Flash News

രാഹുല്‍ ഗാന്ധിയെ വരവേറ്റ് വയനാട്: നാമനിര്‍ദ്ദേശ പത്രിക നൽകി

April 4, 2019

rahulവയനാട്: രാഹുല്‍ ഗാന്ധിയുടെ വരവോടെ ഇളകിമറിഞ്ഞ് വയനാട്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വയനാട്ടില്‍ നിന്ന് മത്സരിക്കുന്ന രാഹുല്‍ ഗാന്ധി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനായി ഇന്ന് രാവിലെയാണ് വയനാട്ടില്‍ എത്തിയത്.11.30 ഓടെ വയനാട് കളക്ട്രേറ്റിലെത്തി കളക്ടര്‍ എ.ആര്‍.അജയകുമാറിന് മുമ്പാകെയാണ് പത്രിക സമര്‍പ്പിച്ചത്. രാഹുലിനൊപ്പം പ്രിയങ്ക ഗാന്ധിയും കൂടെയുണ്ട്. പത്രിക സമര്‍പ്പണത്തിന് ശേഷം ഇരുവരും റോഡ് ഷോയില്‍ പങ്കെടുത്തു.

രാവിലെ 10.30യോടെയാണ് രാഹുല്‍ കോഴിക്കോട് നിന്ന് ഹെലികോപ്റ്റർ മാര്‍ഗം വയനാട്ടിലേക്ക് തിരിച്ചത്.കനത്ത ചൂടിലും നിരവധി പ്രവര്‍ത്തകരാണ് രാഹുലിനെ കാണാനായി വയനാട്ടില്‍ തടിച്ചുകൂടിയിരുന്നത്. വയനാട്ടിലെ കല്‍പ്പറ്റയിലെ എസ്‌കെഎംജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ വന്നിറങ്ങിയ രാഹുല്‍ ഗാന്ധി യു.ഡി.എഫ് പ്രവര്‍ത്തകരുടെ ആവേശം കണ്ട് സുരക്ഷ നോക്കാതെ തുറന്ന വാഹനത്തില്‍ കയറി പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്താണ് കളക്ട്രേറ്റിലേക്ക് പോയത്. മണിക്കൂറുകളായി കാത്തു നില്‍ക്കുന്ന പ്രവര്‍ത്തകരുടെ വികാരം കണക്കിലെടുത്താണ് യാത്ര തുറന്ന ജീപ്പിലാക്കിയത്. രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും ഒപ്പം ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും കെസി വേണുഗോപാലും അടക്കം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും പികെ കുഞ്ഞാലിക്കുട്ടി അടക്കം ലീഗ് നേതാക്കളും തുറന്ന വാഹനത്തില്‍ ഉണ്ടായിരുന്നു.

rahul1കര്‍ശന സുരക്ഷയാണ് നഗരത്തില്‍ മുഴുവന്‍ പൊലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.റോഡിനിരുവശവും സുരക്ഷ കണക്കിലെടുത്ത് പൊലീസ് ബാരിക്കേഡ് ഉണ്ടാകും. എസ്പിജി എഐജി ഗുര്‍മീത് ഡോറ്ജെയുടെ നേതൃത്വത്തിലുള്ള നൂറോളം പേരടങ്ങുന്ന സംഘം ഇതിനായി വയനാട്ടിലെത്തിയിട്ടുണ്ട്. ഒപ്പം ആയിരത്തിലധികം പൊലീസും തണ്ടര്‍ബോള്‍ട്ടും ക്യാമ്പ് ചെയ്യുന്നുണ്ട്.

