Flash News

ഈ ദിനമൊരു തുടക്കമാകട്ടെ (വനിതാ ദിനാശംസകള്‍)

March 8, 2019 , ജ്യോതിലക്ഷ്മി നമ്പ്യാര്‍

vanitha dinam banner-1ഈ വര്‍ഷത്തെ വനിതാദിനം എങ്ങിനെ ആഘോഷിയ്ക്കണമെന്ന തയ്യാറെടുപ്പിലും തീരുമാനത്തിലുമാണ് വനിതകള്‍. പ്രത്യേകിച്ചും മുംബൈ പോലുള്ള പട്ടണങ്ങളില്‍ വനിതാസംഘടനകളും ക്‌ളബ്ബുകളും ജോലിസ്ഥലങ്ങളും ഈ ദിവസത്തിനായി പലതരം നേരംപോക്കുകള്‍ സംഘടിപ്പിയ്ക്കുന്നു. ഫാഷന്‍ ഷോ, കുക്കറി ഷോ, പച്ചകുത്തല്‍, മാജിക് ഷോ, വിവിധതരം കളികള്‍, നൃത്തങ്ങള്‍ എന്നിവ വനിതാഘോഷത്തിന്റെ ഭാഗമാകുന്നു. കുടുംബഭാരവും, ഉദ്യോഗചുമതലകളും,, കുട്ടികളുടെ പരിചരണവും വഹിച്ചു നടക്കുന്ന പുരുഷമേധാവിത്വത്തില്‍ വീര്‍പ്പുമുട്ടുന്ന സ്ത്രീയ്ക്ക് അവള്‍ക്കായി ആടാനും, പാടാനും ഉല്ലസിയ്ക്കാനും ഒരു ദിനം. ഇതാണ് വര്ഷങ്ങളായി വനിതാദിനത്തില്‍ ആഘോഷത്തിന് പുറകിലുള്ള ഉദ്ദേശം. എന്നാല്‍ ഇന്നത്തെ സ്ത്രീ സ്വാതന്ത്രയാണ്, സ്വാഭിമാനിയാണ് . അവള്‍ക്ക് അവളുടേതായ ജീവിതരീതിയുണ്ട്, ലക്ഷ്യമുണ്ട്, തന്റേടമുണ്ട്. അതിനാല്‍ വനിതാദിനം എന്നത് ഒരു നേരംപോക്ക് മാത്രമാക്കാതെ അതിനെ വേറൊരു തലത്തിലേയ്ക്ക് ചിന്തിയ്ക്കാന്‍ ശ്രമിയ്ക്കാമല്ലോ.

കാലപ്രവാഹത്തിനുള്ളില്‍ സ്ത്രീയ്ക്ക് വന്ന മാറ്റത്തെക്കുറിച്ച് വിലയിരുത്തിയപ്പോള്‍ ഈയിടെയായി മാധ്യമങ്ങളില്‍ വന്ന, വനിതകള്‍ കൈവരിച്ച ചില നേട്ടങ്ങള്‍ കേവലം ഒരു സ്ത്രീയായ എന്റെ സിരകളില്‍ അഭിമാനത്തിന്റെ തിരമാലകള്‍ അലയടിച്ചു. ഇതില്‍ ചിലത്, ലോക വിവരപ്പട്ടികയനുസരിച്ച് ഏറ്റവും കൂടുതല്‍ വനിതാ പൈലറ്റുകള്‍ ഇന്ത്യയ്ക്കുമാത്രം അവകാശപ്പെടാവുന്ന ഒരു അഭിമാനമാണ്. അത് മാത്രമല്ല ലഫ്റ്റനെന്റ് പൈലറ്റ് ആവണി ചതുര്‍വേദി മിഗ് 21 (Mid-21) ബൈസണ്‍ (bison) യുദ്ധ വിമാനം 30 മിനിട്ടു നേരത്തേയ്ക്ക് തനിയെ പറത്തികൊണ്ട് ഇന്ത്യയുടെ അഭിമാനപാത്രമായി. അതുകൂടാതെ യുദ്ധവിമാനങ്ങള്‍ പറത്തുന്നതിനായി വനിതാ പൈലറ്റുകളെ പരീക്ഷണാടിസ്ഥാനത്തില്‍ ഇന്ത്യന്‍ നാവികസേനാ (IAF) തെരഞ്ഞെടുക്കപ്പെട്ടു എന്ന ഒരഭിമാനവും ഇന്ത്യന്‍ വനിതകള്‍ക്കായുണ്ട്. ബോക്‌സിങ്ങില്‍ വനിതാ വിഭാഗത്തില്‍ ആറു തവണ തുടര്‍ച്ചയായി അന്താരാഷ്ട്ര തലത്തില്‍ സ്വര്‍ണ്ണ മെഡല്‍ കരസ്ഥമാക്കിയ, മണിപ്പുര്‍ സര്‍ക്കാര്‍ അപൂര്‍വ്വ വനിതാ എന്ന അര്‍ഥം വരുന്ന മിത്തോയ് ലയിമ (Meethoi Leima) എന്ന് വിളിയ്ക്കുന്ന മേരി കോം ഇന്ത്യയുടെ അഭിമാനഭാജനമാണ്.

