Flash News

കര്‍ത്താവിന്റെ മണവാട്ടിമാരുടെ “മീ ടൂ”വിന്റെ ഊറ്റം ! (ഭാഗം 2)

March 11, 2019 , ജോര്‍ജ് നെടുവേലില്‍, ഫ്ലോറിഡ

Karthavinte banner-1മധ്യകാലഘട്ടമനസ്ഥിതിയില്‍ അഭിരമിക്കുന്ന സഭാമേധാവികള്‍ ഇന്നും സഭയില്‍ ധാരാളമുണ്ട്. മോഹിനികളുടെ പ്രലോഭനത്തിനു വശംവദരായാണ് ചില പുരോഹിതന്മാരും, മെത്രാന്മാരും കന്യാസ്ത്രീകളെ ലൈoഗികമായി പീഡിപ്പിക്കുന്നതെന്നാണ് അവരുടെ മതം. ഇരകളായ കന്യാസ്ത്രീകള്‍ പ്രായപൂര്‍ത്തിയായവരായതിനാല്‍ അവരെയും തെറ്റുകാരായി കണക്കാക്കണമെന്നാണ് അത്തരം സഭാമേധാവികള്‍ വാദിക്കുന്നത്.

മിക്കപ്പോഴും, കന്യാസ്ത്രികള്‍ പുരോഹിതരുടെ ലൈംഗിക ചൂഷണത്തിന് വിധേയരാകുന്നത് അവരുടെ അദ്ധ്യാന്മിക നേതൃത്വ സംബന്ധമായ ഇടപെടലിലാണ്. കാലക്രമേണ ഈ ബന്ധപ്പെടലിനെ ലൈ൦ഗിക ബന്ധത്തിലേക്ക് വഴിതിരിച്ചു വിടുന്നു. പുരോഹിതന്മാരുടെ ബാലപീഡനത്തിലും ഹേതുവാകുന്നത് ഇമ്മാതിരി അടുത്ത ബന്ധപ്പെടലുകളാണ്.

ആഫ്രിക്കയിലും ഇന്‍ഡ്യയിലുമാണ് കന്യാസ്ത്രീ പീഡനം ഏറിയിരിക്കുന്നത്. മറ്റു പ്രദേശങ്ങളില്‍നിന്നുമുള്ള സാംസ്‌ക്കാരികമായ വ്യത്യാസമാണ് ഇതിന് കാരണമായി ചില സഭാമേധാവികള്‍ക്കു ചൂണ്ടിക്കാട്ടാനുള്ളത്. താരതമ്മ്യേന, സാധു കുടുംബങ്ങളിലെ പെൺമണികളാണ് കർത്താവിന്റെ മണവാട്ടിപദം കാംക്ഷിക്കുന്നത്. കഞ്ഞികുടിക്കുള്ള മുട്ടും, കെട്ടിച്ചു വിടാനുള്ള മാതാപിതാക്കളുടെ കഴിവുകേടും കണ്ട് മനംനൊന്ത് ഗത്യന്തരമില്ലാതെ അവര്‍ മഠത്തിന്റെ മതില്‍ക്കെട്ടിനുള്ളിലേക്കു കണ്ണുമടച്ചു ഓടിക്കയറുന്നു. അവിടെ അവരുടെ എല്ലാ ആവശ്യങ്ങള്‍ക്കും ആശ്രയം പുരോഹിതന്മാരാണ്. ഈ സാഹചര്യത്തില്‍ ലൈംഗിക തൃഷ്ണ മൂത്ത പുരോഹിതന്മാരുടെ ഇ൦ഗിതത്തിന് ഇരയാകേണ്ടി വരുന്നത് സ്വാഭാവികമാണ്. സ്ത്രീസഹജമായ അത്യനുവര്‍ത്തിത്ത സ്വഭാവമുള്ളവര്‍ പ്രത്യേകിച്ചും ചൂഷണത്തിന് ഇരയാകുമെന്നതിന് സംശയമില്ല.

