Flash News

ഇന്ത്യയില്‍ ആറ് അമേരിക്കന്‍ ആണവോര്‍ജ നിലയങ്ങള്‍ സ്ഥാപിക്കാന്‍ ധാരണയായി

March 14, 2019

plant_0ന്യൂഡല്‍ഹി : ഇന്ത്യയില്‍ ആറ് അമേരിക്കന്‍ ആണവോര്‍ജ നിലയങ്ങള്‍ സ്ഥാപിക്കാന്‍ ധാരണയായതായി ഇരു രാജ്യങ്ങളും സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു. രാജ്യ സുരക്ഷയും ആണവോര്‍ജ സഹവര്‍ത്തിത്വവും ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഇരു രാജ്യങ്ങളും തീരുമാനത്തിലെത്തിയതെന്നും പ്രസ്താവനയില്‍ പറയുന്നു.

ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെയും യു.എസ് ആയുധനിയന്ത്രണ അന്താരാഷ്ട്ര സുരക്ഷാ വിഭാഗത്തിന്റെ ചുമതലയുളള ആന്‍ഡ്രിയ തോംപ്‌സണും തമ്മില്‍ വാഷിംഗ്ടണില്‍ നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് ഈ വിഷയത്തില്‍ ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയിലെത്തിയത്. രാജ്യത്തിന്റെ ആവശ്യത്തിനനുസൃതമായുളള ഇന്ധനലഭ്യത ആണവോര്‍ജ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതോടെ ഉറപ്പു വരുത്താനാവുമെന്നാണ് വിചാരിക്കുന്നത്. ഒരു പതിറ്റാണ്ടായി ഇക്കാര്യത്തില്‍ നടത്തി വരുന്ന നിരവധി ചര്‍ച്ചകള്‍ക്കൊടുവിലാണ് ഇപ്പോള്‍ നിര്‍ണായക തീരുമാനം വന്നത്. ഇന്ത്യയുടെ ആഭ്യന്തര നയങ്ങളും അന്താരാഷ്ട്ര നയങ്ങളും തമ്മിലുളള ചില പൊരുത്തക്കേടുകള്‍ ഇക്കാര്യത്തില്‍ തടസ്സം സൃഷ്ടിച്ചിരുന്നു.

പിറ്റ്‌സ്ബര്‍ഗ് ആസ്ഥാനമായ വെസ്റ്റിങ് ഹൗസ് ഇന്ത്യയില്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാനുളള ഒരുക്കങ്ങള്‍ ആരംഭിച്ചിരുന്നുവെങ്കിലും 2017ല്‍ വെസ്റ്റിങ് ഹൗസിന് ഉണ്ടായ സാമ്പത്തിക പ്രതിസന്ധി ഇത് മുന്നോട്ട് കൊണ്ടുപോകുന്നതിന് തടസ്സമായി. 2016ല്‍ റിയാക്ടറുകള്‍ നിര്‍മിക്കാനുളള കരാര്‍ പ്രഖ്യാപിച്ചെങ്കിലും പദ്ധതിയില്‍ പുരോഗതി ഉണ്ടായില്ല.

2024 ഓടെ രാജ്യത്തിന്റെ ആണവോര്‍ജ ശേഷി മൂന്നിരട്ടിയാക്കാനുളള നീക്കത്തിലാണ് ഇന്ത്യ. ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ റഷ്യയുമായും ഇന്ത്യ കഴിഞ്ഞ ഒക്ടോബറില്‍ കരാര്‍ ഒപ്പുവച്ചിരുന്നു. നിലയങ്ങള്‍ എവിടെ സ്ഥാപിക്കും,ശേഷി എത്രയാണ് തുടങ്ങിയ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top