Flash News

ബാലാക്കോട്ടില്‍ ഇന്ത്യന്‍ വ്യോമസേനയുടെ ദൗത്യം പൂര്‍ത്തിയാക്കിയെന്ന വിവരം അറിഞ്ഞപ്പോള്‍ അടക്കാനാവാത്ത സന്തോഷമായിരുന്നുവെന്ന് നിര്‍മ്മല സീതാരാമന്‍

March 20, 2019

NIRMALASITHARAMAന്യൂഡല്‍ഹി: ബാലാക്കോട്ടില്‍ ഭീകര ക്യാമ്പുകള്‍ക്കെതിരെ ഇന്ത്യന്‍ വ്യോമസേന ആക്രമണം നടത്തി തിരിച്ചെത്തിയെന്ന വിവരം അറിഞ്ഞപ്പോള്‍ അടക്കാനാവാത്ത സന്തോഷമായിരുന്നുവെന്ന് പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍. രാത്രി ഉറക്കമില്ലാതെ കാത്തിരുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദി മാത്രമായിരുന്നില്ല. വെളുപ്പിനു നാലു മണിക്ക് ആക്രമണം കഴിഞ്ഞ് ഇന്ത്യന്‍ പൈലറ്റുമാര്‍ സുരക്ഷിതരായി തിരിച്ചെത്തിയെന്നു ഫോണ്‍ സന്ദേശം ലഭിച്ചതോടെയാണ് ആശ്വാസമായതെന്നും മന്ത്രി പറഞ്ഞു. സോണിയാ സിംഗ് എഴുതിയ ‘ഡിഫൈനിംഗ് ഇന്ത്യ ത്രൂ ദെയര്‍ ഐയ്‌സ്’ എന്ന പുസ്തകത്തിലാണ് വെളിപ്പെടുത്തല്‍.

ബാലകോട്ട് ദൗത്യത്തിനു ശേഷം പുലര്‍ച്ചെ നാലുമണിക്ക് തനിക്കൊരു ഫോണ്‍കോള്‍ ലഭിച്ചു. പറഞ്ഞറിയിക്കാന്‍ പറ്റാത്ത സന്തോഷത്തിലായിരുന്നു ഞാന്‍ നിര്‍മല സീതാരാമന്‍ പറയുന്നു. ഭീകരവാദത്തിനെതിരെ കയ്യും കെട്ടിനോക്കി നില്‍ക്കാന്‍ ഞങ്ങള്‍ക്ക് കഴിയില്ലെന്ന് പാക്കിസ്ഥാനെ ബോധ്യപ്പെടുത്തണമായിരുന്നു. ഫെബ്രുവരി 26ാം തീയതി നമ്മുടെ പോര്‍വിമാനങ്ങള്‍ കൃത്യതയോടെ ലക്ഷ്യം കൈവരിച്ച് തിരിച്ചെത്തി. പുലര്‍ച്ചെ നാലുമണിക്കാണ് എന്നെ തേടി ആ ഫോണ്‍ കോള്‍ എത്തിയത്.

നമ്മുടെ എല്ലാ വൈമാനികരും സുരക്ഷിതമായി തിരിച്ചെത്തിയെന്നും ഭീകരാവാദത്തിനു ശക്തമായ തിരിച്ചടി നല്‍കിയെന്നും ഞാനറിഞ്ഞ നിമിഷം ഞാന്‍ അനുഭവിച്ച സന്തോഷത്തെ വര്‍ണിക്കാന്‍ വാക്കുകളില്ലെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു. പ്രതിരോധമന്ത്രിയറിയാതെയാണ് ബാലകോട്ട് ആക്രമണം ആസൂത്രണം ചെയ്തതെന്ന മാധ്യമവാര്‍ത്ത കളവാണ്. തുടക്കം മുതല്‍ പൂര്‍ണമായും ചിത്രത്തിലുണ്ടായിരുന്നു. എല്ലാ കാര്യങ്ങളെക്കുറിച്ചും കൃത്യമായി അറിവുണ്ടായിരുന്നു. ഉത്തരവാദിത്തപ്പെട്ട എല്ലാവരുമായും ചേര്‍ന്നാണ് തീരുമാനങ്ങള്‍ എടുത്തിരുന്നതെന്നും നിര്‍മല പറഞ്ഞു.

വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്‍ പാക്ക് പിടിയിലായപ്പോഴും വിവരങ്ങള്‍ സസൂക്ഷമം നിരീക്ഷിച്ചു. പാകിസ്താനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷണറില്‍ നിന്ന് കൃതല്‍മായി വിവരങ്ങള്‍ അറിഞ്ഞിരുന്നു. അഭിനന്ദന്‍ തിരിച്ചെത്തുന്ന ദിവസം ചില ആശയക്കുഴപ്പങ്ങള്‍ നിലനിന്നിരുന്നു. എന്നാല്‍ വാഗാ അതിര്‍ത്തി കടന്ന് അഭിനന്ദന്‍ എത്തിയപ്പോള്‍ വലിയ ആശ്വാസം തോന്നി. അടുത്ത ദിവസം അദ്ദേഹത്തെ കണ്ടപ്പോഴും ആ ആത്മവിശ്വാസം അടുത്തറിഞ്ഞപ്പോഴും അഭിമാനം തോന്നി നിര്‍മല വ്യക്തമാക്കുന്നു.

