Flash News

അയ്യപ്പന്റെ പേരില്‍ വോട്ട് പിടിക്കേണ്ട ; നിലപാട് വ്യക്തമാക്കി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍

March 13, 2019 , .

meenaതിരുവനന്തപുരം : ശബരിമല  പ്രചാരണ വിഷയത്തില്‍ നിലപാട് വ്യക്തമാക്കി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ.  ശബരിമല പ്രചാരണ വിഷയമാക്കുന്നതില്‍ തെറ്റില്ലെന്നും  എന്നാല്‍  അയ്യപ്പന്റെ പേര് പറഞ്ഞ് വോട്ട് പിടിക്കേണ്ടെന്നും  അദ്ദേഹം സര്‍വ്വകക്ഷിയോഗത്തില്‍ പറഞ്ഞു. ആരാധനാലയങ്ങളെ പ്രചാരണത്തിന് ഉപയോഗിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ബിജെപിയെ പ്രതിനിധീകരിച്ച് സംസ്ഥാന പ്രസിഡണ്ട് പി.എസ് ശ്രീധരന്‍പിള്ളയും പത്മകുമാറുമാണ് യോഗത്തിനെത്തിയത്.  മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ ക്യാബിനിലായിരുന്നു സര്‍വ്വകക്ഷിയോഗം വിളിച്ചത്.  ഇത് ചൂണ്ടിക്കാണിച്ച് ബിജെപി നേതാക്കള്‍ ടിക്കാറാം മീണയോട് തട്ടിക്കയറിയിരുന്നു.  ചര്‍ച്ച നടത്താന്‍ നിശ്ചയിച്ച സ്ഥലത്ത് ആവശ്യത്തിന് സ്ഥല സൗകര്യങ്ങളില്ലെന്ന് ബിജെപി നേതാക്കള്‍ ചൂണ്ടിക്കാണിച്ചതാണ് വാക്കു തര്‍ക്കത്തിന് ഇടയാക്കിയത്.  പിന്നാലെയെത്തിയ മറ്റ് പാര്‍ട്ടി നേതാക്കളും സ്ഥലപരിമിതി ചൂണ്ടിക്കാണിച്ചിരുന്നു.  സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദനും സ്ഥല പരിമിതി ചൂണ്ടിക്കാണിച്ചു.  സാധാരണ ഈ ക്യാബിനിലല്ല സര്‍വകക്ഷിയോഗം ചേരുന്നതെന്നും കുറച്ചുകൂടി സൗകര്യമുള്ള ഹാളിലാണെന്നും ആനത്തലവട്ടം ആനന്ദന്‍ ചൂണ്ടിക്കാട്ടി.  എന്നാല്‍ ഇതെല്ലാം ടിക്കാറാം മീണ നിരാകരിക്കുകയായിരുന്നു.

സ്ഥാനാര്‍ത്ഥികള്‍ ക്രിമിനല്‍ പശ്ചാത്തലം അറിയിക്കണമെന്നും ക്രിമിനല്‍ പശ്ചാത്തലം നോമിനേഷനൊപ്പം അറിയിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇത് കൃത്യമായി മാധ്യമങ്ങളിലൂടെ പുറത്ത് വിടണം.

ശബരിമല വിഷയത്തില്‍ രാഷ്ട്രീയം കളിക്കാന്‍ അനുവദിക്കില്ലെന്ന മീണയുടെ നിലപാടിനെതിരെയുളള ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും എതിര്‍പ്പാണ് യോഗത്തില്‍ പ്രതിഫലിച്ചത്.  പൊതു തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ രാഷ്ട്രീയ കക്ഷികളുടെ യോഗം വിളിക്കുന്നത് പതിവാണെങ്കിലും ശബരിമല വിവാദത്തോടെ സ്ഥിതി മാറിയിരിക്കുകയാണ്. ശബരിമല മുന്‍ നിര്‍ത്തി വോട്ട് തേടേണ്ടെന്ന മീണയുടെ നിലപാട് സിപിഎമ്മിന്റെ നിര്‍ദ്ദേശമനുസരിച്ചാണെന്ന വിമര്‍ശനമാണ് ബിജെപി ഉന്നയിച്ചത്‌. ശബരിമല പ്രചാരണ വിഷയമാക്കരുതെന്ന ടിക്കാറാം മീണയുടെ നിലപാട് കേട്ടുകേള്‍വി  ഇല്ലാത്തതാണെന്ന്‌ കോണ്‍ഗ്രസും പറഞ്ഞിരുന്നു.  അതിനിടെ മാതൃകാ പെരുമാറ്റച്ചട്ടം നടപ്പാക്കാന്‍ ശ്രമിക്കുന്ന ഓഫീസര്‍ക്ക് സിപിഎം പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

അതേ സമയം യോഗത്തില്‍ തൃപ്തിയുണ്ടെന്നാണ് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള പറഞ്ഞത്. ശബരിമലപ്രചാരണ വിഷയമാക്കുന്നതില്‍ തെറ്റില്ലെന്നും എന്നാല്‍, മതവിദ്വേഷം ഉണ്ടാക്കുന്ന തരത്തില്‍ ശബരിമല വിഷയം പ്രചാരണായുധമാക്കരുതെന്നും, ഇക്കാര്യത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ വ്യക്തത വരുത്തിയെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല വിഷയത്തില്‍ നിലപാടിനെതിരെ ബിജെപി ടിക്കാറാം മീണയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. രാഷ്ട്രീയപാര്‍ട്ടികള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചെങ്കിലും വിട്ട് വീഴ്ചക്കിലെന്ന സൂചനയായിരിന്നു ഇന്നലെയും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top