നാമനിര്‍ദേശപത്രിക നല്‍കിയ ശേഷം തുടര്‍ന്ന് തിരിച്ച് കരിപ്പൂരിലെത്തി രാഹുല്‍ പ്രചാരണ പരിപാടിക്കായി നാഗ്പൂരിലേക്ക് പോകും. പ്രിയങ്ക ഡല്‍ഹിയിലേക്കാകും മടങ്ങുക. നേരത്തെ ഡിസിസി ഓഫീസില്‍ നടക്കുന്ന യോഗത്തില്‍ പങ്കെടുക്കുമെന്നറിയിച്ചിരുന്നുവെങ്കിലും സുരക്ഷാ കാരണങ്ങളാണ് യോഗം റദ്ദാക്കിയിരുന്നു.

ഇന്നലെ രാത്രിയാണ് രാഹുല്‍ ഗാന്ധി കോഴിക്കോട് ഗസ്റ്റ് ഹൗസിലെത്തിയത്. പ്രിയങ്ക ഗാന്ധി, ഉമ്മന്‍ചാണ്ടി, ചെന്നിത്തല, മുല്ലപ്പള്ളി എന്നിവരുമായി രാത്രി തന്നെ രാഹുല്‍ കൂടിയാലോചനകള്‍ നടത്തിയിരുന്നു. കോണ്‍ഗ്രസ് സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലാണ് രാഹുലിന്റെ വയനാട്ടിലെ പ്രചരണ പരിപാടികള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.

പ്രചാരണത്തിന്‍റെ ആവേശം വാനോളമുയർത്തിയാണ് രാഹുൽ വയനാട്ടിലെത്തി പത്രിക സമർപ്പിച്ചത്. നാല് സെറ്റ് പത്രികകളാണ് രാഹുൽ നൽകിയത്. രാവിലെ മുതൽ തന്നെ വയനാട് നഗരം യുഡിഎഫ് പ്രവര്‍ത്തകര്‍ കയ്യടക്കിയിരുന്നു. റോഡിനിരുവശവും പ്രവര്‍ത്തകര്‍ തിങ്ങി നിറഞ്ഞു. തുറന്ന വാഹനം കടന്ന് പോകുമ്പോൾ ബാരിക്കേഡുകൾ മറച്ചിട്ട് പ്രവര്‍ത്തകര്‍ റോഡിലേക്കെത്തുന്ന കാഴ്ചയായിരുന്നു വയനാട് നഗരത്തിൽ ഉണ്ടായത്. സുരക്ഷാ ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശങ്ങൾക്കെല്ലാം അപ്പുറം ആവേശം പോകുന്ന അവസ്ഥയായിരുന്നു പലപ്പോഴും.

“വയനാടേ…. എന്റെ സഹോദരനെ ഞാന്‍ നിങ്ങളെ ഏല്പിക്കുകയാണ്, അദ്ദേഹത്തെ കരുതണം”: പ്രിയങ്കയുടെ ട്വീറ്റ്

രാഹുല്‍ ഗാന്ധിയെ നിങ്ങള്‍ക്ക് നല്‍കുകയാണെന്നും അദ്ദേഹത്തെ കരുതണമെന്നും വയനാടിനോട് പ്രിയങ്കയുടെ അഭ്യര്‍ത്ഥന. രാഹുല്‍ വയനാടിനെ നിരാശപ്പെടുത്തില്ലെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പറഞ്ഞു. രാഹുല്‍ വയനാട് കളക്ട്രേറ്റില്‍ എത്തി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്ന ചിത്രം ഒപ്പം ചേര്‍ത്തുള്ള ട്വീറ്റിലൂടെയായിരുന്നു പ്രിയങ്കയുടെ പ്രതികരണം.

“എന്റെ സഹോദരന്‍, ഏറ്റവും വിശ്വസ്തനായ സുഹൃത്ത്, ഞാന്‍ ഇതുവരെ അറിഞ്ഞിടത്തോളം ഏറ്റവും കരുത്തനായ മനുഷ്യന്‍. അദ്ദേഹത്തെ കരുതൂ വയനാട്. അദ്ദേഹം നിങ്ങളെ നിരാശപ്പെടുത്തില്ല.” – പ്രിയങ്കാ ഗാന്ധി

rahul2 rahul3


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top