Flash News

പ്രവാസ മനസ്സുകളില്‍ പൂക്കുന്ന കണിക്കൊന്നകള്‍

April 14, 2019 , ജ്യോതിലക്ഷ്മി നമ്പ്യാര്‍, മുംബൈ

Vishu 2019-1യാത്രക്കാരെ ഒന്നിനു മുകളില്‍ അടക്കിപിടിച്ച് താങ്ങാനാകുന്നതില്‍ ഭാരം താങ്ങി വിഷമിച്ച് ഓടുകയാണ് ഇലക്ട്രിക് ട്രെയിന്‍. ഒരല്‍പ്പം പ്രാണവായു ശരിയാംവണ്ണം ലഭിച്ചിരുന്നെങ്കില്‍ എന്ന് പരിശ്രമിക്കുകയാണ്. പലപ്പോഴും പരിശ്രമം വിഫലമാകാറുണ്ട്. എങ്ങിനെയോ ഒരുവിധത്തില്‍ നാസിക തുറന്നു ഞാന്‍ ശ്വസിക്കാന്‍ തുടങ്ങി. വയറിലും, നെഞ്ചിലും മുഖത്തും കൈമുട്ടുകള്‍ കൊണ്ടുള്ള പ്രഹരങ്ങള്‍ ഹൈഹീല്‍ ചെരുപ്പുകൊണ്ടുള്ള ദാക്ഷിണ്യമില്ലാത്ത തൊഴിയും സഹിച്ചുള്ള മുബൈയിലെ ട്രെയിന്‍ യാത്രയില്‍ ഞാന്‍ ആശ്വാസം കാണാറുള്ളത് പൊടിപടലങ്ങളുടെ മലിനീകരണത്തില്‍, ആകാശം മുട്ടുന്ന കെട്ടിടങ്ങള്‍ക്കിടയില്‍ ശ്വാസം മുട്ടി നില്‍ക്കുന്ന പ്രകൃതിയുടെ ദയനീയമായ മുഖം മാത്രമാണ്.

പലപ്പോഴും ഇവിടത്തെ മനുഷ്യരെപ്പോലെത്തന്നെ മലിനീകരണത്തില്‍ ആയുസ്സ് എണ്ണിക്കഴിയുന്ന മരങ്ങളോടെനിക്ക് സഹതാപം തോന്നാറുണ്ട്. കൊടുംചൂടില്‍ വെള്ളം പോലും ലഭിക്കാതെ ഉണങ്ങി നാമാവശേഷമാകുന്ന കേരളത്തിലെ പ്രകൃതിയെ ക്കാളും, മലിന ജലമാണെങ്കിലും ഇവിടുത്തെ മരങ്ങള്‍ക്ക് വെള്ളം ലഭിക്കുണ്ടല്ലോ എന്നും ഞാന്‍ ഓര്‍ക്കാറുണ്ട്. ഇങ്ങനെ പ്രകൃതിയുമായി സല്ലപിച്ചപ്പോള്‍ ശരീരത്തിനേല്‍ക്കുന്ന ഇടിയും കുത്തും ചവിട്ടും ഒന്നും എന്റെ മനസ്സിനെ ബാധിച്ചില്ല. പെട്ടെന്ന് വിക്രോളി സ്‌റ്റേഷനില്‍ നിന്നും ഒരല്പദുരം ചെന്നപ്പോള്‍ സിഗ്‌നല്‍ ലഭിക്കാതെ ട്രെയിനിന്റെ പ്രയാണം നിലച്ചുപോയി.

അത്യുഷ്ണത്താല്‍ രണ്ടു കവിളുകളിലൂടെയും ഉര്‍ന്നിറങ്ങിയ സ്വേദബിന്ദുക്കളില്‍ അസ്വസ്ഥയായ എനിക്ക് സ്ഥലകാലബോധം തിരിച്ചുകിട്ടി അനുഭവപ്പെട്ട വീര്‍പ്പുമുട്ടല്‍ ഒഴിവാക്കാന്‍ വീണ്ടും എന്റെ മനസ്സ് പുറമെ പ്രകൃതിയുമായുള്ള സല്ലാപത്തില്‍ ഏര്‍പ്പെട്ടു.

