Flash News

രാഹുല്‍ഗാന്ധി കേരളത്തില്‍ മത്സരിക്കുമ്പോള്‍: അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്

March 25, 2019

rahul-gandhi-2019അടിയന്തരാവസ്ഥാ ഭരണത്തിനൊടുവില്‍ റായ്ബറേലി മണ്ഡലത്തില്‍ തോറ്റ ഇന്ദിരാഗാന്ധി കര്‍ണാടകയിലെ ചിക്മഗലൂര്‍ മണ്ഡലത്തില്‍നിന്ന് മത്സരിച്ച് പാര്‍ലമെന്റില്‍ എത്തിയതുപോലെയാണ് കേരളത്തില്‍ വയനാട് ലോകസഭാ മണ്ഡലത്തില്‍നിന്ന് മത്സരിക്കാന്‍ രാഹുല്‍ ഗാന്ധി എത്തുന്നത്. ചരിത്രം അതേപോലെയല്ല ആവര്‍ത്തിക്കുന്നതെങ്കിലും.

ജനങ്ങളില്‍നിന്നും കോണ്‍ഗ്രസ് നേതൃത്വത്തില്‍നിന്നും ഒറ്റപ്പെട്ട ഇന്ദിരാഗാന്ധി പാര്‍ട്ടി പിളര്‍ത്ത് രൂപീകരിച്ച കോണ്‍ഗ്രസ് ഐയുടെ പ്രസിഡന്റായിരുന്നു. അവര്‍ക്കൊപ്പം ഉറച്ചുനിന്ന കര്‍ണാടക മുഖ്യമന്ത്രി ദേവരാജ് അര്‍സാണ് ചിക്മഗലൂരിനെ പ്രതിനിധീകരിച്ചിരുന്ന പാര്‍ട്ടി എം.പി ചന്ദ്രഗൗഡയെ രാജിവെപ്പിച്ച് ഇന്ദിരാഗാന്ധിക്കു മത്സരിക്കാന്‍ ഉപതെരഞ്ഞെടുപ്പിനു വഴിയൊരുക്കിയത്.

ഇന്ദിരയുടെ കാര്യത്തില്‍ ഡി.ബി ചന്ദ്രഗൗഡയെ സ്ഥാനത്യാഗം ചെയ്യിച്ചാണ് കൈപ്പത്തി ചിഹ്നത്തില്‍ ഇന്ദിരാഗാന്ധിയെ അന്ന് മുഖ്യമന്ത്രി ദേവരാജ് അര്‍സ് പാര്‍ലമെന്റിലേക്ക് കൈപിടിച്ചുയര്‍ത്തിയത്. അമേഠിയില്‍ വീണ്ടും ജനവിധി തേടുന്ന രാഹുല്‍ ഗാന്ധിക്കു കേരളത്തില്‍നിന്നുകൂടി മത്സരിക്കാന്‍ വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയായി പ്രചാരണം ആരംഭിച്ച ടി സിദ്ദിഖിനെ പിന്‍വലിപ്പിച്ചാണ് കെ.പി.സി.സി രാഹുലിന് മണ്ഡലത്തിലേക്ക് വഴിയൊരുക്കിയത്. നേരത്തെ കെ.പി.സി.സിയും കര്‍ണാടക പി.സി.സിയും ആന്ധ്രയിലെ കോണ്‍ഗ്രസ് നേതാക്കളും തങ്ങളുടെ സംസ്ഥാനങ്ങളില്‍നിന്ന് രാഹുല്‍ മത്സരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അന്നത് ഗൗരവമായി കണ്ടില്ലെങ്കിലും ഇപ്പോള്‍ എ.ഐ.സി.സി നേതൃത്വം വയനാട് തെരഞ്ഞെടുക്കാന്‍ സ്വയം മുന്നോട്ടു വന്നിരിക്കുന്നു.

