Flash News

വയനാട് സീറ്റ് എ-ഗ്രൂപ്പിന് നല്‍കിയതില്‍ ഐ-ഗ്രൂപ്പിന് അമര്‍ഷം; കോഴിക്കോട് ഡിസിസി പ്രസിഡന്റ് സ്ഥാനം ഐ-ഗ്രൂപ്പിന് വേണമെന്ന്

March 21, 2019

cha_9കോഴിക്കോട്: കോണ്‍ഗ്രസില്‍ ഐ ഗ്രൂപ്പിന്റെ കൈയ്യിലുള്ള വയനാട് പാര്‍ലിമെന്റ് സീറ്റ് എ. ഗ്രൂപ്പിന് നല്‍കിയതില്‍ ജില്ലയിലെ ഐ  ഗ്രൂപ്പില്‍പ്പെട്ട കെപിസിസി- ഡിസിസി ഭാരവാഹികളുടേയും ബ്‌ളോക്ക് ഭാരവാഹികളുടേയും പോഷക സംഘടനാ ഭാരവാഹികളുടെയും സംയുക്ത യോഗം അമര്‍ഷവും പ്രതിഷേധവും പ്രകടിപ്പിച്ചു.

വയനാട്ടില്‍ സീറ്റ് തരപ്പെടുത്തുന്നതില്‍ കോഴിക്കോട് ഡിസിസി പ്രസിഡന്റ് ടി. സിദ്ധിക്കിന് എല്ലാ ഒത്താശയും ചെയ്തു കൊടുത്തത്  ഉമ്മന്‍ ചാണ്ടിയാണെന്ന് യോഗം ഏകകണ്ഠമായി ആരോപിച്ചു.  എഐസിസി ജനറല്‍ സെക്രട്ടറിയായ ഉമ്മന്‍ ചാണ്ടി ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത സമ്മര്‍ദ്ദമാണ് സിദ്ദിക്കിന് വേണ്ടി നടത്തിയതെന്ന് യോഗത്തില്‍ പങ്കെടുത്തവര്‍ കുറ്റപ്പെടുത്തി.സിദ്ദിക്കിനോട് വടകരയില്‍ മത്സരിക്കാന്‍ ആവശ്യപ്പെട്ടിരുന്നു.   വടകര പാര്‍ലിമെന്റ് സീറ്റിലെ ഏഴു അസംബ്ലി മണ്ഡലങ്ങളില്‍ അഞ്ചും കോഴിക്കോട് ജില്ലയിലാകയാല്‍  സ്വാഭാവികമായും സിദ്ദിക്ക് അവിടെ മത്സരിക്കുകയായിരുന്നു വേണ്ടിരുന്നത്. പക്ഷെ വയനാടല്ലെങ്കില്‍ താന്‍ മത്സരിക്കാനില്ലെന്ന് പറഞ്ഞ സിദ്ദിക്കിന്റെ നിലപാട് ഒരു കോണ്‍ഗ്രസ് നേതാവിന് യോജിച്ചതായിരുന്നില്ല. ലോകസഭയിലേക്കും നിയമസഭയിലേക്കും മത്സരിച്ചു പരാജയപ്പെട്ട സിദ്ദിക്കിന്റെ സമീപനം പാര്‍ട്ടിയോടുള്ള വെല്ലുവിളിയാണെന്ന്  പാര്‍ട്ടിയുടെ ഉന്നത നേതാക്കള്‍ മനസിലാക്കേണ്ടതായിരുന്നു.

വയനാട് സിദ്ദിക്കിന് സമ്മാനിച്ചതില്‍ വയനാട് മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഉള്‍പ്പെടുന്ന ഏഴു നിയോജക മണ്ഡലങ്ങളിലേയും ബ്‌ളോക്ക് കമ്മറ്റികളിലേയും ഐ. ഗ്രൂപ്പ് പ്രവര്‍ത്തകരില്‍ കഠിനമായ അമര്‍ഷം നുരയുന്നുണ്ട്. നാമനിര്‍ദ്ദേശ പത്രിക നല്‍കുന്നതിന് മുമ്പ് പ്രവര്‍ത്തകരുടെ അരിശം തണുപ്പിച്ചില്ലെങ്കില്‍   വിജയിക്കുമെന്ന ശുഭപ്രതീക്ഷയ്ക്ക് മങ്ങല്‍ ഏല്‍ക്കുമെന്നു പോലും യോഗത്തില്‍ സംസാരിച്ചവര്‍ തുറന്നടിച്ചു.

ഐ ഗ്രൂപ്പിന്റെ കൈയ്യിലായിരുന്ന കോഴിക്കോട് ഡിസിസി പ്രസിഡന്റ് സ്ഥാനം സിദ്ദിക്ക് സ്വന്തമാക്കിയതിലും നേരത്തെ പ്രവര്‍ത്തകരില്‍ ഭിന്നാഭിപ്രായമുണ്ടായിരുന്നു. പാര്‍ട്ടിയുടെ ഭാവി ഓര്‍ത്ത് ആ തീരുമാനം അംഗീകരിക്കുകയായിരുന്നു. ഐ. ഗ്രൂപ്പ് പ്രവര്‍ത്തകരുടെ വികാരം തണുപ്പിക്കാന്‍  കോഴിക്കോട് ഡിസിസി പ്രസിഡന്റ്സ്ഥാനം  സിദ്ദിക്ക് ഒഴിയണമെന്നും തല്‍സ്ഥാനത്ത് ഐ ഗ്രുപ്പില്‍ നിന്നുള്ള ഒരാളെ നിയോഗിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഇക്കാര്യം  കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല. എഐസിസി ജനറല്‍ സെക്രട്ടറിമാരായ കെ.സി വേണുഗോപാല്‍, ഉമ്മന്‍ ചാണ്ടി എന്നിവരുടെ ശ്രദ്ധയില്‍ പെടുത്താനും തീരുമാനിച്ചിട്ടുണ്ടത്രെ. ഇക്കാര്യത്തില്‍ നേതൃത്വത്തിന്റ തീരുമാനമറിഞ്ഞതിനു ശേഷം മതി സിദ്ദിക്കിന്റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സജീവമാവുന്നത് എന്ന് നിര്‍ദ്ദേശിച്ചവരെ മുതിർന്ന നേതാക്കള്‍ ഇടപെട്ട് സാന്ത്വനിപ്പിച്ചുവെന്നാണ് ഈസ്റ്റ്ഹില്‍ യൂത്ത് ഹോസ്റ്റലില്‍ ചെര്‍ന്ന രഹസ്യ യോഗത്തില്‍ നിന്നും പരസ്യമായ വിവരം.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top