പതിനാറാമത്തെ വയസ്സില്‍ തന്നെ ഷൂട്ടിംഗില്‍ അന്താരാഷ്ട്ര തലത്തില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയ മനു ബാഖേര്‍ മറ്റൊരു അഭിമാനമാണ്. ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനും T 201ല്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ മിത്താലി രാജ് ഇന്ത്യക്കാരുടെ ആരാധനാ പാത്രമായി, ഇതുപോലെ കലാരംഗത്തും, ഔദ്യോഗിക രംഗത്തും, വിദ്യാഭ്യാസരംഗത്തും, ബിസിനസ്സ് രംഗത്തും, രാഷ്ട്രീയ രംഗത്തും 2018ല്‍ വിജയം കൈവരിച്ച നിരവധി ഇന്ത്യന്‍ വനിതകള്‍ മൊത്തം വനിതകള്‍ക്കുതന്നെ അഭിമാനമായി മാറി.

ഇനിയും ഇന്ത്യയിലെ വനിതകള്‍, കായികരംഗത്തും, രാഷ്ട്ര സുരക്ഷാ രംഗത്തും , പദവികളിലും ഉന്നത സ്ഥാനങ്ങള്‍ കരസ്ഥമാക്കണം. ഇന്ന് ഏതു രംഗത്തും സ്ത്രീയ്ക്ക് പ്രവേശിയ്ക്കാം. സമൂഹം അത് സ്വീകരിച്ചു കഴിഞ്ഞു. ഇന്നത്തെ സാഹചര്യത്തില്‍ ഇന്ത്യയ്ക്ക് വേണ്ടത് മനസ്സുറപ്പും, മനോധൈര്യം, ചങ്കുറ്റവും ഉള്ള ത്സാന്‍സി റാണിയെ പോലുള്ള ധീര വനിതകളെയാണ്. നമ്മുടെ ഭാരത മാതാവിന് അഭിമാനിയ്ക്കാനുതകുന്ന വനിതകള്‍ ഇനിയും ഈ മണ്ണില്‍ പിറക്കണം കുടുംബത്തിനുവേണ്ടി സമൂഹനന്മയ്ക്കുവേണ്ടി രാഷ്ട്രത്തിനുവേണ്ടി പുരുഷനോടൊപ്പം തന്നെ പോരാടുന്നവള്‍, പ്രവര്‍ത്തിയ്ക്കാന്‍ തയ്യാറായവള്‍ തന്നെ ആകണം. ഇന്നുള്ളതില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഒരു സ്ത്രീ സങ്കല്പം കാഴ്ചവയ്ക്കാന്‍ സ്ത്രീയ്ക്കുതന്നെ കഴിയണം.