ഈ നിര്‍ദ്ദേശം അപ്രതീക്ഷിതമായി ശനിയാഴ്ച കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചത് ഡല്‍ഹിയില്‍നിന്ന് എ.കെ ആന്റണിയാണ്. ചിക്മഗലൂരില്‍ ഇന്ദിരാഗാന്ധിയെ സ്ഥാനാര്‍ത്ഥിയായി നിയോഗിച്ചതില്‍ അഖിലേന്ത്യാ നേതൃത്വത്തോട് പ്രതിഷേധിച്ച് അന്ന് മുഖ്യമന്ത്രിസ്ഥാനം രാജിവെച്ച ആന്റണി.

അമേഠിയില്‍നിന്നും വയനാട്ടില്‍നിന്നും ഒരേസമയം ലോകസഭയിലേക്ക് മത്സരിക്കാനുള്ള തീരുമാനം രാഹുലിന്റെ പരാജയ ഭീതികൊണ്ടാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു കഴിഞ്ഞു. മെയ് 23ന് വോട്ടെണ്ണല്‍ നടക്കും വരെ ബി.ജെ.പിയും അതുതന്നെ പറഞ്ഞുകൊണ്ടിരിക്കും. മുഖ്യമന്ത്രി പിണറായി വിജയനാകട്ടെ ഇടതുപക്ഷത്തെ നേരിടാനാണ് രാഹുല്‍ കേരളത്തിലേക്ക് വരുന്നതെന്ന സന്ദേശമാണ് വായിച്ചെടുത്തത്.

നെഹ്‌റു കുടുംബത്തിന്റെ വിശ്വാസവും വൈകാരികതയുമായി ചരിത്രബന്ധമുള്ള മണ്ഡലങ്ങളാണ് യു.പിയിലെ അമേഠിയും റായ്ബറേലിയും ഫുല്‍പൂരും. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ കഴിഞ്ഞ ദിവസം ബി.ജെ.പി അമേഠിയില്‍ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചെന്നതും ശരിയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മോദി തരംഗം ആഞ്ഞടിച്ചിട്ടും റായ്ബറേലിയില്‍ സോണിയയും അമേഠിയില്‍ രാഹുലും നിഷ്പ്രയാസം വിജയിച്ചു. രാഹുലിനെ അന്നും നേരിട്ട സ്മൃതിയെ ഒരുലക്ഷത്തി എണ്ണായിരത്തിനടുത്ത വോട്ടുകളുടെ ഭൂരിപക്ഷത്തിന് രാഹുല്‍ തോല്പിക്കുകയായിരുന്നു.

ബി.എസ്.പിയും എസ്.പിയും അമേഠിയിലും റായ്ബറേലിയിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നുമില്ല. എന്നാല്‍ ചിക്മഗലൂര്‍ പോലെ അനായാസം ജയിക്കാന്‍ കഴിയുന്ന മറ്റൊരു മണ്ഡലം കണ്ടെത്തിയാല്‍ അമേഠിയിലെ സ്വന്തം മണ്ഡലത്തില്‍ ഏറെ കേന്ദ്രീകരിക്കാതിരിക്കാന്‍ എ.ഐ.സി.സി അധ്യക്ഷന് കഴിയും. പ്രത്യേകിച്ച് പ്രിയങ്കയേയും ജ്യോതിരാദിത്യ സിന്ധ്യയെയും യു.പിയുടെ പാര്‍ട്ടി ചുമതല ഏല്പിച്ച സ്ഥിതിയില്‍.

അടിയന്തരാവസ്ഥയെ തുടര്‍ന്നുള്ള രാഷ്ട്രീയ വനവാസം അവസാനിപ്പിക്കാന്‍ പാര്‍ലമെന്റില്‍ തിരിച്ചെത്തേണ്ടത് ഇന്ദിരാഗാന്ധിക്ക് അനിവാര്യമായിരുന്നു. രാജീവ് ഗാന്ധിയുടെ മരണത്തിനുശേഷം രാഷ്ട്രീയത്തിലേക്കു വന്ന സോണിയാ ഗാന്ധിക്ക് ഇന്ത്യയുടെ നേതാവെന്ന അംഗീകാരത്തിനാണ് ഇന്ദിരയുടെ രണ്ടു മണ്ഡലങ്ങളിലും അവര്‍ ജനവിധി നേടിയത്. കോണ്‍ഗ്രസിനെ തിരിച്ചുകൊണ്ടുവരുന്നതിനും പ്രധാനമന്ത്രി മോദിയുടെ വ്യക്തിപ്രഭാവത്തെ രാഷ്ട്രീയമായി നേരിടുന്നതിനുമാണ് കേരളത്തില്‍നിന്നും യു.പിയില്‍നിന്നും രാഹുല്‍ ജനവിധി തേടുന്നത് നിര്‍ണ്ണായകമാണ്.

