Flash News

തൃശ്ശൂരില്‍ തോറ്റാല്‍ രാജ്യസഭാ സീറ്റ് വേണമെന്ന് തുഷാറിന്റെ ഉപാധി; മത്സരത്തിന്റെ ചിലവും ബിജെപി വഹിക്കണം

March 23, 2019 , സ്വന്തം ലേഖകന്‍

amit-shah-and-thushar-vellappally-2ബിഡിജെസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പിള്ളിക്ക് തൃശ്ശൂരില്‍ പരാജയപ്പെട്ടാല്‍ രാജ്യസഭയില്‍ സീറ്റു വേണം.  തിരഞ്ഞെടുപ്പിന്റെ ചിലവ്  മുഴുവനായും ബിജെപി വഹിക്കണം. ഈ ഉപാധികള്‍ അംഗീകരിക്കാമെങ്കില്‍ തൃശ്ശൂരില്‍ മത്സരിക്കാമെന്ന് തുഷാര്‍ ഡല്‍ഹിയില്‍ ബിജെപി കേന്ദ്ര നേതാക്കളോട് ആവശ്യപ്പെട്ടുവത്രെ. അങ്ങിനെയൊരു ഉറപ്പു നല്‍കുന്നതില്‍ തീരുമാനമെടുക്കാന്‍ വൈകുന്നതാണ് തുഷാര്‍ മത്സരിക്കുന്ന കാര്യം നീണ്ടു പോകുന്നതും പത്തനം തിട്ടയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാന്‍ വൈകുന്നതെന്നുമാണ് പ്രമുഖ നേതാക്കളില്‍ നിന്നും ലഭിക്കുന്ന സൂചന.

തൃശ്ശൂരില്‍ മത്സരിക്കുന്നുവെങ്കില്‍ എസ്എന്‍ഡിപി വൈസ് പ്രസിഡന്റ് സ്ഥാനം രാജിവെക്കണമെന്നും മത്സരിച്ചാല്‍ തുഷാര്‍ ജയിക്കില്ലെന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയും തുഷാറിന്റെ പിതാവുമായ വെള്ളാപ്പിള്ളി  നടേശനും തുറന്നു പറഞ്ഞിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ തന്റെ മത്സര ഫലം മുന്‍കൂട്ടി മനസിലാക്കിയാവണം തുഷാര്‍ ഇത്തരമൊരു ഉപാധിയുമായി ബിജെപി നേതൃത്വത്തെ സമീപിച്ചത്. തുഷാര്‍ ജയിക്കില്ലെന്ന് ബിജെപി നേതൃത്വത്തിനുമറിയാം. പക്ഷെ തുഷാര്‍ മത്സര രംഗത്തുണ്ടായാല്‍ ബിഡിജെഎസിന്റെ, കുറച്ചൊക്കെ എസ്എന്‍ ഡിപിയുടെയും വോട്ടുകള്‍ തങ്ങള്‍ക്ക് ഉറപ്പിക്കാമല്ലൊ എന്നാണ് കണക്ക് കൂട്ടല്‍

അതേ അവസരത്തില്‍ തുഷാര്‍ ഇല്ലെങ്കില്‍ തൃശ്ശൂരില്‍ പിന്നെ ആരെന്ന ചോദ്യവും പാര്‍ട്ടിക്കകത്ത് ഉയരുന്നുണ്ട്. ഇപ്പോള്‍ പത്തനംതിട്ടയില്‍ മത്സരിക്കുമെന്ന് കരുതുന്ന കെസുരേന്ദ്രനെ തൃശ്ശൂര്‍ക്ക് മാറ്റി പത്തനംതിട്ടയില്‍ സംസ്ഥാന പ്രസിഡന്റ്  പിഎസ്. ശ്രീധരന്‍ പിള്ള വന്നേക്കുമെന്ന് കണക്ക് കൂട്ടുന്നവരുണ്ട്. രംഗത്തിറങ്ങിയാല്‍     പാര്‍ട്ടിക്ക് പുറത്തുള്ള ചില കേന്ദ്രങ്ങളുടെ വോട്ടുകള്‍ ശ്രീധരന്‍ പിള്ളയ്ക്ക് ലഭിക്കാന്‍ സാധ്യതയുണ്ടെങ്കിലും താന്‍ ഇത്തവണ മത്സരരംഗത്തില്ലെന്ന ഉറച്ച നിലപാടിലാണ്  അദ്ദേഹം.

പത്തനം തിട്ടയില്‍ കോണ്‍ഗ്രസ് നേതാക്കളായ പിജെ കുര്യനോ പ്രയാര്‍ ഗോപാലകൃഷ്ണനോ ബിജെപിയുടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി വന്നേക്കാമെന്ന  പ്രചാരണം ചില കേന്ദ്രങ്ങളിലുണ്ട്. കുര്യനും ഗോപാലകൃഷ്ണനും അത് നിഷേധിക്കുന്നുണ്ട്. ഈ പ്രചാരണം ശുദ്ധ അസംബന്ധമാണെന്ന് കുര്യന്‍ പ്രതികരിച്ചു. പക്ഷെ പ്രചാരണ കേന്ദ്രങ്ങള്‍ നിശ്ശബ്ദരായിട്ടുമില്ല. ഏതായാലും തുഷാറിന്റെ  കാര്യത്തില്‍ ഒരു തീരുമാനമെടുത്തേ പത്തനം തിട്ടയിലും തൃശ്ശൂരിലും ബിജെപി സ്ഥാനാര്‍ത്ഥികള്‍ ആരെന്നറിയാനാവൂ എന്നാണ്  ഡല്‍ഹിയിലെ ബിജെപി കേന്ദ്രങ്ങളില്‍ നിന്ന് ലഭിക്കുന്ന വാര്‍ത്ത.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top