പുരോഹിതന്മാരുടെ കന്യാസ്ത്രീകളോടുള്ള ലൈംഗികാതിക്രമത്തിന് അറുതി വരാതെ അഭംഗുരം തുടരുന്നതിന് മറ്റൊരു പ്രധാന കാരണമുണ്ട്‌. കന്യാസ്ത്രി സമൂഹത്തിന്റെ തലൈവികള്‍ പുരോഹിതന്മാരില്‍നിന്നും കന്യാസ്ത്രികള്‍ക്കുണ്ടാകുന്ന അക്കിടികള്‍ മൂടിമറച്ചുവയ്ക്കാന്‍ ബാധ്യസ്ഥരാണ്. വിശുദ്ധ സഭയുടെ സല്‍പ്പേരിന് കളങ്കം വരാതിരിക്കാന്‍ എന്തു മാര്‍ഗ്ഗവും സ്വീകരിക്കണമെന്നുള്ളത് സഭയുടെ അലിഖിത നിയമമാണ്. ലോകത്തിന്റെ നാനാഭാഗത്തും മെത്രാന്മാര്‍ പുരോഹിതരുടെ “പിള്ളേരു കളിയെ”, കന്യാസ്ത്രികളുടെ വിശുദ്ധ ഗര്‍ഭത്തെ, മഠങ്ങളിലെ മറിമായ മരണങ്ങളെ എല്ലാം എല്ലാം മറച്ചുവയ്ക്കാന്‍ കോടികള്‍ വാരിയെറിയുന്നു. സിസ്റ്റര്‍ അഭയയുടെ മരണവും, മറിയക്കുട്ടിയുടെ മരണവും വിധവകളുടെ ചില്ലിക്കാശ് മൂടിമറച്ചിരിക്കുന്നു. ഫാദര്‍ റോബിന്‍ പിതാവായശേഷം, കർത്താവിന്റെ ചില മണവാട്ടിമാരും, കന്യാസ്ത്രി ഡോക്ടര്‍മാരും, കത്തനാരന്മാരും കളങ്കം കഴുകിക്കളയാന്‍ ‘വിശുദ്ധ തിരിമറികള്‍’ തീഷ്ണതയോടെ സ്വീകരിച്ചു. അരിയാഹാരം കഴിക്കുന്നവര്‍ക്കെല്ലാം ഇവ മനഃപ്പാഠമാണ്.

സഭയില്‍ മറ്റൊരു അലിഖിതനിയമവും നിലവിലുള്ളതായി തോന്നുന്നു: ‘അപകടസൂചനകളെ അറിഞ്ഞില്ലെന്ന് നടിക്കുക’ എന്നതാണത്. അറിയാത്ത കാര്യങ്ങളില്‍ നടപടി വേണ്ടല്ലോ! 1964 – ല്‍, മൗറാ ഡോണോഹൂ എന്നൊരു കന്യാസ്ത്രി, 23 രാജ്യങ്ങളില്‍ കന്യാസ്ത്രികള്‍ക്ക് പുരോഹിതന്മാരില്‍നിന്നും നേരിട്ട ലൈ൦ഗികാതിക്രമങ്ങളെപ്പറ്റിയുള്ള സ്ഥിതിവിവരണക്കണക്കുകള്‍ ശേഖരിക്കുകയുണ്ടായി. ആഫ്രിക്കയില്‍ പ്രസ്തുത പ്രശ്നം വിപുലമായി വ്യപകമാണെന്ന് കാണപ്പെട്ടു. എയിഡ്സ് ബാധയെ ഭയപ്പെടുന്ന പുരോഹിതര്‍ പേടിയില്ലാതെ സമീപിക്കാന്‍ കന്യസ്ത്രികളെ കരുവാക്കുന്നതായി തെളിഞ്ഞു. 2001-ല്‍ ദി നാഷണല്‍ കാത്തലിക് റിപ്പോര്‍ട്ടര്‍, കന്യാസ്ത്രികള്‍ ശേഖരിച്ചു നല്‍കിയ, കന്യാസ്ത്രികളുടെ ഗര്‍ഭധാരണത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പരസ്യമാക്കുകയുണ്ടായി. ഒരു കന്യാസ്ത്രീ സമൂഹത്തില്‍ മാത്രം 29 പേരാണത്രെ വിശുദ്ധഗര്‍ഭത്തിന് അവകാശികളായത്.