ദക്ഷിണേന്ത്യയില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടകത്തിലും സ്വാധീനം നഷ്ടപ്പെട്ട ആന്ധ്രയിലും തമിഴ്‌നാട്ടിലും അതോടൊപ്പം കേരളത്തിലും അനുകൂല രാഷ്ട്രീയ തരംഗങ്ങളുണ്ടാക്കാന്‍ രാഹുലിന്റെ വരവ് കോണ്‍ഗ്രസിനു സഹായകമാകും. പ്രധാനമന്ത്രി മോദിയെ നേരിടുന്ന ഒരേയൊരു ദേശീയ നേതാവെന്ന പ്രതിച്ഛായ ഈ തെരഞ്ഞെടുപ്പില്‍ ശക്തിപ്പെടുത്താനാകും.

യു.പിയുടെ നേതാവായോ ഉത്തരേന്ത്യയിലെ ഏതാനും സംസ്ഥാനങ്ങളിലെ നേതാവായോ മായാവതി നിലകൊള്ളുന്നു. മമതാ ബാനര്‍ജി 42 ലോകസഭാ സീറ്റുകളുള്ള പശ്ചിമ ബംഗാളിന്റെ നേതാവാണ്. ആറ് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ഗവണ്മെന്റുകളും കര്‍ണാടകയില്‍ കോണ്‍ഗ്രസ് ജനതാദള്‍ (യു) കൂട്ടുകക്ഷി സര്‍ക്കാറുമാണ്. രാഹുലിനെ മോദി ‘പപ്പു’ എന്നു കളിയാക്കിയ കാലം കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പോടെ കഴിഞ്ഞു. 2019ലെ തെരഞ്ഞെടുപ്പോടെ കോണ്‍ഗ്രസിന്റെ ദേശീയ നേതാവായി അംഗീകരിപ്പിച്ചെടുക്കേണ്ട ബാധ്യതയാണ് കോണ്‍ഗ്രസിന്റേത്.

കേരളത്തില്‍ അധികാരത്തിലിരിക്കുന്ന എല്‍.ഡി.എഫിനും അതിനെ നയിക്കുന്ന സി.പി.എമ്മിനും അപ്രതീക്ഷിതമായ രാഷ്ട്രീയ പ്രത്യാഘാതം രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം ഉണ്ടാക്കും. മോദിയേയും ബി.ജെ.പിയേയും തോല്പിക്കാന്‍ 2015ല്‍ വിശാഖപട്ടണത്തും 18ല്‍ തെലങ്കാനയിലും കോണ്‍ഗ്രസ് ചേര്‍ന്ന് തീരുമാനിച്ച സി.പി.എം തങ്ങളുടെ അടവുമായി മെയ് 23ന് വോട്ടെണ്ണി കഴിയുമ്പോള്‍ രംഗത്തുവരുമെന്നാണ് പറയുന്നത്. എന്നാല്‍ മോദി ഗവണ്മെന്റിനെ തോല്പിക്കലാണ് മുഖ്യ കടമയെങ്കില്‍ കേരളത്തില്‍ എ.ഐ.സി.സി പ്രസിഡന്റ് രാഹുല്‍ ഗാന്ധി മത്സരിക്കുന്ന വയനാട് മണ്ഡലത്തില്‍ പിന്തുണ നല്‍കുകയാണ് എല്‍.ഡി.എഫ് ചെയ്യേണ്ടത്. പനമ്പിള്ളി ഗോവിന്ദമേനോനെതിരെ പി.എസ്.പി നേതാവ് സി.ജി ജനാര്‍ദ്ദനനെ സഹായിക്കാന്‍ 57ലെ തെരഞ്ഞെടുപ്പില്‍ തയാറായ കമ്മ്യൂണിസ്റ്റു പാര്‍ട്ടി മോദി ഗവണ്മെന്റിനെ താഴെയിറക്കാന്‍ ദേശീയതലത്തില്‍ രാഹുലിന് പിന്തുണ നല്‍കേണ്ടതാണ്.

