Flash News

സര്‍ക്കാര്‍ ആശുപത്രികളുടെ ദുരവസ്ഥഃ മാറ്റണം: മൊയ്തീന്‍ പുത്തന്‍‌ചിറ

April 17, 2019

ambulance_1555491701_800x420മംഗലാപുരത്തു നിന്ന് കൊച്ചിവരെയുള്ള ജനങ്ങളും ട്രാഫിക് സം‌വിധാനങ്ങളും ഒരേ ബിന്ദുവില്‍ കേന്ദ്രീകരിച്ച സംഭവമാണ് ഇപ്പോള്‍ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുന്നത്.  വെറും പതിനഞ്ചു ദിവസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ ഹൃദയ ശസ്ത്രക്രിയക്കായി മംഗലാപുരത്തുനിന്ന് 400 കിലോമീറ്ററോളം ആംബുലന്‍സില്‍ സഞ്ചരിച്ച് നാലര മണിക്കൂര്‍ കൊണ്ട് കൊച്ചിയിലെ അമൃത ആശുപത്രിയിലെത്തിച്ച സംഭവം വളരെ പ്രാധാന്യത്തോടെയാണ് മാധ്യമങ്ങള്‍ പ്രചരിപ്പിച്ചത്. മംഗലാപുരത്ത്‌ നിന്നും കൊച്ചിയിലേക്കുള്ള ദൂരം 417 കിലോമീറ്ററാണ്. ആ യാത്രക്കെടുത്തതാകട്ടേ വെറും 4 മണിക്കൂറും 20 മിനുട്ടും. അതായത്‌ മണിക്കൂറില്‍ ഏകദേശം 105 കി.മീ വേഗത !!

കാസര്‍ഗോഡ് സ്വദേശികളായ സാനിയ-മിത്താഹ്‌ ദമ്പതികളുടെയാണ് കുഞ്ഞ്. ജന്മനാ ഹൃദ്രോഗിയായിരുന്ന കുട്ടി മംഗലാപുരത്തെ ഫാദര്‍ മുള്ളര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അസുഖം മൂര്‍ച്ഛിച്ചപ്പോള്‍ കൂടുതല്‍ മികച്ച ചികിത്സയും പരിചരണവും ആവശ്യമായതുകൊണ്ടാണ് ആദ്യം തിരുവനന്തപുരത്തെ ശ്രീചിത്രയിലേക്ക് കൊണ്ടുപോകാന്‍ മാതാപിതാക്കളും ആശുപത്രി അധികൃതരും തീരുമാനിച്ചത്‌. അപകട സാധ്യത മുന്‍പിലുള്ളതുകൊണ്ട് അത്തരം സന്ദര്‍ഭങ്ങള്‍ വിജയകരമായി കൈകാര്യം ചെയ്ത് പേരെടുത്തിട്ടുള്ള ചൈല്‍ഡ്‌ പ്രൊട്ടക്ഷന്‍ ടീമിന്റെ (സി.പി.ടി) സഹായം അവര്‍ അഭ്യര്‍ത്ഥിക്കുകയായിരുന്നു എന്ന് പറയുന്നു.