ഗിന്നസ്സ് ബുക്കില്‍ സ്ഥാനം പിടിച്ച വനിതാമതില്‍ പോലുള്ള കുട്ടായ്മകള്‍ക്കോ , സമൂഹത്തില്‍ മാന്യതയുടെ മുഖം മൂടി അണിഞ്ഞു നടക്കുന്ന പകല്‍ മാന്യന്മാരെ മുഖംമൂടി മാറ്റി കരിവാരിതേയ്ക്കാനുള്ള മീ ടു വിനെപ്പോലുള്ള സംവിധാനത്തിനോ ഒരു സുപ്‌റഭാതത്തില്‍ മാറ്റിയെടുക്കാന്‍ കഴിയുന്നതല്ല സമൂഹത്തില്‍ ഇന്നും നിലനില്‍ക്കുന്ന പുരുഷമേധാവിത്വവും, ഭാരതീയ സ്ത്രീ സങ്കല്‍പ്പങ്ങളും. ഇത്തരം പ്രഹസനങ്ങളിലൂടെ സമൂഹത്തില്‍ താല്‍ക്കാലികമായ ഒരു കാറ്റുളവാക്കാം എന്നതും, അതിനുപുറകിലിരുന്ന് ചിലര്‍ക്ക് ചില കാര്യ സാധ്യതകള്‍ നേടാം എന്നുമല്ലാതെ രാഷ്ട്രത്തിനുവേണ്ട ശക്തമായ ഒരു തലമുറയെയൊന്നും വാര്‍ത്തെടുക്കാന്‍ കഴിഞ്ഞെന്നിരിയ്ക്കില്ല സ്ത്രീ സമത്വം എന്ന് പറഞ്ഞു മുറവിളി കുട്ടിയതുകൊണ്ടോ സംഘടനകളുടെ എണ്ണം കുട്ടിയതുകൊണ്ടോ ലക്ഷ്യത്തിലെത്താന്‍ കഴിയണമെന്നില്ല. സ്ത്രീ ശക്തയാണെന്നും, സമൂഹത്തില്‍ അവള്‍ക്കുള്ള സ്ഥാനം വളരെ പ്രധാനപ്പെട്ടതാണെന്നും സ്ത്രീ തന്നെ അവളുടെ പ്രവൃത്തികളാല്‍ തെളിയിയ്ക്കണം.

