Flash News

ലൂസി കളപ്പുര സിസ്റ്ററിന് എതിരായ നടപടിയെ കെസിആര്‍എം നോര്‍ത്ത് അമേരിക്ക ശക്തമായി അപലപിച്ചു

March 17, 2019

09TVLUCYപൗരസ്ത്യ സഭകളുടെ കാനോനകള്‍ 553; 500.2.1,3; 1486; ഫ്രാന്‍സിസ്കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്‍ കോണ്‍സ്റ്റിട്യൂഷന്‍ ആര്‍ട്ടിക്കിള്‍ നമ്പര്‍ 103 എന്നീ നിയമങ്ങളെ ഉദ്ധരിച്ചുകൊണ്ട് 33 വര്‍ഷങ്ങള്‍ക്കു മുമ്പ് വ്രതവാഗ്‌ദാനം നടത്തി സന്യസ്ത ജീവിതം നയിക്കുന്ന ലൂസി കളപ്പുര സിസ്റ്ററിനെ അവരുടെ സന്ന്യാസിനീ സഭയില്‍നിന്നും പുറത്താക്കാനുള്ള ഷോ-കോസ് നോട്ടീസ് സുപ്പീരിയര്‍ ജനറല്‍ കഴിഞ്ഞ ദിവസം നല്‍കുകയുണ്ടായി. എഫ്സിസി കോണ്‍ഗ്രിഗേഷന്‍ സന്ന്യാസിനീ സഭാ മേലധികാരികളുടെ അപഹാസ്യമായ ഈ പ്രവര്‍ത്തിയെ കെസിആര്‍എം നോര്‍ത്ത് അമേരിക്ക ശക്തമായി അപലപിക്കുന്നു.

കത്തോലിക്കാ സഭയുടെ പ്രബോധനപ്രകാരം നിത്യനരകാഗ്നിക്ക് വിധിക്കപ്പെടാന്‍ എല്ലാം കൊണ്ടും അര്‍ഹരും കുറ്റവാളികളുമായ മെത്രാന്മാര്‍ക്കും വൈദികര്‍ക്കും എതിരായി കാനോന്‍ നിയമം എന്ന ആയുധം കേരളസഭ ഈ അടുത്തകാലത്തൊന്നും എടുത്തുപയോഗിച്ചതായി പറഞ്ഞു കേട്ടിട്ടുപോലുമില്ല. ഒരു മെത്രാന്‍ കന്ന്യാസ്‌ത്രിയെ പീഡിപ്പിച്ചു എന്ന ആരോപണം ഉണ്ടായപ്പോള്‍ നീതിയുടെ പേരില്‍ ഇരയോടൊപ്പം നിന്ന അച്ചന്മാരെയും കന്യാസ്ത്രീകളെയും അച്ചടക്കം പഠിപ്പിക്കാന്‍ 55 മെത്രാന്മാര്‍ കൂടിയിരുന്ന് തീരുമാനമെടുത്തു. മനുഷാവകാശത്തെപ്പോലും വെല്ലുവിളിച്ചും ലംഘിച്ചുകൊണ്ട് സഭാധികാരികള്‍ സന്യസ്തരുടെയും വൈദികരുടെയും അല്‍മായരുടെയും വാ മൂടിക്കെട്ടാന്‍ ശ്രമിക്കുന്നത് ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ വെറും വ്യാമോഹവും കുറ്റകരവുമാണ്. മതാധിപത്യ രാഷ്ട്രമായ വത്തിക്കാന്റെ സൃഷ്ടിയായ കാനോന്‍ നിയമം പൊക്കിപ്പിടിച്ച് ലൂസി സിസ്റ്ററിനെ മഠത്തിന്റെ പടിയിറക്കാനാണ് സഭാധികാരം ഉദ്ദേശിക്കുന്നതെങ്കില്‍, ഒന്നു രണ്ടു വര്‍ഷം മാത്രം പോലും ഒരു സ്ഥാപനത്തില്‍ ജോലിചെയ്ത ഒരാളെ അവിടെനിന്നും പിരിച്ചുവിടാന്‍ നിയമസാധുത ഇല്ലാത്ത കേരളത്തിലാണ് നിങ്ങള്‍ ജീവിക്കുന്നത് എന്ന് ഓര്‍മിക്കുന്നത് നന്നായിരിക്കും. മനുഷ്യാവകാശ വിരുദ്ധവും ഏകാധിപത്യപരവുമായ നിങ്ങളുടെ ഈ നടപടി എത്രയും വേഗം നിര്‍ത്തിവെക്കണമെന്ന് കെസിആര്‍എം നോര്‍ത്ത് അമേരിക്ക ആവശ്യപ്പെടുന്നു.

മനഃസ്സാക്ഷിയുടെ പ്രചോദനത്തോടെ സ്വന്തം ദൗത്യനിര്‍വഹണമാണ് അനുസരണത്തിന്റെ അടിത്തറ എന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് ലൂസി സിസ്റ്റര്‍ ജീവിക്കുന്നത്. എന്നാല്‍ മേലധികാരികളുടെ വ്യാഖ്യാനത്തില്‍ അനുസരണ വ്രതമെടുത്ത സിസ്റ്റര്‍ എല്ലാ മനുഷ്യാവകാശങ്ങളെയും അടിയറവുവെച്ച്‌ അടിമയായി ജീവിക്കണം. അത്തരം അപരിഷ്കൃത ജീവിതശൈലി സന്യാസ ജീവിതത്തെ അപഹാസ്യമാക്കുകയാണ് ചെയ്യുന്നത്. അസാന്മാര്‍ഗികതയോ അഴിമതിയോ ഒന്നും ലൂസി സിസ്റ്ററിനെതിരായി സഭാ മേലധികാരികള്‍ പോലും ആരോപിച്ചിട്ടില്ല.

