Flash News

ഹൃദയ ശസ്ത്രക്രിയക്കായി നവജാത ശിശുവിനെ മംഗലാപുരത്തുനിന്ന് നാലര മണിക്കൂര്‍ കൊണ്ട് കൊച്ചിയിലെ അമൃത ആശുപത്രിയിലെത്തിച്ച ഡ്രൈവര്‍ക്ക് അഭിനന്ദനങ്ങളുടെ പ്രവാഹം

April 16, 2019

imageഹൃദയ ശസ്ത്രക്രിയക്കായി നവജാത ശിശുവിനെ മംഗലാപുരത്തുനിന്ന് 400 കിലോമീറ്ററോളം സഞ്ചരിച്ച് നാലര മണിക്കൂര്‍ കൊണ്ട് കൊച്ചിയിലെ അമൃത ആശുപത്രിയിലെത്തിച്ച ഡ്രൈവര്‍ക്ക് അഭിനന്ദനങ്ങളുടെ പ്രവാഹം. പ്രസവിച്ച് പതിനഞ്ച് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് സാഹസികമായി അമൃതയിലെത്തിച്ചത്. മംഗലാപുരത്ത്‌ നിന്നും കൊച്ചിയിലേക്കുള്ള ദൂരം 417 കിലോമീറ്ററാണ്. ആ യാത്രക്കെടുത്തതാകട്ടേ 4 മണിക്കൂറും 20 മിനുട്ടും. അതായത്‌ മണിക്കൂറില്‍ ഏകദേശം 105 കി.മി വേഗത.

കാസര്‍ഗോഡ് സ്വദേശികളായ സാനിയ-മിത്താഹ്‌ ദമ്പതികളുടെയാണ് കുഞ്ഞ്. ജന്മനാ ഹൃദ്രോഗിയായിരുന്ന കുട്ടി മംഗലാപുരത്തെ ഫാദര്‍ മുള്ളര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അസുഖം മൂര്‍ച്ഛിച്ചപ്പോള്‍ കൂടുതല്‍ മികച്ച ചികിത്സയും പരിചരണവും തിരുവനന്തപുരത്തെ ശ്രീചിത്രയിലുണ്ട്. അതുകൊണ്ടാണ് അങ്ങോട്ടു കൊണ്ടുപോകാന്‍ ആദ്യം തീരുമാനിച്ചത്‌. അപകട സാധ്യത മുന്‍പിലുള്ളതുകൊണ്ട് അത്തരം സന്ദര്‍ഭങ്ങള്‍ വിജയകരമായി കൈകാര്യം ചെയ്ത് പേരെടുത്തിട്ടുള്ള ചൈല്‍ഡ്‌ പ്രൊട്ടക്ഷന്‍ ടീമിന്റെ (സി.പി.ടി) സഹായം മിത്താഹ് അഭ്യര്‍ത്ഥിക്കുകയായിരുന്നു.

രാവിലെ തന്നെ ഓക്സിജന്‍ സിലിണ്ടറുകള്‍ കാര്യക്ഷമമല്ലാതിരുന്നതുകൊണ്ട്‌ മംഗലാപുരത്ത്‌ നിന്ന് പുറപ്പെട്ടത് ഏകദേശം ‌ 11.30 കഴിഞ്ഞാണ്‌. ആക്സിലേറ്ററില്‍ അമര്‍ന്നിരുന്ന കാല്‍ ഇടക്കെങ്കിലും ഒന്ന് വലിക്കാന്‍ മടിയായിരുന്നുവെന്ന് ആംബുലന്‍സ് ഡ്രൈവര്‍ ഹസ്സന്‍ മാധ്യമങ്ങളോടു പറഞ്ഞു. നാളെ ഓടിച്ചാടി നടക്കേണ്ട ഒരു കുട്ടിയുടെ ഭാവി തന്‍റെ കാലിലാണല്ലോ എന്ന ചിന്തയായിരുന്നു ഹസ്സന്‌. കൂടെ നിധിനും സി.പി.ടി ഭാരവാഹിയായ ബദറുദ്ധീനുമുണ്ടായിരുന്നു. പിന്നെ നഴ്സിംഗ്‌ സ്റ്റാഫ്‌ ഷൈജുവും കുഞ്ഞിന്‍റെ രക്ഷിതാക്കളും. എല്ലാം ഏകോപിപ്പിച്ചുകൊണ്ട്‌ ഫെയ്സ്ബുക്ക്‌ വഴി മാലോകരുടെ സഹകരണം ആവശ്യപ്പെട്ട്‌ സി.പി.ടിയും. കണ്ണൂര്‍ വരെയുള്ള യാത്രയില്‍ ഗതാഗതക്കുരുക്ക്‌ വില്ലനാകാന്‍ ശ്രമിച്ചെങ്കിലും ധൈര്യം കൈവിടാന്‍ ഹസ്സന്‍ തയാറല്ലായിരുന്നു. അപ്പോഴേക്കും കേരള ജനതയും മാധ്യമ ലോകവും സര്‍ക്കാരുമെല്ലാം ഈ മിഷന്‍ ഏറ്റെടുത്തിരുന്നു.

