Flash News

മസാല ബോണ്ട് ഇടപാട്: ഫയലുകള്‍ കാണണമെന്ന് രമേശ് ചെന്നിത്തല; മുഖ്യമന്ത്രിക്ക് കത്ത് അയച്ചു

April 17, 2019

24-site-image-2019-04-03T110120.121തിരുവനന്തപുരം: കിഫ്ബി മസാല ബോണ്ട് സംബന്ധിച്ച ഫയലുകള്‍ കാണണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. ഫയലുകള്‍ പ്രതിപക്ഷ എംഎല്‍എമാരെ കാണിക്കണമെന്നും കത്തില്‍ പറയുന്നുണ്ട്.

മസാലാ ബോണ്ടിന്റെ ഇടപാടിന്മേല്‍  ദുരൂഹതയുണ്ട്. ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തു വന്നത് മുതല്‍ ധനകാര്യ മന്ത്രി തോമസ് ഐസക്കും കിഫ്ബിയും ഒന്നിന് പുറകെ ഒന്നായി അസത്യങ്ങള്‍ പറഞ്ഞ് യഥാര്‍ത്ഥ വസ്തുതകള്‍ മറച്ച് വയ്ക്കാന്‍ കാണിക്കുന്ന വെപ്രാളം ഇത് സംബന്ധിച്ച സംശയങ്ങളെ ബലപ്പെടുത്തുകയും ചെയ്യുന്നു എന്ന് രമേശ് ചെന്നിത്തല കത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. മസാലാ ബോണ്ട് സംബന്ധിച്ച ആറു ചോദ്യങ്ങളും അദ്ദേഹം കത്തില്‍ ഉന്നയിക്കുന്നുണ്ട്.

1. കേരളത്തിന് വന്‍ സാമ്പത്തിക ബാദ്ധ്യത ഉണ്ടാക്കുന്നതായിട്ടും മസാലാ ബോണ്ട് സംബന്ധിച്ച വിവരങ്ങളെല്ലാം ഇപ്പോഴും പരമരഹസ്യമായി വച്ചിരിക്കുന്നതെന്തു കൊണ്ട്?

2. എന്തിനാണ് ഇത്ര ഉയര്‍ന്ന പലിശ നിരക്കില്‍ കിഫ്ബി മസാലാ ബോണ്ടിറക്കിയത്? (ലണ്ടന്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ഇതിന് മുന്‍പ് മസാലാ ബോണ്ടിറക്കിയ പതിനാറോളം ഇന്ത്യന്‍ കമ്പനികളുടെ പലിശ നിരക്ക്  4 മുതല്‍ 8.25% വരെയാണ്.)

3.  ഇത്രയും വലിയ പലിശ നല്‍കി ബോണ്ടിറക്കി സംസ്ഥാനത്തിന് മേല്‍ വന്‍ കടബാദ്ധ്യത കെട്ടി വയ്ക്കുന്നതിന് മുന്‍പ് പൊതു ചര്‍ച്ച ചെയ്യാത്തതെന്തു കൊണ്ട്? കുറഞ്ഞ പക്ഷം ഭരണം നടത്തുന്ന ഇടതു മുന്നണിയിലോ മന്ത്രിസഭയിലോ എങ്കിലും ചര്‍ച്ച ചെയ്യേണ്ടതല്ലേ?

4. കേരളത്തില്‍ വലിയ അഴിമതിക്കേസിലെ പിടികിട്ടാപ്പുള്ളികളാണ് ലാവ്‌ലിന്‍ കമ്പനി. അങ്ങനെയുള്ള കമ്പനിയുടെ  കൂട്ടു കമ്പനിയുമായി രഹസ്യ ചര്‍ച്ച നടത്തി കൊള്ളപ്പലിശയ്ക്ക് അവര്‍ക്ക് ബോണ്ട് നല്‍കി കേരളത്തെ കടക്കെണിയിലാക്കുന്നത് ധാര്‍മികമായി ശരിയാണോ?

5. ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രിയും പ്രതിസ്ഥാനത്താണ്. ഈ കേസ് സുപ്രീം കോടതി പരിഗണിക്കുകയാണ്. ഈ സന്ദര്‍ഭത്തില്‍  വീണ്ടും ലാവ്‌ലന്‍ ബന്ധമുള്ള കമ്പനിയുമായി ദുരൂഹമായ ഇടപാട് നടത്തുന്നതിലെ യഥാര്‍ത്ഥ ലക്ഷ്യമെന്താണ്?

6. പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ആശയമാണ് മസാലാ ബോണ്ടുകള്‍.  ഉദാരവത്ക്കരണ നയങ്ങളെ നഖശിഖാന്തം എതിര്‍ക്കുന്ന ഇടതു മുന്നണി ബി.ജെ.പി യുടെ സാമ്പത്തിക നയങ്ങളുടെ പിന്നാലെ പായുന്നതിന്റെ സാംഗത്യം എന്താണ്? ഇടതു മുന്നണി ആരോടൊപ്പമാണ് നില്‍ക്കുന്നത്?

മസാലാ ബോണ്ട് സംബന്ധിച്ച വിവരങ്ങള്‍ എല്ലാം പരസ്യമാക്കേണ്ടത് സംസ്ഥാനത്തിന്റെ വിശാല താത്പര്യങ്ങള്‍ക്ക് അത്യാവശ്യമാണ്. അതിനാല്‍ ഇത് സംബന്ധിച്ച ഫലുകള്‍ എല്ലാം പ്രതിപക്ഷ എം.എല്‍.എമാരുടെ സംഘത്തെ കാണിക്കണമെന്ന് വീണ്ടും അഭ്യര്‍ത്ഥിക്കുന്നു.

രമേശ് ചെന്നിത്തല


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top