നേട്ടങ്ങള്‍ കൈവരിച്ച ഓരോ വനിതയ്ക്കു പിന്നിലും അവളുടെ ‘അമ്മ എന്ന ഒരു സ്ത്രീശക്തി, പ്രേരണ, ആത്മവിശ്വാസം എന്നത് തീര്‍ച്ചയായും ഉണ്ടായിരിയ്ക്കും. കാരണം ആര്‍ഷഭാരത സംസ്‌കാര പ്രകാരം ഒരു സ്ത്രീ സങ്കല്പം തലമുറകളായി കൈമാറി പോരുന്നത് ‘അമ്മ എന്ന സ്ത്രീയിലൂടെ തന്നെയാണ്. . ഒരു പെണ്‍കുട്ടി ജനിച്ച നാള്‍മുതല്‍ അവളെ നീ ഒരു സ്ത്രീയാണെന്നും, നീ ചെയ്യേണ്ടത് നീ പെരുമാറുന്നത് ഇങ്ങിനെയാനെയാണെന്നും ഉള്ള കുറെ വിശ്വാസങ്ങള്‍ അവരില്‍ തുടരെ പകര്‍ന്നുകൊടുക്കുന്നത് സ്ത്രീ തന്നെയാണ്. ഏതെങ്കിലും ഒരു സ്ത്രീ സമൂഹത്തില്‍ നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ടെങ്കില്‍ അതിനു പ്രേരണയായി സ്ത്രീ ശക്തി അല്ലെങ്കില്‍ ‘അമ്മ സമൂഹത്തില്‍ നിലനില്‍ക്കുന്ന വിശ്വാസങ്ങളില്‍ നിന്നും വ്യതിചലിച്ച് ചിന്തിച്ചിട്ടുണ്ടാകാം എന്നത് തീര്‍ച്ചയാണ്. ഇനി വളര്‍ന്നു വരുന്ന സ്ത്രീയെ, അവള്‍ മകളാകാം കൊച്ചനുജത്തിയാകാം അതുമല്ലെങ്കില്‍ സമൂഹത്തിലെ ഒരു പെണ്‍കുട്ടിയാകാം, സ്വയം പര്യാപതയാക്കുക എന്ന ഒരു ദൗത്യം സ്വയം ഏറ്റെടുക്കാന്‍ ഓരോ സ്ത്രീയും ഈ വനിതാദിനത്തില്‍ ദൃഡനിശ്ചയമെടുക്കണം. ഓരോ അമ്മയും ആഗ്രഹിയ്ക്കുന്നത് താന്‍ ആഗ്രഹിയ്ക്കുന്ന രീതിയില്‍ തന്റെ കുട്ടിയുടെ വളര്‍ച്ചയാകാം പലപ്പോഴും ആ കുട്ടിയില്‍ അന്തര്‍ലീനമായ കഴിവുകള്‍ കണക്കിലെടുക്കാറില്ല വളര്‍ന്നുവരുന്ന സമൂഹത്തിനു മുന്നില്‍ അച്ചടക്കമുള്ള, സല്‍സ്വഭാവിയും ആയ ഒരുവളാകണം അവള്‍ എന്ന് മാത്രമേ ലക്ഷ്യമിടാറുള്ളൂ.

