ്കുകൊള്ളുന്നവര്‍ക്കേ പള്ളിയോഗങ്ങളില്‍ അംഗങ്ങളാകാന്‍ അര്‍ഹതയുള്ളൂവെന്നും ചര്‍ച്ച് ആക്റ്റില്‍ പറയുന്നുണ്ട്. സര്‍ക്കാര്‍ ട്രിബുണലിനെ തിരഞ്ഞെടുക്കുന്നതു പള്ളി കമ്മറ്റിക്കാരോടുകൂടിയും ആലോചിച്ചിട്ടാണ്. അവിടെ ഓരോരുത്തരുടെയും വ്യക്തിസ്വാതന്ത്ര്യവും കണക്കാക്കണം. എങ്കിലും ട്രിബുണലിന്റെ അവസാന തീരുമാനത്തെ ചോദ്യം ചെയ്യണമെങ്കില്‍ അയാള്‍ക്ക് കോടതികളെ അഭയം പ്രാപിക്കേണ്ടി വരും. ഒരു വ്യക്തി മാത്രമായി ഭാരിച്ച ചെലവുകളും താങ്ങി കോടതികളെ സമീപിക്കാനുള്ള സാധ്യതകളും കുറവാണ്.

14. ‘ഈ ബില്ല് സഭയുടെ പൊതുവികാരത്തെ എത്രമാത്രം അവഗണിക്കുന്നുണ്ടെന്നും കണക്കാക്കേണ്ടിയിരിക്കുന്നു. വിശ്വാസികള്‍ക്ക് കാര്യക്ഷമമായി പ്രവര്‍ത്തിക്കാനും തുല്യതയ്ക്കും വേണ്ടിയാണ് ബില്ല് എന്ന് ബില്ലിനെ അവതരിപ്പിക്കുന്നവര്‍ പറയുന്നു. അങ്ങനെയെങ്കില്‍ നിലവിലുള്ള പള്ളി കമ്മറ്റികള്‍ പുനരുദ്ധരിച്ച് കാര്യക്ഷമത വരുത്തുകയായിരുന്നു വേണ്ടിയിരുന്നത്.’ (ബിഷപ്പ് പാംപ്ലാനി)

നിലവിലുള്ള സാമ്പത്തിക ഇടപാടുകളില്‍ അല്‌മെനിയെ അടുപ്പിക്കാറില്ല. ചര്‍ച്ച് ആക്റ്റ് നടപ്പിലാവുമെങ്കില്‍ പള്ളിയുടെ ഇടവക കമ്മറ്റികള്‍ കൂടുതല്‍ ഉത്തരവാദിത്വം ഉള്ളവരാകും. പുരോഹിതര്‍ക്ക് തീരുമാനങ്ങള്‍ സ്വന്തമായി എടുക്കാന്‍ സാധിക്കില്ല. പള്ളി പണിയും മരാമത്തുപണിയും പുരോഹിതര്‍ക്ക് നേതൃത്വം നല്‍കേണ്ടി വരില്ല. അവരുടെ ഉത്തരവാദിത്വങ്ങള്‍ക്കും കുറവ് വരാം. മാന്യമായ ശമ്പളം ഇടവക വരുമാനത്തില്‍ നിന്ന് പുരോഹിതര്‍ക്ക് ആവശ്യപ്പെടുകയും ചെയ്യാം!

