Flash News
എന്റെ കേസ് ഞാന്‍ സ്വയം വാദിക്കുമെന്ന് ക്രൈസ്റ്റ് ചര്‍ച്ച് വെടിവെപ്പ് പ്രതി ബ്രന്റണ്‍ ടാരന്റ്   ****    ദക്ഷിണാഫ്രിക്കയിലെ ഇദായ് ചുഴലിക്കാറ്റ്; സിം‌ബാബ്‌വേ-മൊസാംബിക്ക് എന്നിവിടങ്ങളില്‍ 120ഓളം പേര്‍ മരിച്ചു; നൂറിലധികം പേരെ കാണ്മാനില്ല   ****    ‘ഞാന്‍ ചുമ്മാ ഒന്ന് പരിചയപ്പെടുത്തീന്നേ ഉള്ളൂ’; സിപി‌എമ്മിനെ ട്രോളി വി.ടി. ബല്‍‌റാം   ****    ഓച്ചിറയില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയത് സി‌പി‌എം പ്രാദേശിക നേതാവിന്റെ മകനും സംഘവുമാണെന്ന് പോലീസ്   ****    വിദ്വേഷ കാഴ്ചപ്പാടുകള്‍ പ്രസിദ്ധീകരിക്കുന്ന മാധ്യമങ്ങളാന് നൂസിലന്‍ഡിലെ മുസ്ലിം പള്ളികള്‍ക്കു നേരെയുണ്ടായ ആക്രമണമെന്ന് മുസ്ലീം നേതാക്കള്‍   ****   

2019 ലോക്‌സഭാ തെരഞ്ഞെടുപ്പ്; മൂന്നു കോടിയോളം മുസ്ലിങ്ങളും നാലു കോടിയോളം ദളിതരും വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്ത്; ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി റെലാബ്സ് സി‌ഇ‌ഒ ഖാലിദ് സെയ്‌ഫുള്ള

March 16, 2019

votersന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വോട്ടര്‍ പട്ടികയില്‍ മൂന്ന് കോടി മുസ്ലീം വോട്ടര്‍മാരും നാല് കോടി ദളിതരും പുറത്തെന്ന് പഠനം. ആകെ വോട്ടര്‍മാരില്‍ 12.7 കോടി പേര്‍ക്കും മുസ്‌ലിം വോട്ടര്‍മാരില്‍ മൂന്ന് കോടി വോട്ടര്‍മാര്‍ക്കും 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാന്‍ കഴിയില്ലെന്നാണ് സൂചിപ്പിക്കുന്നത്. മിസ്സിങ് വോട്ടര്‍ ആപ്പിന്റെ സ്ഥാപകനും ഹൈദരാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന റെലാബ്‌സ് സി.ഇ.ഒയുമായ ഖാലിദ് സെയ്ഫുള്ള നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്.

ഇന്ത്യയിലെ 11 കോടി യോഗ്യരായ മുസ്‌ലിം വോട്ടര്‍മാരില്‍ മൂന്ന് കോടി വോട്ടര്‍മാരുടെ പേര് വോട്ടര്‍പട്ടികയില്‍ ഇല്ലെന്നാണ് അദ്ദേഹം പറയുന്നത്. വോട്ടര്‍പട്ടികയില്‍ എത്ര മുസ്‌ലിം ദളിത് വോട്ടര്‍മാരുണ്ടെന്നതിനേയും എത്രപേര്‍ അപ്രത്യക്ഷരായെന്നതിനേയും കുറിച്ചാണ് അദ്ദേഹം പഠിച്ചത്. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പു വേളയില്‍ ലക്ഷക്കണക്കിന് മുസ്‌ലീങ്ങളുടെ പേരുകള്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് അപ്രത്യക്ഷമായത് ശ്രദ്ധയില്‍പ്പെട്ടപ്പോഴാണ് ഇക്കാര്യം പരിശോധിച്ചതെന്നാണ് അദ്ദേഹം പറയുന്നത്. ഗുജറാത്തിലെ കാര്യം അദ്ദേഹം വിശദമായി പഠിച്ചു.

ലക്ഷക്കണക്കിന് മുസ്‌ലീങ്ങള്‍ക്കാണ് ഇവിടെ വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തതു കാരണം വോട്ടു ചെയ്യാന്‍ കഴിയാതെ വന്നത്. 3000 വോട്ടുകളുടെയൊക്കെ മാര്‍ജിനില്‍ ബി.ജെ.പി ജയിച്ച ഗുജറാത്തിലെ 16 നിയമസഭാ മണ്ഡലങ്ങളില്‍ വന്‍തോതില്‍ മുസ്‌ലിം വോട്ടര്‍മാരുടെ പേരുകള്‍ അപ്രത്യക്ഷമായിരുന്നെന്നാണ് അദ്ദേഹം കണ്ടെത്തിയത്. തുടര്‍ന്നാണ് അദ്ദേഹം മിസിംഗ് വോട്ടേഴ്‌സ് ആപ്പ് തയ്യാറാക്കിയത്. എല്ലാ മണ്ഡലങ്ങളിലേയും വീട്ടുനമ്പറും ഓരോ വീട്ടിലുമുള്ള വോട്ടര്‍മാരുടെ നമ്പറും ഇതിലുണ്ട്. വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്തായവരെ കണ്ടെത്താന്‍ ഈ ആപ്പുവഴി സാധിക്കും.

