Flash News

ഓച്ചിറയില്‍ നിന്ന് പെണ്‍‌കുട്ടിയെ തട്ടിക്കൊണ്ടുപോയതല്ല, കാമുകന്റെ കൂടെ സ്വമനസ്സാലേ പോയതാണെന്ന് ദൃക്സാക്ഷികള്‍

March 22, 2019

grl_3ഓച്ചിറ പള്ളിമുക്കില്‍ നിന്ന് രാജസ്ഥാനി പെണ്‍കുട്ടിയെ നാല്‍വര്‍ സംഘം തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ സംശയങ്ങളും ദുരൂഹതകളും ശക്തമാകുന്നു. പെണ്‍കുട്ടിയുമായി ബെംഗളൂരുവിലേക്ക് കടന്ന റോഷനും പൊലീസ് കസ്റ്റഡിയിലെടുത്ത വിപിന്‍, അനന്തു, പ്യാരി എന്നിവരും പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോവുകയായിരുന്നില്ല മറിച്ച് പെണ്‍കുട്ടി സ്വയം റോഷന്റെ കൂടെ പോവുകയായിരുന്നുവെന്ന തരത്തിലാണ് ഇപ്പോള്‍ വാര്‍ത്ത വരുന്നത്. റോഷനും പെണ്‍കുട്ടിയും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നും പെണ്‍കുട്ടയ്ക്ക് 16നും 18നും ഇടയില്‍ പ്രായമുണ്ടെന്നുമാണ് പൊലീസും പ്രദേശവാസികളും പറയുന്നത്. അതേസമയം സിപിഐ ബ്രാഞ്ച് സെക്രട്ടറിയുടെ മകന്‍ മുഖ്യപ്രതിയായ കേസിനെ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് രാഷ്ട്രീയ മുതലെടുപ്പിനായി ഉപയോഗിക്കുകയാണ് കോണ്‍ഗ്രസും ബിജെപിയും.

രാത്രി ഒമ്പതരയോടെ തങ്ങള്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ വാതില്‍ തള്ളിത്തുറന്ന് മൂന്ന് പേര്‍ വീടിനകത്തേയ്ക്ക് കയറുകയും തങ്ങളെ ആക്രമിച്ച് പെണ്‍കുട്ടിയെ പിടിച്ചുകൊണ്ടുപോവുകയും ചെയ്തുവെന്നാണ് പെണ്‍കുട്ടിയുടെ അച്ഛന്‍ പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. തന്റെ കയ്യില്‍ കടിച്ച അവര്‍ മകളെ വലിച്ചിഴച്ച് കാറില്‍ കയറ്റി എവിടേക്കോ കൊണ്ടുപോയി. കയ്യില്‍ മുറിവേറ്റതുകൊണ്ട് ആദ്യം ആശുപത്രിയില്‍ പോവുകയും അതിന് ശേഷം പൊലീസില്‍ പരാതി നല്‍കുകയും ചെയ്തുവെന്നും പെണ്‍കുട്ടിയുടെ അച്ഛന്‍ ഹരിറാം പറയുന്നു. മകളെ പിടിച്ചുകൊണ്ടുപോയവര്‍ മുമ്പും അവളെ ഇപ്രകാരം പിടിച്ചുകൊണ്ടുപോയിട്ടുണ്ട്. പക്ഷേ പൊലീസില്‍ പരാതിപ്പെട്ടപ്പോള്‍ അവര്‍ അവളെ തിരിച്ചുതന്നു. എല്ലാവരും പറയുന്നതുപോലെ അവള്‍ക്ക് പ്രണയമുണ്ടായിരുന്നില്ലെന്നും ഹരിറാം പറയുന്നു.

