Flash News

ജേക്കബ് തോമസിനെതിരെ വിജിലന്‍സ് കേസ്; കോടതിയില്‍ എഫ്‌ഐആര്‍

April 12, 2019 , .

aaajacobതിരുവനന്തപുരം: വിജിലന്‍സ് മുന്‍ ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ വിജിലന്‍സ് കേസ്. ജേക്കബ് തോമസ് തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കുമ്പോള്‍ ഡ്രെഡ്ജര്‍ വാങ്ങിയതില്‍ അഴിമതി നടത്തിയെന്നാണ് കേസ്.

ഡ്രഡ്ജര്‍ വാങ്ങാന്‍ എട്ട് കോടിയാണ് അനുവദിച്ചതെങ്കിലും 19 കോടിക്കാണ് ഡ്രെഡ്ജര്‍ വാങ്ങിയത് എന്നാണ് ആരോപണം. ഇത് സംബന്ധിച്ച എഫ്‌ഐആര്‍ വിജിലന്‍സ് കമ്മീഷന്‍ കോടതിയില്‍ സമര്‍പ്പിച്ചു. പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് വിജിലൻസ് കേസെടുത്തത്. അഴിമതി നിരോധന നിയമപ്രകാരമാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.

കേരള കാഡറിലെ ഏറ്റവും സീനിയറായ ഐപിഎസ് ഉദ്യോഗസ്ഥനാണ് ജേക്കബ് തോമസ്. തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള തീരുമാനം സര്‍ക്കാര്‍ രാജി സ്വീകരിക്കാത്തതിനാല്‍ പിന്‍വലിച്ചത് ഈയിടെ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. എന്നാല്‍ 2017 ഡിസംബര്‍ മുതല്‍ ജേക്കബ് തോമസ് സസ്‌പെന്‍ഷനിലാണ്.

ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അടുത്ത വൃത്തങ്ങളിലുള്ളയാളായിരുന്നു ജേക്കബ് തോമസ്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിനെതിരായി ജേക്കബ് തോമസ് ഉന്നയിച്ച ആരോപണങ്ങളെല്ലാം തെരഞ്ഞെടുപ്പില്‍ ഇടത് മുന്നണിക്ക് നേട്ടമായിരുന്നു. വിജിലന്‍സ് ഡയറക്ടറായി ജേക്കബ് തോമസിനെ നിയമിക്കാനുള്ള സുപ്രധാന നീക്കവും സര്‍ക്കാര്‍ നടത്തി.

എന്നാല്‍ ഇപി ജയരാജന്റെ ബന്ധുനിയമന കേസില്‍ ജേക്കബ് തോമസ് കര്‍ശന നിലപാടെടുത്തതോടെ ഇടതു സര്‍ക്കാരിന് അദ്ദേഹം അനഭിമതനായി. അതിനുശേഷം ഇതുവരെ മൂന്നു തവണ അദ്ദേഹം സസ്‌പെന്‍ഷനിലായി. ഒരു തവണ കേന്ദ്ര സര്‍ക്കാര്‍ സസ്‌പെന്‍ഷന്‍ സ്വീകരിക്കാത്തതിനാല്‍ സംസ്ഥാന സര്‍ക്കാര്‍ പിന്മാറുകയായിരുന്നു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top