ഈ വനിതാദിനത്തില്‍ വനിതയ്‌ക്കൊപ്പം തന്നെ വളര്‍ന്നുവരുന്ന പെണ്‍കുട്ടികളെയും ഉള്‍പ്പെടുത്തണം. ഭാരതത്തിന്റെ അഭിമാന ഭാജനമായി തീര്‍ന്നിരിയ്ക്കുന്ന ധീരവനിതകളെ അവര്‍ക്ക് കാണാനും അവരുമായി കഴിയുമെങ്കില്‍ ഒരു അഭിമുഖ സംഭാഷണത്തിനും വഴിയൊരുക്കണം. ഇതിലൂടെ അവര്‍ താണ്ടിയ വഴികളെ കുറിച്ച് വളരുന്ന സ്ത്രീ സമൂഹത്തിനു ഒരു ധാരണയുണ്ടാകും. നേട്ടങ്ങള്‍ കൈവരിച്ച വനിതകളെക്കുറിച്ചുള്ള അറിവ് വളര്‍ന്നുവരുന്ന പെണ്‍കുട്ടികളില്‍ ചിന്തിപ്പിയ്ക്കാനും അവരുടെ ജീവിതത്തില്‍ ഒരു ലക്ഷ്യം കണ്ടെത്തുവാനും അവരെ സഹായിയ്ക്കും. ഓരോ പെണ്‍കുട്ടിയിലും ഡോക്ടറോ, എഞ്ചിനീയറോ മാത്രം കാണാതെ, അവരുടെ അഭിരുചിയ്ക്കനുസരണമായ ജീവിത ലക്ഷ്യങ്ങള്‍ കൈവരിയ്ക്കാന്‍ അവളെ അറിയുന്ന ഒരു സ്ത്രീയ്ക്ക് സഹായിക്കാന്‍ സാധിയ്ക്കും. ഇതിനു സഹായിയ്ക്കുന്ന കഴിയുന്ന നാടകങ്ങളും കലാപരിപാടികളും അവര്‍ക്കു മുന്നില്‍ ഇന്നത്തെ വനിത കാഴ്ചവയ്ക്കണം. പെണ്‍കുട്ടികള്‍ക്ക് ഭാവിയെക്കുറിച്ച് വ്യത്യസ്തമായ ഒരു കാഴ്ച്ചപ്പാട് നല്‍കി വളര്‍ന്നു വരുന്ന പെണ്‍കുട്ടിയുടെ മനസ്സിലുള്ള ജീവിത ലക്ഷ്യങ്ങള്‍ ക്ഷമയോടെ മനസ്സിലാക്കി അവര്‍ക്ക് തെറ്റും ശരിയും തരം തിരിച്ചു കൊടുക്കണം. ഇതിനായിഈ വനിതാദിനത്തില്‍ വളര്‍ന്നു വരുന്ന പെണ്‍കുട്ടികളുമായി അവരുടെ ജീവിത കാഴ്ചപാടുകള്‍ മനസ്സിലാക്കാന്‍ ഒരു തുറന്ന ചര്‍ച്ച സംഘടിപ്പിയ്ക്കാം. ജീവിതത്തില്‍ നേട്ടങ്ങള്‍ കൈവരിച്ചവരെ കുറിച്ചുള്ള ഒരു സംഭാഷണം ഒരുപക്ഷെ അവര്‍ക്ക് ഒരു പ്രോത്സാഹനമായേക്കാം. സമൂഹത്തില്‍ മുന്‍ബനിരയില്‍ നില്‍ക്കാനും അവരിലെ മറഞ്ഞിരിയ്ക്കുന്ന കഴിവുകളെക്കുറിച്ച് മനസ്സിലാക്കി അതിനുവേണ്ട പ്രോത്ബസാഹനം നല്‍കി അവരെ മുന്നോട്ട് നയിയ്ക്കാനും എങ്ങിനെ കഴിയും എന്നതിനെക്കുറിച്ച് ഒരു രൂപരേഖ ഉണ്ടാക്കാനും, വളര്‍ന്നുവരുന്ന പെണ്‍കുട്ടികള്‍ക്ക് നേരിടേണ്ട പ്രശ്‌നങ്ങളെക്കുറിച്ചും, അതില്‍ നിന്നും ചെറുത്തു നില്‍ക്കാന്‍ എങ്ങിനെ പ്രാപ്തരാക്കും എന്നതിനെ ഒരു തുടക്കം ആകാമല്ലോ ഈ വനിതാദിനം. പെണ്‍കുട്ടികളെ ലക്ഷ്യമാക്കിക്കൊണ്ടുള്ള , അവര്‍ക്ക് ആത്മവിശ്വാസം പകരാന്‍ സഹായിയ്യ്ക്കുന്ന തുടര്‍ച്ചയായ ഒരു നീക്കത്തതിന് ഈ ദിനത്തില്‍ തുടക്കം കുറിയ്ക്കാം. ഈ ഒരു ചെറിയ തുടക്കത്തിലൂടെ ഒരുപക്ഷെ രാഷ്ട്രം നേടാന്‍ പോകുന്നത് പല നേട്ടങ്ങളെയും നിഷ്പ്രയാസം കൈവരിയ്ക്കാന്‍ കഴിയുന്ന ഒരു യുവ വനിതാ സമൂഹത്തെയാകാം. അങ്ങിനെ, പതിവൃത രത്‌നമായി, സദാചാരത്തിന്റെ നിറകുടമായി ജീവിച്ചിട്ടും പുരുഷമേധാവിത്വം അടിച്ചെല്‍പ്പിച്ച അപമാന ഭാരം താങ്ങാനാകാതെ ഭൂമി പിളര്‍ന്നു അപ്രത്യക്ഷയാകേണ്ടിവന്ന സീതയാകാതെ അതില്‍ നിന്നും വ്യത്യസ്തമായ ഒരു സ്ത്രീയെ വനിതാ ദിനം എന്ന സുദിനത്തില്‍ സ്വപ്നം കണ്ടു തുടങ്ങാം.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top