എന്നാല്‍ പെണ്‍കുട്ടിയും റോഷനും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നാണ് പൊലീസും നാട്ടുകാരും പ്രതിയുടെ അച്ഛനും പറയുന്നത്. ഇരുവരും മുമ്പ് ഉപയോഗിച്ചിരുന്ന സിം കാര്‍ഡുകളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ നിന്ന് ഇക്കാര്യം വ്യക്തമായതായി പൊലീസ് പറയുന്നു. നിലവിലെ ഫോണ്‍ നമ്പറുകള്‍ പരിശോധിച്ചപ്പോള്‍ ഇരുവരും ബന്ധം തുടരുന്നതായി ബോധ്യപ്പെട്ടിട്ടുണ്ട്. പ്രണയത്തെത്തുടര്‍ന്നുള്ള ഒളിച്ചോട്ടമാണിതെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരമാണ് തട്ടിക്കൊണ്ടുപോകല്‍. പെണ്‍കുട്ടിയുമായി നാടുവിടാനുള്ള കാശിനായി റോഷന്‍ ബൈക്ക് വിറ്റിരുന്നു. എന്നാല്‍ പെണ്‍കുട്ടിയ്ക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ പോക്‌സോ നിയമപ്രകാരം തട്ടിക്കൊണ്ടുപോകലിനാണ് കേസെടുത്തിരിക്കുന്നത്. ഇരുവരെയും കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

അതേസമയം പകല്‍ പരബ്രഹ്മ ആശുപത്രിയ്ക്ക് സമീപത്തു നിന്നാണ് കുട്ടിയെ കൊണ്ടുപോയതെന്ന് ദൃസാക്ഷികള്‍ മൊഴി നല്‍കിയിട്ടുണ്ട്. പരബ്രഹ്മ ആശുപത്രിയുടെ സമീപത്ത് ഫ്രൂട്ട് സ്റ്റാള്‍ നടത്തുന്ന ഷാനവാസും ഷംസീറുമാണ് പെണ്‍കുട്ടിയെ റോഷന്‍ അവളുടെ അമ്മയുടെ സമീപത്ത് നിന്ന് കാറില്‍ കയറ്റിക്കൊണ്ടുപോകുന്നത് കണ്ടുവെന്ന് മൊഴി നല്‍കിയിരിക്കുന്നത്. പെണ്‍കുട്ടിയും റോഷനും അവളുടെ അമ്മയും ആശുപത്രിയിലേക്ക് കയറിപ്പോകുന്നതും ഇറങ്ങിവരുന്നതും കണ്ടു. അവര്‍ ഇറങ്ങി വന്നപ്പോള്‍ ഒരു കാര്‍ ആശുപത്രിയ്ക്ക് മുമ്പിലായി വന്ന് നിര്‍ത്തി. അമ്മ വിളിച്ചിട്ടും കേള്‍ക്കാതെ പെണ്‍കുട്ടി കാറില്‍ കയറിപ്പോയി. ബേട്ടീ, ബേട്ടീ എന്ന് അമ്മ കരഞ്ഞ് വിളിച്ചിട്ടും കാര്‍ നിര്‍ത്തിയില്ല. തുടര്‍ന്ന് തങ്ങള്‍ അമ്മയുടെ അടുത്തേക്ക് ചെന്നും. അമ്മ കരഞ്ഞുകൊണ്ട് ഞങ്ങളോട് കാര്യങ്ങള്‍ പറഞ്ഞതിന് ശേഷം വീട്ടിലേക്ക് പോയി. പെണ്‍കുട്ടിയെ വലിച്ചിഴച്ചോ നിര്‍ബന്ധിച്ചോ അല്ല കാറില്‍ കയറ്റിയത്. അമ്മയെ പോലും കേള്‍ക്കാതെ തനിയെ കയറിപ്പോവുകയായിരുന്നുവെന്ന് ഷംസീറും ഷാനവാസും ഉറപ്പിച്ചു പറയുന്നു.

