Flash News

മാണിയും മകനും ഇട്ടുകൊടുക്കുന്ന അപ്പക്കഷ്ണങ്ങള്‍ തിന്നാന്‍ ജോസഫും കൂട്ടരും ഇനി തയ്യാറാകുമോ?

March 12, 2019

Consensusകെഎം മാണിയുടെ പുത്രസ്‌നേഹത്തില്‍ കലിപൂണ്ടിരിക്കുകയാണ് പിജെ ജോസഫ്. ഈ കലിപ്പ് പിളര്‍പ്പിലേക്ക് മാറാന്‍ ഇനി എത്രനേരം കാക്കണം എന്ന് മാത്രമേ അറിയേണ്ടതുള്ളൂ. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ തന്റെ മകന്‍ ജോസ് കെ മാണിയെ മന്ത്രിയാക്കാനുള്ള മാണി സാറിന്റെ നീക്കത്തിന് വിലങ്ങു തടിയായിരുന്നു പിജെ ജോസഫ്. അതുകൊണ്ട് ആ സുഹൃത്തിനെ വെട്ടിമാറ്റിയാണ് പിതാവ് പുത്രനുള്ള പാത വെട്ടിയൊരുക്കിയത്.

കോണ്‍ഗ്രസ് സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നാല്‍, കേരള കോണ്‍ഗ്രസിന് മന്ത്രിസഭയില്‍ പ്രാതിനിധ്യം കിട്ടിയാല്‍, ആരെ മന്ത്രിയാക്കും എന്നതായിരുന്നു കെഎം മാണിയുടെ മുമ്പിലുണ്ടായിരുന്ന ചോദ്യം. പിജെ ജോസഫാണ് കോട്ടയത്ത് നിന്ന് മത്സരിക്കുന്നതെങ്കില്‍ തീര്‍ച്ചയായും മുതിര്‍ന്ന നേതാവ് കൂടിയായ അദ്ദേഹം മന്ത്രിയാകും. അപ്പോള്‍ തന്റെ മകന്‍ ജോസ് കെ മാണി എന്തു ചെയ്യും? ലോക്‌സഭാ എംപിയായിരുന്ന ജോസ് കെ മാണിയെ മന്ത്രിയാക്കണം എന്ന ഒറ്റ ഉദ്ദേശ്യത്തിലാണ് രാജ്യസഭയിലേക്ക് കൊണ്ടുപോയത്. പക്ഷേ മന്ത്രിയായില്ല. അതിന്റെ സങ്കടം മാണി സാറിനുണ്ട്. എല്ലാം കൂടിയായപ്പോള്‍ ഒറ്റ മാര്‍ഗമേ മുന്നില്‍ കണ്ടുള്ളൂ. പാര്‍ട്ടി പിളര്‍ന്നാലും വേണ്ടില്ല, ജോസഫിനെ കോട്ടയത്ത് നിന്ന് മത്സരിപ്പിക്കരുത്.

ജോസഫ് മത്സരിക്കണ്ട പകരം ജോസഫ് നിര്‍ദേശിക്കുന്ന ആര്‍ക്കും മത്സരിക്കാമെന്നായിരുന്നു കെഎം മാണിയുടെ ആദ്യ നിലപാട്. അതല്ലെങ്കില്‍ ജോസ് കെ മാണിയുടെ ഭാര്യ നിഷയ്ക്ക് കോട്ടയം സീറ്റ് കൊടുക്കണം. എന്നാല്‍ ഈ രണ്ട് നടപടികള്‍ക്കും പിജെ ജോസഫും കൂട്ടരും ഉടക്ക് വെച്ചു. കോട്ടയത്ത് നിന്ന് താന്‍ മത്സരിക്കുമെന്നും എന്നാല്‍ മന്ത്രിസ്ഥാനം ജോസ് കെ മാണിയ്ക്ക് കൊടുക്കാമെന്നും പിജെ ജോസഫ് പറഞ്ഞു. പക്ഷേ ആ വാക്കില്‍ കെഎം മാണിയ്ക്ക് വിശ്വാസമില്ലായിരുന്നു. രാഷ്ട്രീയമല്ലേ, ആര് എപ്പോള്‍ കാലുമാറുമെന്ന് പറയാന്‍ പറ്റില്ല. അതുകൊണ്ട് തോമസ് ചാഴിക്കാടനെ ഉപയോഗിച്ച് പിജെ ജോസഫിനെ വെട്ടിമാറ്റുക എന്ന തന്ത്രം കെഎം മാണി പ്രയോഗിച്ചു.

