Flash News

റഫാല്‍ കരാറിന് പിന്നാലെ അംബാനിയുടെ കമ്പനിക്ക് ഫ്രാന്‍സ് 143 ദശലക്ഷം യൂറോ നികുതിയിളവ് നല്‍കി; പുതിയ വെളിപ്പെടുത്തലുമായി ഫ്രഞ്ച് പത്രം

April 13, 2019 , .

rafaleപാരിസ്: റഫാല്‍ വിമാന ഇടപാടിന്റെ ചര്‍ച്ചകള്‍ നടക്കുന്നതിനിടെ ഫ്രഞ്ച് സര്‍ക്കാര്‍ അനില്‍ അംബാനിയുടെ കമ്പനിക്ക് 143.7 ദശലക്ഷം യൂറോയുടെ നികുതിയിളവുകള്‍ നല്‍കിയെന്നു റിപ്പോര്‍ട്ട്. ഫ്രഞ്ച് മാധ്യമമായ ലെ മോണ്ടെയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യ 36 റഫാല്‍ പോര്‍ വിമാനങ്ങള്‍ വാങ്ങുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചതിനു തൊട്ടു പിന്നാലെയാണ് ഫ്രഞ്ച് സര്‍ക്കാര്‍ നികുതി ഇളവ് പ്രഖ്യാപിച്ചതെന്ന് ഫ്രഞ്ച് പത്രം ലെ മോണ്‍ഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

2007 മുതല്‍ 2012 വരെയുള്ള കാലയളവില്‍ രണ്ടു തവണയായി നികുതിവെട്ടിപ്പിന് അന്വേഷണം നേരിട്ട കമ്പനിയാണ് റിലയന്‍സിന്റെ ഫ്രാന്‍സില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള റിലയന്‍സ് അറ്റ്‌ലാന്റിക് ഫ്‌ളാഗ് ഫ്രാന്‍സ് എന്ന പേരിലുള്ള കമ്പനി. 151 മില്യണ്‍ യൂറോയാണ് നികുതി ഇനത്തില്‍ ഈ കമ്പനി നല്‍കാനുണ്ടായിരുന്നത്. നികുതി വെട്ടിപ്പിന് അനില്‍ അംബാനിയുടെ കമ്പനി ഫ്രാന്‍സില്‍ അന്വേഷണം നേരിടുന്ന സമയത്താണ് റഫാല്‍ ഇടപാട് നടന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ട് ജപ്തിഭീഷണിയില്‍ ആയിരുന്നു കമ്പനിയെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

അന്വേഷണം നടക്കുന്ന സമയത്താണ് 2015 ഏപ്രില്‍ മാസത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാന്‍സിലെത്തി അന്നത്തെ ഫ്രഞ്ച് പ്രസിഡന്റ് ഒലാന്ദുമായി ചര്‍ച്ച നടത്തിയത്. തുടര്‍ന്ന് 36 പോര്‍ വിമാനങ്ങള്‍ വാങ്ങാനുള്ള തീരുമാനം പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ഇതിനു തൊട്ടു പിന്നാലെയാണ് ഫ്രാന്‍സ് റിലയന്‍സിന് 143.7 മില്യണ്‍ യൂറോയുടെ നികുതി ഒഴിവാക്കിക്കൊടുത്തത്. ഒറ്റത്തവണ തീര്‍പ്പാക്കലിന്റെ ഭാഗമായി 7.3 മില്യണ്‍ യൂറോ മാത്രം അടച്ച് അന്വേഷണം ഒഴിവാക്കാന്‍ അവസരം നല്‍കിയെന്നും റിപ്പോര്‍ട്ട് പറയുന്നു.

റഫാല്‍ വിമാന ഇടപാടിലെ അഴിമതി ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രഞ്ച് എന്‍.ജി.ഒ ഷെര്‍പ നാഷനല്‍ ഫിനാന്‍സ് ഓഫിസിന് പരാതി നല്‍കിയിട്ടുണ്ട്. റഫാല്‍ ഇടപാടില്‍ ഓഫ്സെറ്റ് പങ്കാളിയായി അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സിനെ തെരഞ്ഞെടുത്തതില്‍ വന്‍ ക്രമക്കേടു നടന്നതായി ആക്ഷേപം ഉയര്‍ന്നിരുന്നു. പ്രതിരോധ നിര്‍മാണ രംഗത്ത് യാതൊരു മുന്‍പരിചയവും ഇല്ലാതിരിക്കെയാണ്, പൊതുമേഖലാ കമ്പനിയായ ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സിനെ ഒഴിവാക്കി റിലയന്‍സിനെ പങ്കാളിയായി തെരഞ്ഞെടുത്തത്. കടക്കെണിയിലായ റിലയന്‍സിനെ രക്ഷിക്കാനാണ് ഇതെന്നായിരുന്നു മുഖ്യ ആക്ഷേപം.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top