Flash News

ചെര്‍പ്പുളശ്ശേരി പീഡനകേസ്: നവജാത ശിശുവിനെ ഉപേക്ഷിച്ച യുവതിക്കെതിരെ കേസ്

March 21, 2019

Rape-1-1പാലക്കാട്: സിപിഎം ഏരിയ കമ്മിറ്റി ഓഫീല്‍ വെച്ച് പീഡിപ്പിക്കപ്പെട്ടതായി പരാതിപ്പെട്ട യുവതിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. നവജാത ശിശുവിനെ ഉപേക്ഷിച്ചതിനാണ് മങ്കര പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

അതേസമയം യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ യുവാവിനെതിരെയും പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. സിപിഎം പാര്‍ട്ടി ഓഫീസിനുള്ളില്‍ എസ്എഫ്‌ഐ പ്രവര്‍ത്തക കൂടിയായ യുവതിയെ യുവാവ് പീഡിപ്പിച്ചുവെന്നാണ് പരാതി. പ്രണയം നടിച്ചായിരുന്നു പീഡനമെന്നും യുവതിയുടെ പരാതിയില്‍ പറയുന്നുണ്ട്. ഈ മാസം 16ന് പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയതോടെയാണ് സംഭവങ്ങള്‍ക്ക് തുടക്കം. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിന്റെ അമ്മയായ യുവതി താന്‍ പീഡനത്തിനിരയായതായി മൊഴി നല്‍കിയത്.

ചെര്‍പ്പുളശേരിയിലെ കോളേജ് പഠന കാലത്ത് പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകരായിരുന്നു ഇരുവരും. മാഗസിന്‍ തയാറാക്കല്‍ ചര്‍ച്ചയുടെ ഭാഗമായി പാര്‍ട്ടിയുടെ യുവജനസംഘടനയുടെ മുറിയിലെത്തിയപ്പോഴാണ് പീഡനം നടന്നതെന്ന് യുവതി പരാതിയില്‍ പറയുന്നു. പാര്‍ട്ടി ഓഫീസില്‍ നടന്ന പീഡനത്തിലാണ് ഗര്‍ഭിണിയായതെന്ന യുവതിയുടെ പരാതിയില്‍ മങ്കര പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കേസ് ചെര്‍പ്പുളശേരി പൊലീസിന് കൈമാറിയതായി പാലക്കാട് ജില്ല പൊലീസ് മേധാവി വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള വ്യാജ പ്രചാരണമെന്ന് എ.കെ ബാലന്‍

ak-balanമാര്‍ച്ച് 16ന് ഉച്ചയ്ക്ക് ഒരു മണിയോടെ മണ്ണൂര്‍ നഗരിപ്പുറത്തു ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് സംഭവം പുറംലോകം അറിഞ്ഞത്. ഇത് സംബന്ധിച്ച് പൊലീസ് നടത്തിയ അന്വേഷണത്തില്‍ കുഞ്ഞിന്റെ അമ്മയായ യുവതിയെ കണ്ടെത്തി. തുടര്‍ന്ന് ഇരുപതുകാരിയായ യുവതിയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ചോദ്യം ചെയ്തു. ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച സംഭവം എന്ന നിലയില്‍ കേസെടുത്തെങ്കിലും യുവതിയുടെ മൊഴിയെടുത്തതോടെയാണ് ചിത്രം മാറുന്നത്.

താന്‍ പീഡിപ്പിക്കപ്പെട്ടതാണെന്ന് യുവതി പൊലീസിന് മുമ്പാകെ മൊഴി നല്‍കി. സിപിഐഎം പോഷകസംഘടനാ പ്രവര്‍ത്തകയായിരിക്കെ പാര്‍ട്ടി ഓഫീസിലെത്തിയ താന്‍ അതേ സംഘടനയില്‍പ്പെട്ട ഒരു യുവാവുമായി പരിചയത്തിലായെന്നും ഇയാള്‍ പ്രണയം നടിച്ച് പീഡിപ്പിച്ചെന്നുമാണ് പരാതി. ചെര്‍പ്പുളശ്ശേരിയിലെ ഒരു കോളേജില്‍ പഠിക്കുന്ന കാലത്ത് മാഗസിന്‍ തയ്യാറാക്കാന്‍ പാര്‍ട്ടി ഓഫീസിലെത്തിയപ്പോള്‍ അവിടെ വച്ചും പീഡിപ്പിക്കപ്പെട്ടെന്നും യുവതി മൊഴി നല്‍കിയിട്ടുണ്ട്.

ഇതോടെ ആരോപണവിധേയനായ യുവാവിനെയും പൊലീസ് അന്വേഷണത്തില്‍ ഉള്‍പ്പെടുത്തി ചോദ്യം ചെയ്തു. സ്ഥലത്തെ ഒരു വര്‍ക് ഷോപ്പ് തൊഴിലാളിയാണ് യുവാവെന്നാണ് വിവരം. ഈ വീട്ടില്‍ താന്‍ പോയിട്ടുണ്ടെന്ന് യുവാവ് മൊഴി നല്‍കിയിട്ടുണ്ട്.

യുവതിയുടെയും യുവാവിന്റെയും കുടുംബങ്ങള്‍ സിപിഐഎം അനുഭാവികളാണ്. എന്തായാലും രണ്ട് പേരും പറയുന്ന കാര്യങ്ങള്‍ പൂര്‍ണമായും വിശ്വാസത്തിലെടുക്കാന്‍ പൊലീസ് തയ്യാറായിട്ടില്ല. വീണ്ടും ഈ പെണ്‍കുട്ടിയുടെ രഹസ്യമൊഴി എടുക്കാന്‍ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. ആരോപണവിധേയനായ യുവാവിനെയും വീണ്ടും പൊലീസ് ചോദ്യം ചെയ്യും.