2008 ലെ മുംൈബ ഭീകരാക്രമണത്തിനു ശേഷം യുപിഎ സര്‍ക്കാര്‍ ശക്തമായ തീരുമാനങ്ങള്‍ എടുത്തിരുന്നെങ്കില്‍ പുല്‍വാമ ഭീകരാക്രമണം സംഭവിക്കില്ലായിരുന്നുവെന്നും നിര്‍മല സീതാരാമന്‍ ആരോപിക്കുന്നു. പുല്‍വാമ ഭീകരാക്രമണത്തിനു ശേഷം പത്ത് ദിവസം ഇന്ത്യ കാത്തിരുന്നു. പിന്നീടാണ് തിരിച്ചടിക്കു തീരുമാനിച്ചത്. പാക്കിസ്ഥാനില്‍ ആക്രമണം അഴിച്ചു വിടാനോ ഒരു യുദ്ധത്തിനു തയാറെടുക്കാനോ ഇന്ത്യ മുതിര്‍ന്നില്ല കാത്തിരിക്കാനായിരുന്നു തീരുമാനം. ബാലക്കോട്ടെ തീവ്രവാദ ക്യാംപിനെ കുറിച്ച് കൃത്യമായ ഇന്റലിജന്‍സ് വിവരം ലഭിച്ചതിനു ശേഷം മാത്രമാണ് ആക്രമണം ആസൂത്രണം ചെയ്തതും.

തീവ്രവാദത്തോട് സന്ധി ചെയ്യാനാകില്ലെന്ന് ഇന്ത്യ ഉറക്കെ വിളിച്ചു പറയുകയായിരുന്നു ഈ തിരിച്ചടിയിലൂടെ. സാധാരണക്കാരന്റെ ഒരു തുളളി ചോര ചിന്താതെ പാക്കിസ്ഥാന്‍ സൈന്യത്തെയും സൈനിക സംവിധാനങ്ങളെയും തൊടാതെ ഇന്ത്യ മധുരമായി പ്രതികാരം വീട്ടി. പാക്കിസ്ഥാന്റെ ഭീഷണികള്‍ക്ക് മുന്നില്‍ മുട്ടുവിറയ്ക്കുന്ന മുന്‍ സര്‍ക്കാരിന്റെ നിലപാടുകളാണ് ഇന്ത്യയെ ഇത്രയധികം കുഴപ്പത്തില്‍ കൊണ്ടു പോയി എത്തിച്ചത്. പാകിസ്താന്റെ മണ്ണില്‍നിന്നും ഭീകരവാദത്തെ തുടച്ചു മാറ്റുകയെന്നത് തന്നെയായിരുന്നു ലക്ഷ്യം.

ജെയ്‌ഷെ മുഹമ്മദ് സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടും തീവ്രവാദത്തിനെതിരെ ചെറുവിരല്‍ പാക്കിസ്ഥാന്‍ അനക്കാതിരുന്നത് ഇന്ത്യയെ ചൊടിപ്പിച്ചു. 40 ധീര ജവാന്‍മാരുടെ ജീവനില്ലാത്ത ശരീരം ഡല്‍ഹി എയര്‍പോര്‍ട്ടില്‍ ഏറ്റുവാങ്ങിയത് ഞാനായിരുന്നു. എത്രമാത്രം ദാരുണവും വേദനാജനകവുമായ നിമിഷമായിരുന്നു അതെന്ന് എനിക്ക് പറഞ്ഞറിയിക്കാന്‍ പോലും സാധിക്കില്ല നിര്‍മല പറയുന്നു.

ആണവായുധ ശേഷി വര്‍ധിപ്പിക്കാന്‍ പാകിസ്താന്‍ ശ്രമിക്കുന്നുണ്ടെന്നും ഇക്കാര്യം ഇന്ത്യയ്ക്ക് അറിയാമെന്നും നിര്‍മലാ സീതാരാമന്‍ പറയുന്നു. ആണവായുധങ്ങള്‍ നിര്‍മിക്കാനുള്ള ഘടകങ്ങള്‍ പാകിസ്താന്‍ വികസിപ്പിക്കുന്നുവെന്നതിനെപ്പറ്റിയുള്ള വിവരങ്ങള്‍ സര്‍ക്കാരിന്റെ പക്കലുണ്ട്. ആയുധങ്ങള്‍ കൊണ്ടുപോകുന്നതിനുള്ള സംവിധാനങ്ങള്‍ വിപുലമാക്കുന്നതായും തന്ത്രപ്രധാനമായ ആണവായുധങ്ങള്‍ പാകിസ്താന്‍ ആധുനികവത്കരിക്കുന്നുണ്ടെന്നും നിര്‍മലാ സീതാരാമന്‍ പറഞ്ഞു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top