പലപ്പോഴും, ഗര്‍ഭിണിയാകുന്ന കന്യാസ്ത്രിയെ, ഗര്‍ഭം അലസിപ്പിക്കുന്നതിന്, കാരണക്കാരനായ പുരോഹിതന്‍ നിര്‍ബന്ധിക്കുമായിരുന്നു. കന്യാസ്ത്രിയെ മഠത്തില്‍ നിന്നും പറഞ്ഞു വിടുകയും, പുരോഹിതനെ മറ്റൊരു പള്ളിയിലേക്ക് മാറ്റുകയോ, ഉപരിപഠനാര്‍ത്ഥം റോമിലേക്കോ മറ്റുസ്ഥലങ്ങളിലേക്കോ അയക്കുകയും ചെയ്യും.

പുരോഹിതന്മാര്‍ സമ്മാനിച്ച വിശുദ്ധ ഗര്‍ഭം അലസപ്പിക്കുവാന്‍, സമ്മാനിച്ചവരും, സഭയും കന്യാസ്ത്രികളെ നിര്‍ബന്ധിക്കാറുണ്ട്. ഇപ്രകാരമുള്ള ഗര്‍ഭച്ഛിദ്രങ്ങള്‍ സഭയുടെ കാതലായ പഠനങ്ങള്‍ക്ക് നിരക്കാത്തതാണെന്നു മാത്രമല്ല അതതു രാജ്യനിയമങ്ങളുടെ ലംഘനവുമാണ്. ഇവിടെ സഭ സ്വന്തം നിയമങ്ങളെയും പഠനങ്ങളെയും മാനിക്കുന്നില്ലെന്നു മാത്രമല്ല മറ്റുരാജ്യങ്ങളുടെ നിയമങ്ങളെ ലംഘിക്കുകയും, ലംഘിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു.

ആഫ്രിക്കയില്‍ വ്യാപകമായ ഈ പ്രശ്നത്തെപ്പറ്റിയുള്ള ആഫ്രിക്കന്‍ മെത്രാന്മാരുടെ പ്രതികരണം ശ്രദ്ധിക്കുക:’ഇമ്മാതിരി കൃത്യങ്ങള്‍ പുറത്തു പറയുന്നത് സഭയോട് കൂറില്ലാത്തവരാണ്.’

2013 -ല്‍, – ഫ്രാന്‍സിസ് പാപ്പാ പത്രോസിന്റെ സിംഹാസനത്തില്‍ അവരോധിക്കപ്പെട്ടശേഷം, ഉഗാണ്ടയിലെ ഒരു പുരോഹിതനായ ഫാദര്‍ അന്തോണി മുസാലയെ സഭാകാര്യങ്ങളില്‍ നിന്നും മാറ്റി നിറുത്തുകയും മാപ്പിരക്കുവാന്‍ കല്‍പ്പിക്കുകയും ചയ്തു. സഹപുരോഹിതരുടെ, കന്യാസ്ത്രികളുമായും മറ്റു സ്ത്രീകളുമായുള്ള ലൈംഗിക ബന്ധങ്ങളെപ്പറ്റി ഉല്‍ക്കണ്ട്ഠ പ്രകടിപ്പിച്ചതായിരുന്നു അദ്ദേഹം ചെയ്ത മൂര്‍ഖപാപം.

കുറ്റാരോപിതനായ ഫ്രാങ്കോ മുളയ്ക്കല്‍ മെത്രാന്‍ ആരോപണം നിഷേധിക്കുന്നെങ്കിലും, എണ്‍പതിലധികം കന്യാസ്ത്രികള്‍, കഴിഞ്ഞ ജൂലൈ മാസത്തില്‍ ഒരു കത്തിലൂടെ അദ്ദേഹത്തെ അജപാലനവൃത്തിയില്‍നിന്നും മാറ്റി നിറുത്തണമെന്ന് ആവശ്യപ്പെടുകയുണ്ടായി. വത്തിക്കാന്‍ കന്യാസ്‌തികളെ കേട്ടതായി മനസ്സിലാക്കുന്നു.

