Flash News

എന്റെ ശലഭം (കവിത): അബൂതി

April 16, 2019

Ente Salabham-1ചിറകുകള്‍ മുളക്കട്ടെ
യെനിക്കിനിയീയനന്തയാകാശത്തില്‍
അതിരുകളില്ലാതെ പാറിപ്പറക്കുവാന്‍.

“അനാമികെ!” ഇനിയെങ്കിലും
നീ നിന്റെ പേരൊന്നു ചൊല്ലണം. ഒരു –
നാമവും നിന്നെ അശുദ്ധയാക്കില്ല. സത്യം!

എനിക്ക് നുകരുവാനുള്ള മുലക്കണ്ണില്‍
ചെന്നിനായകമരച്ചിട്ട കാലമേ
നീയാണ് സാക്ഷി. നീ തന്നെയാണ് സാക്ഷി!

കണ്ണീര്‍ തുടച്ചു തേഞ്ഞോരെന്‍ കൈത്തണ്ടയില്‍,
പാറിവന്നിരുന്ന ശലഭത്തെയിന്നു ഞാന്‍
അനാമികയെന്നെ വിളിക്കയുള്ളൂ!

ദുഃഖഹാരങ്ങള്‍ ചാര്‍ത്തി-
യെന്നേകാന്ത വീഥിയിലെന്നോട് ചേര്‍ന്ന്,
പരിലസിക്കുകയായിരുന്നെന്നിന്നലെകള്‍!

ഭാവനാ തീരത്തു ഞാനേകനായ്,
ഭ്രാന്തനായ്, അലഞ്ഞു തിരിഞ്ഞ ഇന്നലെകള്‍,
ശോകഗാനങ്ങള്‍ മൂളിപ്പിരിഞ്ഞു പോയ്.

ഒരു നുള്ള് സങ്കടം കൊണ്ടെന്റെ വേണുവില്‍
ശില പോലുമുരുകുന്ന രാഗവും മൂളി
വെറുതെ പോയതാണിതിലെയെന്നോര്‍മ്മകള്‍.

കൂട്ട് തേടിയലഞ്ഞ വീഥിയില്‍
കരിയിലകള്‍ പാകിയ നാട്ടു വഴിയില്‍; എന്റെ –
കുഞ്ഞു കവിതകള്‍ വീണുടഞ്ഞിരുന്നു.

ഒരു തുടം കണ്ണുനീര്‍ കൊണ്ടെന്റെ കരളില്‍
ഓരാരണ്യകം മുഴുവന്‍ നനഞ്ഞിരുന്നു.
കാനലില്‍ പൂവിതളുകള്‍ മണ്ണിലേക്കടര്‍ന്നിരുന്നു.

ഇരുള്‍ തിക്കിത്തിരക്കി വന്നെന്നെ
തണുത്ത മൗനത്തില്‍ തളച്ചിടവേയെന്നരികിലേക്ക്
പതിയെ പറന്നു വന്നതാണീ സ്നേഹശലഭം.

വെണ്ണീര്‍ ചിറകുകള്‍ വീശിയെത്തി
നക്ഷത്രക്കണ്ണുള്ളോരെന്‍ ശലഭം
എന്നോട് ചൊല്ലിയാദ്യമായ് “ഞാന്‍ നിന്റെ സ്വന്തം”!

പിന്നെയെന്‍ കദനങ്ങളെ ചുംബിച്ചുറക്കി
അരുമയായെത്രയോ കഥകള്‍ ചൊല്ലി.
എന്നാത്മ പ്രയാണത്തിന്‍ ദീപശിഖയായ്.

ഇന്നെന്റെ നെഞ്ചിലെ പുഷ്പവാടിയില്‍
ഒരു ബ്രഹ്മകമലത്തിന്നിതളില്‍ വീണുറങ്ങുന്നു
എന്നുടെയാത്മ ഭാവനാ ശലഭം!

കണ്ണീര്‍ ചുരത്തുമെന്നെഴുത്താണിത്തുമ്പില്‍
കഥകളായ്, കവിതകളായ് മന്ത്രിച്ചിടുന്നു
അതിനാത്മശോകത്തിന്‍ നീര്‍പ്രവാഹങ്ങള്‍.

ഇനിയൊരു ചിത്രശലഭമായ്
പറക്കേണമെനിക്കീ നഭസ്സിന്റെ താഴെയെന്‍
ആത്മഭാവനാ ചിറകു വീശി!

ചിറകുകള്‍ മുളക്കട്ടെ
യെനിക്കിനിയീയനന്തയാകാശത്തില്‍
അതിരുകളില്ലാതെ പാറിപ്പറക്കുവാന്‍.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top