ആരോപണ വിധേയന് പാര്‍ട്ടിയുമായി യാതൊരു ബന്ധവും ഇല്ലെന്ന് സിപിഐഎം ചെര്‍പ്പുളശ്ശേരി ഏരിയാ സെക്രട്ടറി കെ ബി സുഭാഷ് പറഞ്ഞു. പാര്‍ട്ടിയുമായി യുവതിക്കും യുവാവിനും കാര്യമായ ബന്ധമില്ലെന്നും ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പ്രതികരിച്ചു.

തെരഞ്ഞെടുപ്പ് കാലത്ത് ഇതൊക്കെ പതിവാണെന്നാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും എംപിയുമായ എം ബി രാജേഷ് പ്രതികരിച്ചത്. ഇത്തരം സംഭവങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ടെന്നും എം ബി രാജേഷ് പറഞ്ഞു.

newsrupt_2019-03_7f4aee7b-ef8c-49c9-a5b8-ea6daee828fb_54523778_359779831297159_8668269589978677248_nഅതിനിടെ യുവതി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ വിമര്‍ശനവുമായി തൃത്താല എംഎല്‍എ വിടി ബല്‍റാം രംഗത്തെത്തി. ശ്രീമതി ടീച്ചര്‍ കണ്ണൂരിലെ തെരഞ്ഞെടുപ്പ് പ്രചാരണം നിര്‍ത്തി മന്ത്രി എകെ ബാലനുമായി ഉടന്‍ ചെര്‍പ്പുളശ്ശേരിയില്‍ എത്തണമെന്നാണ് ബല്‍റാമിന്റെ ഫെയ്സ്ബുക്കിലൂടെയുള്ള വിമര്‍ശനം. സിപിഐഎം നേതാക്കള്‍ പാര്‍ട്ടി ഓഫീസില്‍ വെച്ച് പീഡിപ്പിച്ച വേറൊരു പെണ്‍കുട്ടിയെകൂടി നിശബ്ദയാക്കാനുണ്ട് എന്നും ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.

ഷൊര്‍ണൂര്‍ എംഎല്‍എ പികെ ശശി ഉള്‍പ്പെട്ട ലൈംഗിക ആരോപണത്തില്‍ പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ അംഗങ്ങളായിരുന്നു പികെ ശ്രീമതിയും എകെ ബാലനും. തുടര്‍ന്ന് കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കുകയും പാര്‍ട്ടി ശശിയെ ആറു മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. മണ്ണാര്‍ക്കാട് പാര്‍ട്ടി ഓഫീസില്‍ വെച്ച പികെ ശശി മോശമായി പെരുമാറിയെന്നായിരുന്നു ഡിവൈഎഫ്‌ഐ നേതാവ് കൂടിയായ യുവതിയുടെ പരാതി.

ഈ വിഷയം പരോക്ഷമായി ഉന്നയിച്ചാണ് ബല്‍റാമിന്റെ വിമര്‍ശനം. ചെര്‍പ്പുളശ്ശേരി പാര്‍ട്ടി ഓഫീസില്‍ മാഗസിന്‍ തയ്യാറാക്കുന്നതിനായി എത്തിയപ്പോള്‍ പീഡിപ്പിക്കപ്പെട്ടു എന്നാണ് പരാതി. പ്രണയം നടിച്ച് പീഡനത്തിനിരയാക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

പാര്‍ട്ടി ഓഫീസില്‍ യുവതി പീഡനത്തിനിരയായി സംഭവത്തിലെ സത്യാവസഥ പുറത്ത് കൊണ്ടുവരണമെന്ന് പാലക്കാട് ലോക്‌സഭാ സ്ഥാനാര്‍ത്ഥിയും സിറ്റിംഗ് എംപിയുമായ എംബി രാജേഷ് പറഞ്ഞു. സംഭത്തില്‍ സമഗ്രമായ അന്വേഷണം നടത്തണം പൊലീസ് വസ്തുതാപരമായ അന്വേഷണം നടത്തി വസ്തുതകള്‍ പുറത്ത് കൊണ്ടുവരട്ടെയെന്നും അദ്ദേഹം പ്രതികരിച്ചു.

കേരളത്തില്‍ സ്ത്രീസുരക്ഷ വെല്ലുവിളി നേരിടുന്നതായും സിപിഐഎമ്മിന്റെ ഓഫീസുകള്‍ പീഡനകേന്ദ്രങ്ങളായി മാറിയെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിമര്‍ശിച്ചു.

പീഡന പരാതി ഉന്നയിച്ച യുവതിക്കും പ്രതിക്കും പാര്‍ട്ടിയുമായി ബന്ധമില്ലെന്നാണ് സിപിഐഎം നല്‍കുന്ന വിശദീകരണം. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുളള ആസൂത്രിത നീക്കമാണെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു. സംഭവം സിപിഐഎം അന്വേഷിക്കുമെന്ന് ചെര്‍പ്പുളശ്ശേരി ഏരിയാ സെക്രട്ടറി കെബി സുഭാഷ് അറിയിച്ചു. പാര്‍ട്ടിയെ താറടിച്ച് കാണിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top