Flash News

ഉമ്മന്‍ചാണ്ടി കോട്ടയത്ത് മത്സരിച്ചോട്ടെ ; കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മുന്നില്‍ ബദല്‍ നിര്‍ദ്ദേശങ്ങളുമായി പി.ജെ ജോസഫ്

March 13, 2019

p-j-joseph.1.154738

തിരുവനന്തപുരം :  ലോക്‌സഭാ സീറ്റിനെ ചൊല്ലി കേരള കോണ്‍ഗ്രസിലുണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് കോണ്‍ഗ്രസ് നേതാക്കളുടെ മുന്നില്‍ ബദല്‍ നിര്‍ദ്ദേശങ്ങളുമായി പി.ജെ ജോസഫ്. കോട്ടയം, ഇടുക്കി  സീറ്റുകള്‍ വെച്ചുമാറണമെന്നതടക്കമുളള മൂന്ന് നിര്‍ദ്ദേശങ്ങളാണ് പി.ജെ ജോസഫ് മുന്നോട്ട് വച്ചത്.

കോട്ടയം സീറ്റ് കോണ്‍ഗ്രസിന് നല്‍കി ഇടുക്കി സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കുക എന്നതാണ് ആദ്യ നിര്‍ദ്ദേശം. എന്നാല്‍ കോട്ടയത്ത് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച സാഹചര്യത്തില്‍ മാണി ഇതിന് വഴങ്ങില്ല. കോണ്‍ഗ്രസിന് ഇക്കാര്യം ആവശ്യപ്പെടാനും പ്രയാസമുണ്ട്. എന്നാല്‍ ഉമ്മന്‍ചാണ്ടി മത്സരിക്കുകയാണെങ്കില്‍ മാണി സീറ്റ് വിട്ട് തരുമെന്നാണ് ജോസഫ് പറയുന്നത്. അങ്ങനെ വരുമ്പോള്‍ ഇടുക്കിയില്‍ തനിക്കും മാണിക്കും ഒരു പോലെ സ്വീകാര്യനായ ആളെ മത്സരിപ്പിക്കാന്‍ സാധിക്കുമെന്നും ജോസഫ് വിശ്വസിക്കുന്നു. കേരള കോണ്‍ഗ്രസില്‍ നിന്ന് തന്നെ അനുകൂലിക്കുന്നവര്‍ വിട്ട് പോവുകയാണെങ്കില്‍ അതിന് പിന്തുണ നല്‍കുക. തുടങ്ങിയ കാര്യങ്ങളാണ് ഇന്ന് ജോസഫ് ഉമ്മന്‍ചാണ്ടിയെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയും സന്ദര്‍ശിച്ചപ്പോള്‍ മുന്നോട്ട് വച്ചത്. അതേ സമയം പിളര്‍ന്നാലും ഇല്ലെങ്കിലും യുഡിഎഫില്‍ നിന്ന് വിട്ടു പോകില്ലെന്ന് ജോസഫ് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്.

കോട്ടയത്ത് റിബലായി മത്സരിക്കാന്‍ പി.ജെ ജോസഫ് ആദ്യം തീരുമാനിച്ചെങ്കിലും ഇക്കാര്യത്തില്‍ കോണ്‍ഗ്രസിന്റെ പിന്തുണ ലഭിക്കില്ലെന്നറിഞ്ഞതോടെയാണ് അദ്ദേഹം മറ്റ് നിര്‍ദ്ദേശങ്ങളുമായി മുന്നോട്ട് വന്നിരിക്കുന്നത്.  കോട്ടയത്ത് മാണി നിലവില്‍ പ്രഖ്യാപിച്ച തോമസ് ചാഴിക്കാടന്റെ പ്രചാരണത്തിന് സജീവമായി ഇറങ്ങണമെന്ന് കോണ്‍ഗ്രസ് നേതൃത്വം ജില്ലാകമ്മിറ്റിക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. യുഡിഎഫ് നേതാക്കളുമായി കൂടിയാലോചിച്ച് ഒരു തീരുമാനത്തിലെത്താമെന്നാണ് ഉമ്മന്‍ചാണ്ടി ജോസഫിനെ അറിയിച്ചിരിക്കുന്നത്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top