Flash News

“മോദി സര്‍ക്കാര്‍ ഇനി വേണ്ട”; സര്‍വ്വേ ഫലം പറയുന്നത്

April 16, 2019

italy-pm-cii_670f3c02-dd29-11e8-8637-54e61741fa80തിരുവനന്തപുരം: നരേന്ദ്ര മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരാനുള്ള സാധ്യത മങ്ങിയിരിക്കുകയാണെന്ന് സര്‍വ്വെ ഫലം. സര്‍വ്വെയില്‍ പങ്കെടുത്തവരില്‍ പകുതിയലധികം പേരും മോദിയ്ക്ക് രണ്ടാം ഊഴമുണ്ടാകില്ലെന്ന് വിശ്വസിക്കുന്നവരാണ്. 25 ശതമാനം ആളുകളേ മോദി അധികാരത്തിലെത്തുമെന്ന് കരുതുന്നുള്ളൂ. 14 ശതമാനം പേര്‍ക്ക് ആര് അധികാരത്തില്‍ വരുമെന്ന് കൃത്യമായി പറയാന്‍ കഴിഞ്ഞില്ല. ഏഷ്യാനെറ്റ് ന്യൂസും ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന AZ റിസര്‍ച്ച് പാര്‍ട്‌നറും സംയുക്തമായി നടത്തിയ സര്‍വ്വെയിലാണ് മോദിയ്‌ക്കെതിരെയുള്ള പൊതുവികാരം ദൃശ്യമായത്.

അഥവാ എന്‍ഡിഎ വീണ്ടും അധികാരത്തില്‍ വന്നാലും മോദി പ്രധാനമന്ത്രിയാകരുതെന്ന് പറയുന്നര്‍ 54 ശതമാനമാണ്. അതേസമയം മോദി തന്നെ വേണമെന്ന് പറഞ്ഞത് 13 ശതമാനം പേര്‍ മാത്രമാണ്.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം യുഡിഎഫിനൊപ്പമാണെന്ന സൂചനയാണ് സര്‍വ്വേ ഫലം നല്‍കുന്നത്. യുഡിഎഫിന് 14 സീറ്റുകള്‍ വരെ കിട്ടുമ്പോള്‍ എല്‍ഡിഎഫിന് കിട്ടുക 6 സീറ്റുകള്‍ വരെയാണ്. എന്‍ഡിഎയ്ക്ക് മൂന്ന് സീറ്റുകള്‍ കിട്ടിയേക്കുമെന്നും സര്‍വ്വേ പ്രവചിക്കുന്നുണ്ട്. ശബരിമല വിഷയം ബിജെപിയ്ക്ക് നേട്ടമുണ്ടാക്കുമെന്നും പൊതുവില്‍ അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്.

ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന കാസര്‍കോട്ട് എല്‍ഡിഎഫിന്റെ കെപി സതീഷ് ചന്ദ്രന് നേരിയ മുന്‍തൂക്കമുണ്ട്. യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താനേക്കാള്‍ ഒരു ശതമാനം വോട്ടിനാണ് സതീഷ് ചന്ദ്രന്‍ മുന്നിട്ട് നില്‍ക്കുന്നത്.

കണ്ണൂരില്‍ ഒരു ശതമാനം വോട്ടിന്റെ വ്യത്യാസത്തില്‍ സിറ്റിങ് എംപി പികെ ശ്രീമതിയെ കെ സുധാകരന്‍ തോല്‍പ്പിക്കും. വടകരയില്‍ പി ജയരാജനെ തോല്‍പ്പിച്ച് 45 ശതമാനം വോട്ടുമായി മുരളീധരന്‍ മണ്ഡലം പിടിക്കും.

വയനാടിനെക്കുറിച്ച് സംശയങ്ങളൊന്നും ഇല്ല. 45 ശതമാനത്തിന്റെ പിന്തുണയോടെ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തന്നെ വിജയിച്ചുകയറുമെന്നാണ് സര്‍വ്വേ പ്രവചിക്കുന്നത്. ഒളിക്യാമറ വിവാദത്തില്‍പ്പെട്ടെങ്കിലും കോഴിക്കോട് എംകെ രാഘവനെ വോട്ടര്‍മാര്‍ കൈവിടില്ലെന്നാണ് സര്‍വ്വേ പറയുന്നത്. 44 ശതമാനത്തിന്റെ വോട്ട് രാഘവന് ലഭിക്കും.

മലപ്പുറത്തെ മുസ്ലീംലീഗിന്റെ കോട്ടയ്ക്ക് ഇത്തവണയും ഇളക്കം തട്ടില്ല. പികെ കുഞ്ഞാലിക്കുട്ടി 52 ശതമാനത്തിന്റെ വന്‍ഭൂരിപക്ഷത്തിലാകും ജയിച്ചുകയറുക. പൊന്നാനിയില്‍ ഇടി മുഹമ്മദ് തന്നെയായിരിക്കും ഇത്തവണയും മണ്ഡലത്തിന്റെ ജനപ്രതിനിധി.