15. ‘ഇടവക തലത്തില്‍, രൂപത തലത്തില്‍ സംസ്ഥാന തലത്തില്‍ ബോര്‍ഡ് ഉണ്ടാവുമ്പോള്‍ അവിടെ സര്‍ക്കാര്‍ തലത്തില്‍ ഒരു ഡയറക്റ്റര്‍ വരുമെന്നുള്ളതാണ് പ്രത്യേകത. സര്‍ക്കാരിന്റെ ഡയറക്റ്റര്‍ പദവി ബില്ലില്‍ പറഞ്ഞിട്ടില്ലെങ്കിലും ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും കമ്മറ്റികള്‍ സംഘടിപ്പിക്കുമ്പോള്‍ സര്‍ക്കാര്‍ തലത്തില്‍ നിയന്ത്രണം വരുമെന്നുള്ളതും തീര്‍ച്ചയാണ്. ഏതു സര്‍ക്കാരിനും സഭയെ കൂച്ചുവിലങ്ങിടാവുന്ന ഒരു ബില്ലാണിത്.’ (ബിഷപ്പ് പാംപ്ലാനി)

ബിഷപ്പ് പാംപ്ലാനിയുടെ വാക്കുകളില്‍നിന്നും മനസിലാകുന്നത് അദ്ദേഹവും സഭയുടെ തലപ്പത്തിരിക്കുന്നവരും സര്‍ക്കാരിനെ ഭയപ്പെടുന്നുവെന്നാണ്. ചര്‍ച്ച് ആക്റ്റ് പാസായാലും സഭയുടെ സ്വത്തുക്കളില്‍ സര്‍ക്കാരിന് യാതൊരു നേട്ടവുമില്ല. സര്‍ക്കാരിന്റെ ചുമതലകളില്‍ പ്രവര്‍ത്തിക്കുന്ന ദേവസ്വം ബോര്‍ഡില്‍പ്പോലും കിട്ടുന്ന വരുമാനം ദേവസ്വം ബോര്‍ഡില്‍ ‘ദൈവം’ ഒരു വ്യക്തിയെന്നപോലെ നിക്ഷേപിക്കുകയാണ്. ചര്‍ച്ച് ആക്റ്റിനെ സംബന്ധിച്ച് സഭയുടെ സ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്നത് വിശ്വാസികളാണ്. വലിയ ഭൂസ്വത്തും സാമ്പത്തികവും കൈകാര്യം ചെയ്യുമ്പോള്‍ സര്‍ക്കാര്‍ ചുമതലയില്‍ ഓഡിറ്റിങ്ങ് ആവശ്യമാണ്. സാമ്പത്തിക ശാസ്ത്രം അനുസരിച്ചും രാജ്യത്തിന്റെ മൊത്തം വരുമാനം അളക്കുന്നതിനുള്ള മാനദണ്ഡത്തിനും (Gross national products) വന്‍കിട സ്വത്തുക്കളുടെ ഓഡിറ്റിങ്ങുകള്‍ സഹായകമാകും.

സഭയിന്ന് കൊഴുത്ത ആസ്ഥികളുള്ള പ്രസ്ഥാനമായി വളര്‍ന്നു കഴിഞ്ഞു. വന്‍കിട റീയല്‍ എസ്‌റേറ്റുകളും, വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രികളും വിജയകരമായി നടത്തുന്നു. പിരിവുകളും നേര്‍ച്ചകളും, വിദേശപ്പണവും ഏതാനും പുരോഹിതരുടെയും ബിഷപ്പുമാരുടെയും രഹസ്യ അറകളില്‍ മാത്രം സൂക്ഷിക്കുന്നു. കൂടാതെ പട്ടണം തോറും ഷോപ്പിംഗ് കോമ്പ്‌ലെക്‌സുകള്‍ പണി കഴിപ്പിച്ച് സഭയെ ഒരു വ്യവസായ ശാലയാക്കി മാറ്റി. പാവപ്പെട്ട നേഴ്സുമാരെയും പ്രൈവറ്റ് അദ്ധ്യാപകരെയും പരമാവധി ചൂഷണം ചെയ്തു തുച്ഛമായ ശമ്പളത്തില്‍ അവരെക്കൊണ്ട് പണിയും ചെയ്യിപ്പിച്ച് ചൂഷകരായി ഏതാനും പുരോഹിതരും ബിഷപ്പുമാരും ആഡംബര ഭ്രമികളായി ജീവിക്കുന്നു. അവരാണ് ചര്‍ച്ച് ആക്റ്റിനെതിരെ കുടയും പിടിച്ച് തെരുവുകളില്‍ ഇന്ന് പ്രചരണത്തിനായി ഇറങ്ങിയിരിക്കുന്നത്.