റോഷനും പെണ്‍കുട്ടിയും അടുപ്പത്തിലായിരുന്നുവെന്ന തരത്തിലാണ് പ്രദേശവാസികളുടെയും മൊഴി. പെണ്‍കുട്ടിയ്ക്ക് 16-17 വയസ്സ് കാണും. നല്ല സ്മാര്‍ട്ടായ കുട്ടിയ്ക്ക് മിക്ക ഭാഷയും വശമാണ്. റോഷനുമായി സംസാരിക്കുന്നത് പലപ്പോഴും കണ്ടിട്ടുണ്ട്. റോഷനുമായുള്ള ബന്ധവും ഫോണ്‍ വിളികളും വീട്ടുകാര്‍ക്ക് തീരെ ഇഷ്ടമില്ലായിരുന്നു. ഇതിന്റെ പേരില്‍ അവളുടെ അച്ഛന്‍ അവളെ കുറേ തല്ലിയിട്ടുണ്ട്. കുറച്ച് നാള്‍ മുമ്പ് റോഷന്റെ കൂടെ അവള്‍ പോയിരുന്നു. തുടര്‍ന്ന് അവളുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. ഇതോടെ റോഷന്‍ പെണ്‍കുട്ടിയെ തിരിച്ചുകൊണ്ടു ചെന്നാക്കി. സംഭവം ഉണ്ടായ അന്ന് പെണ്‍കുട്ടിയെ അച്ഛന്‍ തല്ലിയിരുന്നു. തുടര്‍ന്ന് വയറുവേദനയാണെന്ന് പറഞ്ഞ് അവളും അമ്മയും ആശുപത്രിയിലേക്ക് പോയി. പിന്നെയാണ് ഈ സംഭവം. പെണ്‍കുട്ടിയും റോഷനും ഇഷ്ടത്തിലായിരുന്നുവെന്ന് ഇവര്‍ ഉറപ്പിച്ചു പറയുന്നു. മാത്രമല്ല പെണ്‍കുട്ടിയ്ക്ക് ആധാര്‍ കാര്‍ഡ് ഉണ്ടായിരുന്നുവെന്നും നാട്ടുകാര്‍ വ്യക്തമാക്കുന്നു.

അതേസമയം റോഷന്‍ പെണ്‍കുട്ടിയുമായി ഇഷ്ടത്തിലായിരുന്നുവെന്ന കാര്യം തനിക്ക് അറിയില്ലായിരുന്നുവെന്ന് റോഷന്റെ അച്ഛനും സിപിഐ ബ്രാഞ്ച് സെക്രട്ടറിയുമായ പ്രേം നവാസ് പറയുന്നു. മുമ്പ് പലപ്പോഴും സൂചന ലഭിച്ചിരുന്നെങ്കിലും ‘ഞാനങ്ങനെയാരും മണ്ടത്തരം’ കാണിക്കുമോയെന്ന റോഷന്റെ വാക്കില്‍ തങ്ങള്‍ വിശ്വസിച്ചുവെന്നും അദ്ദേഹം പറയുന്നു. സംഭവം നടന്നതിന് ശേഷം പെണ്‍കുട്ടിയുടെ അച്ഛും അമ്മയും തന്റെ അടുത്തേയ്ക്കാണ് ആദ്യം ഓടിവന്നത്. പെണ്‍കുട്ടിയെ റോഷന്‍ കൊണ്ടുപോയെന്ന് അവര്‍ പറഞ്ഞു. മകളെ തിരിച്ചുതരാമെന്ന് ഉറപ്പ് നല്‍കിയാല്‍ കേസിന് പോകില്ലെന്ന് ഹരിറാം പറഞ്ഞു. എന്നാല്‍ താനാണ് അയാളോട് പൊലീസില്‍ പരാതിപ്പെടാന്‍ പറഞ്ഞത്. കേസില്‍ പൊലീസ് കസ്റ്റഡിയിലുള്ളവര്‍ മുമ്പ് പല കേസുകളില്‍ പെട്ടിട്ടുള്ളവരാണ്. ഇവരുമായുള്ള കൂട്ടുകെട്ട് ഒഴിവാക്കണമെന്ന് പലപ്പോഴും മകനോട് പറഞ്ഞെങ്കിലും അവന്‍ കേട്ടില്ലെന്നും പ്രേം നവാസ് പറയുന്നു. ഹരിറാമും കുടുംബവും ഇവിടെ വന്നിട്ട് നാലിലധികം വര്‍ഷമായി. അന്ന് പെണ്‍കുട്ടിയ്ക്ക് 14 വയസ്സുണ്ടെന്നാണ് അവര്‍ പറഞ്ഞത്. ആ നിലയ്ക്ക് ഇപ്പോള്‍ പെണ്‍കുട്ടിയ്ക്ക് 18 വയസ് പ്രായമുണ്ടാകും. പെണ്‍കുട്ടിയുടെ വയസ് തെളിയിക്കാന്‍ ആധാര്‍ കാര്‍ഡ് പുറത്ത് കാണിക്കണമെന്നും റോഷന്റെ അച്ഛന്‍ ആവശ്യപ്പെട്ടു. വീടുകയറി ആക്രമിച്ചുവെന്ന ഹരിറാമിന്റെ മൊഴി കള്ളമാണ്. പരബ്രഹ്മണ ആശുപത്രിയ്ക്ക് സമീപത്ത് നിന്നാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നാണ് ഇവര്‍ ആദ്യം മൊഴി നല്‍കിയത്. തന്നെയും കുടുംബത്തെയും തേജോവധം ചെയ്യാനുള്ള ചിലരുടെ ശ്രമമാണ് ഇതിന് പിന്നിലെന്നും പ്രേം നവാസ് ആരോപിക്കുന്നു.