പാലക്കാട് ത്രികോണപോരാട്ടമായിരിക്കും ഇത്തവണ. സിപിഎമ്മിന്റെ എംബി രാജേഷിന് മൂന്നാം ഊഴമുണ്ടാകും. ആലത്തൂരും ഇടതിന് തന്നെയാണ് മേല്‍ക്കൈ. രമ്യ ഹരിദാസിനെ 2 ശതമാനത്തിന്റെ വോട്ടിന് പരാജയപ്പെടുത്തി പികെ ബിജു വിജയിച്ചുകയറും.

തൃശൂര്‍ ടിഎന്‍ പ്രതാപനിലൂടെ (36%) യുഡിഎഫ് തിരിച്ചുപിടിക്കും. സുരേഷ് ഗോപിയെ 26 ശതമാനം പേരും എല്‍ഡിഎഫിന്റെ രാജാജി മാത്യുവിനെ 32 ശതമാനം പേരും പിന്തുണയ്ക്കും. ചാലക്കുടിയില്‍ ഇന്നസെന്റിന് രണ്ടാം ഊഴമുണ്ടാകും. യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാനെതിരെ രണ്ട് ശതമാനം അധികം വോട്ട് നേടിയായിരിക്കും ഇന്നസെന്റ് ജയിക്കുക. എറണാകുളത്ത് ഹൈബി ഈഡന് മികച്ച നേട്ടമുണ്ടാക്കാനാകുമെന്നാണ് സര്‍വ്വേ ഫലം. 43 ശതമാനം വോട്ട് ഹൈബി ഈഡന് ലഭിക്കുമ്പോള്‍ പി രാജീവിന് കിട്ടുക 32 ശതമാനം വോട്ടായിരിക്കും. അതേസമയം മണ്ഡലത്തില്‍ മുമ്പ് പ്രവര്‍ത്തിച്ച പരിചയമില്ലാത്ത അല്‍ഫോണ്‍സ് കണ്ണന്താനത്തിന് 20 ശതമാനം വോട്ടു കിട്ടുമെന്നും സര്‍വ്വേ ഫലം പ്രവചിക്കുന്നു.

ഇടുക്കിയില്‍ കടുത്ത മത്സരത്തിന് ശേഷം ഒരു ശതമാനത്തിന്റെ വ്യത്യാസത്തില്‍ ഡീന്‍ കുര്യാക്കോസിനെ മറികടന്ന് ജോയ്‌സ് ജോര്‍ജ് വിജയിക്കുമെന്നാണ് സര്‍വ്വേ പ്രവചനം. കോട്ടയം കേരള കോണ്‍ഗ്രസ് എമ്മിന്റെ തോമസ് ചാഴിക്കാടന്‍ വന്‍വിജയം നേടും. ആലപ്പുഴയില്‍ ഇടതുമുന്നണിയ്ക്ക് തുടക്കത്തില്‍ പറഞ്ഞുകേട്ട മേല്‍ക്കൈ ഉണ്ടാകില്ല. എട്ട് ശതമാനത്തിന്റെ വ്യത്യാസത്തില്‍ ഷാനിമോള്‍ ഉസ്മാന്‍ മണ്ഡലം പിടിച്ചെടുക്കുമെന്നും സര്‍വ്വേ ഫലം പറയുന്നു.

മാവേലിക്കരയില്‍ കൊടിക്കുന്നില്‍ സുരേഷ് വീണ്ടും കരുത്ത് കാട്ടുമ്പോള്‍ ശബരിമല വിഷയം നിര്‍ണായക പങ്കുവഹിക്കുന്ന പത്തനംതിട്ടയിലെ പോരാട്ടം ഫോട്ടോഫിനിഷിലേക്ക് നീങ്ങും. ആന്റോ ആന്റണിയിലൂട യുഡിഎഫ് തന്നെ മണ്ഡലം നിലനിര്‍ത്തുമെന്നാണ് സര്‍വ്വേ പ്രവചിക്കുന്നത്. എന്‍ഡിഎയുടെ കെ സുരേന്ദ്രന്റെ സാന്നിധ്യം ഫലം അട്ടിമറിയ്ക്കാനും സാധ്യതയുണ്ട്. എല്‍ഡിഎഫ് പക്ഷേ ഏറെ പിന്നിലാണ്. കൊല്ലം യുഡിഎഫിന്റെ കെ പ്രേമചന്ദ്രന്‍ നിലനിര്‍ത്തുമ്പോള്‍ ആറ്റിങ്ങലില്‍ എ സമ്പത്ത് ഇടതു കോട്ട കാക്കും.

തലസ്ഥാനത്ത് കോണ്‍ഗ്രസിന്റെ വിശ്വപൗരന്‍ ശശി തരൂരിനെ മറികടന്ന് 40 ശതമാനം വോട്ടിന്റെ പിന്‍ബലത്തില്‍ ബിജെപിയുടെ കുമ്മനം രാജശേഖരന്‍ വിജയിക്കുമെന്ന് സര്‍വ്വേ പ്രവചിക്കുന്നു.

കേരളത്തിലെ 20 മണ്ഡലങ്ങളില്‍ നിന്നുള്ളവരാണ് സര്‍വ്വെയില്‍ പങ്കെടുത്തത്. ഓരോ മണ്ഡലത്തില്‍ നിന്നും ഉള്ള വോട്ടര്‍മാരെ നേരില്‍ കണ്ടാണ് സര്‍വ്വെ ഫലം തയ്യാറാക്കിയതെന്ന് ചാനല്‍ അവകാശപ്പെടുന്നു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top