എട്ടു മണിക്കൂര്‍ കൊണ്ട് ശ്രീചിത്ര ആശുപത്രിയില്‍ കുഞ്ഞിനെ എത്തിക്കുകയായിരുന്നുവത്രേ ലക്ഷ്യം. ഇതിനായി കേരളാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ടീമും സന്നദ്ധ പ്രവര്‍ത്തകരും ആംബുലന്‍സ് നെറ്റ്‌വര്‍ക്കും സജീവമായി രംഗത്തുണ്ടായിരുന്നു എന്നു പറയുന്നു. വഴിയില്‍ തടസ്സങ്ങളുണ്ടാക്കരുതെന്ന് ഫെയ്‌സ്ബുക്ക് വഴി ആഹ്വാനം ചെയ്തു. ആംബുലന്‍സില്‍ നിന്നും ഫേസ്ബുക്ക് ലൈവും തയ്യാറാക്കി. വഴിയിലുടനീളം സന്നദ്ധ പ്രവര്‍ത്തകരും രാഷ്ട്രീയ കക്ഷികളും പോലീസും സുരക്ഷയൊരുക്കി. ഇതിനിടെ ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ഷൈലജ വിഷയത്തില്‍ ഇടപെട്ടതിന് പിന്നാലെ അമൃത ആശുപത്രിയിലെത്തിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നു പറയുന്നു. ഹൃദ്യം പദ്ധതിയില്‍ ഉള്‍പ്പെടുത്തി മുഴുവന്‍ ചികിത്സാ ചിലവും സര്‍ക്കാര്‍ വഹിക്കാന്‍ മുഖ്യമന്ത്രിയും ഉത്തരവിട്ടു. ശ്രീചിത്ര വേണോ അമൃത വേണോ എന്നതിനെക്കുറിച്ച്‌ ആശയക്കുഴപ്പങ്ങള്‍ ഉണ്ടായിരുന്നെങ്കിലും കുട്ടിയുടെ സുരക്ഷക്ക്‌ നല്ലത്‌ എന്ന് തോന്നിയതിനാലാണ്‌ അമൃതയില്‍ പ്രവേശിപ്പിച്ചതെന്നാണ് ആരോഗ്യമന്ത്രി പറയുന്നത്. ആംബുലന്‍സ് തൃശൂര്‍ എത്തിയപ്പോഴാണ് അമൃതയിലേക്ക് കൊണ്ടുപോകാന്‍ ആരോഗ്യമന്ത്രിയില്‍ നിന്ന് അറിയിപ്പ് വന്നതെന്ന് ഡ്രൈവര്‍ പറയുന്നു.

മംഗലാപുരത്തുനിന്ന് ഈ ആംബുലന്‍സ് പുറപ്പെടുന്നതും ഗ്രാമങ്ങളും പട്ടണങ്ങളും പിന്നിട്ട് റോഡിലൂടെ ചീറിപ്പായുന്നതുമൊക്കെ ഹൃദയമിടിപ്പോടെ ലൈവ് ആയി ജനങ്ങള്‍ കണ്ടു. എല്ലാവരും ആംബുലന്‍സ് ഡ്രൈവറേയും ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ടീമിനേയും വാനോളാം പുകഴ്ത്തി. ആ കുഞ്ഞ് ജീവനോടെയിരിക്കാന്‍ കേരള ജനത മുഴുവന്‍ പ്രാര്‍ത്ഥിച്ചു. ഏപ്രില്‍ 16-നാണ് ഈ സംഭവം നടന്നത്.

സമാനമായ സംഭവം ഇന്നും (ഏപ്രില്‍ 17) നടന്നു. ഇപ്രാവശ്യം മൂന്നു ദിവസം പ്രായമുള്ള കുഞ്ഞുമായാണ് മലപ്പുറം പെരിന്തല്‍മണ്ണയില്‍ നിന്ന് തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലേക്ക് ആംബുലന്‍സ് കുതിച്ചത്. മലപ്പുറം വേങ്ങൂര്‍ കളത്തില്‍ നജാദ് ഇര്‍ഫാന ദമ്പതികളുടെ മകനെ ഹൃദ്രോഗത്തെ തുടര്‍ന്നാണ് ശ്രീചിത്രയിലേക്ക് കൊണ്ടുപോയത്. പെരിന്തല്‍മണ്ണയില്‍ നിന്നും അഞ്ച് മണിക്കൂര്‍ കൊണ്ടാണത്രേ എല്ലാ സം‌വിധാനങ്ങളുമൊരുക്കിയ ആംബുലന്‍സ് തിരുവനന്തപുരത്തെത്തിയത്..!! എത്രയും പെട്ടെന്ന് ലക്ഷ്യത്തിലെത്തിക്കേണ്ടതിനാലാണ് വീണ്ടുമൊരു ആംബുലന്‍സ് മിഷന് കേരളം കൈകോര്‍ത്തതെന്നു പറയുന്നു. അടിയന്തര ശസ്ത്രക്രിയ വേണമെന്ന് ഡോക്ടര്‍മാര്‍ തീരുമാനിച്ചതോടെയാണ് ആ കുരുന്നിനെ പെരിന്തല്‍മണ്ണയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് കൊണ്ടുപോയതെന്നാണ് അധികൃതരുടെ ഭാഷ്യം.