വോട്ടര്‍ പട്ടികയില്‍ നിന്നും പേരുകള്‍ നീക്കം ചെയ്യാന്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍ വെബ്‌സൈറ്റിലെ ഫോം 7 പല രാഷ്ട്രീയക്കാരും ദുരുപയോഗം ചെയ്യുന്നുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. ഏപ്രില്‍ 11ന് ഒറ്റഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന ഉത്തരാഖണ്ഡില്‍ 13%ത്തോളം വോട്ടര്‍മാരുടെ പേരുകള്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്യപ്പെട്ടെന്നാണ് ചേതന ആന്തോളന്‍ നടത്തിയ സര്‍വ്വേയില്‍ കണ്ടെത്തിയത്. വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്തായവരില്‍ 90%വും മുസ്‌ലിം ദളിത് വോട്ടര്‍മാരാണെന്നും സര്‍വ്വേയില്‍ വ്യക്തമായിട്ടുണ്ട്.

ന്യൂഡല്‍ഹിയിലെ ഇന്ത്യ ഇസ്ലാമിക് കള്‍ച്ചറല്‍ സെന്ററില്‍ നടന്ന മൂന്നാമത് നാഷനല്‍ ലീഡര്‍ഷിപ്പ് സമ്മിറ്റിലാണ് അദ്ദേഹം ഇതുസംബന്ധിച്ച കാര്യങ്ങള്‍ വ്യക്തമാക്കിയത്.

ആപ്പ് ഉപയോഗിച്ച് പട്ടികയില്‍ നിന്ന് ഒഴിവായ വോട്ടര്‍മാരെ കണ്ടെത്താനും ഓണ്‍ലൈന്‍ വഴി പുതിയ വോട്ടര്‍ ഐഡിക്ക് അപേക്ഷിക്കാനും സാധിക്കും. മിസ്സിംഗ് വോട്ടേഴ്‌സ് ആപ്പ് ഗൂഗ്ള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാവുന്നതാണ്. 8099 683 683 എന്ന നമ്പറില്‍ മിസ്ഡ് കോള്‍ ചെയ്ത് ആപ്പ് നിര്‍മാതാവുമായി ബന്ധപ്പെടാവുന്നതാണ്. ആപ്പിന്റെ സഹായത്തോടെ ഇതിനകം 800 അസംബ്ലി മണ്ഡലങ്ങളിലെ 1.6 കോടി മിസ്സിംഗ് വോട്ടര്‍മാരുള്ള വീടുകള്‍ കണ്ടെത്തി. അതില്‍ 40 ലക്ഷം മുസ്ലിംകളാണ്. 9000 വോളന്റിയര്‍മാര്‍ ഇതിനകം ആപ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കാല്‍ ലക്ഷത്തോളം പുതിയ വോട്ടര്‍ ഐഡികള്‍ ഉണ്ടാക്കാനും ആപ്പ് വഴി സാധിച്ചതായി സൈഫുല്ല അവകാശപ്പെട്ടു. ആപ്പിന്റെ സഹായത്തോടെ കര്‍ണാടകയില്‍ വലിയ വിജയം നേടിയ കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. കര്‍ണാടകയില്‍ 18 ലക്ഷം വോട്ടര്‍മാര്‍ പട്ടികയില്‍ നിന്ന് അപ്രത്യക്ഷമായത് ആപ്പിന്റെ സഹായത്തോടെ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് 12,000 വോളന്റിയര്‍മാര്‍ രജിസ്റ്റര്‍ ചെയ്ത് മൂന്നാഴ്ച്ച നീണ്ട പരിശ്രമത്തിലൂടെ 12 ലക്ഷം പുതിയ വോട്ടര്‍മാരെ ചേര്‍ക്കാനായി. ഫോം 7മായി ബന്ധപ്പെട്ട രാഷ്ട്രീയ ഗൂഡാലോചന, മുസ്ലിംകളുടെയും ദലിതുകളുടെയും നിസ്സഹായാവസ്ഥ, നിരക്ഷരത തുടങ്ങിയവ വോട്ടുകള്‍ അപ്രത്യക്ഷമാവാന്‍ കാരണമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

നിങ്ങള്‍ ഉത്തര്‍പ്രദേശിലെ നാലംഗ മുസ്ലിം കുടുംബത്തില്‍പ്പെട്ട ഒരാളാണെങ്കില്‍ അതില്‍ മൂന്ന് പേര്‍ക്ക് മാത്രമേ വോട്ട് ചെയ്യാന്‍ അവസരം കിട്ടാന്‍ സാധ്യതയുള്ളു എന്ന് ഹിന്ദു ഫ്രണ്ട്‌ലൈന്‍ ഈയിടെ റിപോര്‍ട്ട് ചെയ്തിരുന്നു. നാലാമത്തേയാളുടെ പേര് മിക്കവാറും പട്ടികയില്‍ ഉണ്ടാവില്ല. തമിഴ്‌നാട്ടിലും സമാനമായ സാഹചര്യം കണ്ടെത്തിയിരുന്നു. ആന്ധ്രപ്രദേശ്, തെലങ്കാന, ഗുജറാത്ത്, കര്‍ണാടക സംസ്ഥാനങ്ങളിലും സ്ഥിതി മെച്ചമല്ല.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top