എഫ്സിസി കോണ്‍ഗ്രിഗേഷന്റെ മേലധികാരികളേ, നിങ്ങളുടെ നീതിബോധം എവിടെ? യേശുവിന്റെ കരുണയുടെയും സ്നേഹത്തിന്റേയും സദ്‌വാര്‍ത്തയെ നിങ്ങള്‍ കുഴിച്ചുമൂടുകയല്ലേ ചെയ്യുന്നത്? സന്യാസിനീ സഭാധികാരികളേ, നിങ്ങള്‍ എന്തിന് പുരുഷാധിപത്യത്തിന്റെ ഇരകളും അടിമകളുമായി കഴിയുന്നു? നിങ്ങള്‍ നിങ്ങളുടെ സഹകന്യാസ്ത്രീകളോട് ചേര്‍ന്നുനിന്ന് അവര്‍ക്ക് അത്താണിയാകുകയല്ലേ വേണ്ടത്? പുരുഷമേധാവിത്വത്തിന്റേയും അവരുടെ ലൈംഗിക ദുര്‍നടപ്പിന്റേയും ഇരകളാകാന്‍ നിങ്ങളുടെ സഹോദരികളെ വിട്ടുകൊടുക്കുന്നത് നീതിക്കു ചേര്‍ന്നതാണോ? നിങ്ങള്‍ നിങ്ങളുടെ മനഃസ്സാക്ഷിയോട് ചോദിക്കുവിന്‍. നൂറുകണക്കിന് കന്യാസ്ത്രീകൾ വൈദികരുടെ ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയായിട്ടില്ലേ? സാമൂഹ്യ സമ്മര്‍ദ്ദം കൊണ്ടല്ലേ ഇരകളാകുന്ന കന്യാസ്ത്രീകൾ തുറന്നുപറയാതെ സഹിച്ച് മഠങ്ങളില്‍ ജീവിച്ചു പോകുന്നത്?

ലൂസി സിസ്റ്റര്‍ യാന്ത്രികയായ ഒരു മനുഷ്യസ്ത്രീയല്ല; മാംസവും രക്തവുമുള്ള മനുഷ്യസ്ത്രീയാണ്. 17 വയസു മുതല്‍ 54 വയസുവരെ ക്ലാരിസ്റ്റ് അമൂഹത്തിനുവേണ്ടി ജീവിച്ച നിങ്ങളുടെ ഒരു സഹോദരിയാണവര്‍. അധികാരത്തിന്റെ മത്തുപിടിച്ച നിങ്ങള്‍ക്ക് ലൂസി സിസ്റ്ററിനെ കറിവേപ്പില പോലെ ഉപയോഗം കഴിഞ്ഞ് ചവറ്റു കൊട്ടയിലേക്ക് വലിച്ചെറിയാന്‍ നാണമില്ലേ? നിങ്ങള്‍ സമൂഹത്തിന് എന്ത് മാതൃകയാണ് കാണിച്ചുകൊടുക്കുന്നത്? നിങ്ങള്‍ എന്തിന് സോഷ്യല്‍ മീഡിയായെ പഴിക്കുന്നു? വിവരമുള്ള പെണ്‍കുട്ടികള്‍ നിങ്ങളുടെ മഠത്തിന്റെ പടി ഇനി കയറുമോ? നിങ്ങളുടെ പ്രവര്‍ത്തികള്‍ നിങ്ങളെത്തന്നെ കാര്‍ന്നു തിന്നുന്നുയെന്ന് നിങ്ങള്‍ തിരിച്ചറിയണം. കാലോചിതമായ മാറ്റങ്ങള്‍ക്കായി ധീരതയോടെ ശബ്ദമുയര്‍ത്തിയ ലൂസി സിസ്റ്ററിന്റെ കൂടെയാണ് കെസിആര്‍എം നോര്‍ത്ത് അമേരിക്കയെന്ന് ഞങ്ങള്‍ നിങ്ങളെ ബോധിപ്പിക്കുന്നു. സിസ്റ്ററിന്റെ പേരിലുള്ള അടിസ്ഥാനരഹിതമായ എല്ലാ കുറ്റാരോപണങ്ങളും നീക്കി യേശുവിന്റെ സ്നേഹവും കരുണയും സിസ്റ്റര്‍ ലൂസിയോട് കാണിക്കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു.

ചാക്കോ കളരിക്കല്‍
(കെസിആര്‍എം നോര്‍ത്ത് അമേരിക്ക, ജനറല്‍ കോഓര്‍ഡിനേറ്റര്‍)


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

2 responses to “ലൂസി കളപ്പുര സിസ്റ്ററിന് എതിരായ നടപടിയെ കെസിആര്‍എം നോര്‍ത്ത് അമേരിക്ക ശക്തമായി അപലപിച്ചു”

  1. Thomas T A says:

    വളരെ ശരിയാണ്.14-16 നൂറ്റാണ്ടിനു മുന്‍പ് ഈ ലോകത്ത് ശാസ്ത്രീയ, ജനാധിപത്യ ബോധമില്ലാതിരുന്ന കാലത്ത് നിലനിന്നിരുന്ന സാമൂഹ്യ പാശ്ചാത്തലത്തില്‍ പടച്ചു വച്ച സന്യാസ സഭാ സംവിധാനം വെറും ഭോഷ്ക്കാണെന്ന് ഇവര്‍ എന്താണ് മനസ്സിലാക്കത്തത്?

  2. Sebastian says:

    All those concerned with the injustice perpetrated against the innocent sister kalapura should come forward collectively and approach the human rights commission to take action against these unscrupulous authorities of the convent.

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top