Flash News

നിന്റെ പുഞ്ചിരിയുടെ വസന്തം (കവിത): അബൂതി

March 21, 2019 , അബൂതി

Ninte Punchiriyude Banner-1മോഹങ്ങളെന്നില്‍ നിന്നുമെന്നോ
പാറിപ്പറന്നെങ്ങോ പോയിരുന്നു.
നിന്റെ പുഞ്ചിരിയുടെ വസന്തത്തില-
വയൊക്കെയും, തിരികെയെന്നിലേക്ക്,
ചിറകുകള്‍ വീശിപ്പറന്നെത്തിയെന്റെ,
കരളിന്റെ ചില്ലയില്‍ കൂടുകൂട്ടി!
മരതകച്ചുണ്ടിനാലവയെന്‍ മനസ്സിന്റെ
മുറ്റത്ത് കൊത്തിപ്പെറുക്കി നടക്കവേ;
ഞാനെന്നോ മറന്നൊരെന്‍ പാട്ടിന്റെ
പല്ലവി, മധുരമായീണത്തില്‍ പാടിടുന്നു!

നോക്കൂ; നീയെന്ന പുണ്യമൊരു നദി-
യായെന്നിലേക്കൊഴുകിയെത്തിയതില്‍,
പിന്നെയാണെന്നില്‍ വസന്തം ചിരിച്ചത്!
നീയെന്റെ ഉള്ളമാകെ തേന്‍ നിറച്ചതില്‍
പിന്നെയാണിവിടെ, യെനിക്കായി
പൂക്കളും പൂമ്പാറ്റകളുമുണ്ടായത്!
പ്രേയസി; നീയെന്ന മേഘം തണലിട്ടതില്‍
പിന്നെയാണെന്‍ വിണ്ടമനസ്സില്‍, ഞാന്‍
വീണ്ടും, സ്വപ്നങ്ങളുടെ വിത്തെറിഞ്ഞത്!

പ്രിയേ; നിനക്കായിയീ ശിശിരത്തില്‍,
മഞ്ഞണിഞ്ഞ പുലര്‍കാലങ്ങളില്‍,
ഹിമകമ്പളം പുതച്ച താഴ്‌വരയില്‍,
ഞാന്‍ നീലാഗ്നിമുഖപ്പൂക്കള്‍ തേടുന്നു!
സ്മരാന്ധശലഭമായ ഞാന്‍ നിന്റെ
സ്നിഗ്ദ്ധഹാസത്തേന്‍ നുകരുവാനാ
വാരിജകപോലത്തിന്‍ പുഷ്പവാടിയില്‍
പതിവായി ചുംബനപ്പൂക്കള്‍ തേടിടുന്നു!

(ഏറ്റവും പ്രിയമുള്ളൊരാള്‍ക്ക് വേണ്ടി എഴുതിയത്)

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top