പാളങ്ങള്‍ക്കപ്പുറത്ത് കടുത്ത ചൂടും മലിനീകരണവും ഒന്നും വകവയ്ക്കാതെ പൂത്തുലഞ്ഞു പീതാംബരം ചുറ്റിനില്‍ക്കുന്ന ഉന്മേഷവതിയായ കര്‍ണ്ണികാര പൂക്കള്‍ എന്റെ നയനങ്ങള്‍ കവര്‍ന്നെടുത്തു. ഒരല്പനേരം ആ സൗന്ദര്യത്തെ ആസ്വദിച്ചപ്പോള്‍ എന്നില്‍ ആനന്ദം നിറഞ്ഞുതുളുമ്പി. പവിത്രമായ ആ പീതവര്‍ണ്ണം എത്ര ആസ്വദിച്ചാലും തൃപ്തിവരാത്തതുപോലെ.

പരസ്പരം സൗഹൃദം കൈവിടാതെ ചേര്‍ന്നു നില്‍ക്കുന്ന ഓരോ പൂക്കുലകളുമാകാം ഈ മനോഹാരിത പകരുന്ന കളങ്കമില്ലാത്ത ഈ സൗദര്യത്തിന്റെ ഉറവിടം. പൂക്കുലകള്‍ക്കിടയിലൂടെ എത്തിനോക്കുന്ന ഹരിത വര്‍ണ്ണത്തിലുള്ള തളിരിലകളും ഈ ശാലീന സുന്ദരിമാരുടെ സൗന്ദര്യത്തിന്റെ രഹസ്യമാകാം. പൊരിയുന്ന ചൂടിലും ഒട്ടും തളരാതെ നില്‍ക്കുന്ന ഓരോ പൂക്കളുടെ തുറന്ന മിഴികളിലും പ്രതീക്ഷകളുടെ പ്രകാശം കാണപ്പെട്ടു. ഈ പൂക്കളുടെ സൗന്ദര്യത്തില്‍ ഹരം പിടിച്ച് അവയെ ചുറ്റിപറ്റി നില്‍ക്കുന്ന മന്ദമാരുതന്റെ തലോടലിനൊപ്പം ഈണത്തില്‍ ഒരല്പം ഇളകിയാടി ഉല്ലസിക്കുകയാണ് ഓരോ പൂക്കളും. സാക്ഷാല്‍ ഭഗവാന്റെ പീതാംബരമായി, ചിലങ്കയായി അരഞ്ഞാണമായി ഓരോ കവിഹൃദയങ്ങളിലും ചേക്കേറിയ ഈ പൂക്കള്‍ എന്റെ ഹൃദയത്തിലും നേത്രങ്ങളിലും കുളിര്‍ കോരി. ട്രെയിനിന്റെ ചലനങ്ങളില്‍ വളരെ പണിപ്പെട്ടാണ് ഞാന്‍ നേത്രങ്ങളെ അടര്‍ത്തിയെടുത്തത്. എങ്കിലും മനസ്സില്‍ ആ പീതവര്‍ണ്ണം ഒരു ഓണവെയില്‍ പോലെ തങ്ങിനിന്നു. ഈ കണിപ്പൂക്കളുമായുള്ള സല്ലാപം മനസ്സില്‍ ബാല്യകാല ഓര്‍മ്മകളുടെ വര്‍ണ്ണപൂത്തിരികള്‍ പൊട്ടിവിടരുന്ന വിഷുവായി മാറി. കണിപൂവില്ലാതെ ഒരു വിഷുവില്ലല്ലോ!