ബി.എസ്.പിയുടെ മായാവതിയും എസ്.പിയുടെ അഖിലേഷ് യാദവും രാഹുലിന്റെയും സോണിയയുടെയും മണ്ഡലങ്ങളില്‍ കാണിക്കുന്ന രാഷ്ട്രീയ മാതൃക ഇടതുപക്ഷം വയനാട്ടില്‍ കാണിക്കില്ലെങ്കില്‍ അതിന്റെ വിശദീകരണമെന്താണ്. പഴയ കോ.ലി.ബി സഖ്യവും നേമം നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടുകച്ചവടവും ആര്‍.എസ്.എസ് – യു.ഡി.എഫ് – എസ്.ഡി.പി.ഐ അവിശുദ്ധ കൂട്ടുകെട്ടും എന്നൊക്കെ കേരളത്തില്‍ ഇനിയും പാടിനടന്നാല്‍ മതിയോ. ഗുരുതരമായ ദേശീയ രാഷ്ട്രീയ പോരാട്ടത്തെ ഫലപ്രദമായി അഭിസംബോധന ചെയ്യാന്‍ ഇടതുപക്ഷത്തിനു കഴിയില്ലെന്നോ.

തെരഞ്ഞെടുപ്പിലെ പാര്‍ട്ടി അടവു നയങ്ങള്‍ പരാജയപ്പെട്ടതിനെക്കുറിച്ചും തിരിച്ചടികള്‍ ഏറ്റുനവാങ്ങേണ്ടിവന്നതിനെകുറിച്ചും സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസുകള്‍ സ്വയം വിമര്‍ശനപരമായി വിലയിരുത്തിയിട്ടുണ്ട്. ഈ നിര്‍ണ്ണായക തെരഞ്ഞെടുപ്പുമുഖത്ത് സി.പി.എം നേതാക്കളെങ്കിലും അതിലേക്കൊന്നു തിരിഞ്ഞുനോക്കുന്നത് നന്നായിരിക്കും:

‘ജനങ്ങള്‍ വിശ്വസിക്കാത്ത ഒരു മുദ്രാവാക്യമാണ് നമ്മള്‍ മുന്നോട്ടുവെച്ചത്. കോണ്‍ഗ്രസിതര ബി.ജെ.പിയിതര ബദല്‍ മതനിരപേക്ഷ സര്‍ക്കാര്‍ ഉണ്ടാക്കുമെന്ന്.’ ജനങ്ങള്‍ വിശ്വസിക്കാത്ത, അതിലും പൊള്ളയായ മുദ്രാവാക്യമാണ് 2019ലെ ഈ തെരഞ്ഞെടുപ്പിലും ഇടതുപക്ഷം മുന്നോട്ടുവെക്കുന്നത്! കേരളത്തിലെ 20 സീറ്റില്‍ മത്സരിച്ചതുകൊണ്ട് മോദി ഗവണ്മെന്റിനെ താഴെയിറക്കുന്നതെങ്ങനെ. തമിഴ്‌നാട്ടില്‍ ഡി.എം.കെയുടെ കരുണയില്‍ കിട്ടിയ രണ്ടു സീറ്റ്, ബംഗാളില്‍ ഒറ്റയ്ക്ക്, മഹാരാഷ്ട്രയിലും യു.പിയിലും ഇപ്പോള്‍ ബിഹാറിലും ഇടതുപാര്‍ട്ടികളെ പ്രതിപക്ഷ സഖ്യ കക്ഷികള്‍ പുറത്തുനിര്‍ത്തിയിരിക്കുന്നു. ആം ആദ്മി പാര്‍ട്ടിപോലും കൂടെകൂട്ടാന്‍ തയാറല്ല.

