Flash News

ഫിലാഡല്‍ഫിയ അതിരൂപതയുടെ കള്‍ച്ചറല്‍ ഹെറിറ്റേജ് മാസ് മാര്‍ച്ച് 23 ശനിയാഴ്ച്ച

March 22, 2019 , ജോസ് മാളേയ്ക്കല്‍

54462589_2354847598086359_5309634696701804544_n

ഫിലാഡല്‍ഫിയ: ഫിലാഡല്‍ഫിയ അതിരൂപത സംഘടിപ്പിക്കുന്ന കള്‍ച്ചറല്‍ മാസ് മാര്‍ച്ച് 23 ശനിയാഴ്ച്ച നടക്കും. അന്ന് ഉച്ചയ്ക്ക് രണ്ടുമണിമുതല്‍ നടത്തപ്പെടുന്ന സാംസ്കാരിക ഘോഷയാത്രയിലും, കള്‍ച്ചറല്‍ ഹെറിറ്റേജ് ബലിയിലും പങ്കെടുക്കാന്‍ എല്ലാ പ്രവാസി കത്തോലിക്കരെയും അതിരൂപത ക്ഷണിക്കുന്നു.

അതിരൂപതയുടെ ആസ്ഥാന ദേവാലയമായ സെയിന്റ്‌സ് പീറ്റര്‍ ആന്റ് പോള്‍ കത്തീഡ്രലിലാണ് (18th Street & Benjamin Franklin Parkway) വിശുദ്ധ കുര്‍ബാനയും, സാംസ്കാരിക ഘോഷയാത്രയും ക്രമീകരിച്ചിരിക്കുന്നത്. ഫിലാഡല്‍ഫിയ ആര്‍ച്ചുബിഷപ് അഭിവന്ദ്യ ചാള്‍സ് ഷപ്യൂ തിരുമേനി ദിവ്യബലിക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ച് സന്ദേശം നല്‍കും.

അതിരൂപതയുടെ അജപാലന പരിധിയില്‍ വരുന്ന മൈഗ്രന്റ് കാത്തലിക് കമ്യൂണിറ്റികളൂടെ സ്പിരിച്ച്വല്‍ ഡയറക്ടര്‍മാര്‍ ദിവ്യബലിയില്‍ സഹകാര്‍മ്മികരാവും. കേരളീയ കത്തോലിക്കാ പൈതൃകം കാത്തുസൂക്ഷിക്കുന്ന പള്ളികളെയും, പ്രവാസി സമൂഹങ്ങളെയും പ്രതിനിധീകരിച്ച് സെ. തോമസ് സീറോമലബാര്‍ ഫൊറോനാപള്ളി വികാരി റവ. ഫാ. വിനോദ് മഠത്തിപറമ്പില്‍, സെ. ജോണ്‍ ന്യൂമാന്‍ ക്‌നാനായ കാത്തലിക് മിഷന്‍ ഡയറക്ടര്‍ റവ. ഫാ. റെന്നി കട്ടേല്‍, സെ. ജൂഡ് സീറോമലങ്കര ഇടവകവികാരി റവ. ഡോ. സജി മുക്കൂട്ട്, ഇന്‍ഡ്യന്‍ ലാറ്റിന്‍ കാത്തലിക് മിഷന്‍ ഡയറക്ടര്‍ റവ. ഫാ. ഷാജി സില്‍വ എന്നിവരും മറ്റു മൈഗ്രന്റ് കമ്യൂണിറ്റി വൈദികര്‍ക്കൊപ്പം സമൂഹബലിയില്‍ കാര്‍മ്മികരാവും.

ദിവ്യബലിമധ്യേയുള്ള വിവിധ കര്‍മ്മങ്ങളിലും, പ്രാര്‍ത്ഥനകളിലും, ഗാനശുശ്രൂഷകളിലും, വിവിധരാജ്യങ്ങളില്‍ നിന്നുള്ള പ്രവാസി കത്തോലിക്കാ വിശ്വാസികള്‍ ഭാഗഭാക്കുകളാവും. ദിവ്യബലിക്ക് മുന്‍പുള്ള പ്രവേശനപ്രാര്‍ത്ഥനാഗീതം, ബൈബിള്‍ പാരായണം, കാഴ്ച്ചവയ്പ്പ് പ്രദക്ഷിണം, ബലിവസ്തു സമര്‍പ്പണം, കാഴ്ച്ചവയ്പ്പ് ഗാനങ്ങള്‍, കുര്‍ബാന സ്വീകരണത്തിനുശേഷമുള്ള ഗാനങ്ങള്‍, അഷേഴ്‌സ്, അള്‍ത്താരശുശ്രൂഷകര്‍ എന്നിങ്ങനെ വിവിധ റോളുകള്‍ പല രാജ്യക്കാര്‍ കൈകാര്യം ചെയ്യും.