സമാനമായ സംഭവങ്ങള്‍ ഇതിനു മുന്‍പും കേരളത്തില്‍ സംഭവിച്ചിട്ടുണ്ട്. ഇത്രയധികം ട്രാഫിക് കുരുക്കുകളുള്ള റോഡുകളില്‍ കൂടി ആംബുലന്‍സ് മരണപ്പാച്ചില്‍ നടത്തുമ്പോള്‍ പൊതുജനങ്ങളുടെ ജീവനും അപകടത്തിലാകുമെന്ന സത്യം അധികൃതര്‍ മനസ്സിലാക്കണം. അതനുസരിച്ച് ട്രാഫിക് സം‌വിധാനങ്ങളിലും കാലക്രമേണ മാറ്റങ്ങളും വരുത്തണം.

ഇവിടെ വിഷയം അതല്ല. മംഗലാപുരത്തുനിന്ന് കുഞ്ഞിനെ തിരുവനന്തപുരത്തെ ശ്രീചിത്രയിലേക്ക് കൊണ്ടുപോകാനും, ഇടക്ക് ആരോഗ്യമന്ത്രി ഇടപെട്ട് അമൃതയിലേക്ക് മാറ്റിയതും യുക്തിക്ക് നിരക്കാത്ത പണിയല്ലേ എന്ന് ഒരുനിമിഷം ആരും ചിന്തിച്ചു പോകും. “അമൃതയില്‍ കൊണ്ടുപോകാനാണ് ഞാന്‍ നല്‍കിയ നിര്‍ദ്ദേശം. ശ്രീചിത്രയില്‍ തന്നെ കൊണ്ടുവരണമെന്ന് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ടീം വാശിപിടിക്കുന്നുണ്ടെങ്കില്‍ അതിന്‍റെ ഉത്തരവാദിത്വം അവര്‍ക്കാണ്. എന്നെ സംബന്ധിച്ച്, എന്‍റെ ഉത്തരവാദിത്വം കുഞ്ഞിന്‍റെ ജീവന്‍ രക്ഷിക്കലാണ്. മുഴുവന്‍ ചിലവും സര്‍ക്കാര്‍ വഹിക്കുന്നതാണ്. ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ടീം എന്തിനാണ് വാശി പിടിക്കുന്നതെന്ന് എനിക്ക് അറിയില്ല. ജീവന്‍ രക്ഷിക്കുകയെന്നതാണ് പ്രധാനം. നേരത്തെ കുഞ്ഞിനെ കോഴിക്കോട് മിംസില്‍ പ്രവേശിപ്പിക്കാമായിരുന്നു. അവിടം കഴിഞ്ഞുപോയതിനാല്‍ ഇനി അമൃതയിലേ പ്രവേശിപ്പിക്കാനാവൂ” – ആരോഗ്യ മന്ത്രി കെ കെ ശൈലജയുടെ വാക്കുകളാണിത്.

മുഖ്യമന്ത്രി പിണറായി വിജയന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ഇങ്ങനെ…. “15 ദിവസം മാത്രം പ്രായമുള്ള പിഞ്ചു കുഞ്ഞിനെ ഹൃദയ ശസ്ത്രക്രിയക്കായി മംഗലാപുരത്തുനിന്ന് തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലേക്ക് കൊണ്ടുവരികയാണ്. ആംബുലന്‍സ് കോഴിക്കോട് പിന്നിട്ടു. കാസര്‍കോട് സ്വദേശികളായ സാനിയ മിത്താഹ് ദമ്പതികളുടെ കുട്ടിയെയാണ്  KL – 60- J 7739 എന്ന നമ്പര്‍ ആംബുലന്‍സില്‍ കൊണ്ടുവരുന്നത്. ഓരോ നിമിഷവും കുഞ്ഞിന്‍റെ ജീവന്‍ വിലപ്പെട്ടതാണ്. ആംബുലന്‍സ് എത്രയും വേഗം ലക്ഷ്യസ്ഥാനത്തെത്തിക്കാന്‍ എല്ലാവരും സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.”