തന്നെ ഒഴിവാക്കിയതിനേക്കാള്‍ ഒഴിവാക്കിയ രീതിയാണ് പിജെ ജോസഫിനെ അരിശം പിടിപ്പിച്ചത്. കേരള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ വര്‍ക്കിങ് ചെയര്‍മാനാണ് പിജെ ജോസഫ്. അങ്ങിനെയുള്ള പിജെ ജോസഫിനെ ഏതാനും ജില്ലാ നേതാക്കളുടെ അഭിപ്രായം കേട്ടാണ് ഒഴിവാക്കിയത്. ഇത് തന്നെ അപമാനിക്കുന്നതിന് തുല്യമാണെന്ന് ജോസഫ് കരുതുന്നു്. കോട്ടയം ജില്ലയിലെ നേതാക്കളുടെ അഭിപ്രായം മാത്രം കേട്ട് തന്നോട് ഒരു വാക്കു പോലും ചോദിക്കാതെ ഒഴിവാക്കിയത് ഖേദകരമാണെന്ന് പിജെ ജോസഫ് പരസ്യമായി പറഞ്ഞു. ജില്ല മാറി മത്സരിക്കരുതെന്ന് തന്നോട് ആവശ്യപ്പെട്ടത് അംഗീകരിക്കാനാവില്ല. ഇത് തനിക്ക് മാത്രം ബാധകമാക്കിയത് അനീതിയാണെന്നും ജോസഫ് ആരോപിച്ചിട്ടുണ്ട്. അതിനാല്‍ ഈ കടുത്ത അനീതിയും സഹിച്ച് പാര്‍ട്ടിയില്‍ തുടരണോയെന്ന ചര്‍ച്ചയിലാണ് ജോസഫ് വിഭാഗം.

2010ല്‍ ലയനം നടന്നതുമുതല്‍ മാണിയും മകനും ഇട്ടുതരുന്ന അപ്പക്കഷ്ണങ്ങള്‍ തിന്നേണ്ട ഗതികേടാണ് ജോസഫിനും കൂട്ടര്‍ക്കും. ഇനി അത് വേണ്ടെന്ന നിലപാടിലാണ് ജോസഫ് വിഭാഗം. ഭാവി പരിപാടികളെക്കുറിച്ച് അവര്‍ ചര്‍ച്ച തുടങ്ങിക്കഴിഞ്ഞു. കോണ്‍ഗ്രസുമായും മറ്റ് ഘടകകക്ഷികളുമായും അവര്‍ ഇക്കാര്യം ചര്‍ച്ച ചെയ്യും. ജോസ് കെ മാണിയ്ക്ക് രാജ്യസഭ സീറ്റ് കൊടുത്തതിനാല്‍ ലോക്‌സഭാ സീറ്റിന് തനിക്ക് അവകാശമുണ്ടായിരുന്നെന്ന വാദമാണ് യുഡിഎഫിന് മുമ്പില്‍ ജോസഫ് അവതരിപ്പിക്കുക. താനുള്‍പ്പെടെ മൂന്ന് എംഎല്‍എമാരുള്ള ജോസഫിന് പാര്‍ട്ടിയെ സജീവമാക്കി നിര്‍ത്താന്‍ കഴിയും.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top