മൂന്നാം ലോകരാജ്യങ്ങളില്‍ മാത്രം നടമാടുന്നതാണ് പുരോഹിതരുടെ കന്യാസ്ത്രി പീഡനമെന്ന വാദത്തില്‍ കഴമ്പില്ല. അമേരിക്കയില്‍, ആഫ്രിക്കയില്‍, ആസ്ട്രേലിയായില്‍, ഏഷ്യയില്‍, യൂറോപ്പില്‍-എല്ലായിടത്തും ഈ പ്രശ്നം കത്തിനില്‍ക്കുന്നു. ലോകത്താകമാനമുള്ള സന്യാസിനീ സമൂഹങ്ങളുടെ ഉന്നതാധികാരികളുടെ സംഘടനയാണ്‌ U.I.S.G. കഴിഞ്ഞ നവംബര്‍ മാസത്തില്‍ അവര്‍ ഒരു അസാധാരണ പ്രസ്താവന പുറപ്പെടുവിച്ചു. പുരോഹിതന്മാരുടെ ലൈംഗികാതിക്രമങ്ങള്‍ക്കു ഇരയായ എല്ലാ സന്യാസിനികളും മുന്നോട്ടു വരാനും, സഭാധികൃതര്‍ക്കും, ഭരണാധികാരികള്‍ക്കും വിവരങ്ങള്‍ വിശദമായി നല്‍കുവാനും നിര്‍ദേശിച്ചു. തങ്ങള്‍ക്കു ലഭിക്കുന്ന വിവരങ്ങളിള്‍ വിളംബം വിനാ നടപടികള്‍ സ്വീകരിക്കുമെന്ന് U.I.S.G. ഉറപ്പു നല്‍കുകയുണ്ടായി. സ്ഥാപനത്തിന്റെ സല്‍പ്പേര് സംരക്ഷിക്കുവാന്‍ അതിക്രമങ്ങളെ മൂടിപൊതിഞ്ഞു വയ്ക്കുന്നതും, മൗനം ദീക്ഷിക്കുന്നതും അധിക്ഷേപാര്‍ഹമാണെന്നു U.I.S.G ശക്തമായി പ്രഖ്യാപിച്ചു.

കാലന്‍ വട്ടമിട്ടു നടക്കുന്ന കുറെ കിഴവന്മാരാണ് ‘o’ യോളം വട്ടമുള്ള വത്തിക്കാനില്‍ വിധവയുടെ ചില്ലിക്കാശുകൊണ്ട്‌ സുഖലോലുപരായി വിലസുന്നത്. അഗസ്റ്റിന്‍ പുണ്യാളന്‍ തുടങ്ങിയ കുറെ വേദവിദ്യാപാരംഗതന്‍മാര്‍ സ്ത്രീകളെ നന്നായി അനുഭവിച്ചശേഷം അവരെപ്പറ്റി കുറേയേറെ ഗീര്‍വാണങ്ങള്‍ രചിച്ചു വച്ചിട്ടുണ്ട്. അവയെല്ലാം ദൈവനിവേശിതങ്ങളാണെന്നാണ് വത്തിക്കാന്‍ വയസന്മാര്‍ ധരിച്ചുവച്ചിരിക്കുന്നത്. സഭയിലെ സന്യാസിനികള്‍ തേനീച്ചകളെപ്പോലെ പണിയെടുക്കണം, പുരോഹിത മാനസങ്ങളെ നൃത്തമാടിക്കണം, പുറത്താരോടും പറയരുത്. അങ്ങനെ പോകുന്നു അവരുടെ താല്‍പര്യങ്ങള്‍. ഇവയെല്ലാം 2000 സംവത്സരക്കാലത്തെ സഭാസംസ്ക്കാരത്തിന്റെ ഭാഗമാണെത്രേ!. ദേവനെ പ്രീതിപ്പെടുത്താന്‍ പൂജക്കു കോവിലില്‍ നൃത്തമാടുകയും പുമ്മാനസങ്ങളെ നൃത്തമാടിക്കുകയും ചെയ്ത് തേവിടിശ്ശി എന്ന പേരിനുടമയായത്, വള്ളത്തോള്‍ കൊച്ചുസീതയിലൂടെ നമുക്ക് വെളിവാക്കിയിട്ടുണ്ടല്ലോ!

അള്‍ത്താര അലങ്കരിക്കുകയും പൂക്കള്‍ ചൂടുകയും ചെയ്യുന്ന കര്‍ത്താവിൻെറ മണവാട്ടിമാരുടെ മറ്റൊരു ധര്‍മ്മമാണ് ദൈവത്തിന്റെ പ്രതിപുരുഷന്മാരായ പുരോഹിതന്മാരുടെ ഇ൦ഗിതങ്ങള്‍ക്ക് ഇരയാകുന്നത്.