ഇത് കേള്‍ക്കുമ്പോള്‍ ആര്‍ക്കായാലും മുഖ്യമന്ത്രിയെയും ആരോഗ്യമന്ത്രിയേയും അഭിനന്ദിക്കാന്‍ തോന്നും. ഉചിതമായ തീരുമാനമെന്നും തോന്നിയേക്കാം. അഭിനന്ദിക്കപ്പെടേണ്ട ഒരു തീരുമാനമായി പലര്‍ക്കും തോന്നിയേക്കാം. ആരോഗ്യ മന്ത്രിയുടെ ആത്മാര്‍ത്ഥത, തീരുമാനം എടുക്കാനുളള കഴിവ് എന്നൊക്കെ പലരും അഭിപ്രായം പ്രകടിപ്പിച്ചത് സമൂഹമാധ്യമങ്ങളിലുണ്ട്. ഒരു പരിധിവരെ അത് ശരിയാണുതാനും..! എന്നാല്‍ സാമാന്യ ബുദ്ധിയോടെ ചിന്തിച്ചാല്‍ ഈ അമൃതയിലും മിംമ്സിലുമൊക്കെയുണ്ട് എന്നു പറയുന്ന ചികിത്സാ സൗകര്യങ്ങള്‍ സര്‍ക്കാര്‍ ആശുപത്രികളിലും ഉണ്ടാകേണ്ടതല്ലേ? മെഡിക്കല്‍ കോളേജില്‍ പോലും ആ കുട്ടിക്ക് വേണ്ട ചികിത്സ നല്‍കാനുളള സൗകര്യങ്ങള്‍ ഇല്ലെങ്കില്‍ അത് സര്‍ക്കാരിന്‍റേയും ആരോഗ്യമന്ത്രിയുടേയും പരാജയം തന്നെയാണ്. സര്‍ക്കാര്‍ ആശുപത്രികളില്‍ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാതെ ഖജനാവിലെ പണം അമൃതയും മിംമ്സും പോലെയുളള സ്വകാര്യ ആശുപത്രികള്‍ക്ക് കൊളളയടിക്കാനുളള അവസരം ഉണ്ടാക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. അടിയന്തിര ചികിത്സക്കായി കീലോമീറററുകളോളം ഒരു ജീവനും കൊണ്ട് ആംബുലന്‍സുകള്‍ അതിവേഗതയില്‍ ചീറിപ്പായേണ്ടിവരുന്ന അവസ്ഥ ഒരു ഗതികേട് തന്നെയാണ് !

ഈ അവസ്ഥക്ക് മാറ്റം വരണമെങ്കില്‍, സര്‍ക്കാര്‍ ആശുപത്രികളില്‍ എല്ലാ സജ്ജീകരണങ്ങളും ഒരുക്കണമെങ്കില്‍, ഒരൊറ്റ വഴിയേ ഉള്ളൂ. മന്ത്രിമാരും, എം.എല്‍.എമാരും, എം.പി.മാരും സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രമേ ചികിത്സ തേടാവൂ എന്നൊരു നിയമം കൊണ്ടുവരണം. അവര്‍ക്ക് വിദേശ ചികിത്സയും അനുവദിക്കരുത്. അപ്പോള്‍ കാണാം ദിവസങ്ങള്‍ക്കുള്ളില്‍ അന്താരാഷ്ട്ര ചികിത്സാ സൗകര്യങ്ങള്‍ കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ എത്തുന്നത്.

ജില്ലകള്‍ തോറും അന്താരാഷ്ട്ര വിമാനത്താവളം വേണമെന്ന് ശഠിക്കുന്നവര്‍ എന്തുകൊണ്ട് അതേ നിലവാരമുള്ള ആശുപത്രികള്‍ ജില്ലകളില്‍ വേണമെന്ന് വാശി പിടിക്കുന്നില്ല?


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top