Flash News

കെ. സുരേന്ദ്രനെതിരെ 240 കേസുകള്‍; രാഹുലിനെതിരെ 5: സ്ഥാനാര്‍ത്ഥികളുടെ കേസുകളുടെ എണ്ണം പരസ്യപ്പെടുത്തി തുടങ്ങി

April 18, 2019

k-surendranതിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ ക്രിമിനല്‍ കേസുകളുടെ വിവരങ്ങള്‍ പരസ്യപ്പെടുത്തി തുടങ്ങി. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കേസുകളുളള സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രനാണ്. 240 കേസുകളാണ് സുരേന്ദ്രന്‍ പത്രത്തില്‍ പരസ്യപ്പെടുത്തിയിട്ടുള്ളത്.

ബി.ജെ.പി മുഖപത്രമായ ജന്മഭൂമിയിലൂടെയാണ് കേസുകളുടെ വിവരങ്ങള്‍ സുരേന്ദ്രന്‍ പ്രസിദ്ധീകരിച്ചത്. ജന്മഭൂമിയുടെ നാലുപേജുകളില്‍ മുഴുവന്‍ സുരേന്ദ്രന്റെ പേരിലുള്ള ക്രിമിനല്‍ കേസുകളുടെ വിവരങ്ങളാണ് ഉള്ളത്.

വധശ്രമം, കലാപശ്രമം, സംഘം ചേര്‍ന്ന് അക്രമം നടത്തല്‍, ഭീഷണിപ്പെടുത്തല്‍, പൊതുമുതല്‍ നശിപ്പിക്കല്‍, ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, ഗതാഗതം തടസ്സപ്പെടുത്തല്‍, അപകീര്‍ത്തിപ്പെടുത്തല്‍ തുടങ്ങി നിരവധി വകുപ്പുകളിലായാണ് കെ സുരേന്ദ്രന്റെ പേരിലുള്ള കേസുകള്‍. ഇവയില്‍ മിക്കതും ശബരിമല സമരകാലത്ത് എടുത്തവയാണ്. കൊല്ലം ജില്ലയില്‍ മാത്രം കെ സുരേന്ദ്രന്റെ പേരില്‍ 68 കേസുകളുണ്ട്. തിരുവനന്തപുരം 3, കൊല്ലം 68, പത്തനംതിട്ട 30, ആലപ്പുഴ 56, കോട്ടയം 8, ഇടുക്കി 17, എറണാകുളം 13, തൃശ്ശൂര്‍ 6, കോഴിക്കോട് 2, മലപ്പുറം 1, വയനാട് 1, കണ്ണൂര്‍ 1, കാസര്‍കോട് 33 എന്നിങ്ങനെയാണ് സുരേന്ദ്രന്റെ പേരിലുള്ള കേസുകളുടെ എണ്ണം.

മിക്ക കേസുകളിലും അന്വേഷണം നടക്കുകയാണ്. ജില്ലാ വരണാധികാരി നിശ്ചയിച്ചിട്ടുള്ള ഏതെങ്കിലും ഒരു പത്രത്തില്‍ മൂന്ന് തവണയോ മൂന്ന് പത്രങ്ങളില്‍ ഓരോ തവണ വീതമോ സ്ഥാനാര്‍ത്ഥികളുടെ പേരിലുള്ള കേസ് വിവരങ്ങള്‍ പ്രസിദ്ധീകരിക്കണം എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിബന്ധന. സുരേന്ദ്രന്റെ പേരില്‍ 240 കേസുകള്‍ ഉള്ളതുകൊണ്ട് അവയുടെ വിവരങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ പത്രത്തിന്റെ നാല് മുഴുവന്‍ പേജുകള്‍ വേണ്ടിവന്നു. ശരാശരി പ്രചാരമുള്ള പത്രത്തില്‍ ഒരു തവണ പരസ്യം നല്‍കാന്‍ 20 ലക്ഷം രൂപ വേണ്ടിവരുമെന്നാണ് ഏകദേശ കണക്ക്.

മൂന്ന് തവണ പരസ്യം നല്‍കാന്‍ 60 ലക്ഷം രൂപ വേണ്ടിവരും. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആകെ ഒരു സ്ഥാനാര്‍ത്ഥിക്ക് നിയമപരമായി ചെലവഴിക്കാനാകുന്നത് 75 ലക്ഷം രൂപയാണ്. അതായത് കണക്കുകള്‍ പ്രകാരം 15 ലക്ഷം രൂപയേ സുരേന്ദ്രന് പ്രചാരണ ചെലവുകള്‍ക്കായി ഉപയോഗിക്കാനാകൂ. അതില്‍ കവിഞ്ഞാല്‍ കമ്മീഷന്‍ നിശ്ചയിച്ച പരിധി ലംഘിച്ചതിന് കെ. സുരേന്ദ്രനെതിരെ എതിര്‍ സ്ഥാനാര്‍ഥികള്‍ക്ക് പരാതി നല്‍കാന്‍ സാധിക്കും.

വയനാട്ടിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ രാഹുല്‍ ഗാന്ധിക്കെതിരെ അഞ്ച് കേസുകളാണുളളത്. ഇതില്‍ രണ്ട് കേസുകള്‍ തീര്‍പ്പ് കല്‍പ്പിച്ചു. അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തിയതിന് എതിരെയാണ് രാഹുലിനെതിരെയുള്ള അഞ്ച് കേസുകളും.

വയനാട് മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പളിയും കേസ് വിവരങ്ങള്‍ സംബന്ധിച്ച് പത്ര പരസ്യം നല്‍കി. തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ ആറ് കേസുകളാണ് ഉള്ളത്. ആറ് കേസുകളിലും നിലവില്‍ അന്വേഷണം നടക്കുകയാണ്.

കഴിഞ്ഞ സെപ്തംബറിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. സ്ഥാനാര്‍ത്ഥിക്കെതിരെയുള്ള ക്രിമിനല്‍ കേസുകളുടെ പൂര്‍ണ വിവരങ്ങള്‍ സ്ഥാനാര്‍ത്ഥികളും ബന്ധപ്പെട്ട രാഷ്ട്രീയ പാര്‍ട്ടികളും പത്ര, ദൃശ്യ മാധ്യമത്തില്‍ പരസ്യം ചെയ്യണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top