ഇപ്പോഴും പഴയപോലെ കോണ്‍ഗ്രസിതര ബി.ജെ.പിയിതര ബദല്‍ സര്‍ക്കാര്‍ ഡല്‍ഹിയില്‍ രൂപീകരിക്കുമെന്ന ആകാശക്കോട്ട കെട്ടിയാണ് ഇടതുപക്ഷം തെരഞ്ഞെടുപ്പിനെ നേരിടുന്നത്. 20-ാം പാര്‍ട്ടി കോണ്‍ഗ്രസ്തന്നെ സി.പി.എമ്മിനെ ഓര്‍മ്മിപ്പിച്ചിരുന്നു: ഭരണവര്‍ഗത്തിന്റെയും അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെയും നിശ്ചയദാര്‍ഢ്യത്തെ വിലയിരുത്തുന്നതില്‍ പി.ബിയും കേന്ദ്ര കമ്മറ്റിയും പരാജയപ്പെടുന്നു എന്ന്. അതിലേറെ, പാര്‍ട്ടിയുടെ സ്വന്തം ശക്തിയും കഴിവും തുടര്‍ സംഭവങ്ങള്‍ക്ക് സ്വാധീനം ചെലുത്താനുള്ള കഴിവും സി.പി.എം കുറച്ചുകാണുന്നു എന്ന്.

കേരളത്തില്‍ യു.ഡി.എഫിന്റെ സ്ഥാനാര്‍ത്ഥിപട്ടികയെ രാഹുല്‍ ഗാന്ധി നേരിട്ടു നയിക്കുന്നു എന്നതിന്റെ പ്രാധാന്യം സി.പി.എം ഇനിയും തിരിച്ചറിഞ്ഞിട്ടില്ലെന്നാണ് മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും പറഞ്ഞതിന്റെ അര്‍ത്ഥം. പാര്‍ട്ടി കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുംപോലെ പുതിയ രാഷ്ട്രീയ സംഭവ വികാസങ്ങളെ കണ്ടറിയാനാവുന്നില്ല. വിശ്വാസികളെയാകെ ശബരിമലയുടെ പേരില്‍ അണിനിരത്തി മുന്നേറിയ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എയുടെ ഇപ്പോഴത്തെ അവസ്ഥ. ശബരിമല ഉള്‍പ്പെട്ട പത്തനംതിട്ട ലോകസഭാ സീറ്റിനുവേണ്ടി അതിന്റെ വരിഷ്ഠ നേതാക്കള്‍ തെരുവില്‍ പരസ്പരം മല്ലയുദ്ധം നടത്തുന്നു.

തെരഞ്ഞെടുപ്പുരംഗത്ത് ഇതിനകം സൃഷ്ടിച്ചുകഴിഞ്ഞ ഇതടക്കം ദേശീയതലത്തില്‍ വരെയുള്ള മാറ്റങ്ങള്‍ ബി.ജെ.പി – ആര്‍.എസ്.എസ് രാഷ്ട്രീയത്തിന് കനത്ത തിരിച്ചടിയാണ്. അതു കാണുന്നതിനുപകരം കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനവും കണ്ണൂരിലെ സി.കെ പത്മരാജനും മറ്റും ബി.ജെ.പിയുടെ ദുര്‍ബലരായ സ്ഥാനാര്‍ത്ഥികളാണെന്നാണ് കണ്ടുപിടിക്കുന്നത്. ഇടതുപക്ഷത്തിനെതിരെ ആര്‍.എസ്.എസ് – കോണ്‍ഗ്രസ് – എസ്.ഡി.പി.ഐ ഗൂഢാലോചന നടക്കുന്നുവെന്നും.