വാസ്തവത്തില്‍ സഭയുടെ വന്‍കിട വ്യവസായ സ്ഥാപനങ്ങള്‍ ഉള്‍പ്പടെ സഭയുടെ സ്വത്തുക്കളെല്ലാം ഒരു ചാരിറ്റബിള്‍ സംഘടനയായിട്ടാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അതുകൊണ്ട് സഭാ സ്വത്തുക്കളില്‍ സഭയ്ക്ക് സര്‍ക്കാരില്‍ നികുതികള്‍ കൊടുക്കേണ്ട ആവശ്യമില്ല. സഭയുടെ വാര്‍ഷിക റിപ്പോര്‍ട്ടോ, വരുമാനമോ ഒരു വിശ്വാസി അറിയുകയുമില്ല. ചില സഭകള്‍ സൊസൈറ്റി ആയി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും അതിലെ കണക്കുകള്‍ പാസാക്കുന്നത് അതിലെ അംഗങ്ങളോ ജനറല്‍ ബോഡിയോ ആയിരിക്കില്ല. സഭയുടെ വരുമാനകണക്കുകള്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള രജിസ്റ്റര്‍ ഓഫിസില്‍ ബോധിപ്പിച്ചാല്‍ തന്നെയും ഒരു വിശ്വാസിക്ക് അതിന്റെ കണക്ക് ലഭിക്കില്ല. കണക്കില്ലാത്ത വിദേശപ്പണം ചാരിറ്റബിളിന്റെ മറവില്‍ റിസേര്‍വ് ബാങ്കിനുപോലും ചോദ്യം ചെയ്യാന്‍ അവകാശമില്ല.

സഭയുടെ കുത്തഴിഞ്ഞ സാമ്പത്തിക ഇടപാടുകള്‍ക്ക് ഒരു അറുതി കണ്ടെത്താന്‍ ചര്‍ച്ച് ആന്‍ഡ് പ്രോപ്പര്‍ട്ടി ആക്ട് സഹായകമാകും. ചര്‍ച്ച് ആക്ട് നിയമം ആയാല്‍ സഭാ സ്വത്തുക്കള്‍ സംബന്ധിച്ചുള്ള തര്‍ക്കങ്ങള്‍ ട്രിബുണല്‍ കൈകാര്യം ചെയ്തുകൊള്ളും. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഒരു സംവിധാനം ഉണ്ടാകുന്നുവെന്നാണ് ചര്‍ച്ച് ആക്റ്റിന്റെ പ്രസക്തി. ഞായറാഴ്ച പിരിവുകളുടെ കണക്കുകള്‍ എത്ര കിട്ടിയെന്ന് പള്ളിയില്‍ വിളിച്ചു പറയാറുണ്ട്. പക്ഷെ എത്ര ചെലവഴിച്ചുവെന്ന് വിവരങ്ങള്‍ ഇവര്‍ പുറത്തു വിടുകയുമില്ല. സര്‍ക്കാരില്‍ നിന്നും വളഞ്ഞ വഴികളില്‍ പണം നേടാറുണ്ട്. പണം വരുന്നുവെന്ന് അറിയാമെന്നല്ലാതെ പണം എവിടെ പോവുന്നുവെന്ന് ആര്‍ക്കും നിശ്ചയമില്ല. ഓഡിറ്റ് ചെയ്ത കണക്കുകള്‍ വിശ്വാസികള്‍ക്കായി പ്രസിദ്ധീകരിക്കുകയുമില്ല.

