Flash News

പുലിമടയില്‍ കയറി പ്രിയങ്കാ ഗാന്ധിയുടെ കന്നി പ്രചാരണം; മോദി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് പ്രിയങ്ക ഗുജറാത്തില്‍

March 12, 2019

482131_89571478കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റെടുത്ത ശേഷം നടത്തിയ ആദ്യ തെരഞ്ഞെടുപ്പ് പ്രസംഗത്തില്‍ നരേന്ദ്ര മോഡിക്കെതിരെ ആഞ്ഞടിച്ച് പ്രിയങ്കാ ഗാന്ധി. ഏപ്രില്‍-മെയ് മാസം നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് സ്വാതന്ത്ര്യ സമരത്തിന് സമാനമാണെന്ന് പ്രധാനമന്ത്രിയുടെ നാടായ ഗുജറാത്തില്‍ ഗാന്ധിനഗറില്‍ നടത്തിയ റാലിയില്‍ പ്രിയങ്ക പറഞ്ഞു. സ്‌നേഹം, സൗഹാര്‍ദം, സാഹോദര്യം എന്നീ അടിത്തറയിലാണ് നമ്മുടെ രാജ്യം പടുത്തുയര്‍ത്തിയിരിയ്ക്കുന്നത്. എന്നാല്‍ ഇന്ന് നമ്മുടെ രാജ്യത്ത് സംഭവിക്കുന്നത് കാണുമ്പോള്‍ ദുഃഖം തോന്നുന്നുവെന്ന് തന്റെ കന്നി പ്രസംഗത്തില്‍ പ്രിയങ്ക ഗാന്ധി പറഞ്ഞു.

തന്റെ പ്രസംഗത്തിലൂടെ മോദി സര്‍ക്കാരിനെതിരെ അഞ്ഞടിച്ച പ്രിയങ്ക, ഈ തിരഞ്ഞെടുപ്പ് യഥാര്‍ത്ഥത്തില്‍ എന്താണ് എന്നൊരു ചോദ്യം ജനങ്ങളോട് ചോദിച്ചു. നിങ്ങള്‍ എന്താണ് ഈ തെരഞ്ഞെടുപ്പിലൂടെ ‘തെരഞ്ഞെടുക്കാന്‍’ ആഗ്രഹിക്കുന്നത്? നിങ്ങള്‍ നിങ്ങളുടെ ഭാവിയാണ് തെരഞ്ഞെടുക്കുന്നത് അവര്‍ പറഞ്ഞു. അതിനാല്‍ അര്‍ത്ഥശൂന്യമായ വിഷയങ്ങള്‍ക്ക് ശ്രദ്ധ നല്‍കരുതെന്നും നിങ്ങളുടെ വോട്ട് ഏറ്റവും വലിയ ആയുധമാണെന്നും അവര്‍ പറഞ്ഞു.

“നിങ്ങളുടെ വോട്ടാണ് നിങ്ങളുടെ ആയുധം. ശരിയായ തീരുമാനം എടുക്കുക. ശരിയായ ചോദ്യങ്ങള്‍ ചോദിക്കുക. ചിന്തിച്ച് തീരുമാനമെടുക്കുക. നിങ്ങളുടെ മുന്‍പില്‍ വലിയവായില്‍ സംസാരിക്കുന്നവരുണ്ടല്ലോ, അവര്‍ വാഗ്ദാനം ചെയ്ത തൊഴിലുകള്‍ എവിടെ? എല്ലാ ബാങ്ക് അക്കൗണ്ടിലും 15ലക്ഷം എന്ന് അവര്‍ പറഞ്ഞിട്ട് എവിടെ? സ്ത്രീകളുടെ സുരക്ഷയുടെ കാര്യം എന്തായി?” പ്രിയങ്ക ജനങ്ങളോടായി ചോദിച്ചു.

രാജ്യത്തെ ജനങ്ങളുടെ ഉന്നമനത്തിന് ഉതകുന്നതാവണം തെരഞ്ഞെടുപ്പിലെ പ്രധാന വിഷയങ്ങള്‍. ആ വിഷയങ്ങളുമായി മുന്നോട്ടു പോകാം, അതായത്, യുവജനങ്ങള്‍ക്ക് എങ്ങനെ ജോലി ലഭിക്കുമെന്നത്, സ്ത്രീകള്‍ എങ്ങനെ സുരക്ഷിതരായിരിക്കും, കര്‍ഷകര്‍ക്കുവേണ്ടി എന്തു ചെയ്യാന്‍ സാധിക്കും, ഇതായിരിക്കണം ഈ തെരഞ്ഞെടുപ്പിലെ മുഖ്യ വിഷയങ്ങളെന്ന് അവര്‍ പറഞ്ഞു.

തെറ്റായ കാര്യങ്ങളോടെല്ലാം പ്രതികാരം ചെയ്യുന്നത് തന്റെ പ്രകൃതമാണെന്ന മോഡിയുടെ പരാമര്‍ശവും പ്രിയങ്ക ആയുധമാക്കി. പ്രകൃതത്തേക്കുറിച്ച് പറയുന്നവര്‍ മനസിലാക്കേണ്ടത് ഇതാണ്. ഈ രാജ്യത്തിന്റെ പ്രകൃതം സത്യാന്വേഷണമാണ്. ഈ രാജ്യത്തിന്റെ പ്രകൃതം സ്‌നേഹത്തിന്റെ കാറ്റിനാല്‍ വിദ്വേഷത്തെ നീക്കിക്കളയലാണെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു. അടുത്ത രണ്ട് മാസങ്ങള്‍ അവര്‍ എല്ലാ തരത്തിലുള്ള വിഷയങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരും. ശരിയായ ചോദ്യങ്ങള്‍ ചോദിക്കുക. ഇത് നിങ്ങളുടെ രാജ്യമാണ്. നിങ്ങളുടെ രാജ്യത്തെ നിങ്ങള്‍ തന്നെ സംരക്ഷിക്കേണ്ടതുണ്ട്. ഇത് സ്വാതന്ത്ര്യസമര മുന്നേറ്റത്തേക്കാള്‍ ഒട്ടും ചെറുതല്ല. നമ്മുടെ സ്ഥാപനങ്ങള്‍ ആക്രമിക്കപ്പെടുന്നു. എല്ലായിടത്തും വിദ്വേഷം പരക്കുകയാണ്. രാജ്യത്തെ സംരക്ഷിക്കുകയും ഒത്തൊരുമയോട് മുന്നോട്ട് നീങ്ങലും അല്ലാത വലിയൊരു സംഗതിയില്ല.

ജനസഭയെ അഭിസംബോധന ചെയ്യുന്നതിന് മുമ്പ് സുപ്രധാന യോഗം നടന്നിരുന്നു. ഗുജറാത്തില്‍ തന്നെ യോഗം സംഘടിപ്പിച്ച് ശക്തമായ സന്ദേശം നല്‍കുക എന്നതായിരുന്നു കോണ്‍ഗ്രസിന്റെ ഉദ്ദേശ്യം. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, യു.പി.എ ചെയര്‍പേഴ്‌സണ്‍ സോണിയാ ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് തുടങ്ങി പ്രമുഖ നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top