Flash News

കേരളാ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി: കോണ്‍ഗ്രസ് നേതാക്കള്‍ ഇടപെടുന്നു

March 12, 2019

thomas-തൊടുപുഴ: പി.ജെ ജോസഫിന് കോട്ടയം ലോക്‌സഭ സീറ്റ് നിഷേധിച്ചതിന് പിന്നാലെ കേരള കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. കോഴിക്കോട് ജില്ലാ സെക്രട്ടറി പി.എം ജോര്‍ജ് രാജിവെച്ചു. ജോസഫിന്റെ സീറ്റ് നിഷേധിച്ച് പകരം തോമസ് ചാഴിക്കാടനെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള തീരുമാനം സിപിഎമ്മിനെ സഹായിക്കാനാണെന്ന് പി.എം.ജോര്‍ജ് ആരോപിച്ചു. സ്ഥാനാര്‍ത്ഥി തര്‍ക്കത്തില്‍ ഉടന്‍ ഇടപെടുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചിട്ടുണ്ട്.

രണ്ടു പ്രാവശ്യം നിയമസഭാ തെരഞ്ഞെടുപ്പില്‍ തോല്‍വി നേരിട്ടയാളെ തന്നെ സ്ഥാനാര്‍ഥിയാക്കിത് ഇതിന് വേണ്ടിയാണ്. കെ.എം. മാണിയുടെ പേരിലുള്ള അഴിമതി കേസും മകന്‍ ജോസ് കെ. മാണിയുടെ പേരിലുള്ള സരിത കേസും ഒതുക്കി തീര്‍ക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നും പി.എം. ജോര്‍ജ് വ്യക്തമാക്കി.

അതേസമയം കോട്ടയത്ത് പാളിച്ച ഉണ്ടാകാന്‍ അനുവദിക്കില്ലയെന്നും കേരള കോണ്‍ഗ്രസിലെ നീക്കങ്ങള്‍ ഗൗരവത്തോടെ കാണുന്നുവെന്നും കെ എം മാണിയുമായും പി ജെ ജോസഫുമായും ഫോണില്‍ സംസാരിച്ചുവെന്നും യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹന്നാന്‍ അറിയിച്ചു.

തര്‍ക്കം മുന്നോട്ട് കൊണ്ടുപോകാന്‍ ആവില്ലെന്നും കോണ്‍ഗ്രസിന് ദേശീയ തലത്തില്‍ ഏറെ പ്രാധാന്യം ഉള്ള തെരഞ്ഞെടുപ്പാണിതെന്നും ബെന്നി ബെഹന്നാന്‍ വ്യക്തമാക്കി. അത് ഉള്‍ക്കൊണ്ട് പ്രശ്‌നം അടിയന്തിരമായി തീര്‍ക്കണമെന്നും യുഡിഎഫ് കണ്‍വീനര്‍ കൂട്ടിച്ചേര്‍ത്തു.

കേരള കോണ്‍ഗ്രസിലെ പ്രശ്‌നം പരിഹരിക്കാന്‍ കോണ്‍ഗ്രസ് ഇടപെടുമെന്ന് ഉമ്മന്‍ചാണ്ടിയും അറിയിച്ചിട്ടുണ്ട്. കോട്ടയത്ത് മത്സരിക്കാന്‍ താല്‍പര്യം അറിയിച്ച പി.ജെ. ജോസഫിനെ തള്ളി തോമസ് ചാഴികാടനെ കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ഥിയായി പാര്‍ട്ടി ചെയര്‍മാന്‍ കെ.എം. മാണി ഇന്നലെ പ്രഖ്യാപിച്ചിരുന്നു. നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ തിങ്കളാഴ്ച രാത്രി ഒമ്പതോടെ വാര്‍ത്തക്കുറിപ്പിലൂടെയാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്.

സ്ഥാനാര്‍ഥി പ്രഖ്യാപനത്തോടെ കേരള കോണ്‍ഗ്രസില്‍ കടുത്ത പ്രതിസന്ധിയാണ് രൂപപ്പെട്ടത്. പാര്‍ട്ടി അണികളുടെ വികാരം ഉള്‍ക്കൊണ്ടാണ് പി.ജെ ജോസഫിനു പകരം തോമസ് ചാഴികാടനെ സ്ഥാനാര്‍ത്ഥിയാക്കിയതെന്ന് കെ.എം മാണി പ്രതികരിച്ചിരുന്നു.

രാജ്യസഭാ സീറ്റ് ജോസ് കെ മാണിക്ക് നല്‍കിയപ്പോള്‍ സ്വാഭാവികമായും അടുത്ത ഊഴം ലഭിക്കാന്‍ എന്റെ കൂടെ നില്‍ക്കുന്നവര്‍ക്ക് അര്‍ഹതയുണ്ട്. സ്റ്റിയറിങ് കമ്മിറ്റിയിലെ ഭൂരിപക്ഷ തീരുമാന പ്രകാരമല്ല, കോട്ടയം ജില്ലയിലെ നേതാക്കളുടെ അഭിപ്രായമനുസരിച്ചാണ് എന്നെ തഴഞ്ഞത്. ജില്ല മാറി മത്സരിക്കരുതെന്ന മാനദണ്ഡം എനിക്കുമാത്രം ബാധകമാക്കിയതും അംഗീകരിക്കില്ല. നേരത്തെ റോഷി അഗസ്റ്റിന്‍ ജില്ല മാറി മത്സരിച്ച ചരിത്രമുണ്ടെന്നും ജോസഫ് പറഞ്ഞു.

മുന്നണിയിലെ മറ്റ് കക്ഷികളുടെ അഭിപ്രായം പോലും പാലിച്ചില്ല. ജില്ല മാറി മത്സരിക്കുമെന്ന പാര്‍ട്ടിയുടെ അഭിപ്രായം അംഗീകരിക്കാനാകില്ല. എല്ലാവരുടെയും അഭിപ്രായം അവഗണിച്ചാണ് തോമസ് ചാഴികാടനെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള തീരുമാനം. യുഡിഎഫുമായി യോജിച്ച് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ആളാണ് താന്‍. കോണ്‍ഗ്രസ് നേതാക്കളെല്ലാം തന്നെ ഡല്‍ഹിയിലാണ്. അവരെത്തിയ ശേഷം തുടര്‍ നടപടികള്‍ ഉണ്ടാകുമെന്നും പി.ജെ ജോസഫ് പറഞ്ഞു.

അതേസമയം, പ്രവര്‍ത്തകരുടെ വികാരം മാനിച്ചാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനമെന്ന് ചെയര്‍മാന്‍ കെ എം മാണി വ്യക്തമാക്കി. സ്ഥാനാര്‍ത്ഥി പട്ടികയിലിടം പിടിച്ചവരുമായി ഒറ്റക്കൊറ്റയ്ക്ക് സംസാരിച്ചു. ഒടുവില്‍ അനിശ്ചിതത്വത്തിന് വിരാമമിട്ട് തോമസ് ചാഴികാടനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയായിരുന്നുവെന്ന് മാണി പറഞ്ഞു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top