അതിനിടയില്‍ സംഭവത്തെ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് മുതലെടുക്കാനാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ ശ്രമിക്കുന്നതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. കേസില്‍ പ്രതിയായ റോഷന്റെ പിതാവ് സിപിഐ നേതാവാണെന്നതാണ് ഇതിന് കാരണം. കോണ്‍ഗ്രസും ബിജെപിയുമാണ് സംഭവത്തെ രാഷ്ട്രീയവല്‍ക്കരിക്കാന്‍ രംഗത്തുള്ളത്. ബിന്ദു കൃഷ്ണയും സുരേഷ് ഗോപിയും പെണ്‍കുട്ടിയുടെ വീട്ടിലെത്തിയിരുന്നു. സുരേഷ് ഗോപി പൊലീസിനോട് ദേഷ്യപ്പെട്ടു. പെണ്‍കുട്ടിയുടെ വീട്ടില്‍ ഏറെ നേരം തങ്ങിയ ബിന്ദു കൃഷ്ണയും മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരും പെണ്‍കുട്ടിയെ തിരികെയെത്തിക്കുന്നതു വരെ പ്രക്ഷോഭം തുടരുമെന്ന് പറഞ്ഞു.

നിലവില്‍ ബിബിന്‍, അനന്തു, പ്യാരി എന്നിവരാണ് പോലീസ് കസ്റ്റഡിയില്‍ ഉള്ളത്. ഇതില്‍ പ്യാരിക്കെതിരെ കാപ്പ ചുമത്തും. മുഹമ്മദ് റോഷനുവേണ്ടിയുള്ള അന്വേഷണം പൊലീസ് ഊര്‍ജ്ജിതമാക്കി. വഴിയാത്രക്കാരെ വെട്ടിപ്പരിക്കേല്‍പ്പെച്ച കേസിലും മറ്റൊരു പോക്‌സോ കേസിലും പ്യാരി പ്രതിയാണ്. മുഹമ്മദ് റോഷനാണ് പെണ്‍കുട്ടിയുമായി ഒളിവില്‍ പോയത്.

തട്ടിക്കൊണ്ടുപോകല്‍, ബാലപീഡനം എന്നീ വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.മുഹമ്മദ് റോഷനും പെണ്‍കുട്ടിയും ബെംഗളുരുവിലാണുള്ളതെന്നാണ് പോലീസിന് ലഭിച്ച വിവരം. അന്വേഷണ സംഘം അവിടേക്ക് തിരിച്ചിട്ടുണ്ട്. ആറുപേരാണ് ബെംഗളുരുവിലേക്ക് പോയിരിക്കുന്നത്. ഇതില്‍ രണ്ട് വനിതാ പൊലീസുകാരുണ്ട്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top