8 മണിക്കൂറുകൊണ്ട് തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയില്‍ കുഞ്ഞിനെ എത്തിക്കുകയായിരുന്നു ലക്ഷ്യം. ഇതിനായി കേരളാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ടീമും സന്നദ്ധ പ്രവര്‍ത്തകരും ആംബുലന്‍സ് നെറ്റ്‌വര്‍ക്കും സജീവമായി രംഗത്തുണ്ടായിരുന്നു. വഴിയില്‍ തടസ്സങ്ങളുണ്ടാക്കരുതെന്ന് ഫെയ്‌സ്ബുക്ക് വഴി ആഹ്വാനം ചെയ്തു. ആംബുലന്‍സില്‍ നിന്നും ഫേസ്ബുക്ക് ലൈവും തയ്യാറാക്കിയിരുന്നു. ആംബുലന്‍സ് പോകേണ്ട വഴിയിലെ ട്രാഫിക് നില ഇതുവഴി അറിയാന്‍ കഴിഞ്ഞു.

വഴിയിലുടനീളം സന്നദ്ധ പ്രവര്‍ത്തകരും രാഷ്ട്രീയ കക്ഷികളും പോലീസും സുരക്ഷയൊരുക്കി. ഇതിനിടെ ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ഷൈലജ വിഷയത്തില്‍ ഇടപെട്ടതിന് പിന്നാലെ അമൃത ആശുപത്രിയിലെത്തിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഹൃദ്യം പദ്ധതിയില്‍ ഉള്‍പ്പെടുത്തി മുഴുവന്‍ ചികിത്സാ ചിലവും സര്‍ക്കാര്‍ വഹിക്കാനും തീരുമാനമായിട്ടുണ്ട്. ശ്രീചിത്ര വേണോ അമൃത വേണോ എന്നതിനെക്കുറിച്ച്‌ ആശയക്കുഴപ്പങ്ങള്‍ ഉണ്ടായിരുന്നെങ്കിലും കുട്ടിയുടെ സുരക്ഷക്ക്‌ നല്ലത്‌ എന്ന് തോന്നിയതിനാലാണ്‌ അമൃതയില്‍ പ്രവേശിപ്പിച്ചത്‌. നിലവില്‍ കുട്ടി ഒബ്‌സര്‍വേഷനിലാണ്‌.

ഇതിന്‌ മുന്‍പ്‌ സമാനമായ രീതിയില്‍ ഒരു തവണ കണ്ണൂരില്‍ നിന്നും മറ്റൊരിക്കല്‍ കാസര്‍ഗോഡ്‌ നിന്നും തിരുവനന്തപുരത്തേക്ക്‌ ഹസ്സന്‍ ആംബുലന്‍സ് ഓടിച്ചിട്ടുണ്ട്‌. ഒന്‍പത്‌ വര്‍ഷം ആംബുലന്‍സ് ഓടിച്ച് പരിചയമുള്ള ഹസ്സന്‍ 8-9 മണിക്കൂർ സമയമെടുത്തായിരുന്നു ആ യാത്രകള്‍ പൂര്‍ത്തിയാക്കിയത്‌. കടുത്ത യാത്രയ്ക്ക്‌ ശേഷം അമൃതയില്‍ എത്തിയ ശേഷമാണ്‌ ഇവര്‍ എന്തെങ്കിലുമൊന്ന് കഴിക്കുന്നത്. അതിനിടയില്‍ വെള്ളമല്ലാതെ മറ്റൊന്നും കഴിച്ചിട്ടില്ല. നോമ്പെടുത്ത്‌ ശീലമുള്ളതുകൊണ്ട്‌ ഇതൊന്നും അത്ര വലിയ കാര്യമല്ലെന്ന മട്ടിലാണ്‌ ഇവരെല്ലാം.

 

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top