രാഷ്ട്രീയ എതിരാളികള്‍ മാത്രമല്ല പാര്‍ട്ടിയുടെ ദേശീയ നേതാക്കള്‍പോലും വിശ്വസിക്കാത്ത തരത്തില്‍ 1957ല്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടി കേരളത്തില്‍ അധികാരത്തില്‍ വന്നു. എല്ലാ പാര്‍ട്ടികളും മനോഹരമായ പല പരിപാടികളും ജനങ്ങള്‍ക്കുമുമ്പില്‍ അന്നും വെച്ചിരുന്നു. പക്ഷെ, കേരളത്തില്‍ ഒരു ഗവണ്മെന്റ് എങ്ങനെ രൂപീകരിക്കണമെന്നോ അതിനുള്ള സാധ്യതകളെന്താണെന്നോ കമ്മ്യൂണിസ്റ്റു പാര്‍ട്ടിയല്ലാതെ മറ്റൊരു പാര്‍ട്ടിയും വ്യക്തമാക്കിയില്ല. അന്ന് കമ്മ്യൂണിസ്റ്റു പാര്‍ട്ടിയെ ജനങ്ങള്‍ തെരഞ്ഞെടുത്തതിന്റെ ഒരുകാരണം അതായിരുന്നു.

2019ലെ തെരഞ്ഞെടുപ്പില്‍ മോദി ഗവണ്മെന്റിനെ മാറ്റി എങ്ങനെ ഒരു മതനിരപേക്ഷ ഗവണ്മെന്റ് രൂപീകരിക്കുമെന്ന് പറയാന്‍ ഇടതുപക്ഷത്തിന് കഴിയുന്നില്ല എന്നതാണ് തങ്ങളുടെ പ്രതിസന്ധിയെന്ന് അവര്‍ മനസിലാക്കുന്നില്ല. എന്നാല്‍ പരമാവധി എന്തു ത്യാഗം ചെയ്തും മോദി ഗവണ്മെന്റിനെ താഴെയിറക്കണമെന്നാണ് അഹമ്മദാബാദില്‍ സമ്മേളിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തക കമ്മറ്റി പ്രഖ്യാപിച്ചത്. അതിനുള്ള രാഷ്ട്രീയ അടിത്തറ രാജ്യത്തുള്ള ഏക പാര്‍ട്ടിയും കോണ്‍ഗ്രസാണ്. ബി.ജെ.പിയുടെയും കോണ്‍ഗ്രസിന്റെയും സാമ്പത്തിക നയങ്ങള്‍ ഒന്നുതന്നെയാണെന്ന സി.പി.എമ്മിന്റെ വിമര്‍ശവും ഇപ്പോള്‍ അസ്ഥാനത്താണെന്ന് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകളും കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി തീരുമാനങ്ങളും വ്യക്തമാക്കിയിട്ടുണ്ട്.

തെരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടേതടക്കം എല്ലാ പാര്‍ട്ടികളുടെയും കണക്കുകള്‍ ജനവിധി കഴിഞ്ഞാല്‍ പലപ്പോഴും തെറ്റിയതായി കണ്ടെത്താറുണ്ട്. ആ ചരിത്രം ഇ.എം.എസ് ഓര്‍മ്മിപ്പിച്ചിട്ടുമുണ്ട്. ‘ബുദ്ധിമാന്മാരും സമര്‍ത്ഥന്മാരും വിദഗ്ധന്മാരും എന്ന് അഭിമാനിക്കുന്ന ‘കണക്കുകൂട്ടല്‍കാരുടെ’ ആജ്ഞകള്‍ക്ക് വശംവദരാകാതെ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന ജീവനുള്ള മനുഷ്യരാണ് വോട്ടര്‍മാര്‍.’

ഇടതുപക്ഷത്തായാലും വലതുപക്ഷത്തായാലും വോട്ടര്‍മാരുടെ മാനുഷിക വികാരങ്ങളും വിചാരങ്ങളും ഓരോ സംഭവങ്ങള്‍ക്കനുസരിച്ച് മാറിക്കൊണ്ടിരിക്കും. ഇത്തരം സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ അത് വിലയിരുത്തുന്നില്ലെങ്കില്‍ ആ പാര്‍ട്ടികള്‍ക്കെല്ലാം ഈ തെരഞ്ഞെടുപ്പും മറ്റൊരു ചരിത്ര പാഠമായിരിക്കും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top