ഒരു പൂവുപോലും കൊഴിയാത്ത കണിക്കൊന്ന പൂക്കുലകള്‍ തന്നെ കണികാണണം എന്ന് നിര്‍ബന്ധമായിരുന്നു. കുട്ടുകാരെല്ലാവരും കൂടി പോയി കണിക്കൊന്ന പൂക്കള്‍ പറിച്ച് എല്ലാ വീടുകളിലേക്കും പങ്കുവയ്ക്കും. തലേ ദിവസം ഉറങ്ങാന്‍ കിടക്കുമ്പോള്‍ കണ്ണടച്ചാല്‍ ഉടന്‍ കണ്മുമ്പില്‍ വിഷുക്കണി ഓടിവരും. അത്രയ്ക്കും ആകാംക്ഷയായിരുന്നു. ഞങ്ങളെല്ലാവരും ഉറങ്ങാന്‍ കിടന്നെന്നു ഉറപ്പുവരുത്തി അമ്മ വിഷുക്കണി തയാറാക്കിവയ്ക്കും. വെളുപ്പിനേ നാലുമണിയായാല്‍ വിളക്കു കൊളുത്തി അമ്മ കണികാണാന്‍ ഞങ്ങളെ വന്നു വിളിക്കും. പതിവുപോലെ പലവട്ടം വിളിക്കേണ്ട ബുദ്ധിമുട്ടൊന്നും അന്നില്ല. ഒരു വിളിയില്‍ തന്നെ കണികാണാന്‍ തയ്യാറായി എഴുന്നേറ്റ് കണ്ണടച്ചിരുപ്പാകും.

കണ്ണുമൂടിപിടിച്ചുകൊണ്ട് അമ്മ നടത്തിക്കൊണ്ടുപോയി കണിയ്ക്കു മുന്നിലുള്ള ആവണ പലകയിലിരുത്തി കണ്ണു തുറക്കാന്‍ പറയും. കാര്‍ഷിക വിഭവങ്ങളാലും, ദൈവാനുഗ്രഹത്താലും, സമ്പദ്‌സമൃദ്ധിയാലും ആനന്ദത്താലും ഐശ്വര്യത്താലും നിറഞ്ഞതായിരിക്കണം ഈ വര്‍ഷം എന്ന് കണികാണുമ്പോള്‍ മനസ്സില്‍ ചിന്തിക്കണം എന്ന് അമ്മ പറയാറുണ്ട്. പൂവിതള്‍ പോലെ വിരിയുന്ന കണ്ണില്‍ സ്വര്‍ണ്ണ ഉരുളിയില്‍ വെച്ചിരിക്കുന്ന ഉണക്കലരി, പുതുവസ്ത്രം, സ്വര്‍ണ്ണ നിറത്തിലുള്ള വെള്ളരിയ്ക്ക, അതില്‍ അലങ്കരിച്ചു വച്ചിരിയ്ക്കുന്ന സ്വര്‍ണ്ണാഭരണങ്ങള്‍, പണം, ഉരുളിയുടെ ഇരുവശങ്ങളിലായി കത്തിച്ചു വെച്ചിരിക്കുന്ന തേങ്ങാ വിളക്ക്, ഐശ്വര്യത്തിന്റെ പ്രതീകമായ അഞ്ചുതിരിയിട്ടു കത്തിച്ചു വെച്ചിരിക്കുന്ന നിലവിളക്ക്, നിലവിളക്കിനു ചുറ്റും ചക്ക, മാങ്ങ പടവലങ്ങ തേങ്ങ, നെല്ല് തുടങ്ങിയ കാര്‍ഷിക വിഭവങ്ങള്‍, പിന്നെ കണികൊന്ന പൂവിനാല്‍ അലങ്കരിക്കപ്പെട്ട, വിളക്കിന്റെ പ്രകാശത്തില്‍ വെട്ടിതിളങ്ങുന്ന സാക്ഷാല്‍ ഭഗവാന്‍. കണികണ്ടതിനുശേഷം അച്ഛന്‍ ഞങ്ങള്‍ക്കെല്ലാവര്‍ക്കും വിഷുകൈനീട്ടമായി നാണയങ്ങള്‍ തരും. പിന്നെ പടക്കം, കമ്പിപൂത്തിരി, ലാത്തിരി എന്നിവ കത്തിച്ച് ആഘോഷത്തിനു തുടക്കമിടുന്നു. കണിവച്ച ചക്ക കൊണ്ടുണ്ടാക്കിയ ചക്കപുഴുക്ക്, മാങ്ങ, വെള്ളരിക്ക എന്നിവ കൊണ്ടുണ്ടാക്കിയ മാമ്പഴ പുളിശ്ശേരി, ഉണക്കല്ലരി കൊണ്ടുണ്ടാക്കിയ പാല്‍പായസം എന്നിവയെല്ലാമാണ് വിഷുസദ്യയില്‍ പ്രധാനം. എല്ലാ വിഭവങ്ങളും തയ്യാറായികഴിഞ്ഞാല്‍ പ്ലാവില കുമ്പിളില്‍ എല്ലാം പകര്‍ന്നെടുത്ത് കൊന്നപൂക്കള്‍ കൊണ്ട് അലങ്കരിച്ച കൈകോട്ടിനാല്‍ മണ്ണിളക്കി എല്ലാ വിഭവങ്ങളും ഭൂമിദേവിയ്ക്കു സമര്‍പ്പിച്ചതിനുശേഷമാണു എല്ലാവരും ആഹാരം കഴിക്കുന്നത്. ഓരോ വീട്ടിലേയും വിഷു സദ്യ കഴിഞ്ഞാല്‍ മാലപടക്കം പൊട്ടിയ്ക്കും. ഇതില്‍നിന്നും ഏതു വീട്ടിലെ വിഷു സദ്യകഴിഞ്ഞു എന്ന്മനസ്സിലാക്കാം. വിഷു ദിവസം പാടത്ത് ഒരല്‍പ്പമെങ്കിലും വിത്തുവിതയ്ക്കണമെന്നു നിര്‍ബന്ധാമാണു.