ദിവ്യബലിക്കു മുന്‍പായി അരങ്ങേറുന്ന സാസ്കാരിക ഘോഷയാത്ര ഓരോ രാജ്യക്കാരുടെയും മഹത്തായ പൈതൃകവും, വേഷവിധാനങ്ങളും വിളിച്ചോതും. പരമ്പരാഗതവേഷങ്ങള്‍ അണിഞ്ഞ് ഓരോ രാജ്യക്കാരും അവരവരുടെ ചര്‍ച്ച് ബാനറുകള്‍ക്ക് പിന്‍പിലായി നിരനിരയായി പ്രദക്ഷിണത്തില്‍ പങ്കെടുക്കും. ”ഒരു വിശ്വാസം, പല ആചാരങ്ങള്‍, ഒരു കുടുംബം’’ എന്നതാണ് ഈ വര്‍ഷത്തെ കള്‍ച്ചറല്‍ ഹെറിറ്റേജ് മാസിന്റെ ചിന്താവിഷയം.

അതിരൂപതയുടെ ഓഫീസ് ഫോര്‍ പാസ്റ്ററല്‍ കെയര്‍ ഫോര്‍ മൈഗ്രന്റ്‌സ് ആന്റ് റഫ്യൂജീസ് ഡിപ്പാര്‍ട്ട്‌മെന്റ് ആണു കള്‍ച്ചറല്‍ ഹെറിറ്റേജ് പ്രോസഷനും, ദിവ്യബലിയും സ്‌പോണ്‍സര്‍ ചെയ്യുന്നത്. ഏഷ്യന്‍, ആഫ്രിക്കന്‍, യൂറോപ്യന്‍, കരീബിയന്‍, ബ്രസീലിയന്‍ എന്നീ പ്രവാസികാത്തലിക്കരെ കൂടാതെ നേറ്റീവ് അമേരിക്കന്‍ ഇന്‍ഡ്യന്‍ കത്തോലിക്കരും, ക്‌നാനായ, സീറോമലബാര്‍, സീറോമലങ്കര, ലത്തീന്‍ എന്നീ ഭാരതീയ കത്തോലിക്കരും പങ്കെടുത്ത് തങ്ങളുടെ സംസ്കാരവും പൈതൃകവും മറ്റു സമൂഹങ്ങള്‍ക്ക് അനുഭവവേദ്യമാക്കും.

മൈഗ്രന്റ് സമൂഹങ്ങള്‍ തമ്മില്‍ പരിചയപ്പെടുന്നതിനും, പരസ്പര സ്‌നേഹത്തിലും, സഹകരണത്തിലും വസിക്കുന്നതിനും, ക്രൈസ്തവ വിശ്വാസത്തില്‍ ആഴപ്പെടുന്നതിനും, ഓരോ കുടിയേറ്റസമൂഹത്തിന്റെയും മഹത്തായ പൈതൃകം മറ്റുള്ളവര്‍ക്കുകൂടി അനുഭവവേദ്യമാക്കുന്നതിനും ഇതിലൂടെ അതിരൂപത ലക്ഷ്യമിടുന്നത്.

പ്രവാസി കത്തോലിക്കരുടെ സംഗമത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ക്കായി സെ. ജൂഡ് മലങ്കര കത്തോലിക്കാ പള്ളിയില്‍നിന്നും, സെ. തോമസ് സീറോ മലബാര്‍ പള്ളിയില്‍നിന്നും പ്രത്യേക ബസുകള്‍ ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് അതാതു പള്ളി വികാരിമാരുമായി ബന്ധപ്പെടുക. പൊതുവായ വിവരങ്ങള്‍ക്ക് അതിരൂപതയുടെ ഓഫീസ് ഫോര്‍ പാസ്റ്ററല്‍ കെയര്‍ ഫോര്‍ മൈഗ്രന്റ്‌സ് ആന്റ് റഫ്യൂജീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ വെബ്‌സൈറ്റ് നോക്കുക.

ഫോണ്‍: 215 587 3540

www.migrantsandrefugeesphilly.org
www.facebook.com/pcmrphilly


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top