ചര്‍ച്ച് ആക്റ്റ് നടപ്പാക്കുന്നതിനെതിരെ ബിഷപ്പുമാരും പുരോഹിതരും പ്രതിക്ഷേധങ്ങളുമായി രംഗത്ത് ഇറങ്ങിയിരിക്കുന്നത് അല്‌മെനികളുടെ ഗുണത്തിന് വേണ്ടിയല്ല, സഭാസ്വത്തിന്മേല്‍ പുരോഹിതര്‍ക്കുള്ള ആധിപത്യം നഷ്ടപ്പെടുമെന്ന ഭയം അവരെ അലട്ടുന്നു. സര്‍ക്കാരിന് സാമ്പത്തിക ലാഭമില്ലെങ്കിലും സര്‍ക്കാരില്‍ നിന്നുമുള്ള ഓഡിറ്റിങ്ങിനെ അവര്‍ ഭയപ്പെടുന്നു. ചര്‍ച്ച് ആക്റ്റ് പാസായാല്‍ പള്ളികള്‍ക്കും രൂപതകള്‍ക്കുമുള്ള വരുമാന സ്രോതസുകളെപ്പറ്റിയുള്ള ശരിയായ കണക്കുകള്‍ കൊടുക്കേണ്ടി വരും. തുച്ഛമായ ശമ്പളം നേഴ്‌സുമാര്‍ക്കും അധ്യാപകര്‍ക്കും കൊടുത്താണ് ഇവര്‍ നേഴ്സിങ് സ്‌കൂള്‍ മുതല്‍ സൂപ്പര്‍ സ്‌പെഷ്യലിറ്റി ഹോസ്പിറ്റലുകള്‍ വരെ നടത്തുന്നത്. വിദ്യാര്‍ഥികളെ സ്‌കൂളില്‍ ചേര്‍ക്കുമ്പോഴുള്ള സംഭാവന, പഠനം കഴിഞ്ഞു ജോലി കിട്ടാനും ലക്ഷങ്ങള്‍ കോഴകള്‍ ഇതെല്ലാം പൂഴ്ത്തി വെയ്ക്കുന്ന പണത്തിലുള്‍പ്പെടും. ഹൈറേഞ്ചിലും, കിഴക്കും പടിഞ്ഞാറും ഇന്ത്യ മുഴുവനുമായി ആയിരക്കണക്കിന് ഏക്കര്‍ സ്ഥലങ്ങളും ബില്യണ്‍ കണക്കിന് രൂപ സ്വത്തു വകകളും സഭയ്ക്കുണ്ട്.

മുന്‍സുപ്രീം കോടതി ജഡ്ജി അന്തരിച്ച ശ്രീ വി. ആര്‍. കൃഷ്ണയ്യര്‍ ചെയര്‍മാനായ കമ്മിറ്റി തയാറാക്കിയ കേരള ചര്‍ച്ച് ആക്റ്റ് ബില്‍ ഒമ്പത് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും മെത്രാന്‍ലോകം ഗൌനിക്കുന്നില്ലെങ്കില്‍ സ്വേച്ഛാധിപത്യം തുടരുവാന്‍ പുരോഹിതര്‍ ആഗ്രഹിക്കുന്നുവെന്നു വേണം കരുതുവാന്‍. ചര്‍ച്ച് ആക്റ്റിനെ എതിര്‍ക്കുന്ന പുരോഹിതര്‍ തങ്ങളുടെ ധാര്‍മ്മിക ഉത്തരവാദിത്വത്തെ തികച്ചും നിരസിക്കുന്നുവെന്നല്ലേ ഇതില്‍നിന്നും മനസിലാക്കേണ്ടത്. വസ്തുനിഷ്ടമായി എന്തുകൊണ്ട് കാര്യങ്ങള്‍ ഗൌരവമായി പുരോഹിതരും അധികാര സ്ഥാനങ്ങളിലുള്ളവരും പരിഗണിക്കുന്നില്ല.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top