Flash News

കെ എച്ച് എന്‍ എ കണ്‍വന്‍ഷന്‍: വാഷിംഗ്ടണ്‍ ഡിസിയില്‍ ഉജ്ജ്വല ശുഭാരംഭം

March 7, 2019 , ശ്രീകുമാര്‍ പി

DC-Subharambham-1വാഷിംഗ്ടണ്‍: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ദ്വൈവാര്‍ഷിക ആഗോള ഹിന്ദു കണ്‍വെന്‍ഷന്റെ വാഷിംഗ്ടണ്‍ ഡിസിയിലെ ശുഭാരംഭം ഉജ്ജ്വലമായി. അമേരിക്കയിലെ ശബരിമല എന്നറിയപ്പെടുന്ന മെരിലാന്റിലെ ശിവവിഷ്ണു ക്ഷേത്രത്തില്‍ നടന്ന ചടങ്ങ് സംഘടനയുടെ ശക്തിയും കെട്ടുറപ്പും തെളിയിച്ചു. 2019 ആഗസ്റ്റ് 30 മുതല്‍ സെപ്റ്റംബര്‍ 2 വരെ ന്യൂജഴ്‌സിയിലെ ചെറി ഹില്‍ ക്രൗണ്‍ പ്ലാസാ ഹോട്ടലില്‍ നടക്കുന്ന പത്താമത് കണ്‍‌വന്‍ഷന്റെ മുന്നോടിയായിട്ടാണ് വിവിധ നഗരങ്ങളില്‍ ശുഭാരംഭം പരിപാടി നടക്കുന്നത്.

പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വീരമൃത്യു വരിച്ച ധീരജവാന്മാരുടെ ആത്മശാന്തിക്കായി മൗന പ്രാര്‍ത്ഥനയോടെയാണ് ചടങ്ങ് തുടങ്ങിയത്.

പ്രാര്‍ത്ഥാനാ ഗീതത്തോടെ ആരംഭിച്ച പരിപാടിക്ക് മുന്‍ പ്രസിഡന്റ് എം ജി മേനോന്‍ സ്വാഗതമാശംസിച്ചു. കെ എച്ച് എന്‍ എ യുടെ വളര്‍ച്ചക്ക് എല്ലാ ഹിന്ദുക്കളും ഒറ്റക്കെട്ടായി നിന്ന് പിന്തുണക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

DC-Subharambham-3കെ. എച്ച്. എന്‍. എ പ്രസിഡന്റ് ഡോ. രേഖാ മേനോന്‍ ആയിരുന്നു ഉദ്ഘാടക. നിലവിളക്കില്‍ ദീപം തെളിച്ചതോടെ പരിപാടികള്‍ക്ക് തുടക്കമായി. നാട്ടിലെ കലകളും, സംസ്‌കാരവും, പാരമ്പര്യവും, ഭാഷയും മറ്റും പുതിയ തലമുറകളിലൂടെ നിലനില്‍ക്കേണ്ടതിന്റെ പ്രാധാന്യം ഉദ്ഘാടന പ്രസംഗത്തില്‍ ഡോ. രേഖാ മേനോന്‍ സൂചിപ്പിച്ചു. സന്നിഗ്ദ്ധഘട്ടങ്ങളിലൂടെ കടന്നുപോകുന്ന ഹിന്ദുസമൂഹം ഒന്നിച്ചുനില്‍ക്കേണ്ടതിന്റെ ആവശ്യകതയും, കെ എച്ച് എന്‍ എയും പോഷകസംഘടനകളും അതിന് നല്‍കുന്ന സഹായങ്ങളും ഡോ. രേഖാ മേനോന്‍ വ്യക്തമാക്കി.

കെ എച്ച് എന്‍ എ ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ രതീഷ് നായര്‍ കണ്‍വെന്‍ഷനിലെ കാര്യപരിപാടികളെക്കുറിച്ച് വിശദീകരിച്ചു. രജിസ്‌ട്രേഷന്‍ ചെയര്‍മാന്‍ അരുണ്‍ നായര്‍ രജിസ്‌ട്രേഷന്‍ കിക്കോഫ് നിര്‍വ്വഹിച്ചു.

DC-Subharambham-2കൈകൊട്ടിക്കളി, ലക്ഷ്മീഭാവ നൃത്തം, മറ്റ് നൃത്തനൃത്യങ്ങള്‍ എന്നിവ ചടങ്ങിന് മാറ്റ് കൂട്ടി. ഹരി കപ്പിയൂര്‍, രാജ് കുറുപ്പ്, ബാബു ജനാര്‍ദ്ദനന്‍ എന്നിവരുടെ ഗാന ആലാപനങ്ങള്‍ ചടങ്ങിനെ ഭക്തി സാന്ദ്രമാക്കി. ലക്ഷ്മിക്കുട്ടി പണിക്കര്‍, പീറ്റ് തൈവളപ്പില്‍, നാരായണന്‍ കുട്ടി മേനോന്‍, സ്മിത മേനോന്‍, അരുണ്‍ രഘു, രതി മേനോന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടികള്‍ വര്‍ണ്ണശബളമായി നടത്തിയത്. കെ എച്ച് എന്‍ എ വാഷിംഗ്ടണ്‍ ഡിസി റീജിയന്‍ വൈസ് പ്രസിഡന്റ് ആയി വൃന്ദ സുരേഷിനെ തിരഞ്ഞെടുത്തു.

ആഗോള കണ്‍വെന്‍ഷനില്‍ മഹദ് വ്യക്തിത്വങ്ങളുടെ പ്രഭാഷണങ്ങള്‍, നൃത്തനൃത്യങ്ങള്‍, കലാമത്സരങ്ങള്‍, കച്ചേരികള്‍ എന്നിവയൊക്കെ ഉണ്ടായിരിക്കുന്നതാണെന്നും പങ്കെടുക്കുന്നവര്‍ക്ക് അത് മറക്കാന്‍ പറ്റാത്ത അനുഭൂതിയായിരിക്കുമെന്നും സംഘാടകര്‍ അറിയിച്ചു.

വടക്കേ അമേരിക്കയില്‍ പ്രവാസികളായിട്ടുള്ള ഹിന്ദുക്കളുടെയിടയില്‍ സനാതനധര്‍മ്മസംരക്ഷണാര്‍ത്ഥം സ്വാമി സത്യാനന്ദ സരസ്വതിയുടെ മേല്‍നോട്ടത്തില്‍ എല്ലാ ഹിന്ദുക്കളെയും ഒരുമിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2001 ലാണ് കെ എച്ച് എന്‍ എ രൂപീകൃതമായത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: http://www.namaha.org

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top