കാര്‍ഷിക വിഭാഗങ്ങള്‍ക്കിടയില്‍ മറ്റനേകായിരം സൗന്ദര്യവും സൗരഭ്യവും ഒരുപോലുള്ള പുഷ്പങ്ങള്‍ ഉള്ളപ്പോള്‍ എന്താണ് കണികൊന്നയ്ക്ക് പ്രാധാന്യമെന്നു എന്റെ കൊച്ചുമനസ്സ് ചിന്തിക്കാറുണ്ട്. അത്തഴ പൂജ കഴിഞ്ഞ തിരുമേനി അമ്പലമടച്ച് പോരുമ്പോള്‍ ആരാലും ശ്രദ്ധിക്കപ്പെടാതെ ഒരു കൊച്ചുകുട്ടി അമ്പലത്തിനുള്ളില്‍ അകപ്പെട്ടുവത്രെ. പേടിച്ച്‌ നിലവിളിച്ച കുട്ടിയെ ആശ്വസിപ്പിക്കാന്‍ സാക്ഷാല്‍ ഭഗവാന്‍ വന്നു. കുട്ടിക്ക് കളിക്കാനായി തന്റെ അരഞ്ഞാണം ഊരിക്കൊടുത്തു. രാവിലെ തിരുമേനി വന്നു നടതുറന്നു നോക്കിയപ്പോള്‍ കാണാതായ അരഞ്ഞാണം കുട്ടിയുടെ കൈയ്യില്‍ കണ്ടുവെന്നും നിരപരാധിത്വവും പറഞ്ഞ കുട്ടിയെ വിശ്വസിക്കാതെ തിരുമേനി ഒരുപാട് ക്ഷോഭിച്ചു. ഭയന്നു വിറച്ച കുട്ടി അരഞ്ഞാണം ദൂരേക്ക് എയുകയും അത് കൊന്ന മരത്തില്‍ പൂക്കുലകളായി മാറി എന്നും. അതിനാല്‍ ഈ കൊന്നപ്പൂ കണികാണുന്നതിലൂടെ ഭഗവാന്റെ അരഞ്ഞാണമാണ് കണികാണുന്നത് എന്നുമാണ് അച്ഛന്‍ പറഞ്ഞു തന്ന ഐതിഹ്യം.

വിഷുവിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ താലോലിക്കുമ്പോള്‍ മീനമേട മാസത്തില്‍ മാത്രം അപൂര്‍വ്വമായി കാണാറുള്ള വിഷുപക്ഷിയെ, അതിന്റെ കൂജനത്തെ എങ്ങിനെ മറക്കാന്‍ കഴിയും? ‘വിത്തും കൈക്കോട്ടും’ എന്ന് പറഞ്ഞു കര്‍ഷകരെ പാടത്ത് വിത്തിറക്കാന്‍ ജാഗരൂകരാക്കുകയാണിവ എന്ന് അച്ഛന്‍ പറഞ്ഞ കഥയും ഓരോ വിഷുവും ഓര്‍മ്മപ്പെടുത്തും.

കണിക്കൊന്നയുടെ സൗന്ദര്യത്തെ ആസ്വദിക്കാന്‍, വിഷുപ്പക്ഷിയുടെ കുജനംകേള്‍ക്കാന്‍ ഇന്നു നാട്ടിന്‍പുറത്തെ കുട്ടികള്‍ക്ക് സമയവും താല്പര്യവും നഷ്ടപ്പെട്ടുവോ എന്ന ചിന്ത മനസ്സിനെ നൊമ്പരപ്പെടുത്തുന്ന ഒന്നാണ്. എവിടെയെങ്കിലും കണിക്കൊന്ന ഉണ്ടെങ്കിലും ഇന്നു ജനങ്ങള്‍ ഒരുപക്ഷെ കണിവയ്ക്കാന്‍ ആഗ്രഹിയ്ക്കുന്നത് സാക്ഷാല്‍ കണിക്കൊന്നയെ വെല്ലുന്ന ചൈനീസ് കൃത്രിമ കണിക്കൊന്ന പൂക്കളാകാം. കാരണം വീട്ടിലെ കണിയുടെ ചിത്രമെടുത്ത് വാട്‌സാപ്പിലും ഫെയ്‌സ്ബുക്കിലും പോസ്റ്റ് ചെയ്യുമ്പോള്‍ ഒരല്പമെങ്കിലും വാടാത്ത പൂതന്നെയാകട്ടെ. മാത്രമല്ല മരത്തിന്റെ മുകളില്‍ ചില്ല മറഞ്ഞു നില്‍ക്കുന്ന കണിപ്പൂ പൊട്ടിയ്ക്കാന്‍ മരം കയറാന്‍ ഇന്നത്തെ കുട്ടികള്‍ക്ക് യുട്യൂബ് പരിശീലനം മാത്രമല്ലേ ഉള്ളു. പ്രായോഗികമായ അനുഭവമില്ലല്ലോ! എന്നാല്‍ ആരെയെങ്കിലും വിളിയ്ക്കാം എന്നു വച്ചാല്‍ കൈനിറയെ പണംവും കൊടുത്ത് മറുനാടനെ തന്നെ ആശ്രയിക്കണം.

പ്രതികൂല കാലാവസ്ഥയും പണിയെടുക്കുന്നവനെ കിട്ടാനുള്ള ബുദ്ധിമുട്ടുകളും കാരണം കൃഷിയോടുള്ള താല്പര്യം നഷ്ടപ്പെട്ട കര്‍ഷകന്റെ അവസ്ഥ മനസ്സിലാക്കിയാകാം വിത്തും കൈക്കോട്ടും എടുക്കാന്‍ പ്രേരിപ്പിയ്ക്കുന്ന വിഷുപ്പക്ഷിയും ഇന്നു കേരളത്തിന് ഓര്‍മ്മ മാത്രമായോ? എന്തായിരുന്നാലും പരിഷ്കാരങ്ങളുടെയും നവോത്ഥാനത്തിന്റെയും കുത്തിയൊഴുക്കില്‍ ഒഴുകിപ്പോയ മലയാളത്തനിമ ഇന്നു ചില ഹൃദയങ്ങളിലും, നാളേക്കായി കുറെ അക്ഷരങ്ങളിലെങ്കിലും ജീവിക്കട്ടേ…

സര്‍വ്വ ഐശ്വര്യവും, സമ്പദ്‌സമൃദ്ധിയും ആരോഗ്യവും നിറഞ്ഞ പുതുവര്‍ഷത്തിന്റെ തുടക്കമാകട്ടെ ഈ വിഷു എന്ന് ആശംസിക്കുന്നു!


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top