വഞ്ചി സ്‌ക്വയറില്‍ മുഴങ്ങിയ കര്‍ത്താവിന്റെ മണവാട്ടികളുടെ Me Too വിന്റെ അനുരണനം ആഗോള സഭയിലെങ്ങും മാറ്റൊലിക്കൊണ്ടു. അര്‍ജുനന്റെ ശരംപോലെ ലക്ഷ്യവേദിയായി അത് ഭവിച്ചു. പുരോഹിതന്മാരുടെയും മെത്രാന്മാരുടെയും കന്യാസ്‍ത്രിപീഡനം ലോകത്തോട് തുറന്നു പറയാന്‍ സമയം വൈകിയെന്ന് മാര്‍പ്പാപ്പാ മനസിലാക്കി. വത്തിക്കാന്റെ നീണ്ടകാലത്തെ മൗനം വെടിഞ്ഞു. കുറ്റമേറ്റു പറഞ്ഞു.

ഇതിനിടയില്‍ ചിലിയിലെ ദേശീയ ടെലിവിഷന്‍ പ്രമാദമായ ഒരു വെളിപ്പെടുത്തല്‍ നടത്തി: “പുരോഹിത ലൈ൦ഗികാതിക്രമത്തിനിരയായ ചില കന്യാസ്ത്രികള്‍ അക്കാര്യം മേലധികാരികളെ അറിയിച്ചതിനും അവരുടെ ജ്യേഷ്ഠത്തി കന്യാസ്ത്രിയില്‍ നിന്നുമുണ്ടായ ദ്രോഹപരമായ പെരുമാറ്റത്തില്‍ പ്രതികരിച്ചതിനും പ്രതികാരമായി അവരെ മഠത്തിനു പുറത്താക്കി.” ഈ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ഡിസംബര്‍ മാസത്തില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ദി ഗുഡ് സാമരിറ്റനെതിരായി വത്തിക്കാന്‍ അന്വേഷണത്തിന് ഉത്തരവിടുകയുണ്ടായി.

വത്തിക്കാന്റെ മേല്‍പറഞ്ഞ കാല്‍വയ്‌പ്പുകള്‍ (കുട്ടിക്കാല്‍വയ്പ്പുകളെങ്കിലും) അനക്കത്തിന്റെ ആരംഭമായി കാണുന്നതില്‍ തെറ്റില്ല. കാര്യത്തിന്റെ ഗൗരവവും പരിഹരിക്കേണ്ടതിന്റെ ആവശ്യകതയും മാര്‍പാപ്പായ്ക്ക് മനസിലാക്കിക്കൊടുക്കുവാന്‍ കേരളത്തിലെ നാലഞ്ചു കന്യാസ്ത്രികള്‍ക്കും വെളിവ് വെച്ച വിശ്വാസികള്‍ക്കും കഴിഞ്ഞു എന്നതില്‍ നമുക്ക് ചാരിതാര്‍ഥ്യത്തിനു വകയുണ്ട്.

ഒരു കാര്യം നാം മനസ്സിലാക്കണം. കാലങ്ങളായി കട്ടിപിടിച്ചു കരിങ്കല്ലിച്ചിരിക്കുന്ന ഈ പ്രശ്നം ഒറ്റ ദിവസംകൊണ്ട് പരിഹൃതമാകില്ല. എങ്കിലും, നമുക്ക് അലംഭാവം പാടില്ല. വഞ്ചീസ്ക്വയറിന്റെ സത്ത ഉള്‍ക്കൊണ്ടുകൊണ്ടായിരിക്കണം നമ്മുടെ മുന്നോട്ടുള്ള ഓരോ കാല്‍വയ്പും.

—————————————–

കുറിപ്പ്: 2019 ഫെബ്രുവരി രണ്ടാം തീയതിയിലെ ന്യൂയോര്‍ക്ക് ടൈംസില്‍ വന്ന ജേസണ്‍ ഹോറോവിറ്റസിന്റെ ലേഖനത്തോടുള്ള കടപ്പാട് നന്ദിപൂര്‍വം രേഖപ്പെടുത്തുന്നു.

 

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top